Image

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്ന ഇരട്ടച്ചങ്കന്‍; തൊഴിലാളികളുടെ പോരാളി

കലാകൃഷ്ണന്‍ Published on 29 January, 2019
ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്ന ഇരട്ടച്ചങ്കന്‍; തൊഴിലാളികളുടെ പോരാളി

ബോംബെ നഗരത്തെ ബാല്‍താക്കറെയെക്കാള്‍ വേഗം സ്തംഭിപ്പിക്കാന്‍ ഒരാള്‍ക്ക് മാത്രമേ കഴിയുമായിരുന്നുള്ളു. മുംബൈ ട്രേഡ് യൂണിയന്‍ നേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്ന പോരാളിക്ക്. ഒരുകാലത്ത് മുംബൈയെ അടക്കി ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ട്രേഡ് യൂണിയനുകളെ മറികടന്ന് ശിവസേനയും താക്കറെയും സ്വത്വവാദം ഉപയോഗിച്ച് മുംബൈ പിടിച്ചടക്കുന്നത് വരെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ബോംബെ തെരുവകളിലെ ചോദ്യംചെയ്യാന്‍ കഴിയാത്ത ശക്തിയായിരുന്നു. അടിച്ചാല്‍ തിരിച്ചടിക്കുന്ന ആരെയും കൂസാത്ത തൊഴിലാളികളുടെ സ്വന്തം നേതാവ്. 
1930ല്‍ മംഗലാപുരത്ത് ക്രിസ്ത്യന്‍ കത്തോലിക്കാ കുടുംബത്തിലായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്‍റെ ജനനം. വൈദീകനാകാനായിരുന്നു കുട്ടിയായിരുന്നപ്പോള്‍ താത്പര്യം. എന്നാല്‍ വൈദീകപഠനം പാതിയില്‍ ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി പഴയ ബോംബെയിലേക്ക് ചേക്കേറി. റാം മനോഹര്‍ ലോഹ്യ എന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസിലെ നായകനെ കണ്ടെത്തിയത്. 
തുടര്‍ന്ന് മുംബൈയിലെ ഒന്നാംനിര ട്രേഡ് യൂണിയന്‍ നേതാവായി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വളര്‍ന്നു. മുംബൈയിലെ പോര്‍ട്ടര്‍മാരെയും ഡ്രൈവര്‍മാരെയും സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ശക്തമാക്കി. ആറു ട്രേഡ് യൂണിയനുകളുടെ സ്ഥാപക പ്രസിഡന്‍റായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. 
അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടമായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ ഏറ്റവും കൂടുതലായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. ഇന്ദിരാ ഗാന്ധിക്കെതിരെ അക്രമത്തിന് വരെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പദ്ധതിയിട്ടു. തുടര്‍ന്ന് അറസ്റ്റിലായി. അറസ്റ്റിലാകുമ്പോള്‍ ഇന്ദിരയ്ക്കെതിരെ മുദ്രാവാക്യം മുഴക്കി ജനങ്ങളുടെ നേതാവായി. 
അടിയന്തരാവസ്ഥ നീങ്ങിയപ്പോള്‍ ജയിലില്‍ കഴിയവെ തന്നെ ബീഹാറിലെ മുസാഫര്‍പൂരില്‍ ലോക്സഭയിലേക്ക് മത്സരിച്ചു. പ്രചരണത്തിന് പോലും പോകാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നു ലക്ഷത്തിന്‍റെ ഭൂരിപക്ഷത്തില്‍ ചരിത്ര വിജയം നേടി. അത്രയ്ക്ക് ശക്തമായിരുന്നു മുംബൈയിലും പിന്നെ ബീഹാറിലും ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്‍റെ അടിത്തറ. 

പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ സൈനീകരുടെ മന്ത്രി എന്ന വിളിപ്പേരുണ്ടായിരുന്നു ജോര്‍ജ്ജിന്. സിയാച്ചിനിലെ സൈനീകരുടെ അടുത്തേക്ക് നാലു വര്‍ഷത്തിനുള്ളില്‍ 38 തവണ ജോര്‍ജ്ജ് കടന്നു ചെന്നു. മരുഭൂമിയില്‍ ടാങ്കുകള്‍ ഓടിക്കുന്ന സൈനീകരുടെ സ്ഥിതിയറിയാന്‍ രാജസ്ഥാന്‍ മരുഭൂമികളിലുമെത്തി. 
പ്രതിരോധ മന്ത്രിയായിരിക്കുമ്പോള്‍ ബര്‍മയിലെ വിമത പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക വസതിയില്‍ അഭയം നല്‍കിയത് വലിയ വിവാദം വരുത്തിവെച്ചു. എല്‍.ടി.ടി.ഇ സംഘടനയോടും ജോര്‍ജ്ജ് മൃദുസമീപനമായിരുന്നു എന്ന് വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ ഒന്നും കൂസാത്ത പോരാളിയായിരുന്നു എല്ലാകാലത്തും ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. ആ പോരാളിയുടെ മരണം സ്വതന്ത്ര്യ ഇന്ത്യയുടെ പോരാട്ട ചരിത്രത്തിലെ ഒരു ഏടാണ് അവസാനിപ്പിക്കുന്നത്. 
Join WhatsApp News
Boby Varghese 2019-01-29 07:14:09
Is this the guy who demanded Coco cola company to disclose the formula of their products?. When the company refused, he as the minister, kicked Coco cola company out of India. Call him an idiot.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക