Image

മധു കൈതപ്രം ഓര്‍മ്മയായിട്ട് നാലാണ്ട്

Published on 29 December, 2018
മധു കൈതപ്രം ഓര്‍മ്മയായിട്ട് നാലാണ്ട്

പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ഒരു മലയാള സംവിധായകനായിരുന്നു മധു കൈതപ്രം. മലയാളിയുടെ മണ്ണിനും പ്രകൃതിക്കും സംഭവിച്ച നഷ്ടമാണ് ഈ ചലച്ചിത്രകാരന്റെ മരണം.

മാഞ്ഞ് പോകുന്ന മലയാള പ്രകൃതിയും മനുഷ്യരും നിറഞ്ഞ് നിന്ന നാലേ നാല് സിനിമകളുടെ ആത്മകഥയാണ് മധു കൈതപ്രത്തിന്റെ ജീവിതം. കണ്ണൂരിലെ കൈതപ്രം എന്ന ഗ്രാമത്തിന്റെ പാടവരമ്ബത്തൂടെയും നാട്ടുവഴികളിലൂടെയും നടന്നു വന്ന ആ സിനിമകളുടെ ആത്മാര്‍ത്ഥതയും വിശുദ്ധിയും ഇന്നും മലയാള സിനിമയുടെ മറക്കാനാവാത്ത ചാരുതയാണ്.

മലയാളി വാര്‍ദ്ധക്യത്തിന്റെ ഇതിഹാസം

മലയാളി വാര്‍ദ്ധക്യത്തിന്റെ ഇതിഹാസമാണ് മധുകൈതപ്രത്തിന്റെ ആദ്യ ചിത്രം ഏകാന്തം.മലയാളിയെപ്പോലെ മലയാള സിനിമയും വൃദ്ധജനങ്ങളെ വയോജന മന്ദിരങ്ങളിലേക്ക് തള്ളുന്ന കാലത്താണ് മറ്റൊരു വൃദ്ധ ജനാവിഷ്‌കാരമായി ഏകാന്തം പുറത്തുവന്നത്.

2006ല്‍ മികച്ച നവാഗത ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ഏകാന്തം നേടി. മലയാള സിനിമയിലെ ഏറ്റവും വലിയ അഭിനയ പ്രതിഭകളായ തിലകനും മുരളിയുമായിരുന്നു ആ സിനിമയിലെ ഏകാന്ത ഗോപുരങ്ങളായത്.

'മധ്യവേനലി'ലൂടെ സ്വന്തം നാടിന്റെ രാഷ്ട്രീയജീവിതവും സ്ത്രീ പ്രതിരോധവും 'ഓര്‍മ്മമാത്ര'ത്തിലൂടെ കൈവിട്ടു പോകുന്ന ബാല്യത്തിന്റെ ദുഖങ്ങളുമാണ് മധു തിരശ്ശീലയിലെഴുതിയത്.

അവസാന ചിത്രം 'വെള്ളിവെളിച്ചത്തി'ലാകട്ടേ ആധുനിക മനുഷ്യബന്ധങ്ങളിലെ ആകര്‍ഷണങ്ങളും വിള്ളലുകളും പ്രവാസ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഒരു മനോഹരമായ ഛായചിത്രവുമായി. എന്നിട്ടെന്ത്?

ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും ഇന്ത്യന്‍ പനോരമയും ഗോവകേരള ചലച്ചിത്രമേള പ്രവേശനങ്ങളെല്ലാം സാധ്യയമായിട്ടും മലയാളി സിനിമാപ്രേക്ഷകത്വത്തിന്റെ ഇരട്ടമനസ്സ് തീയറ്ററില്‍ ത്യജിച്ചു മധു കൈതപ്രത്തിന്റെ സിനിമകള്‍.

നാല് സിനിമകള്‍കൊണ്ടും നാലിന്റെ ഗുണിതം പോലെ 44 വയസ്സുവരെ മാത്രം നീണ്ട സ്വന്തം ജീവിതം കൊണ്ടും ഈ ശുദ്ധ ഗ്രാമീണന്‍ അധികം ആഡംബരങ്ങളില്ലാതെ അവതരിപ്പിച്ച ചലച്ചിത്ര ജീവിതം ഇവിടെ ചില പ്രതിരോധ ചലച്ചിത്രപ്രവര്‍ത്തകരുടെ ഓര്‍മ്മയില്‍ മാത്രം ബാക്കിയാവുകയും ചെയ്തു. പിന്നെ ഒരു കുടുംബത്തിന്റെ തീരാ ദുഖവും.

തീയറ്ററില്‍ ആള്‍ക്കൂട്ട ഉത്സവങ്ങള്‍ നടത്താന്‍ ഒരിക്കലും കച്ചവടത്തോട് സന്ധി ചെയ്തില്ല എന്നതായിരുന്നു മധു കൈതപ്രത്തെ ജീവിതത്തില്‍ പരാജയമാക്കിയത്. കച്ചവടത്തിനും മനുഷ്യമുഖം വേണമെന്ന് ശഠിച്ചതും അയാള്‍ക്ക് വ്യവസായത്തില്‍ വിനയായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക