Image

നന്ത്യാര്‍വട്ട പൂക്കള്‍ (കഥ: ജയശ്രീ രാജേഷ്)

Published on 06 January, 2019
നന്ത്യാര്‍വട്ട പൂക്കള്‍ (കഥ: ജയശ്രീ രാജേഷ്)
ഗേറ്റ് തുറന്ന് നിശബ്ദത തളം കെട്ടി നില്‍ക്കുന്ന മുറ്റത്തേക്ക് അവള്‍ കടന്ന് ചെന്നു. ഏറെ നാളായി ആള്‍പെരുമാറ്റമില്ലാത്തതിനാല്‍ മുറ്റം നിറയെ കരിയിലകള്‍ കുന്നു കൂടി കിട ക്കുന്നു. ആ കരിയിലകളില്‍ കാലമര്‍ന്നപ്പോള്‍ ഒരു കുളിര് തന്റെ ദേഹമാസകലം പടര്‍ന്ന പോലെ അവള്‍ക്കു തോന്നി. തൊടിയിലെ മാവിലിരുന്ന ഒരു കുയില്‍ അപരിചിതയെ പോലെ തല തിരിച്ചു അവളെ ഒന്ന് നോക്കി. ....

തറവാടിന്റെ പൂമുഖത്തേക്കു കലെടുത്തു വെച്ചപ്പോള്‍ " അമ്മുക്കുട്ട്യേ......നീ എത്തിയോ....." മുത്തശ്ശിയുടെ ശബ്ദം ഗൗരിക്ക് കാതില്‍ മുഴങ്ങിയത് പോലെ തോന്നി......അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു....പൂമുഖത്തു ചില്ലിട്ടു വെച്ചിരിക്കുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഫോട്ടോ പൊടി പിടിച്ചു മങ്ങിയിരുന്നു....തന്റെ കൈകള്‍ കൊണ്ട് അവള്‍ ആ ചില്ലുകള്‍ ഒന്ന് തുടച്ചു....മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കണ്ണുകളില്‍ സന്തോഷത്തിന്റെ നീര്‍ക്കണം പൊടിഞ്ഞോ.......അവള്‍ തെല്ലു നേരം നിര്‍നിമേ ഷയായി നിന്നു...

ഗോമതി ചേച്ചി തന്ന നീളന്‍ താക്കോല്‍ വീട്ടി തടി കൊണ്ട് തീര്‍ത്ത പൂമുഖ വാതില്‍ പൂട്ടില്‍ ഇട്ടു തിരിച്ചപ്പോള്‍ ഒരു ശബ്ദത്തോടെ ഉള്ളില്‍ വിജാഗിരി തെന്നി മാറി......കൈകള്‍ കൊണ്ട് അവള്‍ മെല്ലെ വാതിലില്‍ ഒന്ന് തള്ളി.....വാതില്‍ പാളികള്‍ വലിയ ഒരു ഞെരുക്കത്തോടെ അകന്നു മാറിയ ശബ്ദം ആളൊഴിഞ്ഞ തറവാട്ടിലെ അകത്തളങ്ങളില്‍ അലയടിച്ചപ്പോള്‍ മൂന്നാം നിലയിലെ കഴുക്കോലുകളില്‍ ഉറക്കം തൂങ്ങിയിരുന്ന പ്രാവുകള്‍ ചിറകടിച്ചുയര്‍ന്നു........

അകത്തേക്ക് കാലെടുത്തുവെച്ച ഗൗരിക്ക് വീണ്ടും ആ പഴയ 10 വയസ്സുകാരി കുട്ടിയാണെന്നു തോന്നി....ഓര്‍മകളിലേക്ക് ഊളിയിട്ട മനസ്സുമായി അവള്‍ ആ നീണ്ട ഇടനാഴികയിലൂടെ നടന്നു....

മുത്തശ്ശിയുടെ തണലില്‍ മാത്രം വളര്‍ന്ന അമ്മക്ക് തറവാടിനെ പറ്റി പറയുമ്പോള്‍ നൂറു നാവാണെന്നു അച്ഛന്‍ കളിയാക്കി പറഞ്ഞിരുന്നത് അവള്‍ക്കോര്‍മ്മ വന്നു......ഗൗരിക്കുട്ടിയുടെ പിറന്നാളിന് അമ്മയുടെ ആഗ്രഹം പോലെ നഗര പ്രൗഢിയുള്ള കൃഷ്ണ ന്റെ അമ്പലത്തില്‍ പോയി തൊഴാന്‍ ഇറങ്ങിയ ആ യാത്ര തന്നെ എന്നെന്നേക്കുമായി തനിച്ചാക്കുക ആയിരുന്നെന്ന് ഗൗരിക്ക് പിന്നീടാണ് മനസ്സിലായത്......യാത്രയില്‍ കാറില്‍ കിടന്നു ഒന്ന് മയങ്ങിയ ഗൗരി കണ്ണ് തുറന്നപ്പോള്‍ കണ്ടത് മുന്നില്‍ കുറെ ആള്‍ക്കൂട്ടവും തന്നെ മാറോടടുക്കി പിടിച്ച മുത്തശ്ശി യെയും .....

പിന്നീട് മിഴിഞ്ഞ വട്ടകണ്ണില്‍ നിറഞ്ഞ ആശങ്കയും , അപരിചിത്വവുമായി മുത്തശ്ശി യുടെ കൈ മുറുകെ പിടിച്ചു പ്രൗഢ ഗംഭീരമായ തറവാട്ടിലെ അകത്തളങ്ങളില്‍....

"ന്റെ അമ്മുക്കുട്ട്യേ...." മുത്തശ്ശിയുടെ ആ വിളി ഇന്നും നെഞ്ചില്‍ തങ്ങി നില്‍ക്കുന്നു....ഗൗരിക്ക്....മുത്തശ്ശി അമ്മയെ വിളിച്ചിരുന്നതും അങ്ങനെ ആണെന്ന് അമ്മ പറഞ്ഞിരുന്നത് ഓര്മ വന്നു ഗൗരിക്ക്....

നന്ത്യാര്‍വട്ട പൂക്കള്‍ മണക്കുന്ന സന്ധ്യകളില്‍ നാമജപം കഴിഞ്ഞു മുത്തശ്ശിയുടെ മടിയില്‍ തല വെച്ച് കിടക്കുമ്പോള്‍ അങ്ങ് ദൂരെ കണ്ണ് ചിമ്മുന്ന നക്ഷത്ര ങ്ങളെ നോക്കി മുത്തശ്ശി പറയും...."അമ്മുകുട്ടിക്കറിയോ....ദൈവത്തിനു പ്രിയപ്പെട്ടവരെ അദ്ദേഹം പെട്ടെന്ന് മുകളിലോട്ടു വിളിച്ചു കുഞ്ഞു താരക മാക്കി മാറ്റി കൂടെ നിര്‍ത്തും....കണ്ടോ....അമ്മുകുട്ടിയുടെ അമ്മയും അച്ഛനും മുത്തശ്ശ നുമെല്ലാം അങ്ങ് ദൂരെ നിന്ന് കണ്ണ് ചിമ്മി ചിരിക്കുന്നത്..." തലയിലൂടെ ശോഷിച്ച വിരല്‍ ഓടിച്ചു മുത്തശ്ശി അനുഭവങ്ങളുടെയും കഥകളുടെയും കെട്ടഴിക്കാന്‍ തുടങ്ങും.....അത് കേട്ടു കേട്ട് കുഞ്ഞു ഗൗരി ഇടയ്ക്കു മയങ്ങും.......ജീവിതയാത്ര പകുതിയില്‍ ഒറ്റക്കാക്കി പോയ മുത്തശ്ശന്‍ നെ പറ്റി പറയുമ്പോള്‍ ആ കണ്ണുകളില്‍ നിഴലിച്ചിരുന്ന വിഷാദഛവി യുള്ള അഭിമാനം സ്ഫുരിക്കുന്നത് അവള്‍ എത്രയോ തവണ കണ്ടിട്ടുണ്ട്.....ഗാന്ധിജി യുടെ ആശയങ്ങളില്‍ ആകൃഷ്ടനായി മുത്തശ്ശന്‍ പല പല ആഹ്വാനങ്ങളിലും സന്നദ്ധ സേവനങ്ങളിലും പങ്കാളിയായിരുന്ന കഥകള്‍ കേള്‍ക്കാന്‍ ഗൗരിക്കെന്നും ഇഷ്ടമായിരുന്നു.....

മുത്തശ്ശിയുടെ മുന്നില്‍ തറവാട്ടിലെ മറ്റംഗങ്ങള്‍ അവളെ അതിരറ്റു സ്‌നേഹിച്ചു.....പക്ഷെ......"ചൊവ്വ ദോഷം ള്ള കുട്ട്യാ... മാതാ പിതാക്കള്‍ക്കും ദോഷം ണ്ടായിരുന്നെ...." എപ്പോഴോ അകത്തളങ്ങളില്‍ ഉയര്‍ന്നിരുന്ന മുറുമുറുപ്പുകള്‍ അവള്‍ക്കു മനസ്സിലായിരുന്നില്ല ആദ്യമൊന്നും......

നീണ്ട ഇടനാഴികയുടെ നടുവിലായുള്ള 'മച്ച്' നു മുന്നില്‍ എത്തിയപ്പോള്‍ ഗൗരിയുടെ ഓര്‍മകളുടെ നൂല്‍ ഒന്ന് പൊട്ടി.....പതിയെ കൈകൊണ്ടു ആ വാതില്‍ ഒന്ന് തള്ളി തുറന്നു....പെട്ടെന്ന് ചിറകടിച്ചു 2 കട വാവലുകള്‍ അവളുടെ തലയ്ക്കു മീതെ പറന്നു പോയി....ഞെട്ടി ഒന്ന് പിറകോട്ടു വേച്ചു പോയി ഗൗരി......വാതില്‍പടിയില്‍ സ്ഥാനം പിടിച്ചിരുന്ന മാറാല രണ്ടു കൈ കൊണ്ടും തട്ടി മാറ്റി ഇരുട്ട് കട്ടപിടിച്ച ആ മച്ചിനകത്തേക്കു അവളുടെ മിഴികള്‍ നീണ്ടു.....മുത്തശ്ശി ഭയഭക്തി ബഹുമാനത്തോടെ തറവാട്ടിലെ മുതിര്‍ന്ന കാലശേഷം ചെയ്ത കാരണവന്‍മാര്‍ക്കായി "വെച്ചുപൂജ" നടത്തിയിരുന്ന രാവിന്റെ പൂജാദ്രവ്യ ഗന്ധം പേറുന്ന സുഗന്ധം അവളുടെ നാസികയില്‍ അവളറിഞ്ഞു വീണ്ടും....."അമ്മുക്കുട്ട്യേ.....ഉമ്മറത്ത് താലത്തില്‍ വെച്ചിരിക്കുന്ന തെച്ചിപ്പൂക്കള്‍ ങ്ങടെടുക്ക വേഗം കുട്ട്യേ....." മുത്തശ്ശി പറയുന്നോ.... അവള്‍ അറിയാതെ ചെവി ഓര്‍ത്തു.....

ജേര്‍ണലിസം പഠിക്കണമെന്ന ആവശ്യം മുത്തശ്ശിക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ മനസ്സില്ലാ മനസ്സോടെ പട്ടണത്തില്‍ ചേക്കേറാന്‍ മുത്തശ്ശി മൗനാനുവാദം നല്‍കിയപ്പോള്‍ തറവാട്ടിലെ അകത്തളങ്ങളില്‍ ഉയര്‍ന്നുകേട്ടിരുന്ന മുറുമുറുപ്പുകള്‍ മനസ്സിലാക്കാനുള്ള പ്രായം അവള്‍ക്കായിരുന്നു....

"മുതിര്‍ന്ന പെങ്കുട്ട്യാ..... പട്ടണത്തിലെ പരിഷ്കാരം ഒക്കെ ആയാല്‍ തറവാടിന്റെ മാനം പോകും....പെണ്‍കുട്ട്യോള്‍ക്കു ഇത്തരം പഠിത്തമൊന്നും ചേരില്ല്യ...." ഒന്നും കേട്ടില്ല ന്നു നടിച്ചു മുത്തശ്ശി കൂടെയുണ്ടല്ലോ ന്ന ആശ്വാസത്തോടെ നഗരത്തിലേക്കുള്ള ചേക്കേറല്‍.....മുത്തശ്ശിയും, കഥകളും, കാച്ചെണ്ണയും, അണ്ണാറക്കണ്ണനും, പൂക്കളും , തൊടിയും , കിണറും എല്ലാം ഗൃഹാതുരത ഉണര്‍ത്തി ഇടയ്ക്കിടെ ഓര്‍മ വന്നിരുന്നത് തെല്ലു വേദനിപ്പിച്ചിരുന്നു അവളെ....

പതിയെ മാറിയ അന്തരീക്ഷം ,നഗരത്തിന്റെ മാസ്മരികത, വിരലിലെണ്ണാവുന്ന കൂട്ടുകാര്‍ ..എല്ലാറ്റിലും ജീവിതം മാറിമറിഞ്ഞെങ്കിലും മുത്തശ്ശിയും തറവാടും ഒരു നിധി പോലെ മനസ്സിന്റെ ഒരു ചെപ്പിലൊളിപ്പിച്ചു വെച്ചു ഗൗരി....പഠനം കഴിഞ്ഞു പ്രശസ്ത പത്രമോഫീസില്‍ ജോലിക്കു കയറി തിരക്ക് കൂടിയപ്പോ തറവാട്ടിലേക്കുള്ള യാത്രയുടെ ദൈര്‍ഘ്യം കൂടിയത് ഗൗരി അറിഞ്ഞില്ല എങ്കിലും മുടങ്ങാതെ എല്ലാ ആഴ്ചയിലും മൊബൈലില്‍ തെളിയുന്ന തറവാട്ടിലെ ടെലിഫോണ്‍ നമ്പര്‍ കാച്ചെണ്ണയും, നന്ത്യര്‍വട്ടവും, ഊഞ്ഞാലും, മുത്തശ്ശിയുടെ തലോടലും എല്ലാം ഒറ്റ നിമിഷത്തില്‍ മനസ്സിലൂടെ മിന്നി മറയുന്നത് അവള്‍ അതിശയത്തോടെ അറിഞ്ഞു.......

മുത്തശ്ശിയുടെ അവസാന ആഗ്രഹമായിരുന്നു അമ്മുകുട്ടിക്കൊരു ആണ്‍തുണ ന്നത്....അവിടെയും ജാതകദോഷമൊരു വില്ലനായി ചമഞ്ഞു ആ പഴയ പ്രതാപത്തെ വെല്ലു വിളിച്ചു....തറവാട്ടിലെ കാര്യസ്ഥന്‍ നാണു ചേട്ടന്‍ പറയും ഇടക്ക്..." അമ്മുക്കുട്ട്യേ.....കൂടെ ഉണ്ടായിരുന്നവര്‍ക്കൊക്കെ ഒരു കൂട്ടായി....ഞ്ഞി കുട്ടിക്കും വേണ്ടേ ഒരു തുണ" ....ന്ന്....അത് കേള്‍ക്കുമ്പോള്‍ ചിരിച്ചു ഒഴിഞ്ഞു മാറുന്നത് കാണുമ്പോ മുത്തശ്ശി പുറം കൈ കൊണ്ട് കണ്ണ് തുടക്കുന്നത് കണ്ടില്ലെന്നു നടിക്കും ഗൗരി.....അകത്തളങ്ങളിലെ മുറുമുറുപ്പും വിരസമായ ചോദ്യങ്ങളിലും നിന്നും ഓടിയൊളിക്കാന്‍ നഗര മാസ്മരികത പലപ്പോഴും ഒരു തുണ ആയി മാറുമായിരുന്നു ഗൗരിക്ക്.....

തിരക്കേറിയ ഒരു ദിവസം ഒരു പ്രധാന റിപ്പോര്‍ട്ടിങ്ങിന് വേണ്ടി ഒരു ദൂരയാത്ര.....ബസ്സില്‍ ഇരുന്നൊന്നുറങ്ങി......മൊബൈല്‍ ഇരമ്പിയപ്പോള്‍ കണ്ണ് തുറന്ന ഗൗരി യുടെ മനസ്സില്‍ ഒരു കുളിര്‍ക്കാറ്റു വീശി.....മുത്തശ്ശി.....പക്ഷെ പതിവിനു വിപരീതമായി നാണു ചേട്ടന്റെ സ്വരം ചെവിയില്‍ പതിഞ്ഞപ്പോ അറിയാതെ ഒരു ഞെട്ടലില്‍ തണുപ്പരിച്ചു ഗൗരിയുടെ ഹൃദയത്തില്‍........പിന്നീട് കേട്ടത് അവളെ ഒരു അഗാധ ഗര്‍ത്ത ത്തിലേക്ക് തള്ളിയിട്ട പ്രതീതി ആയിരുന്നു ഗൗരിക്ക്.........
തേക്കിന്‍ തടിയുടെ തട്ടടിച്ച മുകളില്‍ നിന്നും ഒരു പല്ലി പിടിവിട്ടു താഴെവീണു....അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നു.....

വടക്കേ മുറിയിലെ വീതിയേറിയ കട്ടില്‍ പൊടി പിടിച്ചു കിടക്കുന്നു.....എത്ര കഥകള്‍ കേട്ട് മുത്തശ്ശിയെയും ചുറ്റിപിടിച്ചു സ്വപ്നത്തിന്റെ വഞ്ചി തുഴഞ്ഞതാ.....അവളില്‍ ഒരു നെടുവീര്‍പ്പുയര്‍ന്നു.....

ഓര്‍മകള്‍ക്ക് തണുപ്പേകാന്‍ അടുക്കള കിണറിനരികെ നിന്ന അവള്‍ മരത്തിന്റെ കപ്പി യില്‍ കൊരുത്തിട്ട പഴക്കമുള്ള കയറില്‍ കെട്ടിയ തുരുമ്പെടുത്ത ബക്കറ്റ് എടുത്തു കിണറ്റിലോട്ടിട്ടു....കപ്പി തിരിഞ്ഞ ശബ്ദം കേട്ട് ഗോമതി ചേച്ചി വേലിക്കല്‍...." ന്റെ ഗൗരി.....കുറെ കാലായിട്ടു ഇളക്കം തട്ടാതെ കിടക്കുന്ന വെള്ളാ ട്ടോ....കുടിക്കണ്ട....." ചേച്ചി യെ നോക്കി ഒന്ന് ചിരിച്ചു കയര്‍ വലിച്ചു.....നല്ല പളുങ്ക് പോലുള്ള തെളിഞ്ഞ വെള്ളം.....ഒരു കൈകുടന്ന നിറയെ കോരിയെടുത്തു മുഖത്തേക്കോഴിച്ചു.......മനം പോലും കുളിര്‍ന്നു ഗൗരിക്ക്......അടുക്കളയില്‍ തൂക്കിയിരുന്ന പഴകിദ്രവിക്കാറായ ഉറി യില്‍ അറിയാതെ ഒന്ന് പരതി ഗൗരിയുടെ കൈകള്‍....മുത്തശ്ശി ഉണ്ടാക്കി എന്നെങ്കിലും. വരുന്ന തനിക്കു വേണ്ടി മാറ്റി വെച്ചിരുന്ന "അരിയുണ്ട" കൈയില്‍ തടഞ്ഞോ.....തെല്ലു ശങ്കയോടെ നോക്കി അവള്‍.....വടക്കിനി തൊടിയിലെ മുറ്റത്തേക്ക് ചാഞ്ഞു നിന്നിരുന്ന പേര മരത്തിനു ചുവട്ടില്‍ അങ്ങിങ്ങു പകുതി കൊത്തിയ പേരക്കകള്‍ വീണുകിടക്കുന്നു..... കാല്‍പെരുമാറ്റം കേട്ടാണൊ ' ചില്‍ ചില്‍ ' ന്നു ഒച്ച വെച്ച് ആ വിദ്ധ്വാന്‍ ഓടിയത്..!! അവള്‍ ഓടി മുറ്റത്തേക്കിറങ്ങി അവനെയൊന്നു കാണാന്‍.....ആ പഴയ അമ്മുക്കുട്ടിയായി......" ന്റെ അമ്മുക്കുട്ട്യേ.....മുറ്റത്തു നിറച്ചും കരിയില കളാ..... വല്ല പാമ്പോ മറ്റോ ണ്ടാവും....കുട്ടി ങ്ങോട്ടു ഇറങ്ങണ്ട ട്ടോ..." വീണ്ടും ഓര്‍മപെടുത്തുന്നോ മുത്തശ്ശി...!!!!! ഗൗരിയുടെ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു......

" കുട്ടി ന്ന് തിരിച്ചുപോകുന്നോ....സന്ധ്യ ആകാറായി.....ഇല്ലെങ്കില്‍ ഇന്ന് അവിടെയാകാം.....അവിടെയും ഞാനും അമ്മിണിയും ഒറ്റക്കാ....."ഗോമതി ചേച്ചിയുടെ ശബ്ദം ....ചേച്ചി കാണാതിരിക്കാന്‍ തിരിഞ്ഞു കണ്ണ് തുടച്ചു ചിരിച്ചു...."ഇല്ല ചേച്ചി....ഞാനിറങ്ങാ.....സന്ധ്യക്കൊരു ബസ്സുണ്ട്.....പുലര്‍ച്ചക്കങ്ങത്താം.....നാളെ ജോലിക്കു കയറണം.....നില്‍ക്കുന്നില്ല.."

തിരിച്ചു വാതില്‍ പൂട്ടി ഗോമതി ചേച്ചിയെ താക്കോല്‍ ഏല്പിച്ചപ്പോള്‍ വീണ്ടും അവള്‍ തനിച്ചാവുകയായിരുന്നു....മുറ്റത്തെ കരിയിലകളെ ചവിട്ടി വീണ്ടും നഗരത്തിന്റെ തിരക്കിലേക്കിറങ്ങി അവള്‍.....വാടക വീട്ടിലെ ജനാലയിലൂടെ കാണുന്ന നന്ത്യാര്‍വട്ട ചെടിയില്‍ വിരിയുന്ന പൊന്‍ താരകങ്ങളെ നോക്കി കഥ പറയാനും , പിണങ്ങാനും , ഇണങ്ങാനും മാത്രമായി ഒരു യാത്ര വീണ്ടും.......അനന്തമായ യാത്ര.......
Join WhatsApp News
Jyothylakshmy Nambiar 2019-01-06 10:54:21
Nice presentation. Congratulations 
Rajan Kunattinkara 2019-01-06 22:14:44
നാട്ടു മാവിൻ ചോട്ടിലെ നന്ത്യാർവട്ട  പൂ പോലെ മനോഹരം ലളിതം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക