Image

മഹാത്മാവായ മന്നം (സുരേന്ദ്രന്‍ നായര്‍ )

സുരേന്ദ്രന്‍ നായര്‍ Published on 02 January, 2019
മഹാത്മാവായ മന്നം                                  (സുരേന്ദ്രന്‍ നായര്‍ )
പുതുവര്‍ഷപ്പുലരിയുടെ തുടര്‍പ്രഭാതം കേരളത്തില്‍ മന്നം ജയന്തിയുടെ ആഘോഷനാളുകളാണ്. സ്വന്തം ജീവിതംകൊണ്ട് കാലാതീതമായ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചു കടന്നുപോയവരെയാണ് മഹാന്മാരായി ആദരിക്കുന്നത്. ആറുപതിറ്റാണ്ടോളം കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന മന്നത്തു പത്മനാഭന്‍ അത്തരത്തിലുള്ള ഒരു പ്രതിഭാധനനും കര്‍മ്മയോഗിയുമായിരുന്നു. ഒരു പ്രത്യേക സമുദായത്തിന്റെ ആചാര്യ പദവി അലങ്കരിക്കുകയും കേരള നവോത്ഥാനത്തിന്റെ ഒരു പ്രധാന നാഴികക്കല്ലായി മാറുകയും ചെയ്ത ആ ധന്യാത്മാവിന്റെ ജീവിതസ്മരണകളെ അയവിറക്കാനുള്ള അവസരം കൂടിയാണ് ജന്മ ജയന്തി ആഘോഷങ്ങള്‍.

              1878 ജനുവരി രണ്ടാം തീയ്യതി പെരുന്നയിലുള്ള മന്നത്തു ഭവനത്തില്‍ പാര്‍വ്വതി അമ്മയുടെയും നീലമനയില്ലത്തു ഈശ്വരന്‍ നമ്പൂതിരിയുടെയും പുത്രനായി ഭൂജാതനായ പത്മനാഭനെ തന്റെ നിറംമങ്ങിയ ബാല്യകാലവും കയ്പുനിറഞ്ഞ കൗമാര അനുഭവങ്ങളും, ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഉള്‍പ്പെടുന്ന തന്റെ സമുദായത്തിന്റെ ശോചനീയമായ ജീവിത സാഹചര്യങ്ങളും ഒട്ടൊന്നുമല്ല വ്യാകുലപ്പെടുത്തിയത്. കാര്‍ഷിക വൃത്തിയിലൂടെയും, സൈനികസേവനത്തിലൂടെയും കരുത്തു തെളിയിച്ചിരുന്ന ഒരു സമുദായം അധഃപതനത്തിന്റെ അപാരത അനുഭവിച്ചു അറിയുകയായിരുന്നു. നമ്പൂതിരി സംബന്ധം എന്ന അസംബന്ധം ഒരു സമുദായത്തിന്റെ സാമ്പത്തിക ശക്തിയെയും വൈവാഹിക ഭദ്രതയേയും തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നു. നിത്യദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ കുടുംബത്തിനുവേണ്ട അന്നത്തിന്റ വക തേടി ആ ബാലന് അലയേണ്ടി വന്നു. 

          പകല്‍മുഴുവന്‍ സര്‍ക്കാര്‍ കച്ചേരികളുടെ കോലായിലിരുന്നു പൊതുജനങ്ങള്‍ക്ക് ഹര്‍ജികള്‍ തയ്യാറാക്കി കൊടുത്തും, വക്കില്‍ ഗുമസ്തന്റെ പണിയെടുത്തും വാത്സല്യനിധിയായ മാതാവിനെയും കുടുംബത്തെയും സംരക്ഷിച്ച അദ്ദേഹം രാത്രിയുടെ അന്ത്യയാമങ്ങള്‍ തുടര്‍ വിദ്യാഭ്യാസത്തിനായും വിനിയോഗിച്ചു. വിദ്യാഭ്യാസം നേടണമെന്ന അദമ്യമായ ആഗ്രഹം കാരണം അക്കാലത്തു നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ കിഴ്ജീവന പരീക്ഷ പാസ്സാകുകയും വിഖ്യാതരായ പലരും ജീവിതം ആരംഭിച്ചതുപോലെ ഒരു  അധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുകയുമുണ്ടായി. കാഞ്ഞിരപ്പള്ളിയിലെ  പ്രവൃത്തി പള്ളിക്കൂടത്തില്‍ പ്രതിമാസം അഞ്ചു രൂപ ശമ്പളത്തില്‍ രണ്ടാം വാധ്യാരായി നിയമിതനായ അദ്ദേഹം ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ട്രെയിനിങ് പൂര്‍ത്തീകരിക്കുകയും ഒരു മാതൃകാ അധ്യാപകനെന്ന നിലയില്‍ ഒരു വലിയ ശിഷ്യ സമ്പത്തിനെ സമ്പാദിക്കുകയും ചെയ്തിരുന്നു. ഉന്നതമായ വ്യക്തിത്വവും ആത്മാഭിമാനവും പുലര്‍ത്തിയിരുന്ന അദ്ദേഹം ഹെഡ്മാസ്റ്ററില്‍ നിന്നുണ്ടായ ചില ദുരനുഭവങ്ങള്‍ കാരണം ആ സര്‍ക്കാര്‍ ജോലി വലിച്ചെറിയുകയാണുണ്ടായത്.

          തികഞ്ഞ ദിശാബോധവും സാഹസിക ബുദ്ധിയും സ്വന്തമായിരുന്നതിനാല്‍ ദാരിദ്ര്യത്തിന്റെ അലട്ടലുകളെ അനായാസേന അതിജീവിച്ചു തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന മജിസ്‌ട്രേറ്റ് പരീക്ഷക്ക് ചേര്‍ന്ന് ഉന്നത വിജയം കരസ്ഥമാക്കുകയും ചങ്ങനാശ്ശേരി  കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുകയും ചെയ്തു. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രഗത്ഭനായ ഒരു വക്കില്‍ എന്ന പേര് സമ്പാദിക്കുകയും പത്തു രൂപ ശമ്പളത്തില്‍ നിന്നും മുന്നൂറു രൂപയുടെ പ്രതിമാസ വരുമാനമുള്ള നിലയിലേക്ക് ഉയരുകയും കുടുംബത്തിന് സന്തോഷവും സംതൃപ്തിയും പ്രധാനം ചെയ്യുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

         പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും കേരളത്തിലെ ജാതിപരമായ ഉച്ചനീചത്വങ്ങള്‍ ഉച്ചസ്ഥായിലാകുകയും ശ്രീനാരായണ ഗുരുദേവന്റെ നേത്ര്വത്വത്തില്‍ അവര്‍ണ്ണ വിഭാഗങ്ങളുടെ വിമോചനത്തിനായി രൂപം കൊണ്ട അരുവിപ്പുറം ക്ഷേത്ര യോഗം 1903 ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗമായി രൂപാന്തരപ്പെടുകയും സാമൂഹ്യവിപ്ലവത്തിന്റെ കൊടുങ്കാറ്റായി കേരളമോന്നാകെ ആഞ്ഞടിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു.

      വിദ്യാഭ്യാസം സിദ്ധിച്ച നായര്‍ യുവാക്കള്‍ പലരും പുതിയ മുന്നേറ്റങ്ങളുടെ ഭാഗമായി സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ മുന്നോട്ടു വരുകയും തിരുവനന്തപുരം കേന്ദ്രമായി സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ കേരളീയ നായര്‍ സമാജം എന്നൊരു സംഘടനക്ക് രൂപം നല്‍കുകയും ചെയ്തു.

   മാന്യമായ തൊഴിലും വരുമാനവുമൊന്നും അസംതൃപ്തമായിരുന്ന മന്നത്തിന്റെ മനസ്സിനെ ശാന്തമാക്കിയില്ല. വ്യക്തിപരമായ സുഖസൗകര്യങ്ങള്‍ വലിച്ചെറിഞ്ഞു സാമൂഹ്യ സേവനത്തിനായി അദ്ദേഹം കൂടുതല്‍ തയ്യാറാകുകയായിരുന്നു. കോടതി ജോലിയോടൊപ്പം കഴിയുന്നത്ര നായര്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ചും പ്രമാണിമാരെ നേരിട്ടുകണ്ടും ഒരു സംഘടനയുടെ ആവശ്യത ബോധ്യപ്പെടുത്താന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നു. 1914 ഒക്ടോബര്‍ മാസം 31 നു സന്ധ്യാ സമയം മന്നത്തുവീട്ടിന്റെ പൂമുഖത്തുവച്ച് കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ 14 പേര്‍ചേര്‍ന്നു ചെയ്ത പ്രതിജ്ഞ കേരളവും ഇന്ത്യയും കടന്നു ആയിരക്കണക്കിന് ശാഘോപശാഘകള്‍ നീട്ടി തഴച്ചുനില്‍ക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ എളിയ തുടക്കമായിരുന്നുവെന്നു വിശ്വസിക്കാന്‍ തന്നെ പ്രയാസം. അല്‍ഭുതകരമായ ഈ വളര്‍ച്ചയുടെ അന്നെത്തെയും ഇന്നത്തെയും ഊര്‍ജം അസാധാരണനും അപ്രതിമാനുമായ ആ കര്‍മ്മയോഗിയുടെ ഏകാഗ്രമായ തപസ്യ തന്നെയായിരുന്നു.

             സംഘടനാരൂപീകരണം കഴിഞ്ഞു മാസങ്ങള്‍  ക്കുള്ളില്‍  നടന്ന ഒരു പൊതു യോഗത്തില്‍വച്ചു തന്റെ  ബാക്കി ജീവിതകാലം സമുദായപ്രവര്‍ത്തതിനായി സമര്‍പ്പിക്കുന്നുവെന്നും തന്റെ വക്കീല്‍പ്പണി ആ ബഹുജനസമക്ഷം അവസാനിപ്പിച്ചിരിക്കുന്നുവെന്നുംഅദ്ദേഹം പ്രഖ്യാപിച്ചു. തികച്ചും സാഹസികമായ ആ പ്രഖ്യാപനം കേട്ടവരെയും കുടുംബത്തെയും  അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. നല്ലനിലയില്‍ വരുമാനമുണ്ടാക്കി കുടുംബം പുലര്‍ത്തിയിരുന്ന ഒരാള്‍ അഭിഭാഷകവൃത്തി വലിച്ചെറിഞ്ഞു കുടുംബത്തെയും ഉപേക്ഷിച്ചു ബാലാരിഷ്ടത പിന്നിട്ടിട്ടില്ലാത്ത ഒരു സംഘടനയുടെ ചുമതല ഏറ്റെടുക്കുക സാമാന്യമായ ചിന്തക്കും അതീതമായിരുന്നു. അന്നത്തെ പരസ്യ പ്രഖ്യാപനത്തിനുശേഷം ഒരിക്കലും അദ്ദേഹം സ്വന്തം കാര്യത്തിലേക്കു തിരിഞ്ഞു നോക്കിയിട്ടില്ല. അധികം വൈകാതെ സ്വന്തം മാതാവിന്റെ പാദം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു പടിയിറങ്ങിയ ആ മകന്‍ കുടുംബ കാര്യങ്ങള്‍ പിന്നീടൊരിക്കലും അന്വേഷിച്ചിട്ടില്ല. തന്റെ ദേവനും ദേഹിയും സര്‍വീസ് സൊസൈറ്റി ആണെന്ന് പ്രതിജ്ഞയെടുത്തു രാപ്പകല്‍ ഭേദമന്യേ നാടുമുഴുവന്‍ സഞ്ചരിച്ച ആ നിഷ്‌കാമ കര്‍മ്മിയുടെ മരണാനന്തരം ഭൗതികശരീരം മറവുചെയ്യാന്‍ ആറടി മണ്ണുപോലും സ്വന്തമായി  സമ്പാദിച്ചിരുന്നില്ല. 

      കേരളത്തിലെ ഓരോ കരയിലും സഞ്ചരിച്ചു കരയോഗങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദ്യകാലങ്ങളില്‍ ഉണ്ടായ വെല്ലുവിളികള്‍ വിവരണാതീതമാണ്. നായന്മാരില്‍ തന്നെയുള്ള ഉപ വിഭാഗങ്ങള്‍ തമ്മില്‍ വിവാഹവും പന്തിഭോജനവും നിഷിദ്ധമായിരുന്നു. ഇല്ലക്കാരനും സ്വരൂപക്കാരനും ഇടശ്ശേരിയും ചക്കാലയും  എല്ലാം നായന്മാരായിരുന്നെങ്കിലും, ഇല്ലക്കാരന്റെ പെണ്ണിനെ സ്വരൂപക്കാരന് വിവാഹം ചെയ്തു കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കാനേ അക്കാലത്തു കഴിയുമായിരുന്നില്ല. പൊതു ചടങ്ങുകളില്‍ ഈ വിഭാഗക്കാര്‍ക്ക് പ്രത്യേകം പ്രത്യേകം ഇലയിട്ട് വിളമ്പിയില്ലെങ്കില്‍ സദ്യ തന്നെ ബഹിഷ്‌കരിക്കുമായിരുന്നു.

    ഉയര്‍ന്ന ജാതിക്കാരന് പെണ്ണുകൊടുക്കുന്നതു അഭിമാനമായി കരുതി നടത്തിവന്നിരുന്ന സംബന്ധം എന്ന അനാചാരവും കിടപ്പാടം  പണയപ്പെടുത്തിയായാലും തറവാടിന്റെ മേന്മ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നടത്തി വന്നിരുന്ന ബാല്യവിവാഹത്തിനു സമാനമായ താലികെട്ടു കല്യാണവും അവസാനിപ്പിക്കാന്‍ മന്നം നടത്തിയ പരിശ്രമങ്ങളെ എത്ര സ്ലാഘിച്ചാലും മതിവരില്ല. നെടുംപുരയും കെട്ടിവിതാനവും കൊട്ടും കുരവയും, കുഴലും ഘോഷയാത്രയും, അമ്മായിവരവും ആര്‍പ്പുവിളിയും, വള്ളം കളിയും വെടിക്കെട്ടും, നാലു ദിവസത്തെ കല്യാണസദ്യയും സര്‍വാണിയുമായി തുടരുന്ന കല്യാണമേളം ഓരോന്നും കഴിയുമ്പോള്‍ കൈവശഭൂമിയുടെ സിംഹഭാഗവും അന്യാധീനമായി കഴിഞ്ഞിരിക്കും.

    മറ്റേതൊരു വിഭാഗക്കാരുടെയും പ്രശംസ പിടിച്ചു പറ്റുന്ന ഇന്നത്തെ നായര്‍ വിവാഹങ്ങളുടെ ലാളിത്യം മന്നതിനും സര്‍വീസ് സൊസൈറ്റിക്കും മാത്രം സ്വന്തം. സമുദായങ്ങങ്ങളെ അനുദിനം അലസന്മാരാക്കി അധഃപതിപ്പിച്ചു കൊണ്ടിരുന്ന മരുമക്കത്തായ സമ്പ്രദായം നിര്‍ത്തലാക്കി നിയമപരമായി മക്കത്തായം സ്ഥാപിച്ചതില്‍ ഈ സമുദായം മന്നത്തിനോട്  ഏറെ കടപ്പെട്ടിരിക്കുന്നു.
ഇത് കൂടാതെ അന്ന് നിലനിന്നിരുന്ന പ്രാകൃതമായ തെരണ്ടുകുളി പുലകുളി അടിയന്തിരങ്ങള്‍ എന്നിവകളെ പറിച്ചുമാറ്റാന്‍ അദ്ദേഹത്തിന് ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട്.

         സാമൂഹ്യപുരോഗതിക്കായി അതിലൊരു വിഭാഗത്തിനെ തെരഞ്ഞെടുത്തു പരിഷ്‌കരിക്കുന്ന ദൗത്യം തുടരുമ്പോളും മാതൃരാജ്യവും പൊതുസമൂഹവും എപ്പോളൊക്കെ ആവ്ശ്യപ്പെട്ടിട്ടുണ്ടോ അപ്പോളൊക്കെ സമുദായംവിട്ട് പൊതുവേദിയിലും രാഷ്ട്രീയത്തിലും മന്നത്തു പദ്മനാഭന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, സമുദായ നേതാവായിരിക്കുമ്പോളും എല്ലാ ജാതിമത വിഭാഗങ്ങളുടെയും സ്‌നേഹാദരങ്ങള്‍ ആവോളം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

        കേരളം ഗാന്ധിയും സര്‍വീസ് സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന കേളപ്പനോടൊപ്പം വിവിധ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളിലും അയിത്തോച്ചാടന സമരങ്ങളിലും സജീവമാകാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരളത്തിന്റെ  ചരിത്രവഴികളില്‍ നാഴിക കല്ലുകളായി അടയാളപ്പെടുത്തുന്ന വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും തന്റെ അനിതരസാധാരണമായ നേതൃപാടവം പ്രകടിപ്പിച്ചു നവോഥാനനായക പട്ടികയില്‍ ഇടംനേടാന്‍ സാധിച്ചതും ചരിത്രമാണ്. 

    കേരളത്തിലെ പ്രഥമ മന്ത്രിസഭാ ജനാധിപത്യ വിരുദ്ധമായപ്പോള്‍ പൊറുതിമുട്ടിയ പ്രതിപക്ഷ കക്ഷികളും െ്രെകസ്തവ മുസ്ലിം സഖ്യവും സംയുക്തമായി സംഘടിപ്പിച്ച വിമോചന സമരത്തിന്റെ അമരക്കാരനായി അവരോധിച്ചതും മന്നത്തിനെയായിരുന്നു.
       തന്റെ നാടിന്റെയും നാട്ടുകാരുടെയും ഹിതമനുസരിച്ചു ജീവിതത്തിന്റെ അവസാന നിമിഷം വരെയും കര്‍മ്മനിരതമായിരുന്ന ആ ശരീരം വിടപറയുമ്പോള്‍, ദാരിദ്ര്യം തനിക്കു നിഷേധിച്ച ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും കലാലയ പ്രവേശനവും ജാതിമത ഭേദമന്യേ അനേകായിരങ്ങള്‍ക്ക് ഉറപ്പാക്കിയ അന്‍പതില്പരം സ്‌കൂളുകളും എന്‍ജിനീയറിങ് കോളേജ് ഉള്‍പ്പെടെ ഒന്നര ഡസനോളം കലാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഒരേക്കര്‍ ഭൂമിപോലും സ്വന്തമായി സമ്പാദിക്കാത്ത അദ്ദേഹം ആയിരക്കണക്കിന് ഏക്കറുകള്‍ ഉള്‍ക്കൊള്ളുന്ന എസ്‌റേറ്റുകളും തോട്ടങ്ങളും നായര്‍ സര്‍വീസ് സൊസൈറ്റിക്കു സമ്പാദിച്ചു കൊടുത്തിരുന്നു..

   ഏഴു പതിറ്റാണ്ടു കാലം കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും സ്വന്തം ജീവിതംകൊണ്ട് ചരിത്രം നിര്‍മ്മിക്കുകയും ചെയ്ത ആ പുണ്യാത്മാവിനെ ഭാരതകേസരി  പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ചു. ധന്യമായ ആ ജീവിതയാത്രയുടെ സ്മരണകള്‍ വരും തലമുറയ്ക്ക് മാര്‍ഗദര്‍ശകമാകട്ടെ.

Join WhatsApp News
Kirukan Vinod 2019-01-03 07:55:31
Surendra, please stop promoting Caste and Atrocities here. You are NOTORIOUS for divide and rule even in your community. STOP IT
Hareendran 2019-01-03 10:34:44
കിറുക്കൻ സുഹൃത്തേ മന്നം ഒരു നവോഥാന നേതാവ് എന്ന് മാത്രമാണ് സുരേന്ദ്രൻ ചേട്ടൻ എഴുതിയിരിക്കുന്നത്, മന്നം ജയന്തിയുടെ പശ്ചാത്തലത്തിൽ. അദ്ദേഹം മാത്രമാണ് നവോഥാന നേതാവ് എന്നതിന് അർത്ഥമില്ല. പതിനാറിൽ പരമുള്ള ഉപജാതികളെ ഒരുമിപ്പിച് മറ്റു സമുദായങ്ങളുടെ ഉന്നമനത്തിനും കൂടി പ്രയത്നിച്ച ആളാണ് മന്നം, അതിൽ ജാതി മാത്രം കാണുന്നത് താങ്കളുടെ മനസ്സിന്റെ കുഷ്ടം മാത്രമാണ്.
kaalendran 2019-01-03 11:08:18
ഹരീന്ദ്രോ, ചരിത്രം പഠിക്കൂ. ശ്രീ മന്നത്തിനെ ചരിത്രത്തിൽക്കൂടി ശരിയായി മനസിലാക്കൂ.! പ്രത്യേക ഒരു ജാതിക്കുവേണ്ടി മാത്രം പ്രവർത്തിച്ച ഒരാളിനെ മഹാനായി വിളിക്കേണ്ട ആവശ്യമുണ്ടോ? നായന്മാർക്കുവേണ്ടി അദ്ദേഹം ജീവിതകാലം മുഴുവൻ പ്രവർത്തിച്ചുവെന്നത് ശരിതന്നെ. ജീവിച്ചിരുന്ന കാലത്ത് ശ്രീ മന്നം ഒരു തികഞ്ഞ വർഗീയ വാദിയായിരുന്നു. ശ്രീ മന്നത്തു പത്മനാഭന്റെ പഴയ പ്രസംഗങ്ങൾ മുഴുവൻ ക്രിസ്തീയ വിരോധവും ഇസ്‌ലാമിക വിരോധവും നിറഞ്ഞതായിരുന്നു.

സ്വന്തം സ്‌കൂളുകൾക്കും പാരയാകുമെന്നു ബോധ്യം വന്നപ്പോഴായിരുന്നു അദ്ദേഹം ക്രിസ്ത്യാനികളെ കൂട്ടുപിടിച്ചു വർഗീയ പ്രസ്ഥാനങ്ങളുണ്ടാക്കി വിമോചന സമരത്തിന് നേതൃത്വം കൊടുത്തത്. 'ഭാരതീയ കേസരി' എന്നത് ദേശീയ പുരസ്‌ക്കാരമൊന്നുമല്ല. അക്കാലത്തെ മനോരമയിലും ദീപികയിലും വന്ന വർത്തകളിൽക്കൂടി അങ്ങനെ ഒരു ടൈറ്റിൽ ലഭിച്ചതാണ്. 

അദ്ദേഹം സ്ഥാപിച്ച നായരുടെ സ്‌കൂളിൽ എത്ര ദളിതർ ജോലി ചെയ്യുന്നുണ്ടെന്നുള്ളതും വ്യക്തമാക്കുക. കൂടിയാൽ അവർക്ക് പ്യൂൺ പോസ്റ്റ് കൊടുത്തെങ്കിലായി. 

ഇന്നത്തെ ഒരു ശശി കല ടീച്ചറെയോ, വിഷം വമിക്കുന്ന ഗോപാല കൃഷ്ണനെയോ മഹാനാക്കുന്നതുപോലെ അദ്ദേഹത്തെ മഹാനാക്കിയാൽ മഹാനാകണമെന്നില്ല.  
amerikkan mollakka 2019-01-03 13:38:25
ഇങ്ങള് ഇബടെ  ബന്നിട്ടും ജാതീം മതോം 
പറഞ്ഞു ജീർണ്ണിക്കുന്നത് എന്തിനാണ്  ശ്രീ സുരേന്ദ്ര..
നായർ എന്ന വാല് ഞമ്മള് എടുത്ത് കളയുന്നു.
ആ നമ്പൂരി സംബന്ധം തിരിച്ചു കൊണ്ടുവാ 
സുരേന്ദ്ര..  നായർ എന്ന് പറയുമ്പോൾ  അത് 
നമ്പൂതിരി സംബന്ധത്തെ  ഓർമിപ്പിക്കും. 
കഷ്ടം അങ്ങനെ അമേരിക്കയിലും 
സവർണ്ണർ .. ഹ ള്ളാ  ഞമ്മള് മുസ്ലീമായത് 
നന്നായി. അപ്പൊ അസ്സാലും അലൈക്കും .
കെ.എം ഷഹീദ് 2019-01-03 16:17:02
ആര്‍.എസ്.എസിനെ പ്രകീര്‍ത്തിച്ചുകൊണ്ട് 20-10-1957ല്‍ കേസരിയില്‍ പ്രസിദ്ധീകരിച്ച മന്നത്ത് പത്മനാഭന്റെ പ്രസ്താവന

കെ..എം ഷഹീദ്

നായര്‍ സമുദായ ആചാര്യനും എന്‍.എസ്.എസ് സ്ഥാപകനുമായ മന്നത്ത് പത്മനാഭന്റെ ജന്മദിനം സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിത പൊതു അവധിയായി പ്രഖ്യിപിച്ചിരിക്കയാണ്. മന്നത്ത് പത്മനാഭന്റെ സമൂഹ്യ, സാമുദായിക പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തിന്റെ ജന്മദിനം പൂര്‍ണ്ണ അവധിയായി നല്‍കണമെന്നായിരുന്നു എന്‍.എസ്.എസിന്റെ ആവശ്യം. എന്‍.എസ്.എസ് ആവശ്യം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് കഴിയില്ല. അതിനാല്‍ ആവശ്യം നിയന്ത്രിത അവധിയായി പരിഗണിച്ചു.

നിയന്ത്രിത അവധിയാണോ, പൂര്‍ണ്ണ അവധിയാണോ എന്നതല്ല പ്രശ്‌നം. കേരളത്തിലെ സാമൂഹ്യമായി പരിഷ്‌കരിച്ചുവെന്നതിന്റെ പേരില്‍ ഒരാളുടെ ജന്മദിനത്തെ സര്‍ക്കാര്‍ അവധിയായി പ്രഖ്യാപിക്കുന്നതിലൂടെ അയാള്‍ നടത്തിയ ഇടപെടലുകളെ അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഡൂള്‍ന്യൂസ് നടത്തിയ പരിശോധനയില്‍ കേരളത്തിന്റെ സാമൂഹ്യമനസ്സാക്ഷിക്ക് ആഘോഷിക്കാന്‍ കഴിയാത്തതാണ് മന്നത്ത് പത്മനാഭന്റെ ജീവിതമെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

സാമൂദായിക പരിഷ്‌കര്‍ത്താവെന്നതിന് പകരം തികച്ചും സാമുദായിക വാദിയായിരുന്നു മന്നമെന്ന് അദ്ദേഹം അക്കാലത്ത് കേരളത്തില്‍ നടത്തിയ ഇടപെടലുകള്‍ വ്യക്തമാക്കുന്നു. സാമുദായിക വാദം കടന്ന് മതവര്‍ഗ്ഗീയതെ പരസ്യമായി പിന്തുണക്കുന്ന നിലപാടുകളും മന്നത്ത് പത്മനാഭനില്‍ നിന്ന് ഉണ്ടായി. സ്വസമുദായത്തിന് വേണ്ടി വാദിക്കുന്നത് തെറ്റല്ല, എന്നാല്‍ മറ്റു സമുദായങ്ങളോട് സഹിഷ്ണുതയോടെ പെരുമാറാനും അവരുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെ അംഗീകരിക്കാനും അയാള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അയാളെ വര്‍ഗ്ഗീയവാദിയും ജാതീയവാദിയുമായി മാത്രമേ കാണാനാവൂ.

ആര്‍.എസ്.എസ് സ്‌നേഹിയായ മന്നം

‘ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും ആര്‍.എസ്.എസ് ആണ് -മന്നത്ത് പത്മനാഭന്‍’ എന്ന തലക്കെട്ടോടെ ആര്‍.എസ്.എസ് മുഖപത്രമായ കേസരിയില്‍ 20-10-1957ല്‍ വന്ന റിപ്പോര്‍ട്ടില്‍ മന്നത്ത് പത്മനാഭനെന്ന ‘ സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ കേരളത്തിലെ ദൗത്യമെന്തായിരുന്നുവെന്ന് ഏറെക്കുറെ വ്യക്തമാകും.

ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് മന്നം ഈ പ്രസ്താവന നടത്തയതെന്നത് ശ്രദ്ധേയമാണ്. ആര്‍.എസ്.എസ് എറണാകുളം ശാഖാ വാര്‍ഷികമായിരുന്നു ചടങ്ങ്. ഗാന്ധി വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച, അക്കാലത്ത് തന്നെ കടുത്ത വര്‍ഗ്ഗീയ വാദവുമായി രംഗത്തു വന്ന ആര്‍.എസ്.എസിനെ പുകഴ്ത്തിക്കൊണ്ട് മന്നം നടത്തിയ പ്രസ്താവന അദ്ദേഹം ഏത് ചേരിയില്‍ നില്‍ക്കുന്നുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.

ദളിത് സ്‌നേഹമെന്ന കാപട്യം

കേരളത്തില്‍ ദളിത് വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച നേതാവെന്നാണ് മന്നത്തെ ചിലര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മന്നത്ത് പത്മനാഭന്റെ ദളിത് സ്‌നേഹത്തിന്റെ കാപട്യം തുറന്നു കാണിക്കുന്നതാണ് അദ്ദേഹത്തിന്റെ അക്കാലത്തെ ഇടപെടലുകള്‍. ഈഴവ മുഖ്യമന്ത്രിയായ ആര്‍.എശങ്കറിന്റെ മന്ത്രിസഭയെ മറിച്ചിടുന്നതില്‍ മുഖ്യപങ്ക് വഹിച്ച മന്നം ദളിതുകളെ ജാതീയമായി അതിക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തിയതായി ചരിത്രം പരതിയാല്‍ വ്യക്തമാകും.

ദളിതുകള്‍ക്ക് കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചപ്പോള്‍ അസഹിഷ്ണുവായ മന്നം നടത്തിയ പ്രസ്താവനകള്‍ ഇതിന് തെളിവാണ്. മന്നത്തിന്റെ മുതുകുളം പ്രസ്താവന ഇങ്ങിനെ… പുലയന്‍ മന്ത്രിയായിരിക്കുന്ന നാട്ടില്‍ ജീവിക്കാന്‍ സാധ്യമല്ല. പേട്ടയില്‍ ഒരു സുകുമാനരനും കേരളകൗമുദിയും കിടന്നു കളിക്കുന്നുണ്ട്. എന്റെ പഴയ കാലമായിരുന്നുവെങ്കില്‍…

ശങ്കറിനെ ജാതീയമായി അധിക്ഷേപിച്ച് തൊപ്പിപ്പാളക്കാരനെന്നാണ് മന്നത്ത് പത്മനാഭന്‍ വിളിച്ചത്. 1964ല്‍ കേരള കൗമുദിയില്‍ സഹോദരന്‍ അയ്യപ്പന്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് ‘ ശങ്കരന്‍, ഈ തൊപ്പിപ്പാളക്കാരന്റെ ഭരണം എങ്ങിനെ കണ്ടുകൊണ്ടിരിക്കും എന്ന് മന്നം പറഞ്ഞതായി അയ്യപ്പന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

1963ലെ ശാസ്തമംഗലം പ്രസംഗം മന്നത്തിന്റെ ജാതീയതയുടെ തീവ്രത മുഴുവന്‍ പുറത്തുകൊണ്ടുവരുന്നതാണ്. ‘ഈഴവന്‍ പന്നിപെറ്റുപെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണ്. അവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും നല്‍കിയത് പുനപരിശോധിക്കണം…’. ഈഴവര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മന്നത്ത് പത്മനാഭന്‍ തന്നെയാണ് പിന്നീട് അത് പുനപ്പരിശോധനക്ക് വിധേയമാക്കണമെന്ന് പറയുന്നത്.

      ഈഴവന്‍ മുഖ്യമന്ത്രിയായിരിക്കുന്നത് സഹിക്കാന്‍ മന്നത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. മന്നതിന്റെ നേതൃത്വത്തില്‍ നടന്ന ഉപജാപത്തിനൊടുവില്‍ 1964ല്‍ ശങ്കര്‍ മന്ത്രിസഭ വീണപ്പോള്‍ ആഹ്ലാദഭരിതനായ മന്നത്ത് പത്മനാഭന്‍ എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയില്‍ പ്രസംഗിച്ചത് ഇങ്ങിനെ. ‘രാവണ ഭരണം അവസാനിപ്പിക്കണമെന്ന് ഞാന്‍ പറഞ്ഞത് രാജ്യസ്‌നേഹം കൊണ്ടാണ്’. 23-09-64ലെ കേരള കൗമുദി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശങ്കര്‍ മന്ത്രിസഭ വീണതിനെ തുടര്‍ന്ന് തന്നെ വന്നുകണ്ട മാധ്യമപ്രവര്‍ത്തകരോട് മന്നം പറഞ്ഞത് ഇങ്ങിനെ: ‘എല്ലാം നന്നായി കലാശിച്ചിരിക്കുന്നു. എന്ന് പറഞ്ഞാല്‍ മുത്തശ്ശി ഭാഷയില്‍ പാലുകുടിച്ച് കിണ്ണം താഴത്ത് വെച്ച സംതൃപ്തി’.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയിലെ തന്നെ പലര്‍ക്കും മന്നത്തിന്റെ കടുത്ത ജാതീയ, വര്‍ഗ്ഗീയ നിലപാടുകളോട് യോജിപ്പില്ലായിരുന്നു. ചെങ്ങന്നൂര്‍ സി.എന്‍ മാധവന്‍ പിള്ള 1965 ജനുവരി 9ന് കേരള കൗമുദിയില്‍ മന്നത്ത് പത്മനാഭന്‍ എനി എന്ത് ചെയ്യണം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നതിങ്ങിനെ.

‘ജാതിക്കെതിരായി മന്നത്തിനെപ്പോലെ പടവാളുയര്‍ത്തിയ മറ്റൊരു നായരുണ്ടോ?. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വഭവനത്തില്‍ വെച്ച് ഒരു പുലയന് പന്തിഭോജനം നടത്താന്‍ ധൈര്യമുള്ള മറ്റൊരു നായരുണ്ടോ?. ഇത്രമാത്രം ഉത്കൃഷ്ടമായ മന്നം തന്റെ അവസാന ദശയില്‍ നായര്‍, നായര്‍ എന്നുള്ള സങ്കുചിത ആദര്‍ശം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നത് ഇന്നത്തെ നായര്‍ സമുദായത്തിന്റെ അധപ്പതനത്തിനെ അല്ലേ പ്രഖ്യാപിക്കുന്നത്?. നായന്‍മാര്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ട് വരികയാണ്. നായന്‍മാരോട് ഇന്ന് അത്മാര്‍ത്ഥമായ സ്‌നേഹമുള്ള മറ്റൊരു സമുദായവും ഈ രാജ്യത്തില്ലെന്ന് ശ്രീ മന്നം ദയാപൂര്‍വ്വം മനസ്സിലാക്കണം.

നായര്‍ സമുദായ നേതാവായിരുന്ന ടി. ഭാസ്‌കരമേനോന്‍ എന്‍.എസ്.എസില്‍ നിന്ന് രാജിവെച്ചുകൊണ്ട് മന്നത്ത് പത്മനാഭന് അയച്ച കത്ത് ഇപ്രകാരമാണ്…

ശ്രീ മന്നത്ത് പത്മനാഭന്,

അങ്ങയാല്‍ സ്ഥാപിക്കപ്പെട്ടതും അങ്ങയുടെ സംരക്ഷണയില്‍ തഴച്ചുവളര്‍ന്നതുമായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ഞാന്‍ ഒരു ആജീവനാന്ത അംഗമാണെന്ന് അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അങ്ങയുടെ രാഷ്ട്രീയ ചിന്താഗതിയും പ്രവര്‍ത്തനവും ഈ സംസ്ഥാനത്തിനും ഈ രാജ്യത്തിന് തന്നെയും നാശകരമാണെന്ന് ഞാന്‍ കരുതുന്നു.

വ്യക്തി വൈരാഗ്യം കൊണ്ടും തല്‍ക്കാലത്തെ ആവേശം കൊണ്ടും നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നായര്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്ന് പിരിഞ്ഞ് മാറേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുകയും അതുപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എ്‌ന്റെ 769/ 1490 നമ്പര്‍ കാര്‍ഡ് ഇത് സഹിതം അയച്ചുതരുന്നു. ദയവായി സ്വീകരിച്ചാലും- ഇതായിരുന്നു ആ കത്ത്.

മന്നത്ത് പത്മനാഭനെന്ന വ്യക്തിയുടെ ഉണ്ടെന്ന് പറയുന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിന് അവസാനം എന്ത് സംഭവിച്ചുവെന്ന് മേല്‍ ഉദ്ധരിച്ച കാര്യങ്ങളിലൂടെ സുവ്യക്തമാകുന്നുണ്ട്. ആദ്യകാലങ്ങളില്‍ മന്നം നടത്തിയ പന്തിഭോജനമടക്കമുള്ള കാര്യങ്ങളെയെല്ലാം സ്വയം തള്ളിപ്പറയുന്ന നിലപാടായിരുന്നു പിന്നീടുണ്ടായത്. പഴയ കാലത്ത് ചെയ്തുപോയ ഇത്തരം പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹത്തിന് കുറ്റബോധവമുണ്ടായിരുന്നിരിക്കാം.

കേരളത്തില്‍ അധസ്ഥിതനും പിന്നാക്കക്കാരനും എപ്പോഴെല്ലാം അവകാശത്തിന് വേണ്ടി ശബ്ദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം എതിര്‍പ്പുമായി മന്നം വന്നിട്ടുണ്ട്. അതിപ്പോഴും എന്‍.എസ്.എസ് നേതൃത്വം ഭംഗിയായി ചെയ്യുന്നുമുണ്ട്.

1949ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉണ്ടാക്കിയ സമയത്ത് എന്‍.എസ്.എസ് സമ്മര്‍ദത്തിന് വഴങ്ങി അന്ന് ബോര്‍ഡിന് വര്‍ഷത്തില്‍ 51 ലക്ഷം രൂപ സഹായധനമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ട അന്ന് ഇന്നത്തെപ്പോലെ ബോര്‍ഡ് സമ്പന്നമല്ലായിരുന്നു. എന്നാലും അക്കാലത്തെ 51 ലക്ഷം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ബോര്‍ഡിന് നല്‍കുന്നതിനെ പലരും എതിര്‍ത്തു. ക്രിസ്ത്യന്‍ സമുദായമായിരുന്നു എതിര്‍പ്പിന് മുന്നില്‍ നിന്നത്.

എതിര്‍പ്പ് മറികടക്കാന്‍ മന്നം ഈഴവനായ ശങ്കറെ കണ്ട് നായര്‍ ഈഴവ ഐക്യത്തെക്കുറിച്ച് ബോധവത്കരിച്ചു. ഒരു നായര്‍ വീട്ടില്‍ വന്ന് കയറുമ്പോഴേക്കും ശങ്കര്‍ എന്‍.എസ്.എസിന്റെ കഴിഞ്ഞ കാല ചരിത്രം മറന്നു. മന്നത്ത് പത്മനാഭന്‍ ശങ്കറെയും കൂട്ടി കോട്ടയത്തേക്ക് വണ്ടി കയറി. കോട്ടയത്ത് വെച്ച് ‘ ആറടി മണ്ണില്‍ ക്രിസ്ത്യാനികളെ കുഴിച്ചുമൂടൂ’മെന്ന് മന്നം പ്രഖ്യാപിച്ചത് ചരിത്രം. ഈഴവനായ ശങ്കറിന്റെ പിന്തുണയോടുകൂടി നിര്‍മ്മിച്ച ദേവസ്വം ബില്‍ ഒടുവില്‍ നിയമമായി വന്നപ്പോള്‍ അതില്‍ നിന്നും ഈഴവര്‍ പുറത്ത് പോയതും ചരിത്രം.

തിരുവിതാംകൂര്‍ ദേവസ്വം ബില്‍ ഭേദഗതി ചെയ്ത് അതില്‍ ജാതി സംവരണമേര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള ശ്രമം നടന്നപ്പോള്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ്. ദേവസം ബില്ലിന് മുന്‍കയ്യെടുത്ത മന്ത്രി ജി.സുധാകരന് ഒടുവില്‍ ബില്ല് ദേവസ്വം വകുപ്പ് തന്നെ നഷ്ടപ്പെട്ടു. പുരോഗമനവാദികളായ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ഈ നൂറ്റാണ്ടിലും എന്‍.എസ്.എസ് തങ്ങളുടെ അജണ്ട നടപ്പാക്കിയതെന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്.

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം പല നാട്ടുരാജ്യങ്ങളും ഒപ്പം ചേരാന്‍ തയ്യാറായില്ല. അന്ന് എന്‍.എസ്.എസും മന്നത്ത് പത്മനാഭനും ഈ രാജാക്കന്‍മാര്‍ക്കൊപ്പമായിരുന്നു. ഈ രാജഭക്തിയാണ് അവര്‍ ഇപ്പോഴും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതും. കേരള സമൂഹം പുരോഗമന പോരാട്ടങ്ങളുടെ ഫലമായി നേടിയെടുത്ത പ്രബുദ്ധമായ ബോധത്തെ അട്ടിമറിക്കുന്നതാണ് സര്‍ക്കാറിന്റെ ഈ നിയന്ത്രിത അവധിയെന്നതില്‍ സംശയമില്ല. ഇത് നിയന്ത്രിത അവധിയല്ല, അനിയന്ത്രിതമായ ജാതി മേല്‍ക്കോയ്മയാണ്.
അസ്ഥികൂടം 2019-01-03 18:02:40
മൂഢന്റെ മുതുകിന് അടി - മന്നത്ത് പത്മനാഭനെ പൊക്കി കൊണ്ടു വന്ന് ആളാകാൻ ശ്രമിച്ചതാ -ദാ കിടക്കുന്നു . ഓരോത്തര് മന്നത്തിന്റെ  അസ്ഥികൂടം മാന്തി എടുത്തുകൊണ്ടല്ലേ വരുന്നത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക