'എല്ലാവര്‍ക്കും വിദഗ്ദ്ധ പരിശോധന ' എന്ന ലക്ഷ്യത്തോടെ ഫോമ കേരളത്തില്‍ നടത്തുന്ന ഏഴ് മെഗാ മെഡിക്കല്‍ ക്യാമ്പ് സീരീസില്‍ മൂന്നാമത്തെ മെഡിക്കല്‍ ക്യാമ്പിന് ആലപ്പുഴയില്‍ കാട്ടൂരില്‍ ഇന്നലെ തുടക്കമായി . അമേരിക്കയില്‍ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ലെറ്റ് ദം സ്‌മൈല്‍ ' എന്ന സംഘടനയുടെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു മെഡിക്കല്‍ ടീമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.
രോഗങ്ങള്‍ ജീവിതത്തിന്റെ താളം തെറ്റിച്ച നൂറുകണക്കിന് ജനങ്ങളുടെ ദുഖത്തിന് പരിഹാരം കാണുക എന്ന ചിന്തയില്‍ നിന്നാണ് ഫോമാ മെഗാ മെഡിക്കല്‍ ക്യാമ്പ് എന്ന ആശയം ഉണ്ടായത് . എല്ലാവര്‍ക്കും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ,അതും കേരളത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലങ്ങളിലാണ് ഫോമാ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിദഗ്ധരായ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുമാരുടെ സേവനം ലഭ്യമാക്കുന്ന വലിയ ഉത്തരവാദിത്വമാണ് ഫോമയ്ക്കും, ലറ്റ് ദം സ്‌മൈല്‍ പ്രവര്‍ത്തകര്‍ക്കും ഉള്ളത്. പലതരം രോഗങ്ങള്‍കൊണ്ട് വര്‍ഷങ്ങളായി ബുദ്ധിമുട്ടുന്നവര്‍ക്കും മെഡിക്കല്‍ ക്യാമ്പുകള്‍ഏറെ ആശ്വാസകരമായിരിക്കും എന്നതിന്റെ തെളിവ് കൂടിയായിരുന്നു ആലപ്പുഴ മെഡിക്കല്‍ ക്യാമ്പ്.
ഹൃദ്രോഗം, വൃക്കരോഗം, ക്യാന്‍സര്‍, അസ്ഥിരോഗം, ഇഎന്‍ടി, വിവിധ പ്രത്യേക വിഭാഗങ്ങളിലെ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ ഫോമയുടെ മെഗാ മെഡിക്കല്‍ ക്യാമ്പുകളിലെത്തുന്നുണ്ട് .ഇതുവരെ നടത്തിയ ക്യാമ്പുകള്‍ എല്ലാം തന്നെ വിജയകരമാകത്തക്ക തരത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത് .
ആലപ്പുഴയില്‍ നടന്ന ക്യാമ്പില്‍ ഫോമാ ട്രഷറര്‍ ഷിനു ജോസഫ് ,ഫോമാ വില്ലേജ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ ,ഫോമാ ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ജിജു കുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു .