Image

സന്നിധാനത്തും കാനനപാതയിലും വനംവകുപ്പിന്റെ 24 മണിക്കൂര്‍ സ്‌ക്വാഡ്

Published on 11 January, 2019
സന്നിധാനത്തും കാനനപാതയിലും വനംവകുപ്പിന്റെ 24 മണിക്കൂര്‍ സ്‌ക്വാഡ്

വന്യമൃഗങ്ങളുടെ ഭീക്ഷണിയില്‍നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം ഒരുക്കി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുമായി വനംവകുപ്പ്. ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഭീക്ഷണിയായി തീര്‍ഥാടനപാതയിലും സന്നിധാനത്തും പരിസരത്തും കാണുന്ന പാമ്ബുകളെ സുരക്ഷിതമായി പിടികൂടി വനത്തില്‍ തുറന്നുവിടുന്ന പ്രവര്‍ത്തനത്തിനായി 24 മണിക്കൂറും സ്‌ക്വാഡുകള്‍ സജ്ജമാണ്.

വനംവകുപ്പിന്റെ ജീവനക്കാരും വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായ ഗോപി ശെല്‍വവുമാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ വരെ 232 പാമ്ബുകളെ വിവിധയിടങ്ങളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഇതില്‍ 34 മൂര്‍ഖനും 18 അണലി വര്‍ഗത്തില്‍പ്പെട്ടവയുമാണ്.കാനനപാതയിലും സന്നിധാനത്തും പരിസരത്തും ആന ഉള്‍പ്പടെയുള്ള വന്യമൃഗ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എലിഫന്റ് സ്‌ക്വാഡും ഉണ്ട്. കൂടാതെ പാണ്ടിത്താവളം കേന്ദ്രീകരിച്ച്‌ പോലീസ് ഉദ്യോഗസ്ഥരുമൊത്ത് രാത്രിയില്‍ ക്യാമ്ബ് ചെയ്ത് വന്യമൃഗ സാന്നിധ്യം നിരീക്ഷിക്കുകയും ഇവയുടെ ശല്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അവയെ സുരക്ഷിതമായി വനാന്തര്‍ഭാഗത്തേക്ക് വിടുന്നതിനുള്ള പ്രവര്‍ത്തനവും ഈ സംഘത്തിന്റെ ചുമതലയാണ്.

ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സ്ഥിരമായി ഉപദ്രവകാരികളാകുന്ന പന്നികള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും 24 മണിക്കൂര്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നു. സ്‌ക്വാഡ് തീര്‍ഥാടകരുടെ ഇടയിലും പരിസരത്തും വിവിധഭാഗങ്ങളില്‍ കാണുന്ന പന്നികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ശല്യക്കാരെ വനത്തിനുള്ളിലേയ്ക്ക് കടത്തിവിടുകയും ചെയ്യും. വനംവകുപ്പിന്റെ വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക