Image

ആര്‍ത്താവായിത്തപ്പുരയില്‍ ശ്വാസംമുട്ടി അമ്മയും മകളും മരിച്ചു

Published on 10 January, 2019
ആര്‍ത്താവായിത്തപ്പുരയില്‍ ശ്വാസംമുട്ടി അമ്മയും മകളും മരിച്ചു
കാഠ്മണ്ഡു: ആര്‍ത്തവസമയത്ത് മാറ്റിപ്പാര്‍പ്പിച്ച ജനലുകള്‍ ഇല്ലാത്ത കുടിലിനകത്ത് പുകയില്‍ ശ്വാസംമുട്ടി അമ്മക്കും മക്കള്‍ക്കും ദാരുണാന്ത്യം. നേപ്പാളിലെ പടിഞ്ഞാറന്‍ ബാജുര ജില്ലയില്‍ ആണ് നടുക്കുന്ന സംഭവം. 35കാരിയായ അംബ ബഹോരയും ഒമ്പതും 12ഉം വയസ്സുള്ള രണ്ട് ആണ്‍മക്കളുമാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പിറ്റേന്ന് കുടിലിന്‍െറ വാതില്‍ തുറന്ന ഭര്‍തൃമാതാവാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. തണുപ്പകറ്റാനുള്ള വസ്ത്രത്തിന്‍െറ ഭാഗങ്ങളും ബൊഹാരയുടെ കാലുകളും കത്തിയ നിലയില്‍ ആയിരുന്നു. നേപ്പാളിലെ കടുത്ത ശീതകാലാവസ്ഥയില്‍ തണുപ്പകറ്റാനിട്ട തീയുടെ പുകയില്‍ അകപ്പെട്ടുപോയതാണ് ഇവര്‍ എന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്നും പ്രദേശിക പൊലീസ് മേധാവിയായ ഉദ്ദം സിങ് പറഞ്ഞു.ചൗപടി’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദുരാചാരം നേപ്പാളില്‍ 2005ല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളിലും യാഥാസ്ഥിതിക വിഭാഗങ്ങളുടെ ഇടയിലും തുടരുന്നുണ്ട്.

ആര്‍ത്തവസമയത്തും പ്രസവാനന്തരവും സ്ത്രീകള്‍ അശുദ്ധരാണെന്നും ഇവരെ സ്പര്‍ശിക്കാന്‍ പാടില്ലെന്നുമാണ് വിശ്വാസികള്‍ കരുതുന്നത്. ഇതനുസരിച്ച് ഭക്ഷണം, ദൈവിക വിഗ്രഹങ്ങള്‍, കന്നുകാലികള്‍, പുരുഷന്‍മാര്‍ തുടങ്ങിയവയെ സ്പര്‍ശിക്കുന്നതില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്. അതിനാല്‍തന്നെ വീടുകളില്‍നിന്നും അകലെ മറ്റൊരിടത്തായിരിക്കും ആര്‍ത്തവകാരികളെ പാര്‍പ്പിക്കുക.

ഇങ്ങനെ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകള്‍ പാമ്പുകടിയേറ്റും പുകയില്‍ ശ്വാസം മുട്ടിയും മരിച്ച സംഭവങ്ങള്‍ നിരവധിയാണ്. പുകശ്വസിച്ച് കഴിഞ്ഞവര്‍ഷം 21 കാരിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. നിയമം കര്‍ശനമായി നടപ്പാക്കാന്‍ പൊലീസ് തയാറാവണമെന്ന് നേപ്പാളിലെ മനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സ്ത്രീകള്‍ മരിച്ചുവീഴുന്നത് തുടര്‍ക്കഥയാവുമെന്നും കമീഷന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക