Image

ആടുജീവിതങ്ങള്‍ - സാജന്‍ തോമസ്

സാജന്‍ തോമസ് Published on 12 April, 2012
ആടുജീവിതങ്ങള്‍ -  സാജന്‍ തോമസ്
2009-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്ന്യാമിന്റെ ആടുജീവിതം എന്ന നോവലില്‍ ഗള്‍ഫ് നാടുകളില്‍ തൊഴിലന്വേഷിച്ച് പോയ നജീബ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്.

മരുഭൂമിയില്‍ ഒറ്റപ്പെട്ട് ആടുകളെ നോക്കുന്ന ജോലിയുമായി പുറംലോകവുമായി മറ്റൊരു ബന്ധവുമില്ലാതെ വര്‍ഷങ്ങളോളം ആടുകളോടൊത്ത് ജീവിതം ചെലവഴിക്കുന്ന നജീബ്, പ്രവാസജീവിതം നയിക്കുന്ന മലയാളിയുടെ കഷ്ടപ്പാടിന്റെയും വേദനയുടെയും സര്‍വ്വോപരി വിരഹദുഃഖങ്ങളുടെയും ആവിഷ്‌ക്കാരമാണ്.

ലോകത്തിലെവിടെ പോയാലും ആ നാട്ടിലെ സംസ്‌ക്കാരത്തോടും ഭാഷയോടും- വൈവിധ്യങ്ങളോടും സമരസപ്പെട്ട്, താദാത്മ്യം പ്രാപിച്ച് മുന്നോട്ട് പോകാനുള്ള മലയാളിയുടെ കഴിവ് എടുത്ത് പറയത്തക്ക ഒന്നാണ്. Acculturation എന്നാണ് ഇതിനെ പറയുക.

എന്നാല്‍ ഇത് പെട്ടെന്ന് സംഭവിക്കേണ്ട ഒരു കാര്യമല്ല. ഒരു സംസ്‌ക്കാരത്തില്‍ നിന്നും മറ്റൊരു സംസ്‌ക്കാരത്തിലേക്കുള്ള മാറ്റം വളരെ സങ്കീര്‍ണമായ ഒരു കാര്യമാണ്. ഒരു സ്ഥലത്തെ മണ്ണില്‍ നിന്നും പറിച്ച് മറ്റൊരു സ്ഥലത്തേക്ക് നടുന്ന ഒരു വൃക്ഷതൈക്ക് എത്രയോ പരിചരണം ആവശ്യമാണെന്ന് നമുക്കറിയാം. അങ്ങനെയെങ്കില്‍, അതിലും എത്രയോ സങ്കീര്‍ണമാണ് മനുഷ്യന്റെ കാര്യം. പുതിയ ഭാഷ, ജീവിതരീതികള്‍, ഭക്ഷണരീതികള്‍, സംസ്‌ക്കാരം എന്നിവയിലേക്കുള്ള മാറ്റം എത്രയോ തയ്യാറെടുപ്പുകള്‍ക്ക് ശേഷം നടത്തപ്പേടേണ്ട ഒന്നാണ്. എത്രയോ വര്‍ഷത്തെ പരിചരണമാണ് ഈ മാറ്റം നേരിടുന്ന മനസ്സുകള്‍ക്ക് ആവശ്യമാണ്!
 
എന്നാല്‍ പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ അതിന്റെ നടുമുറി തിന്നണം എന്ന പ്രമാണം കേട്ടുപഠിച്ച മലയാളി പുതിയ നാട്ടിലെ ജീവിതരീതികളോടൊത്ത് പോകാനുള്ള വെമ്പലില്‍ പുതിയൊരു മുഖം മൂടി എടുത്തണിയുന്നു. സ്വന്തം സംസ്‌ക്കാരത്തെയും ഭാഷയേയും ആചാരങ്ങളേയും സ്‌നേഹിക്കുന്ന നമ്മള്‍ വീട്ടിനകത്ത് ഒരു ജീവിതരീതിയും വീട്ടിന് പുറത്ത് പ്രവാസഭൂമിയിലെ ജീവിത രീതിയുമായി, ആത്മസംഘര്‍ഷങ്ങളുടെയും Identity Crisisന്റെയും ലോകത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെടുന്നു.

Twilightഎന്ന ഹോളിവുഡില്‍ ചിത്രത്തില്‍ ഒരു മനുഷ്യപെണ്‍കുട്ടിയെ സ്‌നേഹിച്ച രക്തരക്ഷസീന്റെ കഥയാണ്. ഈ ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍, ചിത്രത്തിലെ നായിക ബെല്ല അവസാനം തന്റെ കാമുകന്റെ കൂടെയുള്ള ജീവിതം നിമിത്തം സ്വയം ഒരു രക്തയക്ഷയാസി മാറുന്നതായി ചിത്രീകരിക്കുന്നു.

നാം കാണുന്ന അമേരിക്കന്‍ സംസ്‌ക്കാരം നൂറ്റാണ്ടുകളായി ഈ രാജ്യത്ത് സംഭവിച്ച കുടിയേറ്റ ജീവിതങ്ങളില്‍ നിന്ന ഉരുത്തിരിഞ്ഞതാണ്. "Melting Pot" എന്ന പ്രയോഗം തന്നെ വെളിവാക്കുന്നത് വിവിധങ്ങളായ രാജ്യങ്ങളിലെ നാനാതരം സംസ്‌ക്കാരങ്ങള്‍ ഉരുകിച്ചേര്‍ന്നുണ്ടായത് എന്നാണ്. അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറുന്നവര്‍ അവരുടെ സംസ്‌ക്കാരങ്ങളുടെയും നാടിന്റെയും ഗൃഹാതുരത്വത്തില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും ക്രമേണ മാറി acculturation ലൂടെ മുഖ്യധാരാ സംസ്‌ക്കാരത്തിന്റെ ഭാഗമാകുന്നു. ഇത് അനുസൂക്തം നടന്നുകൊണ്ടിരിക്കുന്ന കാലത്തിന്റെ ഒരു പ്രക്രിയയാണ്. ഇത് മനസ്സിലാക്കാതെ അതിനു വേണ്ട ആവശ്യമായ മാനസിക തയ്യാറെടുപ്പ് നടത്താതെ ഇവിടുത്തെ സംസ്‌ക്കാരത്തെയും ജീവിത രീതികളെയും പഴിപറഞ്ഞ് ഗൃഹാതുരത്വത്തില്‍ ജീവിക്കുന്നവരാണ് നമ്മില്‍ പലരും എന്നതാണ് സത്യം.
ആടുജീവിതങ്ങള്‍ -  സാജന്‍ തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക