Image

ഫോമാക്കു പുതിയ ദിശാബോധം നല്കി ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം

Published on 04 January, 2019
ഫോമാക്കു പുതിയ ദിശാബോധം നല്കി ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം
അമേരിക്കന്‍ സംഘടനാ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ഫോമ പണിതു നല്‍കിയ വിംഗ്. എക്കാലവും അഭിമാനകരമായ ഈ പദ്ധതിക്ക് പി.ആര്‍.ഒ ആയിരിക്കുമ്പോള്‍ ചുക്കാന്‍ പിടിച്ച ജോസ് ഏബ്രഹാം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഒരു പടികൂടി ഉയര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലാണിപ്പോള്‍. ഫോമ വില്ലേജ് പദ്ധതി വഴി ഏതാനും കുടുംബങ്ങള്‍ക്ക് വീടും സൗകര്യങ്ങളും നല്‍കി പുനരധിവസിപ്പിക്കുക എന്ന ദൗത്യം.

ഒന്നല്ല, മൂന്നു പ്രോജക്ടുകളാണ് ഇപ്പോള്‍ ഫോമ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 50 വീട് എന്നതാണ് ലക്ഷ്യം. ഒന്നിനു 8,000 ഡോളര്‍ വച്ചു കണക്കാക്കിയാല്‍ 400,000 ഡോളര്‍ വേണം. അതില്‍ 200,000 ഓളം ഇതിനകം സമാഹരിക്കാനായി എന്നത് തീര്‍ത്തും അഭിനന്ദനമര്‍ഹിക്കുന്നു.

അംഗസംഘടനകളുടെ കരുത്തും സഹകരണവുമാണ് ഈ പദ്ധതി വിജയത്തിലേക്ക് കുതിക്കാന്‍ കാരണമെന്നു ജോസ് ഏബ്രഹാം വിലയിരുത്തുന്നു. ഫോമ നേതൃത്വം മികച്ച പദ്ധതി ചൂണ്ടിക്കാട്ടിയപ്പോള്‍ സഹായവുമായി അംഗസംഘടനകളെത്തി. ക്രെഡിറ്റ് അംഗ സംഘടനകള്‍ക്കു തന്നെ- ജോസ് ഏബ്രഹാം പറയുന്നു.

ഫ്ളോറിഡയില്‍ നിന്നുള്ള നോയല്‍ മാത്യു മലപ്പുറം ജില്ലയിലെ കക്കാടംപൊയിലില്‍ നല്‍കിയ ഒരേക്കറോളം വരുന്ന ഭൂമിയിലാണ് പദ്ധതിയുടെ തുടക്കം. പാര്‍പ്പിട നിര്‍മ്മാണ പ്രസ്ഥാനമായ തണലുമായി ചേര്‍ന്നു 4-5 വീടുകള്‍ ഇവിടെ ഉടനെ നിര്‍മ്മിക്കുകയാണ് ലക്ഷ്യമിടുന്നത്. സ്ഥലം നികത്തല്‍ തുടങ്ങി. ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങ് ഈമാസം തന്നെ നടത്തും. ഇതിനായി ഫോമ നേതാക്കള്‍ പോകുന്നുണ്ട്.

പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലാണ് മറ്റൊരു പദ്ധതി. ഇവിടെ വീട് ഇല്ലാത്ത 130-ഓളം കുടുംബങ്ങള്‍ക്ക് ഭൂമി ഉണ്ട്. വീട് വച്ചു നല്‍കിയാല്‍ മതി. അവിടെ 25 വീടുകളാണ് ലക്ഷ്യമിടുന്നത്.

ഹൂസ്റ്റണിലുള്ള ജോസ് പുന്നൂസ് കൊല്ലത്തിനടുത്ത് നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് മൂന്നാമത്തെ പദ്ധതി. അമേരിക്കയില്‍ വന്നശേഷം ആദ്യമായി സമ്പാദിച്ച തുകയില്‍ നിന്നും അദ്ദേഹം വാങ്ങിയ ഭൂമിയാണ് മഹാമനസ്‌കതയോടെ ഫോമ പദ്ധതിക്കായി വിട്ടു നല്‍കിയത്. ഇവിടെ 16 വീട് വയ്ക്കാം. ഇതിന്റെ തുടക്കം കുറിക്കുന്നതേയുള്ളൂ.

വീട് കിട്ടുന്നവര്‍, തണല്‍, ഫോമ എന്നിവയുടെ ഒരു ട്രൈ പാര്‍ട്ടി എഗ്രിമെന്റ് പ്രകാരമാണ് നിര്‍മ്മാണം. വീട് കിട്ടുന്നവര്‍ക്ക് കുറെക്കാലത്തേക്ക് അത് യഥേഷ്ടം വില്‍ക്കാനാവില്ല,

ആര്‍ക്കാണ് വീട് കൊടുക്കേണ്ടത് എന്നത് സംബന്ധിച്ച സ്‌ക്രീനിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ഡോ. എം.വി. പിള്ള, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, ഫോമാ ഭാരവാഹികള്‍എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി.

ജൂണില്‍ കേരള കണ്‍വന്‍ഷനു മുമ്പ് മലപ്പുറത്തെ വീടുകള്‍ തീര്‍ക്കാനാകുമെന്നു കരുതുന്നു. അടുത്ത മാസം കടപ്രയിലെ വീടുപണിയും തുടങ്ങും.

കേരള കണ്‍വന്‍ഷന്‍ ജൂണ്‍ രണ്ടിനു എറണാകുളം ബോള്‍ഗാട്ടി പാലസില്‍ എന്നാണ് താത്കാലികമായി തീരുമാനിച്ചിരിക്കുന്നത്. വീട് നിര്‍മ്മിച്ചു നല്‍കുന്ന സ്ഥലത്തായിരിക്കണം കണ്‍വന്‍ഷന്‍ എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അന്തിമ തീരുമാനം ഉടനുണ്ടാകും

2020-ലെ ഡാളസ് കണ്‍വന്‍ഷന്റെ സ്ഥലം തീരുമാനിച്ചിട്ടില്ല. കണ്‍വന്‍ഷനു മാത്രമായുള്ള സംഘടനയായി പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ല. വിവിധ ഹോട്ടലുകള്‍ പരിഗണനയിലുണ്ട്. ക്രൂസ് കണ്‍വന്‍ഷനായാലോ എന്നും ചിന്തിക്കുന്നുണ്ട്.

ഈ മാസം 12 മുതല്‍ 18 വരെ മൂന്നു മെഡിക്കല്‍ ക്യാമ്പുകള്‍ കേരളത്തില്‍ നടത്തുന്നു. 30- 40 ജനറല്‍ സര്‍ജറികള്‍ക്കും, ഒരു കിഡ്നി ശസ്ത്രക്രിയയ്ക്കും സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നേറുന്നു. 5000 ഡോളറിനു കിഡ്നി മാറ്റ ശസ്ത്രക്രിയ ലക്ഷ്യമിടുന്നു. ഡല്‍ഹിയില്‍ നിന്നും മറ്റും ഡോക്ടര്‍മാര്‍ സൗജന്യമായി ശസ്ത്രക്രിയയ്ക്ക് എത്താന്‍ തയാറായിട്ടുണ്ട്.

ഫോമയുടെ യൂത്ത് ഫെസ്റ്റിവലാണ് ഇക്കൊല്ലത്തെ ഒരു പ്രധാന പരിപാടി. ജോമോന്‍ കുളപ്പുരയ്ക്കല്‍, പൗലോസ് കുയിലാടന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി അതിനായി പ്രവര്‍ത്തിക്കുന്നു. വിവിധ റീജിയനുകളില്‍ ഫെസ്റ്റിവല്‍ നടത്തി, കണ്‍വന്‍ഷനില്‍ ഒരു ദിവസം പൂര്‍ണ്ണമായി ഫൈനല്‍ എന്ന ആലോചനയുമുണ്ട്.

അതിനു പുറമെ യൂത്ത് സമ്മിറ്റ് സംഘടിപ്പിക്കുന്നു. അംഗ സംഘടനകളില്‍ നിന്നു രണ്ട് യുവാക്കളെ വീതം തെരഞ്ഞെടുത്ത് നടത്തുന്ന സമ്മിറ്റ് ഒരു റെസിഡന്‍ഷ്യല്‍ പ്രോഗ്രാമായിരിക്കും. കരിയര്‍, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ വിജ്ഞാനം പകരുകയാണ് ലക്ഷ്യം. പ്രഗത്ഭര്‍ പരിശീലനം നല്‍കുന്ന പരിപാടി ഈവര്‍ഷം അവസാനമായിരിക്കും. യൂത്ത് സമ്മിറ്റ് 18- 24 വയസ്സുള്ളവരെ ലക്ഷ്യംവെച്ചാണ്. എന്‍ജിനീയറും ഡോക്ടറും മാത്രം പോരല്ലോ നമ്മുടെ സമൂഹത്തില്‍. സോഷ്യല്‍ മീഡിയ, എന്റര്‍പ്രണര്‍ ആകുന്നതെങ്ങനെ തുടങ്ങിയവയൊക്കെ ചര്‍ച്ചാവിഷയമാകും.

മാര്‍ച്ച് ഒമ്പതിനു വനിതാ ദിനം പ്രമാണിച്ച് വനിതാഫോറം ചെയര്‍ രേഖാ നായരുടെ നേതൃത്വത്തില്‍ സെമിനാറും മറ്റും സംഘടിപ്പിക്കുന്നു.

ആറുമാസത്തോളമായി ജനറല്‍സെക്രട്ടറി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ട്. പ്രളയകാലത്ത് വേണ്ടസമയത്ത് സേവനം എത്തിക്കാന്‍ ഫോമയ്ക്കായത് വലിയ കാര്യമായി കരുതുന്നു. 5 ക്യാമ്പുകളില്‍ ഭക്ഷണവും വസ്ത്രവും അത്യാവശ്യ സാമഗ്രികളുമൊക്കെ എത്തിച്ചു കൊടുക്കാന്‍ ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസ് മാത്യു എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തില്‍ കഴിഞ്ഞു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഫോമ സജീവമായി.

മിക്കവാറും എല്ലാ അംഗസംഘടനകളുമായി ബന്ധപ്പെടാനും സംവദിക്കാനും ഇതിനകം കഴിഞ്ഞു. അതിന്റെ ഫലം വരുന്ന വര്‍ഷങ്ങളില്‍ കാണും.

മഹാപ്രളയത്തില്‍ കേരളം ഒറ്റക്കെട്ടായെങ്കിലും പിന്നീട് പുതിയ പ്രശ്നങ്ങള്‍ വന്നു. പലരും പ്രളയ ദുരിതം മറന്നു. എങ്കിലും അതു നാം മറക്കില്ല. നമ്മുടെ പ്രതിബദ്ധത തുടരുകതന്നെ ചെയ്യും.

പ്രവാസികളില്‍ നിന്നു സര്‍ക്കാര്‍ പിരിച്ച തുക എങ്ങനെ വിനിയോഗിച്ചു എന്നറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്. അത് അറിയിക്കാന്‍ സര്‍ക്കാരിനും കടമയുണ്ട്. ഫോമയില്‍ അംഗങ്ങളല്ലാത്ത സംഘടനകള്‍ പോലും പിരിച്ച തുക ഫോമ വഴി നല്‍കാന്‍ മുന്നോട്ടുവന്നു. യുവജന പങ്കാളിത്തം വലിയ തോതിലുണ്ട്. ആശ്രയിക്കാവുന്ന, വിശ്വസിക്കാവുന്ന, സംഘടനയാണ് ഫോമ എന്ന ധാരണയുള്ളതു കൊണ്ടാണിത്. കെട്ടുറപ്പുള്ള സംഘടനയാണെന്നും, ഫോമ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്നും ജനങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു.

കാലിഫോര്‍ണിയയിലെ മങ്ക പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കലിന്റെ നേതൃത്വത്തില്‍ ആറു വീടുകളാണ് നല്‍കുന്നത്. ഫോമ വൈസ് പ്രസിഡന്റ് വിന്‍സെന്റ് ബോസും, ജോയിന്റ് സെക്രട്ടറി സാജു ജോസഫും ഈ അസോസിയേഷനിലെ അംഗങ്ങളാണ്. വീട് നിര്‍മാണ കാര്യത്തില്‍ വെസ്റ്റേണ്‍ റീജിയന്‍മുന്നിട്ടു നില്‍ക്കുന്നു.

കേരള കണ്‍വന്‍ഷനില്‍ ഉപകാരപ്രദമായ സെമിനാറുകളും മറ്റും പ്ലാന്‍ ചെയ്യുന്നുണ്ട്. അമേരിക്കന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു.

സെക്രട്ടറി സ്ഥാനം ഏറെ ഉത്തരവാദിത്വമുള്ളതാണെങ്കിലും അതു വേണ്ടിയിരുന്നില്ല എന്നു ഒരിക്കലും തോന്നിയിട്ടില്ല. ജോലി സ്ഥലത്ത് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിനാല്‍ കുറച്ചു ഫ്ളെക്സിബിലിറ്റിയുണ്ട്. എങ്കിലും ലഭിക്കേണ്ട ഒരു പ്രമോഷനെ അതു ബാധിച്ചു. പക്ഷെ അതു വലിയ ത്യാഗമായി കാണുന്നില്ല. വീട്ടില്‍ നിന്നു നല്ല പിന്തുണയുള്ളതിനാല്‍ പ്രശ്നമൊന്നുമില്ല.

മികച്ച ടീംവര്‍ക്കാണ് എക്സിക്യൂട്ടീവിന്റെ പ്രത്യേകത. പല അഭിപ്രായങ്ങള്‍ വന്നാലും ഒടുവില്‍ ഒറ്റക്കെട്ടായി നീങ്ങും. ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളത് നിഷേധിക്കുന്നില്ല. സമവായത്തിലൂടെ അതു പരിഹരിക്കുന്നു. 90 ശതമാനത്തോളം സഹകരണം ഉണ്ടെന്നു പറയാം. ഏവരെയും ഒന്നിച്ചു കൊണ്ടു പോകാനുള്ള വിശാല മനസ്ഥിതിയും സൗഹ്രുദവുംആണു പ്രസിഡന്റ് ഫിലിപ്പ് ചമത്തിലിന്റെ പ്രവര്‍ത്തനത്തിന്റെ പ്രതേകത. അത് എക്‌സിക്യൂട്ടിവിന്റെ ഒത്തൊരുമയിലും കാണുന്നു.

ഭാവിയില്‍ ഫോമാ പ്രസിഡന്റാകണം എന്ന മോഹമൊന്നുമില്ല. മികവുറ്റ ധാരാളം പേര്‍ ഫോമയിലുണ്ട്. എന്നാല്‍ തന്റെ സേവനം വേണമെന്ന സ്ഥിതി വന്നാല്‍ മുന്നോട്ടുവരാന്‍ മടിയുമില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്നു ധാരാളം പേര്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് സംഗത്തു വന്നത്. എങ്കിലും ഇലക്ഷനുകള്‍ ബന്ധങ്ങളില്‍ വിള്ളലുകള്‍ വരുത്തുന്നു എന്നത് മറക്കുന്നില്ല. അത് സങ്കടകരമാണ്.

അംഗസംഘടനകള്‍ പ്രവര്‍ത്തിക്കുന്നവയായിരീക്കണം എന്നാഗ്രഹമുണ്ട്. പേരിനു സംഘടന ഉണ്ടാക്കി ഫോമായില്‍ അംഗത്വം നേടിയതു  കൊണ്ടോ അംഗത്വം കൊടുത്തതു കൊണ്ടോ കാര്യമില്ലല്ലോ. അതു കൊണ്ട് സമൂഹത്തിനു എന്തു ഗുണം? അതിനാല്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കെ അംഗത്വം നല്കാവു എന്നാണഭിപ്രായം.

കണ്‍വന്‍ഷന്‍ കഴിയുമ്പോള്‍ നഷ്ടമൊന്നും ഉണ്ടാകരുത് എന്നാഗ്രഹമുണ്ട്. അതല്ലാതെ മിച്ചം ഉണ്ടാക്കിയേ പറ്റൂ എന്നതായിരിക്കില്ല ലക്ഷ്യം. 
ഫോമാക്കു പുതിയ ദിശാബോധം നല്കി ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം
Join WhatsApp News
? 2019-01-04 19:41:11
2020 or 2024?
fomaa watch 2019-01-04 21:11:12
കേരളത്തില്‍ ഒരു പ്രോജക്ട് ഫോമാ നടപ്പാക്കുന്നതു നല്ലതാണ്. അതല്ലാതെ മെഡിക്കല്‍ ക്യാമ്പും സൗജന്യ ശസ്ത്രക്രിയയുമൊക്കെഫോമാ ചെയ്യേണ്ട കാര്യമുണ്ടോ? ഇവിടെ സഹായം ആവശ്യമുള്ള ധാരാളം മലയാളികളുള്ളപ്പോള്‍. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക