Image

സപ്തതി നിറവില്‍ ദാനിയേല്‍ പുല്ലേലില്‍ അച്ചന്‍ (രാജു മൈലപ്രാ)

(രാജു മൈലപ്രാ) Published on 15 January, 2019
സപ്തതി നിറവില്‍ ദാനിയേല്‍ പുല്ലേലില്‍ അച്ചന്‍  (രാജു മൈലപ്രാ)
ബഹുമാനപ്പെട്ട ദാനിയേല്‍ പുല്ലേലില്‍ അച്ചനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ എന്നെ കൊണ്ടെത്തിക്കുന്നത് പത്തനംതിട്ട കതോലിക്കേറ്റ് കോളേജിലെ ബി.എ.പഠന കാലത്തേക്കാണ്.

സെക്കന്റ് ലാംഗേജായ സുറിയാനി ക്ലാസ്സില്‍ ഒരേ ബെഞ്ചിലിരുന്നു പഠിച്ചെങ്കിലും, ദാനിയേല്‍ പുല്ലേലില്‍ ഒരു പുരോഹിതനായിത്തീരുമെന്നു ഞങ്ങളില്‍ പലരും കരുതിയില്ല. കാരണം, അച്ചന്റെ ആത്മീയ പ്രവര്‍ത്തനങ്ങളേക്കാള്‍ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലാണു അദ്ദേഹം കൂടുതല്‍ അറിയപ്പെട്ടിരുന്നത്. 

കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം അഖില കേരളബാലജന സഖ്യത്തിന്റെ സംസ്ഥാന ഭാരവാഹി ആയിരുന്നു. സഹപാഠിയായ ദാനിയേല്‍ പുല്ലേലിന്റെ പടം അക്കാലത്ത് പത്രത്താളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്, സ്വല്പം അസൂയയോടു കൂടിയാണു ഞങ്ങള്‍ സഹപാഠികള്‍ നോക്കിക്കണ്ടിരുന്നത്.

ദാനിയേല്‍ പുല്ലേലില്‍ അച്ചന്‍ കെ.എസ്.യു.വിന്റെ താലൂക്ക് സെക്രട്ടറി ആയിരുന്നപ്പോള്‍, കൂടെ ട്രഷറാര്‍ ആയിരുന്നത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ബഹുമാനപ്പെട്ട രമേശ് ചെന്നിത്തല ആയിരുന്നു.

ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ വൈദീക പഠനത്തിനായി അദ്ദേഹം ചേര്‍ന്നില്ലായിരുന്നെങ്കില്‍, കേരളമന്ത്രിസഭയില്‍ അദ്ദേഹത്തിനു ഒരു സ്ഥാനം ഉറപ്പായിരുന്നു.

ബഹുമാനപ്പെട്ട പുല്ലേലില്‍ അച്ചന്‍ രാഷ്ട്രീയ നേതൃസ്ഥാനത്ത് സജീവമല്ലെങ്കില്‍ത്തന്നെയും, അമേരിക്കയിലും കാനഡയിലുമുള്ള വിവിധ രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമൂഹിക രംഗങ്ങളില്‍ അ്‌ദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യമുണ്ട്.
സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായി അദ്ദേഹം സേവനമനുഷ്ഠിച്ച അവസരത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കൂടുതലായി മനസ്സിലാക്കുവാനുള്ള അവസരം ലഭിച്ചു. സാമൂഹിക ആത്മീയ പ്രവര്‍ത്തനങ്ങളോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമാണ്.

എല്ലാ സാമുദായിക വിഭാഗങ്ങളുടെയും വിശ്വാസങ്ങളെ ബഹുമാനിക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥത ശ്ലാഘനീയമാണ്.

സപ്തതി ആഘോഷിക്കുന്ന ഈ വന്ദ്യ പുരോഹിതന് ഒരു പഴയ സഹപാഠിയുടെ ആത്മാര്‍ത്ഥമായ ആശംസകള്‍!
ബഹുമാനപ്പെട്ട ദാനിയേല്‍ പുല്ലേലില്‍ അച്ചന് ആയുരാരോഗ്യങ്ങള്‍ നേരുന്നു!

സപ്തതി നിറവില്‍ ദാനിയേല്‍ പുല്ലേലില്‍ അച്ചന്‍  (രാജു മൈലപ്രാ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക