Image

ശബരിമലയിലേക്ക് വീണ്ടും യുവതികളെത്തി, പോലീസ് മടക്കി അയച്ചു

Published on 19 January, 2019
ശബരിമലയിലേക്ക് വീണ്ടും യുവതികളെത്തി, പോലീസ് മടക്കി അയച്ചു

ശബരിമല ദര്‍ശനത്തിനായി വീണ്ടും യുവതികളെത്തി. മുമ്പ് മലകയറാന്‍ ശ്രമിക്കുകയും എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകുകയും ചെയ്ത രേഷ്മ നിശാന്തും, ഷാനില സജേഷുമാണ് വീണ്ടും മലകയറാനെത്തിയത്. നിലയ്ക്കലില്‍ പോലീസിന്‍റെ ഇടപെടലോടുകൂടിയാണ് യുവതികള്‍ക്ക് തിരിച്ചു പോകേണ്ടി വന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.15നാണ് രേഷമയും ഷാനിലയും ഉള്‍പ്പെടുന്ന എട്ട് അംഗ സംഘം നിലയ്ക്കലില്‍ എത്തിയത്. ഈ സമയം അവിടെ പ്രതിഷേധക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ പമ്പ മുതല്‍ സന്നിധാനം വരെ ഇവര്‍ വരുന്നതറിഞ്ഞ് പ്രതിഷേധക്കാര്‍ കാത്തു നിന്നിരുന്നു. 
പമ്പയിലേക്ക് യുവതികള്‍ എത്തുമ്പോള്‍ കനത്ത പ്രതിഷേധം നടത്താനായിരുന്നു പ്രതിഷേധക്കാരുടെ പദ്ധതി. പ്രതിഷേധക്കാരുടെ ഇടയില്‍ തീവ്രസ്വഭാവക്കാരുമുണ്ടെന്ന് പോലീസിന് രഹസ്യവിവരവും ലഭിച്ചു. വലിയ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാനുള്ള സാഹചര്യമുണ്ടെന്ന് പോലീസിന് വ്യക്തമായതോടെയാണ് യുവതികളെ തിരിച്ചയക്കാന്‍ തീരുമാനിച്ചത്. 
എന്നാല്‍ ദര്‍ശനം നടത്തിയേപറ്റുവെന്ന് യുവതികള്‍ നിലപാട് സ്വീകരിച്ചു. അതോടെ പോലീസ് ഇവരെ തടഞ്ഞ് കണ്‍ട്രോര്‍ റൂമിലേക്ക് മാറ്റി. തുടര്‍ന്ന് നിലവിലെ സ്ഥിതിഗതികള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എത്തി ഇവരെ ധരിപ്പിച്ചു. അതോടെ യുവതികളുടെ സമ്മതത്തോടെ ഇവരെ എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക