Image

ഇരട്ടച്ചങ്കന്‍ തന്നെ ഈ പിണറായി; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത പോരാളി ( ജയമോഹന്‍ എം)

ജയമോഹന്‍ എം Published on 02 January, 2019
ഇരട്ടച്ചങ്കന്‍ തന്നെ ഈ പിണറായി;  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത പോരാളി ( ജയമോഹന്‍ എം)
സിപിഎം സംസ്ഥാന സെക്രട്ടറിയായിട്ടിരുന്ന 12 വര്‍ഷങ്ങളില്‍ ഏറെ പഴികേട്ടിരുന്നു പിണറായി വിജയന്‍. കേരളാ സ്റ്റാലിന്‍, ഗുണ്ടാ നേതാവ് തുടങ്ങി ചിരിക്കാത്ത മനുഷ്യന്‍ എന്നുവരെ എന്തെല്ലാം വിമര്‍ശനങ്ങളും പരിഹാസങ്ങളും. പക്ഷെ അക്കാലം സിപിഎം അതിന്‍റെ ഏറ്റവും മോശം സമയത്ത് കൂടിയായിരുന്നു കടന്ന് പോയത്. ആശയ വൈരുദ്ധ്യങ്ങളുടെ പ്രതിസന്ധി ഒരു വശത്ത്. കേരളത്തിലും ഇന്ത്യയിലുമായി ദളിത് മൂവ്മെന്‍റുകള്‍ ഉയര്‍ത്തുന്ന സ്വത്വരാഷ്ട്രീയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് നടത്തുന്ന വിമര്‍ശനങ്ങള്‍ മറു വശത്ത്. ഇതിനേക്കാള്‍ ഭീകരമായ വിഭാഗീയതയുടെ പ്രശ്നങ്ങള്‍ വേറൊരു വശത്ത്. പിന്നെ പതിവ് പോലെ ആര്‍.എസ്.എസ്, ലീഗ്, പോപ്പുലര്‍ ഫ്രെണ്ട് എന്നീ സംഘടനകളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏല്‍ക്കേണ്ടി വരുന്ന കായിക അക്രമങ്ങള്‍... അതിന്‍റെ തിരിച്ചടികള്‍. ഇതില്‍ പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി വിഭാഗീയതയായിരുന്നു. വിഭാഗീയത പാര്‍ട്ടിക്ക് വലിയ നഷ്ടങ്ങള്‍ തന്നെ വരുത്തി വെച്ചു. പാര്‍ട്ടി സത്യത്തില്‍ രണ്ടായത് പോലെ. വി.എസ് വിഭാഗവും പിണറായി വിഭാഗവുമെന്ന് പാര്‍ട്ടി രണ്ട് തട്ടില്‍. ജനമനസ് പലപ്പോഴും വി.എസിനൊപ്പം നിന്നപ്പോള്‍ പാര്‍ട്ടിയെ പിണറായി കൈയ്യിലൊതുക്കി. അവസാനം വിഭാഗീയത അവസാനിപ്പിച്ച് പാര്‍ട്ടിയെ ഏകീകരിച്ചു. അവസാനം മുഖ്യമന്ത്രി കസേരയില്‍ എത്തി. 
അപ്പോഴും മാധ്യമങ്ങളും വിമര്‍ശകരും വി.എസ് ഭക്തരും സ്വത്വവാദികളും ബുദ്ധിജീവികളും പിണറായി വെറുതെ വിട്ടില്ല. കേരളാ സ്റ്റാലിന്‍ എന്ന വിളിക്ക് ശക്തിയേറി. 
എന്നാലിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഏറ്റവും പ്രാഗല്‍ഭ്യം ഏറിയ രാഷ്ട്രീയ തന്ത്രജ്ഞനായ മുഖ്യമന്ത്രിയെയാണ് പിണറായിയിലൂടെ കേരളം കാണുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നിലൂടെയാണ് 2018ല്‍ കേരളം കടന്ന് പോയത്. പ്രളയദുരന്തത്തെ മലയാളി ചങ്കൂറ്റത്തോടെ നേരിട്ടത് പിണറായി എന്ന മുഖ്യമന്ത്രിയിലൂടെയായിരുന്നു. സംഘാടന മികവിന്‍റെ ഉത്തമ ഉദാഹരണമായി മുഖ്യമന്ത്രിയുടെ ഓഫീസ്. എല്ലാ ദിവസങ്ങളിലും പത്രസമ്മേളനങ്ങള്‍ വിളിച്ച് ചേര്‍ത്ത് ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി. അവസാനം പ്രളയാനന്തരം കേരളം പിടിച്ചു കയറിയത് സര്‍ക്കാരിന്‍റെ കരുത്തില്‍ തന്നെയായിരുന്നു എന്നതും യഥാര്‍ഥ്യം. 
പ്രളയത്തിന് പിന്നാലെയാണ് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ വിശ്വാസത്തെ കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒരുങ്ങുന്നത്. സത്യത്തില്‍ ശബരിമല ഇത്രയും നാള്‍ പിണറായിക്ക് ഒരു നൂല്‍പ്പാലത്തിലുള്ള കളിയായിരുന്നു. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ അടിതെറ്റി താഴെ വീഴാവുന്ന അവസ്ഥ. സര്‍ക്കാരും പാര്‍ട്ടിയും അമ്പേ തകര്‍ന്ന് പോകാവുന്ന അവസ്ഥ. ബിജെപി എല്ലാ നിലയിലും സ്കോര്‍ ചെയ്യുമെന്ന അവസ്ഥ. 
ഈ മണ്ഡലകാലത്ത് സംഘപരിവാര്‍ ഒഴിച്ചുള്ള വിശ്വാസി സമൂഹത്തെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് സുപ്രിം കോടതി വിധി നടപ്പാക്കണം. അതെങ്ങനെ സാധി്ക്കുമെന്നതാണ് പിണറായിക്ക് മുമ്പിലുണ്ടായിരുന്ന വെല്ലുവിളി. പെട്ടന്ന് തന്നെ സ്ത്രീകളെ കയറ്റാന്‍ പോലീസിനെ ഉപയോഗിച്ച് ശ്രമിച്ചിരുന്നെങ്കില്‍ പോലീസ് ആക്ഷനും കലാപവും ഉറപ്പ്. സര്‍ക്കാര്‍ തന്നെ താഴെപ്പോകുമെന്ന സ്ഥിതി വിശേഷം. 
മറുവശത്ത് കോടതി വിധി വന്നിട്ടും എന്തുകൊണ്ട് യുവതികള്‍ക്ക് സംരക്ഷണം കൊടുത്ത് കയറ്റാന്‍ കഴിയുന്നില്ല എന്ന ബുദ്ധിജീവികളുടെയും സ്വത്വരാഷ്ട്രീയക്കാരുടെയും ഫെമിനിസ്റ്റുകളുടെയും വിമര്‍ശനം. ഇതിന് നടുവിലൂടെ വേണം ഒരു കമ്മ്യൂണിസറ്റ് സര്‍ക്കാരിന്‍റെ യഥാര്‍ഥ്യ പുരോഗമന പ്രതിബന്ധത തെളിയിക്കാന്‍. അത് സാധിക്കാതെ വന്നാല്‍ ജനാധിപത്യം ചരിത്രത്തില്‍ കളങ്കപ്പെടും എന്ന അവസ്ഥ. 
എന്നാല്‍ പിണറായി ശരിക്കും ഇരട്ടച്ചങ്കന്‍ തന്നെയായിരുന്നു. ബിജെപിയും സവര്‍ണ്ണ മാടമ്പികളും സമരം തുടങ്ങിയപ്പോള്‍ പിണറായി തെരുവില്‍ ജനങ്ങളിലേക്ക് ഇറങ്ങി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പൊതുസമ്മേളനങ്ങള്‍ വിളിച്ച് ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു. നവോത്ഥാനത്തിന്‍റെ ആവശ്യകതയെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി. അവസാനം 2019 പിറന്ന ദിവസം വനിതാ മതില്‍ എന്ന കോട്ട കെട്ടി ജനാധിപത്യത്തിന് കാവല്‍ ഉറപ്പാക്കി. ജനുവരി രണ്ടിന് ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചു. ഇന്ന് നാടൊട്ടുക്ക് ബിജെപി കലാപം അഴിച്ചു വിടുന്നു. അപ്പോഴും കേരളത്തിന് ഒരു കാര്യം ഉറപ്പുണ്ട്. ജനങ്ങള്‍ കലാപകാരികള്‍ക്കും നാമജപഘോഷയാത്ര സംഘടിപ്പിക്കുന്ന സവര്‍ണ്ണ മാടമ്പിമാര്‍ക്കും ഒപ്പമല്ല. അവര്‍ നവോത്ഥാന മൂല്യങ്ങള്‍ പേറുന്ന ജനകീയ സര്‍ക്കാരിനൊപ്പമാണ്. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് പണ്ട് സ്റ്റാലിന്‍ എന്ന് വിമര്‍ശിക്കപ്പെട്ട ആ നേതാവ് തന്നെയാണ്. അതെ ആ നേതാവിന് ഇരട്ടച്ചങ്കുണ്ട്. ആ ഇരട്ടച്ചങ്കിലാണ് ഇന്ന് ജനാധിപത്യത്തിന്‍റെ ഉറപ്പ്. 
Join WhatsApp News
Pilip 2019-01-02 08:16:11
കോടതി വിധി നടപ്പാക്കിയ പിണറായിക്കു അഭിവാദ്യങ്ങൾ.....ഇത് ഒരു തുടക്കം ആകട്ടെ... ഏതു മാറ്റവും ഇങ്ങനെ ആണ് തുടങ്ങുന്നത്...
Mohan J 2019-01-02 21:46:02
ഒരറിയിപ്പ്‌: ഇരട്ട ചങ്കൻ എന്നുള്ളത്‌ "ഇരുട്ട്‌ ചങ്കൻ" എന്നു തിരുത്തി വായിക്കാൻ അപേക്ഷ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക