Image

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ ഈ ഉമ്മയും മകനും

Published on 09 January, 2019
  പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ ഈ ഉമ്മയും മകനും
തന്റെ അമ്മയെ അന്വേഷിച്ചുള്ള അനാഥനായ ഒരു ചെറുപ്പക്കാരന്റെ യാത്രയും അതിനിടയില്‍ ഉരുത്തിരിയുന്ന രസകരമായ സംഭവവികാസങ്ങളുമാണ്‌ എന്റെ ഉമ്മാന്റെ പേര്‌ എന്നചിത്രത്തിലൂടെ നവാഗത സംവിധായകനായ ജോസ്‌ സെബാസ്റ്റ്യന്‍.

തികച്ചും നര്‍മ്മത്തിലൂന്നിയ രംഗങ്ങളാണ്‌ ചിത്രത്തില്‍ ഏറെയും. വൈകാരിക മുഹൂര്‍ത്തങ്ങളും കഥയ്‌ക്കനുയോജ്യമായ രീതിയില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. 

ഹമീദ്‌(ടൊവീനോ) അനാഥനായ ചെറുപ്പക്കാരനാണ്‌. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്‌ കഥ നീങ്ങുന്നത്‌. മരണവീട്ടില്‍ നിന്നാണ്‌ കഥ ആരംഭിക്കുന്നത്‌. അവിടെ കൂടിയവരുടെ സംഭാഷണങ്ങളില്‍ നിന്നും കഥയുടെ പശ്ചാത്തലം തെളിയുന്നു. വാപ്പ ഹൈദറിന്റെ മരണത്തോടെ ഹമീദ്‌ അനാഥനാകുന്നു. ഉമ്മയാരെന്ന്‌ അയാള്‍ക്കറിയില്ല. പേരു പോലും അറിയില്ല.

വാപ്പയുടെ വലിയ സമ്പത്തിനു മുന്നില്‍ അയാള്‍ ഏകനാവുകയാണ്‌. ഈ അനാഥത്വം മാറാന്‍ അയാല്‍ ഒരു ജീവിത പങ്കാളിയെ തേടുന്നു. പക്ഷേ അനാഥനായ അയാള്‍ക്ക്‌ വിവാഹം പോലും കഴിക്കാന്‍ കഴിയുന്നില്ല. പക്ഷേ ഹമീദ്‌ ഒരു കൂട്ടിനായി വളരെയധികം ആഗ്രഹിക്കുന്നു.

അത്‌ നടക്കാത്തതില്‍ അയാള്‍ വളരെ വിഷമത്തിലുമാണ്‌. ഈയവസരത്തിലാണ്‌ വാപ്പയുടെ വില്‍പ്പത്രത്തില്‍ നിന്നും അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരെ കുറിച്ച ഹമീദ്‌ മനസിലാക്കുന്നത്‌. ഉടന്‍ തന്നെ തന്റെ ഉമ്മയെ തേടി ഹമീദ്‌ യാത്ര ആരംഭിക്കുകയാണ്‌.

വടക്കന്‍ മലബാറില്‍ നിന്നും അയാള്‍ തന്റെ ഉമ്മയെ തേടി യാത്ര തുടങ്ങുമ്പോള്‍ അത്‌ ലഖ്‌നൗ വരെ ചെന്നെത്തുമെന്ന്‌ ഹമീദ്‌ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ യാത്രയ്‌ക്കിടയില്‍ അയാളുടെ കണ്ണുകളിലൂടെ കടന്നു പോകുന്ന കാഴ്‌ചകളും അതിനു പിന്നിലെ ജീവിതങ്ങളുമൊക്കെയാണ്‌ കഥയില്‍ പറയുന്നത്‌. 

പ്രേക്ഷകനെ നന്നായി ചിരിപ്പിച്ചു കൊണ്ടു തന്നെയാണ്‌ ചിത്രത്തിന്റെ ആദ്യ പകുതി കടന്നു പോകുന്നത്‌. മാമുക്കോയ, ഹരീഷ്‌ കണാരന്‍, ഉര്‍വശി, സിദ്ദിഖ്‌ എന്നിവര്‍ ചേര്‍ന്ന്‌ നന്നായി ചിരിപ്പിക്കുന്നുണ്ട്‌. പിന്നീട്‌ ലഖ്‌നൗവിലേക്ക്‌ കഥ മാറുമ്പോള്‍ കഥയ്‌ക്ക്‌ അല്‍പം ഗൗരവം കൈവരുന്നു. എന്നാല്‍ സാന്ദര്‍ഭികമായി ചിരിയൊരുക്കുന്നതില്‍ ഹരീഷ്‌ കണാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രം മുന്നിട്ടു #നില്‍ക്കുന്നുമുണ്ട്‌. 

നിഷ്‌ക്കളങ്കനും എന്നാല്‍ കുറച്ചൊക്കെ കുന്നായ്‌മയുമുളള ഹമീദ്‌ എന്ന ഗ്രാമീണ യുവാവായി ടൊവീനോ തിളങ്ങി. വെകിളിത്താത്ത എന്ന ഐശുമ്മയായി ഉര്‍വശി ഉജ്ജ്വലമായ അഭിനയമാണ്‌ കാഴ്‌ച വച്ചത്‌.

കൗമാരപ്രായക്കാരനായ മകനെ വരച്ച വരയില്‍ നിര്‍ത്തുന്ന ഉമ്മയായി ഉര്‍വശി തകര്‍ത്തു. ഉമ്മയോടൊപ്പം സഞ്ചരിക്കുന്ന മകനും. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ ഉര്‍വശിയുട സ്ഥാനത്ത്‌ നമുക്ക്‌ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അത്രയ്‌ക്ക്‌ രസകരമായ രീതിയിലാണ്‌ ഐശുമ്മയെ സ്‌ക്രീനില്‍ ഉര്‍വശി പകര്‍ത്തിയത്‌.

ഹരീഷ്‌ കണാരന്‍ സ്വാഭാവിക നര്‍മ്മം കൊണ്ട്‌ പ്രേക്ഷകനെ കൈയ്യിലെടുത്തിട്ടുണ്ട്‌ എന്ന്‌ നിസംശയം പറയാം. അദ്ദേഹം അവതരിപ്പിച്ച ബീരാന്‍ എന്ന കഥാപാത്രം നായക കഥാപാത്രമായ ഹമീദിനും ഐശുമ്മയ്‌ക്കും ഏതാണ്ട്‌ ഒപ്പം നില്‍ക്കുന്ന കഥാപാത്രമാണ്‌.



മാമുക്കോയയുടെ ഹംസ എന്ന കഥാപാത്രവും അവസരം ലഭിക്കുമ്പോഴെല്ലാം പ്രേക്ഷകര്‍ക്ക്‌ നല്ല തമാശകള്‍ നല്‍കുന്നുണ്ട്‌. സിദ്ദിഖ്‌, ശാന്തികൃഷ്‌ണ, ദിലീഷ്‌ പോത്തന്‍, രാമു തുടങ്ങിയവരും വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായികയായി എത്തിയ സായിപ്രിയയ്‌ക്ക്‌ വലിയ കാര്യമായ റോളില്ല. 

സ്‌പാനിഷ്‌ ഛായാഗ്രാഹകനായ ജോര്‍ഡി പ്‌ളാനല്‍ ക്‌ളോസെയാണ്‌ ചിത്രത്തില്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്‌. ഓരോ ഫ്രെയിമുകളും വളരെ മനോഹരമായി തന്നെ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്‌.മലബാറിന്റെ ഗ്രാമീണ ഭംഗിയും ലഖ്‌നൗവിന്റെ പ്രൗഢി നിറഞ്ഞ പഴമയുമെല്ലാം വളരെ കൃത്യമായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്‌.

ഗോപീ സുന്ദറിന്റെ സംഗീതവും ചിത്രത്തിന്‌ മുതല്‍ക്കൂട്ടാണ്‌. സന്തോഷ്‌ രാമന്റെ കലാസംവിധാനവും അര്‍ജു ബെന്നിന്റെ എഡിറ്റിങ്ങും നിലവാരമുള്ളതാണ്‌. കുടുംബബന്ധങ്ങളുടെ കഥയ്‌ക്ക്‌ ക്ഷാമം നേരിടുന്ന മലയാള സിനിമയില്‍ അമ്മയും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ ഇഴയടുപ്പം കാട്ടിത്തരുന്ന ഈ ചിത്രത്തിന്‌ കുടുംബസഹിതം ധൈര്യമായി ടിക്കറ്റെടുക്കാം. 











































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക