Image

ഇതാണ്‌ സ്റ്റൈല്‍ മന്നന്റെ യഥാര്‍ത്ഥ പേട്ട

Published on 10 January, 2019
  ഇതാണ്‌ സ്റ്റൈല്‍ മന്നന്റെ യഥാര്‍ത്ഥ പേട്ട
ആരാധകവൃന്ദത്തെ ആനന്ദിപ്പിക്കാനെത്തിയ ഒരു മാസ്‌ രജനീകാന്ത്‌ ചിത്രം. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‌ രജനീകാന്ത്‌ നായകനായ പേട്ട എന്ന ഏറ്റവും പുതിയചലച്ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.

രജനിയുടെ മാത്രമായ പ്രത്യേക മാനറിസങ്ങള്‍, തിയേറ്ററുകളെ ഇളക്കി മറിക്കുന്ന സംഗീതവും ഡാന്‍സും, കിടിലന്‍ പഞ്ച്‌ ഡയലോഗുകള്‍..അങ്ങനെ രജനീ സ്‌പെഷല്‍ വിഭവങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ദൃശ്യവിരുന്നാണ്‌ പേട്ട. 

റാഗിങ്ങിന്‌ കുപ്രസിദ്ധിയാര്‍ജിച്ച കോളേജില്‍ വാര്‍ഡനായി എത്തുന്ന ആളാണ്‌ യുവത്വം തുടിക്കുന്ന രജനീകാന്തിനെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതു മുതല്‍ കഥയിലെല്ലായിടത്തും പുതുമ കൊണ്ടു വരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്‌.

രജനീകാന്ത്‌ എന്ന സ്റ്റൈല്‍ മന്നന്റെ താരമൂല്യം അഭ്രപാളികളില്‍ നിന്നും എങ്ങനെ ഈടാക്കണമെന്ന്‌ നന്നായി ഹോംവര്‍ക്ക്‌ ചെയ്‌തിട്ടാണ്‌ സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്‌ എന്നു മനസിലാകും.

രജനിയുടെ എന്‍ട്രി സീന്‍ മുതല്‍ ഇടവവേള വരെ സിനിമ വളരെ രസകരമായി മുന്നോട്ടു പോകുന്നു. കളിയും ചിരിയും തമാശകളും അല്‌പം പ്രണയവും പാട്ടും ഡാന്‍സുമൊക്കെയായി ആദ്യ പകുതി പ്രേക്ഷകനെ ശരിക്കും രസിപ്പിക്കുന്നുണ്ട്‌.

ഇടവേളയാകുന്നതോടെ കഥയുടെ ട്രാക്ക്‌ മാറുകയാണ്‌. കഥാഗതിയില്‍ അല്‍പം ഗൗരവം വരുന്നു. ആദ്യപകുതിയുടെ വേഗമില്ലെങ്കിലും രജനി അവതരിപ്പിക്കുന്ന കഥാപാത്രം ആരാണെന്ന ഉത്‌ക്കണ്‌ഠ പ്രേക്ഷകനില്‍ സദാ നിനിര്‍ത്തിക്കൊണ്ടാണ്‌ കഥ മുന്നോട്ടു പോകുന്നത്‌. 

രണ്ടാം പകുതിയില്‍ കഥയുടെ പശ്ചാത്തലവും മാറുകയാണ്‌. ഇരുപത്‌ കൊല്ലം മുമ്പ്‌ അയാള്‍ കാളി ആയിരുന്നില്ല. പേട്ട വേലന്‍ എന്ന വ്യക്തിയായിരുന്നു. പിന്നീട്‌ കഥ നടക്കുന്നത്‌ മധുരൈയിലാണ്‌. പിന്നീടുള്ളത്‌ പ്രേക്ഷകനെ അമ്പരപ്പിക്കുന്ന കുറേ ട്വിസ്റ്റുകളും സസ്‌പെന്‍സ്‌ നിറഞ്ഞ മുഹൂര്‍ത്തങ്ങളുമാണ്‌.

കമിതാക്കളെ ആക്രമിക്കുന്ന പ്രത്യേക സംഘത്തെ കുറിച്ചും പശുവിനെ കുറിച്ചും ജാതിയെ കുറിച്ചും പറഞ്ഞുകൊണ്ട്‌ ഉത്തരേന്ത്യന്‍ രാഷ്‌ട്രീയത്തെ കുറിച്ചുമെല്ലാം കഥയില്‍ പറയുന്നുണ്ട്‌. തമിഴ്‌നാട്ടിലും ഉത്തര്‍ പ്രദേശിലുമായാണ്‌ ചിത്രീകരണം. 

യുവാവായരജനീകാന്തിനെ അദ്ദേഹത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ചടുലതയോടെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍സംവിധായകന്‍ കാര്‍ത്തിക്കിന്‌ അഭിമാനിക്കാം.

ഡയലോഗുകള്‍ പറയുന്നതിലെ ശബ്‌ദക്രമീകരണവും ആക്ഷന്‍ രംഗങ്ങളിലെ സ്റ്റൈലന്‍ മൂവ്‌മെന്റ്‌സുമെല്ലാം പ്രേക്ഷകനെ ഹരം പിടിപ്പിക്കാന്‌ പോന്നതാണ്‌. രജനീകാന്ത്‌ എന്ന നടനും താരവും ഒരു പോലെ സമന്വയിച്ച കഥാപാത്രമായിരുന്നു പേട്ടയിലേത്‌. 

മികച്ച അഭിനേതാക്കളുടെ സംഗമമാണ്‌ ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്‌. ജിത്തു എന്ന കഥാപാത്രമായി എത്തിയ വിജയ്‌ സേതുപതിയും കാഴ്‌ചയ്‌ക്ക്‌ മണ്ടനാണെന്ന്‌ തോന്നുമെങ്കിലും ക്രൂരഹൃദയനായ സിംഗാറായി നവാസുദ്ദീന്‍ സിദ്ദിഖിയും ഉജ്ജ്വലമായ അഭിനയമാണ്‌ കാഴ്‌ച വച്ചത്‌. മാലിക്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശശി കുമാറും തന്റെ വേഷം മികച്ചതാക്കി.

രജനിയും സിമ്രാനും തമ്മിലുള്ള കോമ്പനേഷന്‍ സീനുകള്‍ വളരെ ഹൃദ്യമായിരുന്നു. തൃഷയുടെ കഥാപാത്രത്തിന്‌ നായകന്റെ നിഴലാവുക എന്നതൊഴിച്ചാല്‍ കാര്യമായൊന്നും ഈ ചിത്രത്തില്‍ ചെയ്യാനുണ്ടായിരുന്നില്ല. മഹേന്ദ്രന്‍, രാംദോസ്‌, ബോബി സിംഹ, മണികണ്‌ഠന്‍ എന്നിവരും തങ്ങളുടെ കഥാപാത്രത്തോട്‌ നീതി പുലര്‍ത്തി. 


അനിരുദ്ധിന്റെ സംഗീതം സിനിമയ്‌ക്ക്‌ മുതല്‍ക്കൂട്ടാണ്‌. തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ പോന്ന വിധത്തിലുള്ള സംഗീതമാണ്‌ അദ്ദേഹത്തിന്റേത്‌. വിവേക്‌ ഹര്‍ഷന്റെ എഡിറ്റിങ്ങ്‌, തീരുവിന്റെ ഛായാഗ്രഹണം എന്നിവയും മികച്ചു നിന്നു. പീറ്റര്‍ ഹെയ്‌നിന്റെ സംഘട്ടനമാണ്‌ മറ്റൊരു ആകര്‍ഷക ഘടകം. 
രജനിയുടെ മാസ്‌ അവതാരം കാണാന്‍ ആഗ്രഹിക്കുന്നവരെ പേട്ട ഒരിക്കലും നിരാശപ്പെടുത്തില്ല. സുഹൃത്തുക്കളുമൊന്നിച്ചാണ്‌ പോകുന്നതെങ്കില്‍ പേട്ട ഇരട്ടിമധുരമാകും പ്രേക്ഷകന്‌ നല്‍കുക എന്നതില്‍ സംശയമില്ല. 












Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക