Image

തുയിലുണരൂ...ഒരു നവലോകം കണി കാണാന്‍ (വിഷു കുറിപ്പ്‌)

സുധീര്‍ പണിക്കവീട്ടില്‍ Published on 12 April, 2012
തുയിലുണരൂ...ഒരു നവലോകം കണി കാണാന്‍ (വിഷു കുറിപ്പ്‌)
ചുറ്റുപാടും പടക്കങ്ങളുടെ ഭേരിയും, കമ്പിത്തിരികളുടേയും, മത്താപുവ്വുകളുടേയു ശോഭയുമായി വീണ്ടും വിഷു പടിക്കലെത്തി. കണി കണ്ടുണരാന്‍ വേണ്ടി ഒരുക്കുന്ന വിഭവങ്ങളുടെ സമൃദ്ധിയില്‍ സംക്രമസന്ധ്യകള്‍ സമ്പന്നമാകുകയായി. പത്തരമാറ്റ്‌ സ്വര്‍ണ്ണത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന കൊന്നപൂക്കളില്‍ പ്രഭാത രശ്‌മികള്‍ തട്ടി തിളങ്ങുമ്പോള്‍ പകലും രാത്രിയും സമമായി വരുന്ന ഒരു സുദിനം, കാലം കാണിക്കവക്കുന്ന നിധി പോലെ മലയാളികളെ ആഹ്ലാദഭരിതരാക്കുന്നു. വിത്തും കൈക്കോട്ടും എന്നു പാടികൊണ്ടു വിഷുപക്ഷികള്‍ പറന്നു വരുന്നു. ഇതൊക്കെ പ്രവാസിയുടെ ഗ്രഹാതുരത്വമായി അവശേഷിക്കുകയാണോ? പടിഞ്ഞാറിന്റെ സ്വാധീനതയില്‍ പഴമ പുതുമക്കു വഴിമാറിയോ.

അമേരിക്കന്‍ മലയാളി തന്തമാരും തള്ളമാരും (നാല്‍പ്പത്തിയഞ്ച്‌ വയസ്സിനു മീതെ പ്രായമുള്ളവര്‍) വിഷുവിനു പ്രാധാന്യം കൊടുക്കുന്നുണ്ട്‌. അവര്‍ വിട്ടു പോന്ന കേരളം അവിടത്തെ കൊന്നപൂക്കളുടേയും, വിഷുകണികളുടേയും ഹൃദ്യമായ ദ്രുശ്യങ്ങള്‍ . അവരുടെ നല്ല കാലത്തിന്റെ ഓര്‍മ്മ. സന്ധികളില്‍ ഉളുക്കും, നടുവിനു വെലക്കവും, കണ്ണിനു കാഴ്‌ചകുറവും, ഒന്നുമില്ലാതിരുന്ന കാലം. തലമുടികള്‍ നരക്കാത്ത കാലം, എല്ലാം കടിച്ചു പറിച്ചു തിന്നാവുന്ന കാലം.

വിളക്ക്‌ കെടുത്തി പ്രിയമുള്ളൊരാള്‍ ആദ്യമായി നല്‍കിയ വിഷുകൈ നീട്ടങ്ങള്‍ നഷ്‌ടപെടുത്താതെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍. മീന ചൂടില്‍ ഒന്നു തൊട്ടു കൊതിപ്പിച്ചു കൊണ്ടോടിപോകുന്ന കാറ്റിനെ ഓര്‍ത്തു നെടുവീര്‍പ്പിടുന്നവര്‍. ഒരു മാമ്പഴം വീഴ്‌ത്താന്‍ അണ്ണാറകണ്ണനോടു കെഞ്ചുന്ന കൗമാരത്തിന്റെ ഓര്‍മ്മ പുതുക്കുന്നവര്‍. അതു കേട്ടു പരിഹാസത്തോടെ മാവിന്റെ കൊമ്പത്തേക്കോടി കയറി അവിടെയിരുന്ന്‌ മൂക്കു തുടക്കുന്ന അണ്ണാറകണ്ണനെ വീണ്ടും മനസ്സില്‍ കണ്ടു ചിരിതൂകുന്നവര്‍. കിളിചുണ്ടന്‍മാമ്പഴമേ, കിളികൊത്താതേന്‍പഴമേ, എന്ന്‌ കുപ്പിവളയണിഞ്ഞ്‌ കുറുനിര പാറിച്ചുകൊണ്ട്‌ ലജ്‌ജയില്‍ മുങ്ങിയ മുഖവുമായ്‌ നടക്കുന്ന സുന്ദരിമാരെ നോക്കി പാടുന്നത്‌ കിനാവ്‌ കണ്ട യൗവ്വനകാലം ഓര്‍ക്കുന്നവര്‍.

കേരളത്തില്‍ ഇന്ന്‌ വീടിന്റെ ഉമ്മറത്തു വഴിക്കണ്ണുമായി കാത്തിരിക്കുന്ന ധാരാളം വൃദ്ധജനങ്ങളുണ്ട്‌. പ്രിയമുള്ളോരാരോ വരുവാനുണ്ടെന്നു കരുതി കാത്തിരിക്കുന്നവര്‍. കാലത്തിനു അവരെ കണി കാണാനിഷ്‌ടമില്ല. വിശേഷദിവസങ്ങള്‍ പോലെ വന്നു പോകുന്ന അവരുടെ പ്രിയപ്പെട്ടവര്‍. നന്മ നിറഞ്ഞ നല്ലകാലം പൊയ്‌പ്പോയി. കേരളത്തിന്റെ മനോഹാരിതയും, ഉത്‌സവങ്ങളും, വിശേഷദിവസങ്ങളും ഇന്നു പ്രവാസിയുടെ മനസ്സില്‍ മാത്രമായി. കേരളം മാറിപോയി. എന്നിട്ടും മറുനാടന്‍ മലയാളി പ്രതീക്ഷകളോടെ, സ്വപ്‌നങ്ങളോടെ അവന്റെ ജന്മദേശത്തേക്കു നോക്കിയിരിക്കുന്നു. വിഷുവും, ഓണവും, ക്രിസ്‌തുമസ്സും, പെരുന്നാളുകളും വരുമ്പോള്‍ മനസ്സു ഒരു കൊച്ചു കുട്ടിയെപോലെ വീണ്ടും അങ്ങോട്ടു തന്നെ ഓടി പോകുന്നു.

അമേരിക്കന്‍ മലയാളികളുടെ സ്‌നേഹവും, സൗഹാര്‍ദ്ദവും അവരുടെ ജന്മനാട്ടില്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംസ്‌കാരത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ പര്യാപ്‌തമാകട്ടെ എന്നാശിക്കുന്നു. ഇവിടെ ആഘോഷങ്ങള്‍ കാത്തിരിക്കുകയും, കൊണ്ടാടുകയും ചെയ്യുന്നതില്‍ ഉത്സാഹം കാണിക്കുന്ന പ്രവാസ മലയാളി കണിയൊരുക്കുമ്പോള്‍ ഉരുളിയില്‍ സ്‌നേഹമെന്ന നിധി കൂടെ ചേര്‍ക്കട്ടെ. കാലത്തിനു തുടച്ചു മാറ്റാന്‍ കഴിയാത്തവിധം നമ്മുടെ ആഘോഷങ്ങളും, പാരമ്പര്യങ്ങളും പുതിയ തലമുറക്കു പകര്‍ന്നു കൊടുക്കാന്‍ ഈശ്വരാനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ.

ഒരു വിഷു കണി പോലെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഈ പ്രസിദ്ധീകരണം എന്നും കണികാണാന്‍ അതിനെ അണിയിച്ചൊരുക്കുന്ന കരങ്ങള്‍ക്ക്‌ ഈശ്വരന്‍ കരുത്ത്‌ പകര്‍ന്ന്‌ കൊണ്ടിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ......
തുയിലുണരൂ...ഒരു നവലോകം കണി കാണാന്‍ (വിഷു കുറിപ്പ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക