Image

സ്‌നേഹപൂര്‍വ്വം (കവിത: രമ പിഷാരടി)

Published on 31 December, 2018
സ്‌നേഹപൂര്‍വ്വം (കവിത: രമ പിഷാരടി)
ഇലപൊഴിയുന്ന കാലമിത്, ശൈത്യ
മുകിലുകള്‍ നെയ്യുമോര്‍മ്മയിത് പെരും
കടലുകള്‍ നിറഞ്ഞേറും മിഴികളില്‍
പതിയെ മായുന്ന സൂര്യന്‍, അപരാഹ്നമിത്
ശ്രുതിയിട്ടു പാടുന്ന ശംഖുകള്‍.
കദനമേറുന്ന മഞ്ഞുനീര്‍പ്പൂക്കളില്‍
ചിതറിവീഴും പ്രകാശത്തരികള്‍ പോല്‍
എവിടെയോ വച്ചു കൈവിട്ടു പോയോരു
കറപുരളാത്ത സ്‌നേഹ മൃദുസ്മിതം
പഴയൊരോര്‍മ്മ, മയില്‍പ്പീലി പുസ്തകം,
വളയുടഞ്ഞ തരികള്‍, കൊലുസുകള്‍
ഇതളടര്‍ന്നൊരു ചെമ്പകപ്പൂവുകള്‍
പതിയെ മിന്നുന്ന താരകാമണ്ഡലം
നറുനിലാവിന്റെ ചില്ലകള്‍ക്കരികിലായ്
ഒഴുകിനീങ്ങും ഘനശ്യാമമുകിലുകള്‍
മൃദുപദങ്ങളില്‍ മെല്ലെക്കരേറിയ
നെടിയ കല്‍പ്പടവാമ്പല്‍ക്കുളങ്ങളും
വഴിപിരിയലവിടെ പകലിന്റെ
തിരുനടയിലെ കണ്ണുനീര്‍ത്തുള്ളികള്‍.

പകലിരവുകള്‍ സംവല്‍സരങ്ങളില്‍
നെടിയ ശോകം ഘനീഭവിച്ചെങ്കിലും
ഇടറി വീഴുന്ന നിഴലിന്റെ ഗോപുര
പ്പുരകള്‍ പോലെയുയരുന്ന ചിന്തകള്‍
മനസ്സുറങ്ങുന്നു, ഹൃദയം ത്രസിക്കുന്നു
മഴകളങ്ങനെ പെയ്തു തോര്‍ന്നീടുന്നു
നിറമിഴികളടച്ച് ധ്യാനിക്കുന്ന പഴയ
സന്ധ്യയില്‍, പാരിജാതങ്ങളില്‍
*നെരൂദ പാടുന്നതീവമധുരമായ്
കുയിലരികില്‍ സ്വരം ചേര്‍ത്തു നില്‍ക്കുന്നു
വ്യഥിത ഗായക! വേര്‍പാടിനിന്നൊരു
കടലൊഴുകുന്ന ദൂരമോ, ദു:ഖമോ?
അകലെ നിന്നുമൊരുത്ക്കട സങ്കടം
*വ്രണിതമേകാന്ത കാവ്യമായീടുന്നു
യവനസ്‌നിഗ്ദ പുരാണങ്ങളേറ്റുന്ന
അതിവിശുദ്ധ പ്രണയാര്‍ദ്ര സംഗമം
നിനവില്‍ *രാപ്പാടി പാടുന്ന പാട്ടുകള്‍
കരളില്‍ രജത നക്ഷത്രാര്‍ദ്രസന്ധ്യകള്‍
*കടലുറഞ്ഞൊരു ഭീമമലയതില്‍
തകരുമാ സ്വപ്ന പേടകം പോലവെ
പ്രണയമെല്ലാം തകര്‍ന്നു തീരുന്നതില്‍
കരയുമീ സ്‌നേഹ കവികളരികിലായ്
*ഒരുകയര്‍, പ്രാണസങ്കടമൊക്കെയും
കവിതയാക്കി മറഞ്ഞു പോയെങ്കിലും
അവളകലയാണെങ്കിലുമെന്നുടെ
അരികിലുണ്ടെന്ന് വിശ്വസിക്കുന്നൊരാള്‍
അധികമാകുന്നൊരാത്മരോഷത്തിനെ
മൃദു മൊഴിയിലലിയിച്ച് മറ്റൊരാള്‍
*പ്രണയ സന്ദര്‍ശനത്തിന്റെ പടിയിലായ്
നിറയെ മൗനം നുകര്‍ന്നിരിക്കുന്നൊരാള്‍,
*ഒരു ദുരന്ത പ്രകമ്പനമേറ്റിയ
മരണപത്രം, ദുരൂഹനിഡൂഢത
വ്യഥിതമാ*വിരിഞ്ഞിപ്പുഴ, മഴയുടെ
കഥയിലെ കണ്ണുനീര്‍വഴിച്ചോലകള്‍
നിറമിഴിയില്‍ തുടിക്കുന്ന സന്ധ്യകള്‍
പകുതി മാഞ്ഞ നിലാവിന്റെ പൂവുകള്‍
ഇനിയുമാതിര വന്നിടും പോയിടും
*സഫലമീയാത്രയെന്നു ചൊല്ലുന്നൊരാള്‍
*മണലെഴുത്തിന്റെ സ്‌നേഹത്തിനുള്ളിലായ്
ഇനിയുമോര്‍മ്മകള്‍ പോയതിന്‍ ശേഷവും,
കറുകനാമ്പുകള്‍, കാത്തിരിക്കാത്തൊരാ
വഴികളങ്ങനെ വേര്‍പിരിഞ്ഞീടവെ
*അവിടെയെത്തുന്നു സ്‌നേഹിച്ചുതീരാത്ത
കവിതയുമായി വീണ്ടും മഹാകവി!

ഇടവഴികളകന്നു നീങ്ങും ഭൂവിനൊരു
തപസ്ഥലം സ്മാരകം വാക്കുകള്‍!
പ്രണയപൂര്‍വ്വമെന്നാകിലും തീരാത്ത
വിരഹമെങ്കിലും സ്‌നേഹിച്ചു തീര്‍ക്കുക
രഥപതാകകള്‍ താഴ്ത്തിയീ ഭൂവിനെ
ഹൃദയപൂര്‍വ്വം മനസ്സില്‍ സൂക്ഷിക്കുക.

*നെരൂദയുടെ പ്രണയകവിതകള്‍
*ജോണ്‍കീറ്റ്‌സിന്റെ കവിതകള്‍ ‘ഓ ഏകാന്തന്തതേ’,
വിശുദ്ധ ആഗ്ന്‍സിന്റെ പൂര്‍വ്വസന്ധ്യ.
*ടൈറ്റാനിക്കിന്റെ തകര്‍ച്ച
*ഇടപ്പള്ളിയുടെ ആത്മഹത്യ
ചങ്ങമ്പുഴയുടെ കവിത
*ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത 'സന്ദര്‍ശനം'
*ക്ലിയോപാട്ര, മാര്‍ക്ക്ആന്റണി
*മൊയ്തീന്‍, കാഞ്ചനമാല
* എന്‍എന്‍ കക്കാടിന്റെ സഫലമീയാത്ര
* സുഗതകുമാരിടീച്ചറുടെ മണലെഴുത്തിലെ ‘പോയതിന്‍ശേഷം’ എന്നകവിത
* മഹാകവി ഓഎന്‍വിയുടെ ‘സ്‌നേഹിച്ചു തീരാത്തവര്‍’
Join WhatsApp News
Sudhir Panikkaveetil 2018-12-31 16:31:45
ശ്രീമതി രമ പിഷാരടിയുടെ പ്രസന്നമായ കവിത വായിച്ചു .
ഇതിനു മുമ്പ് എഴുതിയ കവിതകളും വായിച്ചു . പ്രസന്ന 
പേരിൽ നിന്നും എന്തിനു മാറ്റണം? ഓർമ്മകളിൽ 
മുങ്ങിത്തപ്പി കവയിത്രി സഞ്ചരിക്കുന്ന വഴികളിൽ 
പ്രശസ്ത കവികൾ കുറിച്ചുവച്ച വരികളുടെ നേർചിത്രങ്ങൾ>
അത് അവരെ കൂടുതൽ പ്രണയാതുരയാക്കുന്നു.
അപ്പോൾ കവിതയായി ഒഴുകിവന്ന വരികൾ സുന്ദരം.
കാവ്യ വിഷയം പ്രണയമാകുമ്പോൾ വാക്കുകൾ 
മൃദുലങ്ങളാകുന്നു. ശ്രീമതി രമ പ്രസന്ന പിഷാരടിയുടെ 
തൂലികയിൽ നിന്ന് അത് അനർഗ്ഗളം പ്രവഹിക്കുന്നു.
അനുമോദനങ്ങൾ! പുതുവത്സരാശംസകൾ.
Pisharody Rema 2019-01-01 08:09:47
Sudheerji
Kavitha vayichathinum nalla vaakkukalkum Nandi

Navavalsarashamsakal..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക