Image

ശബരിമല സന്ദര്‍ശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി കെ സുരേന്ദ്രന്‍: പ്രശ്‌നമുണ്ടാക്കാനാണോയെന്ന്‌ കോടതി

Published on 11 January, 2019
ശബരിമല സന്ദര്‍ശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി കെ സുരേന്ദ്രന്‍: പ്രശ്‌നമുണ്ടാക്കാനാണോയെന്ന്‌ കോടതി


കൊച്ചി:മകരവിളക്ക്‌ കാലത്ത്‌ ശബരിമല സന്ദര്‍ശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി ബിജെപി നേതാവ്‌ കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു.

ശബരിമലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അത്‌ നശിപ്പിക്കാനാണോ പോവുന്നതെന്നും ജസ്റ്റിസ്‌ രാജാ വിജയരാഘവന്‍ വാക്കാല്‍ ചോദിച്ചു. ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ്‌ പ്രതി നടത്തുന്നതെന്ന്‌ പ്രോസിക്യൂഷന്‌ വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയെ അറിയിച്ചു.

ഈ സീസണില്‍ ഇയാളെ പ്രവേശിപ്പിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന്‌ അപേക്ഷ പരിഗണിക്കുന്നത്‌ കോടതി തിങ്കളാഴ്‌ചയിലേക്ക്‌ മാറ്റി.ദര്‍ശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസില്‍ ഡിസംബര്‍ ഏഴിനാണ്‌ സുരേന്ദ്രന്‌ കോടതി ജാമ്യം അനുവദിച്ചിരുന്നത്‌.

കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക്‌ പ്രവേശിക്കരുതെന്ന കര്‍ശന നിബന്ധനയോടെ രണ്ട്‌ ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട്‌ ആള്‍ജാമ്യവുമടക്കം ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക