Image

1948 ജനുവരി 30ന് പൊടുന്നനെ പൊട്ടിവീണതല്ല നഥുറാം ഗോഡ്സെ ;ഗാന്ധി വധത്തിന് പിന്നിലെ കാലങ്ങള്‍ നീണ്ട ആസൂത്രണത്തിന്‍റെ ചരിത്രം

കലാകൃഷ്ണന്‍ Published on 01 February, 2019
1948 ജനുവരി 30ന് പൊടുന്നനെ പൊട്ടിവീണതല്ല നഥുറാം ഗോഡ്സെ ;ഗാന്ധി വധത്തിന് പിന്നിലെ കാലങ്ങള്‍ നീണ്ട ആസൂത്രണത്തിന്‍റെ ചരിത്രം

ഒരു സാധു ബ്രഹ്മണ കുടുംബത്തില്‍ പിറന്ന നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു. പക്ഷെ മുസ്ലിംവിരോധം കാരണം ഗാന്ധിയെ കൊല ചെയ്തു... കേരളത്തില്‍ ആര്‍ത്തവ ലഹളയുടെ പിതാവായ രാഹുല്‍ ഈശ്വറിന്‍റെ കണ്ടത്തലാണിത്. യു.പിയില്‍ ഹിന്ദുമഹാസഭക്കാര്‍ ഗാന്ധിയെ വീണ്ടും വീണ്ടും പ്രതീകാത്മകമായി വെടിവെച്ചു കൊല്ലുമ്പോഴാണ് ഇവിടെ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്നും അയാള്‍ ചെയ്ത രാഷ്ട്രപിതാവിന്‍റെ കൊലപാതകം കേവലം മതഭ്രാന്ത് മൂലമായിരുന്നുവെന്നും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. 
ഈ അവസരത്തില്‍ ഇന്ത്യ എന്ന ജനാധിപത്യ മതേതര റിപ്പബ്ലിക്കിനെ സ്നേഹിക്കുന്നവര്‍ ചരിത്രം മനസിലാക്കുകയും ഗാന്ധി വധമെന്നത് തികച്ചും ആസൂത്രിതമായി തന്നെ നടപ്പാക്കിയ ഒന്നായിരുന്നു എന്ന് മനസിലാക്കുകയും വേണം. അതായത് മതഭ്രാന്ത് ബാധിച്ച് ഒരു സുപ്രഭാതത്തില്‍ നാഥുറാം ഗോഡ്സെ ചെയ്തു പോയ കൈയ്യബന്ധമല്ല ഗാന്ധിവധം. ഏറെക്കാലമായി ഈ രാജ്യത്തെ മതതീവ്രവാദികള്‍ ആഗ്രഹിച്ചിരുന്നതും ആസൂത്രണം ചെയ്തതുമായ ഒന്നായിരുന്നു ഗാന്ധി വധം. 1948 ജനുവരി മുപ്പതിന് അഞ്ചു തവണ ഗാന്ധിജിക്ക് നേരെ വധ ശ്രമങ്ങള്‍ നടന്നിരുന്നു എന്ന ചരിത്രം ഇവിടെയാണ് ഇന്നത്തെ തലമുറ വായിക്കേണ്ടത്. 

1934ലാണ് ഗാന്ധിജിക്ക് നേരെ ആദ്യത്തെ വധശ്രമം നടക്കുന്നത്. 1934 ജൂണ്‍ 25ന് ഭാര്യ കസ്തൂര്‍ബായോടൊപ്പം പൂനൈയില്‍ പ്രസംഗിക്കാന്‍ പോകുകയായിരുന്ന ഗാന്ധിക്ക് നേരെ അക്രമം ഉണ്ടായി. ഒരേ പോലെയുള്ള രണ്ട് കാറുകളിലായിരുന്നു ഗാന്ധിജിയും സഹയാത്രികരും സഞ്ചരിച്ചത്. എന്നാല്‍ ഗാന്ധിജിയുടെ കാര്‍ വൈകുകയും കൂടെയുള്ള കാര്‍ ആദ്യം പോവുകയും ചെയ്തു. ആദ്യം പോയ കാര്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു. ഏഴ് പേര്‍ക്ക് ഗുരുതരമായ പരുക്ക് സംഭവിച്ചു. ഗാന്ധിജിയുടെ സെക്രട്ടറി പ്യാരിലാല്‍ ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്. 

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1944ല്‍ അഗാഖാന്‍ പാലസില്‍ വീട്ടുതടങ്കലിലായിരുന്ന ഗാന്ധിക്ക് മലേറിയ പിടിപെട്ടു. വിശ്രമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഇരുപത് തീവ്രവാദികള്‍ ഇരച്ചു വന്ന് കോലാഹലം ഉണ്ടാക്കി. ആ തീവ്രവാദി സംഘത്തിന്‍റെ നേതാവായിരുന്നു നാഥുറാം വിനായക് ഗോഡ്സെ. ഗാന്ധി ഗോഡ്സെയെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഗാന്ധിയുടെ ക്ഷണം ഗോഡ്സെ നിരസിച്ചു. പിന്നീട് അന്ന് വൈകുന്നേരം പ്രാര്‍ത്ഥന സമയത്ത് ഗോഡ്സെ കൈയ്യില്‍ കരുതിയ കത്തിയുമായി ഗാന്ധിയുടെ നേര്‍ക്ക് പാഞ്ഞടുത്തു. എന്നാല്‍ ഗാന്ധിയുടെ അനുയായികള്‍ അയാളെ കീഴ്പ്പെടുത്തി. എന്നാല്‍ ഗാന്ധിജി അന്ന് ഗോഡ്സെയ്ക്ക് മാപ്പ് നല്‍കി പറഞ്ഞയക്കുകയായിരുന്നു. ഈ സംഭവം ഗാന്ധി വധം അന്വേഷിച്ച കപൂര്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. 
ഇതേ വര്‍ഷം തന്നെ സെപ്തംബറില്‍ ഗോഡ്സെ വീണ്ടും കത്തിയുമായി ഗാന്ധിജിയുടെ ആശ്രമത്തില്‍ കടന്നു കയറിയിരുന്നു. ജിന്നുമായി ഗാന്ധിയുടെ മുംബൈയില്‍ നടക്കാനിരുന്ന കൂടികാഴ്ച മുടക്കാനായിരുന്നു ഇത്തവണ ഗോഡ്സെയുടെയും സംഘത്തിന്‍റെയും ശ്രമം. കപൂര്‍ കമ്മീഷന്‍ ഈ സംഭവവും കണ്ടെത്തിയിരുന്നു. 

1946 ജൂണ്‍ മാസത്തില്‍ ഗാന്ധിജി സഞ്ചരിച്ച ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം നടന്നിരുന്നു. പാളം മുറിച്ചു കളഞ്ഞെങ്കിലും ലോക്കോ പൈലറ്റിന്‍റെ സാമാര്‍ഥ്യം കാരണം അപകടം സംഭവിച്ചില്ല. അങ്ങനെ നൂറു കണക്കിന് പേരുടെ ജീവന്‍ രക്ഷപെട്ടു. ആരാണ് ഈ അട്ടിമറി ശ്രമം നടത്തിയതെന്ന് വെളിവായിട്ടില്ല. 

ഗാന്ധിജി കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുന്‍പ് ഗോഡ്സെ ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചിരുന്നു. മദല്‍ ലാല്‍ പഹ്വയും വിഷ്ണു രാമകൃഷ്ണ കാര്‍ക്കറെ,  ഗോഡ്സെയും ബിര്‍ളാ ഭവനില്‍ എത്തി. അവിടെ വെച്ച് മദന്‍ലാല്‍ പഹ്വയുടെ നേതൃത്വത്തില്‍ ഗാന്ധിജിക്ക് നേരെ ബോംബ് അക്രമണം നടന്നു. പക്ഷെ ബോംബ് ലക്ഷ്യം തെറ്റിയാണ് വീണത്. മദന്‍ലാല്‍ അപ്പോള്‍ തന്നെ പിടിയിലായി. കൂടെയുള്ളവര്‍ രക്ഷപെടുകയും ചെയ്തു. 

ഈ സംഭവത്തിന് കൃത്യം പത്ത് ദിവസങ്ങള്‍ക്ക് ശേഷം നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിജിയെ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവിടെയാണ് ഹിന്ദുമഹാസഭ എന്ന അന്നത്തെ തീവ്രവാദി പ്രസ്ഥാനത്തിന്‍റെ ദീര്‍ഘകാലത്തെ ഗാന്ധി വിരോധവും അദ്ദേഹത്തെ വധിക്കാനുള്ള ഏറെക്കാലത്തെ ശ്രമങ്ങളും വ്യക്തമാകുന്നത്. ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ഏറ്റവും വലിയ തടസമായിരുന്നു ഹിന്ദുമഹാസഭയ്ക്ക് മഹാത്മാ ഗാന്ധി. യഥാര്‍ഥത്തില്‍ ഗാന്ധിയുടെ രക്തസാക്ഷിത്വം ഓര്‍മ്മിപ്പിക്കുന്നത് മതതീവ്രവാദവും ജനാധിപത്യവും തമ്മിലുള്ള സംഘര്‍ഷം തന്നെയാണ്. കേവലം മതഭ്രാന്തിന്‍റെ ഇരയല്ല മറിച്ച് അധികാരമോഹമുള്ള മതതീവ്രവാദത്തിന്‍റെ ഇര തന്നെയായിരുന്നു മഹാത്മാവ്. എങ്കിലും തന്‍റെ രക്തസാക്ഷിത്വം കൊണ്ട് ഇന്നും ഗാന്ധിജി ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക