Image

ഹിന്ദു മഹാസഭ മുതല്‍ രാഹുല്‍ ഈശ്വര്‍ വരെ മഹാത്മ ഗാന്ധിയെ വേട്ടയാടുന്ന വിധം; കൊലപ്പെടുത്തിയിട്ടും അവര്‍ മഹാത്മാവിനെ തീച്ചൂളയിലെറിയുന്നു ( ജയമോഹന്‍ എം)

ജയമോഹന്‍ എം Published on 30 January, 2019
ഹിന്ദു മഹാസഭ മുതല്‍ രാഹുല്‍ ഈശ്വര്‍ വരെ മഹാത്മ ഗാന്ധിയെ വേട്ടയാടുന്ന വിധം; കൊലപ്പെടുത്തിയിട്ടും അവര്‍ മഹാത്മാവിനെ തീച്ചൂളയിലെറിയുന്നു ( ജയമോഹന്‍ എം)

മഹാത്മ ഗാന്ധിയുടെ ദിവസം ഗോഡ്സെ ശൗര്യദിവസ് ആയി ആചരിക്കുകയാണ് ഹിന്ദു മഹാസഭ. രാജ്യത്തെ ഹിന്ദു തീവ്രവാദികളുടെ കണക്കില്‍ മഹാത്മ ഗാന്ധി രാജ്യദ്രോഹിയും ഗോഡ്സെ യഥാര്‍ഥ മഹാത്മാവും രാജ്യസ്നേഹിയുമാകുന്നു. ഹിന്ദു മഹാസഭയില്‍ തുടങ്ങുന്ന നിരവധി ഹിന്ദു തീവ്രവാദികള്‍ ഈ കാലത്ത് പരസ്യമായി ഗോഡ്സെയുടെ മഹത്വം വാഴ്ത്തുന്നു. 

ഇന്ന് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറി. മഹാത്മ ഗാന്ധിയുടെ കോലം ഉണ്ടാക്കി പ്രതീകാത്മകമായി ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകര്‍ അതില്‍ വെടിവെച്ച് ഗോഡ്സയെ ആഘോഷിച്ചു. പരസ്യമായി തന്നെ. 

ഗാന്ധിയെ വധിച്ച കേസില്‍ നാഥൂറാം ഗോഡ്സെയും അദ്ദേഹത്തിന്‍റെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെയും അടക്കം അഞ്ചു പ്രതികളെ ശിക്ഷിച്ചു. 1949 നവംബര്‍ 15ന് ഗോഡ്സയെ ജയിലില്‍ തൂക്കിലേറ്റി. ഗാന്ധി വധത്തിന് പിന്നാലെ ഹിന്ദുമഹാസഭയും ആര്‍.എസ്.എസും രാജ്യത്ത് നിരോധിക്കപ്പെട്ടു എന്നത് ചരിത്രം. 

കാലങ്ങള്‍ക്കിപ്പുറം രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സെ ആദരിക്കപ്പെടുകയാണ്. അതിനൊപ്പം ഗാന്ധിവധത്തെ ഗ്ലോറിഫൈ ചെയ്യുക അല്ലെങ്കില്‍ ഗോഡ്സെയ്ക്ക് ഒരു അബദ്ധം പറ്റിയതാണെന്ന് പറയുക, അതിനപ്പുറം ഗോഡ്സെയ്ക്ക് മതഭ്രാന്തില്‍ പറ്റിയ പിഴവായിരുന്നു അതെന്ന് പറയുക ഇതൊക്കെ ഹിന്ദു തീവ്രവാദികളുടെ തന്ത്രമാണ്. 

അതായത് ഗാന്ധി വധമെന്നത് ഇന്ത്യയിലെ വലത് ഹിന്ദു തീവ്രവാദ പ്രസ്ഥാനം കൃത്യമായി അജണ്ടയോടെ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതാണ് എന്ന വസ്തുത തമസ്കരിക്കപ്പെടണം. ഗാന്ധി വധത്തിന് ശേഷം ഹിന്ദുമഹാസഭയും ആര്‍.എസ്.എസുമൊക്കെ നിരോധിക്കപ്പെട്ടത് ചരിത്രത്തില്‍ നിന്ന് മാഞ്ഞു പോകണം. അതാണ് ആവശ്യം. 

അത്തരമൊരു ആവശ്യത്തിലേക്കായി അവര്‍ ഗാന്ധി വധത്തെ വക്രീകരിക്കുന്നത് ഈവിധമാണ്. 

ആദ്യമാദ്യം ഗാന്ധി വധം ഗോഡ്സെ എന്ന മുസ്ലിംവിരോധിയുടെ ചെയ്തിയായിരുന്നു എന്ന് പറയുന്നു. ഗോഡ്സെയുടെ മതഭ്രാന്തിന് അപ്പുറം അതിന് പിന്നില്‍ ഏതെങ്കിലും സംഘടനകളുടെ ഓര്‍ഗനൈസ്ഡ് ക്രൈം ഇല്ലായിരുന്നു എന്ന് പറയുന്നു. 

ഇതിനു ശേഷം ഗോഡ്സെയ്ക്ക് ഗാന്ധി വിരോധം വരാനുള്ള കാര്യത്തെ വിവരിക്കുന്നു. ഇന്ത്യ വിഭജിക്കപ്പെട്ട് പാകിസ്ഥാന്‍ രൂപപ്പെട്ടതിനെ ഗാന്ധിജി എതിര്‍ത്തില്ല ഗാന്ധി മൗനം പാലിച്ചു. ഇതായിരുന്നു ഗോഡ്സെയുടെ എതിര്‍പ്പിന് കാരണം. അതായത് ഗോഡ്സെയുടെ പ്രവൃത്തിക്ക് പിന്നില്‍ കേവലം മതഭ്രാന്തായിരുന്നില്ല. രാജ്യത്തെ വെട്ടിമുറിച്ചതിലുള്ള വിഷമമായിരുന്നു എന്ന് പറയുന്നു. 

പാവം ഗോഡ്സെ. രാജ്യത്തെ വെട്ടിമുറിച്ചാല്‍ ഒരു രാജ്യസ്നേഹിയുടെ മനസ് വേദനിക്കില്ലേ. അപ്പോള്‍ ഗോഡ്സെ പതിയെ പതിയെ ഒരു രാജ്യസ്നേഹിയായി മാറുന്നു. അങ്ങനെ വരുമ്പോള്‍ ഗാന്ധി വധം ഒരു രാജ്യസ്നേഹിയെ മറ്റൊരു രാജ്യസ്നേഹി വധിച്ചു എന്ന വിധമാകുന്നു. അവസാനം അവര്‍ പറയും ഗാന്ധിയേക്കാള്‍ രാജ്യസ്നേഹി ഗോഡ്സെയായിരുന്നു. ഏറ്റവുമൊടുവില്‍ അവര്‍ പറയും ഗോഡ്സെയായിരുന്നു ശരി. അതിനു ശേഷം മഹാത്മാ ഗോഡ്സെ രാജ്യത്തെ വീരപുരുഷനായി അവരോധിക്കപ്പെടും. 

ഹിന്ദു ഹൃദയഭൂമിയില്‍ അല്ലെങ്കില്‍ കൗ ബെല്‍റ്റില്‍ ഈ പ്രചരണ പരിപാടി ഏതാണ്ട്  അവസാന ഘട്ടത്തിലാണ്. ഗാന്ധിവധത്തിന്‍റെ അന്ന് മധുരം വിളമ്പുന്നതൊക്കെ ഒരു സ്വാഭാവികമായ പരിപാടിയായി മാറിയിരിക്കുന്നു. അതിന്‍റെ ഏറ്റവും കടന്ന കൈയ്യാണ് ഉത്തര്‍പ്രദേശില്‍ കണ്ടത്. ഗാന്ധിയുടെ കോലം രൂപീകരിച്ച് ഒരു കൂട്ടം ആളുകള്‍, ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകര്‍, ആ കോലത്തെ കൊന്ന് ആനന്ദിക്കുന്നു. അത് വീഡിയോ ചിത്രീകരിച്ച് രാജ്യമെമ്പാടും പ്രചരിപ്പിക്കുന്നു. 

എന്നാല്‍ പൊതുവില്‍ സൗത്ത് ഇന്ത്യയില്‍  തീവ്രഹിന്ദുത്വവാദികള്‍ മഹാത്മ ഗാന്ധിയെ തൊട്ടുകളിക്കാന്‍ ഇതുവരെയും ധൈര്യം കാട്ടിയിരുന്നില്ല. പ്രത്യേകിച്ചും കേരളത്തില്‍. ഇപ്പോഴും അവര്‍ അതിന് ധൈര്യം കാട്ടിയിട്ടില്ല. 

എന്നാല്‍ താന്‍ സ്വയം ഒരു വലതുപക്ഷ ഹിന്ദുത്വവാദിയാണെന്ന് പറയുന്ന, ചാനല്‍ ചര്‍ച്ചകളിലെ ഹിന്ദുത്വയുടെ സ്ഥിരം പ്രചാരകനായ സാക്ഷാല്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് ഒരു പുതിയ ചുവട് വെച്ചിരിക്കുന്നു. അദ്ദേഹം ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു. പോസ്റ്റ് മൊത്തത്തില്‍ ഗാന്ധിയെ പ്രകീര്‍ത്തിക്കുന്നത് തന്നെ. എന്നാല്‍ രാഹുല്‍ ഈശ്വര്‍ സ്വീകരിച്ച പുതിയ ചുവട് വെയ്പ്പ് എന്തെന്നാല്‍ ഗാന്ധിയെ പുകഴ്ത്തിയ കൂട്ടത്തില്‍ അയാള്‍ പെട്ടന്ന് സമാന്യജനത്തിന് സംശയം തോന്നാത്ത വിധം ഗോഡ്സെയെയും പുകഴ്ത്തുന്നു. 

രാഹുലിന്‍റെ പോസ്റ്റിലെ ഒരു വരി ഇങ്ങനെയാണ്. "ഒരു സാധു ബ്രഹ്മണ കുടുംബത്തില്‍ പിറന്ന നാഥൂറാം വിനായക് ഗോഡ്സെ എങ്ങനെ കൊലപാതകിയായി എന്നത് വലിയ കേസ് സ്റ്റഡിയാണ്. ഗോഡ്സെ രാജ്യസ്നേഹിയും ഒരു കോസിന്  (cause) വേണ്ടി ജീവന്‍ കളയാന്‍ തയാറായ വ്യക്തിയുമായിരുന്നു". 

ഇതാണ് ശബരിമല വിഷയത്തിലെ സമരനേതാവായി തന്ത്രികുടുംബ അംഗമായി പൊതുജനമധ്യത്തില്‍ രംഗപ്രവേശനം ചെയ്തിട്ടുള്ള രാഹുല്‍ ഈശ്വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ ശ്രദ്ധേയമായ വരികള്‍. 

അതായത് ഗോഡ്സെ രാജ്യസ്നേഹിയാണ് എന്ന് യാതൊരു സംശയവുമില്ലാതെ പറഞ്ഞു വെക്കുന്നു. രാഷ്ട്രപിതാവിനെ കൊന്നവന്‍ രാഹുല്‍ ഈശ്വറിന് രാജ്യസ്നേഹിയാവുന്നു. രണ്ടാമതായി ഒരു കോസിന് വേണ്ടി ജീവന്‍ കളയാന്‍ തയാറായ വ്യക്തി കൂടിയായിരുന്നു ഗോഡ്സെ എന്ന് പറയുന്നു. 

എന്താണ് ആ കോസ്. തീര്‍ച്ചയായും ആദ്യ വരിയില്‍ പറഞ്ഞ രാജ്യസ്നേഹം തന്നെയാണ് ആ കോസ് എന്ന് വരുന്നു. രാജ്യസ്നേഹത്തിനായി അല്ലെങ്കില്‍ രാജ്യത്തിനായി ജീവന്‍ കളയാന്‍ തയാറായ വ്യക്തിയായി ഇവിടെ ഗോഡ്സെയെ അവതരിപ്പിക്കുന്നു. എന്തൊരു ദുഷ്ടലാക്കാണിത്. ഭംഗത് സിംങിനെക്കുറിച്ചൊക്കെ പറയുന്നത് പോലെ ഒരു തലത്തിലാണ് രാഹുല്‍ ഈവിധം ഗോഡ്സെയെ വിവരിക്കുന്നത്. ഇതിനു ശേഷം ഗോഡ്സെ യഥാവിധം കാര്യം മനസിലാക്കിയില്ല എന്നും മറ്റും പറയുകയും ഗാന്ധിയെ വീണ്ടും പുകഴ്ത്തുകയും ചെയ്യുന്നു. 

ഫലത്തില്‍ ഇവിടെ നടപ്പാക്കപ്പെടുന്നത് പച്ചയായ ഗോഡ്സെ പ്രകീര്‍ത്തനമാണ്. ആ പരിപാടി കേരളത്തില്‍ തന്നെ തുടങ്ങി വെക്കുകയാണ്. ഉത്തരേന്ത്യയില്‍ അവസാനഘട്ടത്തില്‍ എത്തിയ ഒരു സൈക്കോളജിക്കല്‍ മൂവ്മെന്‍റ് കേരളത്തില്‍ ആദ്യഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. 

ജനാധിപത്യവിശ്വാസികളെ നിങ്ങളുടെ രാഷ്ട്രപിതാവിനെയാണ്, ലോകം കണ്ട ഏറ്റവും വലിയ അഹിംസാ വാദിയെയാണ് ഇവര്‍ ഇങ്ങനെ വീണ്ടും വീണ്ടും തീ്ച്ചൂളയിലേക്ക് എടുത്തെറിയുന്നത്. ജനാധിപത്യം ബാക്കി നില്‍ക്കുന്ന ഇന്ത്യ ഈ വിപത്തിനെതിരെ പ്രതകരിക്കുക തന്നെ വേണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക