Image

ഒരു തുമ്മലിന്റെ ഗര്‍ജ്ജനം- (സ്വാതി ശശിധരന്‍, അയര്‍ലന്‍ഡ്)

സ്വാതി ശശിധരന്‍, അയര്‍ലന്‍ഡ് Published on 08 January, 2019
ഒരു തുമ്മലിന്റെ ഗര്‍ജ്ജനം- (സ്വാതി ശശിധരന്‍, അയര്‍ലന്‍ഡ്)
ഇന്നലെ രാവിലെ , ഓര്‍മ്മ വെച്ച അന്ന് മുതല്‍ സ്ഥിരം അലര്‍ജിക്കാരിയായ ഞാന്‍ ഇടി വെട്ടുന്ന പോലെ നിര്‍ത്താതെ തുമ്മി കൊണ്ടിരുന്നു .

ഭാഗ്യവശാല്‍ ഈ വീട്ടിലെ ഒരേ ഒരു അലര്‍ജിക്കാരി ഞാന്‍ മാത്രം ആയത് കൊണ്ട്  ബാക്കി മൂന്ന് പേരുടെയും ശബ്ദം ചേര്‍ത്ത് വെക്കുന്നതിനേക്കാള്‍ ഉച്ചത്തിലാണ് എന്റെ ഈ നോണ്‍ സ്‌റ്റോപ്പ് തുമ്മല്‍.

ഈ തുമ്മല്‍ തുടങ്ങാന്‍ അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട.

പൂമ്പൊടി , കൂടുതല്‍ തണുപ്പോ , കൂടുതല്‍ ചൂടോ (!) മുതല്‍ അടുത്ത വീട്ടിലെ പട്ടിയോ പൂച്ചയോ , ഫെന്‍സ് പൊളിച്ചു ഇവിടെ വന്നാല്‍ മതി , എനിക്ക് തുമ്മാന്‍ ...

അതും , ഒരു മരുന്നിലും നില്‍ക്കാതെ, സ്റ്റിറോയിഡ് കുത്തിവെപ്പ് വരെ സ്ഥിരം എടുക്കേണ്ടി വന്നിട്ടും ഉണ്ട് .

പിന്നെ പാരമ്പര്യമായി കിട്ടിയതും , ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഉള്ളതും ആയത് കൊണ്ട് അച്ഛനും അമ്മയ്ക്കും (അവര്‍ക്ക് മാത്രം) അതിന്റെ 'തീവ്രതയും ഭീകരതയും ' അറിയാം ..

കഴിഞ്ഞ പതിനഞ്ചു വര്‍ഷം കൊണ്ട് ഭര്‍ത്താവും പഠിച്ചു .

പക്ഷേ പിള്ളേര്‍ , അത്രയ്ക്ക് അങ്ങ് മനസ്സിലാക്കിയിട്ടില്ല ..

ഒന്നാമത് ഇവിടത്തുകാരുടെ ശീ .....എന്നുള്ള ചെറിയ തുമ്മലും , കൂടെയുള്ള 'സോറി ' പറച്ചിലും , കണ്ടും , ചെയ്തും വന്ന രണ്ടെണ്ണവും , എന്റെ 'വെള്ളിടി തുമ്മല്‍ ' തുടങ്ങുമ്പോള്‍ ആദ്യമൊക്കെ പേടിച്ചു കരയുമായിരുന്നു .

ഇപ്പോള്‍ , മൂത്തവള്‍ ഒരു സുരക്ഷിത സ്ഥാനത്തു നില്‍ക്കും  അടുത്തോട്ട് വരില്ല .

ഇളയവള്‍ ആണെങ്കില്‍ , അവള്‍ കാരണമാണ് അമ്മയുടെ 'വെള്ളിടി തുമ്മല്‍ ' എന്ന ധാരണയില്‍ , എന്റെ ഓരോ വെള്ളിടിക്കും ' മമ്മാ , ഐ ആം സോറി ' എന്ന് പറഞ്ഞു കൊണ്ടിരിക്കും .

അവള്‍ക്കറിയാമോ ഇത് വെള്ളക്കാരുടെ 'ബ്ലെസ്സ് യൂ' തുമ്മല്‍ അല്ല , നല്ല ഒന്നാന്തരം നാടന്‍ അലര്‍ജി തുമ്മല്‍ ആണെന്ന് ...

ഞാന്‍ തുമ്മി തുടങ്ങുമ്പോള്‍ , ചെറിയ കൊച്ചു , രണ്ട് കൈയും കൊണ്ട് , രണ്ടു ചെവിയും പൊത്തിപ്പിടിച്ചു നിര്‍ത്താതെ 'സോറി ' പറയുന്നത് , അയല്‍ക്കാര്‍ എങ്ങാനും കണ്ടിരുന്നെങ്കില്‍ അത് ഒരു തരം ഇന്ത്യന്‍ ശിക്ഷാ രീതി ആണെന്ന് 
കരുതിയേനെ ...

അങ്ങനത്തെ ദിവസങ്ങളില്‍ അവര്‍ സാധാരണ , 144 പ്രഖ്യാപിച്ചത് പോലെയാണ് വീട്ടില്‍ , പെരുമാറുന്നത് ....

രാവിലെ തന്നെ എന്റെ കഷ്ടപ്പാട് കണ്ട് പോയ ഭര്‍ത്താവ് , വല്ലതും നാടന്‍ തിന്നാന്‍ വാങ്ങാമെന്ന് വെച്ചാണ് ഇവിടത്തെ പാകിസ്ഥാന്‍ കടയില്‍ കയറിയത് .

അരിയും , മീനും ഒക്കെ വാങ്ങിയപ്പോള്‍, കൂടെ 'ഡെയിലി ഡിലൈറ്റ്' ന്റെ ഫ്രോസണ്‍ ഏത്തയ്ക്കാ അപ്പവും വാങ്ങി .

വീട്ടില്‍ വന്നു അതെടുത്തു മൈക്രോവേവ് ചെയ്ത് പിള്ളേര്‍ക്ക് കൊടുത്തപ്പോള്‍ , സ്വാഭാവികമായും അവര്‍ തുപ്പി എറിഞ്ഞിരിക്കണം . ****അതിപ്പോള്‍ ഉഴുന്ന് വട , പരിപ്പ് വട ഒക്കെ ആ വിധി അനുഭവിച്ചവര്‍ ആണ് .****

ഈ സംഭവം , ഞാന്‍ അറിഞ്ഞില്ല . പിള്ളേരെ ബുദ്ധിമുട്ടിക്കണ്ട എന്ന് വെച്ച് മുകളില്‍ കിടക്കുകയാണ് . മൂക്ക് പിഴിഞ്ഞു , നാലാമത്തെ ടവല്‍ (സാമാന്യം വലുത് ) ആയി.

അപ്പോള്‍ ആണ് മൂത്തവള്‍ , പ്ലേറ്റും കൊണ്ട് വരുന്നത് .....

എന്തോ പകരം വീട്ടുന്ന ഒരു പുച്ഛച്ചിരി കൂടെ ഉണ്ട് . (ഇളയവള്‍ ആണെങ്കില്‍ 'തുമ്മല്‍ സീസണില്‍ 'എന്റെ ഏഴയലത്തു വരില്ല )

മൂത്തവള്‍ പ്ലേറ്റ് വെച്ച് നീട്ടിയിട്ട് ഒരു മാസ് ഡയലോഗ് :


"Mamma , look Daddy bought something YUCKY for you. Enjoy yourself (!)"

'അച്ഛന്‍ അമ്മയ്ക്ക് വേണ്ടി ഒരു വൃത്തികെട്ട സാധനം തന്നു വിട്ടിട്ടുണ്ട് . അനുഭവിച്ചോ ' എന്ന് ......

അന്തം വിട്ട് പ്ലേറ്റില്‍ നോക്കിയ ഞാന്‍ കണ്ടത് ഒരു ഏത്തയ്ക്കാ അപ്പം .

ഡീ ...എന്ന് അലറുന്നതിന് മുമ്പ് , ലവള്‍ സ്ഥലം കാലി ആക്കിയിരുന്നു .

(തുമ്മലിന്റെ ശിക്ഷ ആയിട്ടാണ് , ഡാഡി അത്രയ്ക്ക് വൃത്തികെട്ട സാധനം മമ്മിക്ക് കൊടുത്തു വിട്ടതെന്ന് ധരിച്ച ഏഴ് വയസ്സ്‌കാരി!)  ഇതൊക്കെ വളര്‍ന്ന് വരും തോറും നാട്ടില്‍ പോകാനുള്ള പേടി കൂടുന്നതല്ലാതെ , ഒട്ടും കുറവില്ല ...

ഈ വര്‍ഷം 'അമ്മ തനിയെ നാട്ടില്‍ പോയാല്‍ മതി , എന്നെ പ്രതീക്ഷിക്കണ്ട, അപ്പൂപ്പനെയും അമ്മൂമ്മയേയും വീഡിയോ ചാറ്റില്‍ എന്നും കണ്ട് തൃപ്തി അടഞ്ഞോളാം എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട് .

കാരണം വേറെ ഒന്നും അല്ല  കൊതുക് , ചുവപ്പ് /കറുപ്പ് ഉറുമ്പ് , പാറ്റ , ചിലന്തി , പല്ലി . 
ഇവയൊന്നും നാട്ടില്‍ pets അല്ലല്ലോ !

പാഠം 

അവര്‍ പറഞ്ഞിട്ടല്ലല്ലോ, അവര്‍ ഇവിടെ വളര്‍ന്നു പോയത് ... എന്നെ പറഞ്ഞാല്‍ മതി ...

ഒരു തുമ്മലിന്റെ ഗര്‍ജ്ജനം- (സ്വാതി ശശിധരന്‍, അയര്‍ലന്‍ഡ്)ഒരു തുമ്മലിന്റെ ഗര്‍ജ്ജനം- (സ്വാതി ശശിധരന്‍, അയര്‍ലന്‍ഡ്)ഒരു തുമ്മലിന്റെ ഗര്‍ജ്ജനം- (സ്വാതി ശശിധരന്‍, അയര്‍ലന്‍ഡ്)
Join WhatsApp News
ശും ശും ചും ചുമ്മാ കദ 2019-01-08 14:37:46
എലി ഒരു മലയോളം ആവാന്‍ കൊതിച്ചു മലയായി 
മഴ പെയിതു മല ഒലിച്ചു കടലില്‍ ഒളിച്ചു 
ഇതുപോലെ ഒക്കെ എഴുതുന്ന സമയം നല്ല ഏത്ത പഴം വാങ്ങി പൊരിച്ചു പിള്ളേര്‍ക്ക് കൊടുക്കുക.
ഭര്‍ത്താവ്  പാക്കിസ്ഥാന്‍ കടയില്‍ കയറുന്നതും പുറകില്‍ കറങ്ങുന്നതും സരസന്‍ അറിയുന്നു.
സൂഷിച്ചാല്‍ ......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക