ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ട് വിഷമിച്ചിരിക്കുകയാണ് ആരാധകര്‍. തന്റെ പിതാവും നിര്‍മ്മാതാവുമായ രാകേഷ് റോഷന് തൊണ്ടയില്‍ അര്‍ബുദമാണെന്ന വാര്‍ത്തയാണ് ഹൃത്വിക് റോഷന് ആരാധകരോട് അറിയിച്ചത്. രോഗബാധിതനായ പിതാവ് ഇന്നേ ദിവസം സര്‍ജറിക്ക് വിധേയനാകുന്നു എന്നും ഹൃത്വിക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അച്ഛനൊപ്പം ജിമ്മില്‍ നില്ക്കുന്ന ചിത്രമാണ് ഹൃത്വിക് ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം പങ്ക് വച്ചിരിക്കുന്നത്. ഒപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും എഴുതിയിട്ടുണ്ട്.'എന്റെ അച്ഛനോട് ഇന്ന് രാവിലെ ഞാനൊരു ഫോട്ടോ ചോദിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സര്‍ജറിയാണ്. എന്നാല്‍ ഈ ദിവസവും അദ്ദേഹം ജിമ്മിലെ വര്‍ക്കൗട്ട് മുടക്കില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എനിക്കറിയാവുന്നതില്‍ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകള്‍ക്ക് മുമ്ബാണ് അദ്ദേഹത്തിന് തൊണ്ടയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. അസുഖത്തിന്റെ പ്രാരംഭഘട്ടമാണ്. എന്നാല്‍ അദ്ദേഹം നല്ല ഉന്മേഷത്തിലാണ്. കാന്‍സറിനോട് പൊരുതാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹത്തെപ്പോലെ ഒരാളെ ഞങ്ങളുടെ കുടുബത്തിന് ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യം ചെയ്തവരാണ്'. - ഹൃത്വിക് കുറിപ്പില്‍ പറയുന്നു.ഇന്‍സ്റ്റഗ്രാം പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഹൃത്വികിന്റെ പിതാവ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പറഞ്ഞ് നിരവധി ആളുകളാണ് കമന്റുചെയ്തിരിക്കുന്നത്. ഒപ്പം പ്രാര്‍ത്ഥനയും അര്‍പ്പിച്ചിട്ടുണ്ട്.
ഹൃത്വിക് റോഷനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് പിതാവായ രാകേഷ് റോഷനാണ്. ഇതുവരെ എഴുപതോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും നിരവധി സിനിമകള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത വ്യക്തിയാണ് രാകേഷ് റോഷന്.