Image

ലൂസിഫറാണ് 2019 ലെ പ്രതീക്ഷ (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 26 January, 2019
ലൂസിഫറാണ് 2019 ലെ പ്രതീക്ഷ (മീട്ടു റഹ്മത്ത് കലാം)
ഡാന്‍സ് റിയാലിറ്റി ഷോകളിലെ അസാമാന്യ പ്രകടനവുമായി മലയാളികള്‍ക്ക് സുപരിചിതയായി മാറിയ 'സാനിയ അയ്യപ്പന്‍' ക്വീനിലൂടെയാണ് നായികയായി അരങ്ങേറിയത്. ഡാന്‍സറായെത്തിയ പ്രേതം 2 വിന്റെ വിജയവും പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായം അണിഞ്ഞ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞതുമെല്ലാമായി പോയവര്‍ഷത്തെ സന്തോഷങ്ങളും 2019 ലെ പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് സാനിയ.

പോയ വര്‍ഷങ്ങളില്‍ നിന്ന് 2019 വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിക്കുന്നെങ്കില്‍ അതിനെന്തായിരിക്കും കാരണം?

ഓരോ വര്‍ഷവും പുതിയ കാര്യങ്ങള്‍ പഠിച്ചും അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുമാണ് നീങ്ങിയിട്ടുള്ളത്. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ പങ്കെടുത്താണ് സിനിമയിലേക്കുള്ള വാതില്‍ തുറന്നുകിട്ടിയത്. ബാല്യകാലസഖിയിലും അപ്പോത്തിക്കിരിയിലും ബാലതാരമായി അഭിനയിച്ചു. ക്വീനിലെ ചിന്നു എന്ന നായികാകഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രേതം 2 വിലെ നിരഞ്ജനയുടെ റോള്‍ എത്തിയത്. ലാലേട്ടന്റെ മോസ്റ്റ് അവെയ്റ്റഡ് മൂവിയായ ലൂസിഫറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതാണ് ഇതുവരെയുള്ള ഏറ്റവും വലിയ സന്തോഷം. 2019 ല്‍ ചിത്രം തീയറ്ററില്‍ എത്തുന്നതോടെ കരിയറില്‍ ഒരു മാറ്റം സംഭവിക്കുമെന്ന പ്രതീക്ഷയുണ്ട്. രാജുവേട്ടന്റെ (പൃഥ്വിരാജ്) സംവിധാനമികവും മുരളി ഗോപി ചേട്ടന്റെ തിരക്കഥയുടെ ശക്തിയും ചേര്‍ന്നപ്പോള്‍ നല്ലൊരു ഔട്ട്പുട്ട് നല്‍കാന്‍ എന്നിലെ അഭിനയത്രിക്ക് കഴിഞ്ഞു എന്നാണ് വിശ്വാസം.

പൃഥ്വിരാജ് എന്ന സംവിധായകന്‍?

രാജുവേട്ടന്റെ ആദ്യ സംവിധാനസംരംഭമാണിതെന്ന് വിശ്വസിക്കാനേ പറ്റില്ല. എനിക്ക് തോന്നുന്നു ഇത്രവര്‍ഷക്കാലം വര്‍ക്ക് ചെയ്ത സിനിമകളിലെല്ലാം ക്യാമറയ്ക്ക് പിന്നില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അദ്ദേഹം ശ്രദ്ധയോടെ മനസിലാക്കിയിരിക്കണം. അത്ര അനായാസമായി കൃത്യമായ പ്ലാനിങ്ങോടെയാണ് ഓരോ ഷോട്ടും എടുത്തിരിക്കുന്നത്. ഒരു സീന്‍ എടുക്കുമ്പോള്‍ തൊട്ടുമുന്‍പ് എന്താണ് നടന്നതെന്ന് വിശദീകരിച്ചുതരും. നടന്‍ കൂടിയായതുകൊണ്ട് അഭിനേതാക്കളെ എങ്ങനെ ട്രീറ്റ് ചെയ്താല്‍ നല്ല റിസള്‍ട്ട് ഉണ്ടാകുമെന്ന ധാരണയുമുണ്ട്. നമ്മള്‍ ചോദിക്കുന്ന എല്ലാസംശയങ്ങള്‍ക്കും കൃത്യവും വ്യക്തവുമായ ഉത്തരം ലഭിക്കുമ്പോള്‍ ക്യാരക്ടര്‍ ആയിമാറാന്‍ കുറേക്കൂടി എളുപ്പമാണ്. എന്റെ ശരിക്കുമുള്ള സ്വഭാവവുമായി റിലേറ്റ് ചെയ്യാന്‍ പറ്റാത്ത കഥാപാത്രമായതുകൊണ്ട് ചില തയ്യാറെടുപ്പികള്‍ വേണ്ടിവന്നിരുന്നു. നിര്‍ത്താതെയുള്ള എന്റെ ചിരു നിയന്ത്രിച്ച് നിര്‍ത്താന്‍ ശരുക്കും ബുദ്ധിമുട്ടി. സ്ത്രീകള്‍ക്ക് പ്രത്യേക ബഹുമാനം നല്‍കുന്ന ഒരാളാണ് രാജുവേട്ടനെന്ന് സെറ്റില്‍ എല്ലാവര്‍ക്കും അഭിപ്രായമുണ്ട്, വളരെ സപ്പോര്‍ട്ടിവാണ്. ചെറിയ ആളുകളെപ്പോലും പേര് വിളിച്ച് പരിഗണന നല്‍കുന്നതൊക്കെ ന്യൂകമേര്‍സിന് വലിയ പാഠമാണ്.

ക്വീനില്‍ അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രം കുറെപ്പേര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും അല്പം ഓവര്‍ ആണെന്ന അഭിപ്രായവും വന്നല്ലോ?

നായിക ആയിട്ടുള്ള ആദ്യ സിനിമയെക്കുറിച്ച് പോസിറ്റീവ്‌സ് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷംപോലെ നെഗറ്റീവ്‌സ് കേള്‍ക്കുമ്പോള്‍ സങ്കടവും തോന്നിയിരുന്നു. ചിന്നു ഒരു റിയല്‍ ലൈഫ് ക്യാരക്ടര്‍ ആണ്. അഭിനയിക്കുന്നതിനുമുന്‍പ് അവരുടെ രീതികള്‍ മനസിലാക്കാന്‍ നേരില്‍പോയി കണ്ടിരുന്നു. സംസാരിക്കുമ്പോള്‍ സ്വന്തം പേരെടുത്ത് പറയുന്നതാണ് പലരും ബോറായി തോന്നിയെന്ന് പറഞ്ഞത്. അങ്ങനെ ആരെങ്കിലും പറയുമോ എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നു. പക്ഷെ അവര്‍ സത്യത്തില്‍, ചിന്നു അങ്ങനെയാ, ചിന്നു ഇങ്ങനെയാ എന്ന് പേരെടുത്ത് പറയുന്ന ആള്‍ തന്നെയാണ്. നമ്മള്‍ ശീലിച്ചിട്ടുള്ളതും കണ്ടിട്ടുള്ളതുമായ ആളുകള്‍ മാത്രമല്ല, ലോകത്തുള്ളത്. വ്യത്യസ്തരായവര്‍ നമുക്ക് ചുറ്റും തന്നെയില്ലേ, സിനിമയിലും അങ്ങനെ വരും. മുഴുവന്‍ ആളുകളെയും തൃപ്തിപ്പെടുത്താന്‍ ചില കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല.

ആദ്യമായി വരിക്കാശ്ശേരി മനയില്‍ പോയത് പ്രേതം2 വിന്റെ ഷൂട്ടിനു വേണ്ടിയാണോ ?

അല്ല. ക്വീനിന്റെ ഷൂട്ട് നടക്കുമ്പോള്‍ തന്നെ അവിടെ പോയിട്ടുണ്ട്. അതിലെ നായകന്‍ ധ്രുവന്റെ വീട് ഒറ്റപ്പാലത്താണ്. അങ്ങനെ അവനാണ് ഞങ്ങളെയെല്ലാം കൊണ്ടുപോയത്. അന്നുപക്ഷേ ചുറ്റിനടന്നെല്ലാം കണ്ടു എന്നല്ലാതെ കുളത്തിലിറങ്ങാനും അമ്പലത്തില്‍ കയറാനുമൊന്നും പറ്റിയിരുന്നില്ല. അതൊക്കെ സാധിച്ചത് പ്രേതം2 വിന്റെ ചിത്രീകരണത്തിനിടയിലാണ്. ദുര്‍ഗ കൃഷ്ണ, ഞാന്‍ അങ്ങനെ യങ്‌സ്‌റ്റേഴ്‌സിന്റെ ടീമിനൊപ്പം ജയേട്ടനും (ജയസൂര്യ) തമാശകളുമായി കൂടി എന്നതാണ് അവിടത്തെ ഏറ്റവും നല്ല ഓര്‍മ.

ധ്രുവനൊപ്പമാണ് സാനിയയും സിനിമയിലേക്ക് വന്നത്. ധ്രുവന്റെ സുഹൃത്ത് എന്ന നിലയിലും അഭിനേതാവെന്ന നിലയിലും അദ്ദേഹം മാമാങ്കം എന്ന സിനിമയില്‍ നിന്ന് പുറത്തായതിനെക്കുറിച്ച് എങ്ങനെ വിലയിരുത്തുന്നു?

ഞാന്‍ ഭാഗമല്ലാത്ത ഒരു സിനിമയെക്കുറിച്ച് വിലയിരുത്താനോ അഭിപ്രായം പറയാനോ കഴിയില്ല. എന്താണ് സംഭവിച്ചതെന്നറിയാതെ അതിനെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്നും തോന്നുന്നില്ല. സുഹൃത്ത് എന്നനിലയില്‍ ആ ചിത്രത്തിനുവേണ്ടി അവന്‍ ഫിസിക്കലി ഒരുപാട് സ്ട്രെയിന്‍ ചെയ്തെന്ന് മാത്രം അറിയാം. സിനിമയിലായാലും ഏത് ഫീല്‍ഡിലായാലും എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യങ്ങള്‍ സംഭവിക്കട്ടെ എന്നാണ് ആഗ്രഹവും പ്രാര്‍ത്ഥനയും.കടപ്പാട്; മംഗളം 
ലൂസിഫറാണ് 2019 ലെ പ്രതീക്ഷ (മീട്ടു റഹ്മത്ത് കലാം)ലൂസിഫറാണ് 2019 ലെ പ്രതീക്ഷ (മീട്ടു റഹ്മത്ത് കലാം)ലൂസിഫറാണ് 2019 ലെ പ്രതീക്ഷ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക