Image

മോഹന്‍ലാല്‍ വരുമോ എന്ന് സംശയിക്കേണ്ട; ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരാന്‍ പോകുന്നില്ല

ജയമോഹന്‍ എം Published on 02 February, 2019
മോഹന്‍ലാല്‍ വരുമോ എന്ന് സംശയിക്കേണ്ട;  ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരാന്‍ പോകുന്നില്ല

മോദിയല്ല ഇനി സാക്ഷാല്‍ ദൈവം വന്ന് പറഞ്ഞാലും മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ പോകുന്നില്ല പിന്നല്ലേ ബിജെപിയിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരള രാഷ്ട്രീയത്തില്‍ പുകയുന്ന ചോദ്യമാണ് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥിയായി വരുമോ എന്നത്. അമിത്ഷായും നരേന്ദ്രമോദിയും നേരിട്ട് ഇറങ്ങിയാണ് മോഹന്‍ലാലിനെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തുന്നത്. എന്നാല്‍ ഇതില്‍ നിന്നും തീര്‍ച്ചും ഒഴിഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ ലാല്‍ ഫാന്‍സും മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് വന്നാല്‍ പ്രതിഷേധിക്കും എന്ന് തങ്ങളുടെ നയം വ്യക്തമാക്കി കഴിഞ്ഞു. 
എന്നാല്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ പോകുന്നില്ല എന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ട കാര്യമില്ല. ഒരു കാരണവശാലും മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് വരാന്‍ പോകുന്നില്ല. കേരളം അത്തരമൊരു രാഷ്ട്രീയ കളിക്ക് പറ്റിയ മണ്ണല്ല എന്ന് മോഹന്‍ലാലിന് നല്ലത് പോലെ അറിയാം.
കേരളത്തിന്‍റെ ചരിത്രം നോക്കിയാല്‍ സിനിമക്കാര്‍ക്ക് രാഷ്ട്രീയം അല്പം പോലും പറ്റിയ മണ്ണല്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ചില സിനിമക്കാര്‍ ഇപ്പോള്‍ ഉണ്ടെന്നത് സത്യമാണ്. പക്ഷെ സിനിമയില്‍ അവരുടെ സ്പെയിസ് എന്ത് എന്ന് മനസിലാക്കുമ്പോള്‍ അവര്‍ എന്തുകൊണ്ട് രാഷ്ട്രീയത്തില്‍ വന്നു എന്നും മനസിലാക്കാം. 
സുരേഷ് ഗോപിയാണ് ഇപ്പോള്‍ സിനിമയില്‍ നിന്ന് എത്തിയ കേരളത്തിലെ സജീവമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍. സിനിമയില്‍ തിളങ്ങി നിന്ന തൊണ്ണൂറുകള്‍ മുതല്‍ തന്നെ സുരേഷ് ഗോപി വ്യക്തിപരമായി രാഷ്ട്രീയ താത്പര്യമുള്ള ആളായിരുന്നു. ആദ്യം കോണ്‍ഗ്രസിനോടും പിന്നീട് സിപിഎമ്മിലെ അച്യുതാനന്ദന്‍ വിഭാഗത്തോടും അടുപ്പം. സിനിമയില്‍ നിന്ന് രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ വിട്ടു നിന്ന സമയത്താണ് സുരേഷ് ഗോപി കൂടുതലായി രാഷ്ട്രീയത്തിലേക്ക് അടുക്കുന്നത്. ഏതാണ്ട് നാല് വര്‍ഷമാണ് സുരേഷ് ഗോപി സിനിമ ഉപേക്ഷിച്ച് മാറി നിന്നത്. പിന്നീട് ഭരത്ചന്ദ്രന്‍ ഐ.പി.എസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് രണ്ടാംവരവ് വന്നെങ്കിലും സിനിമയില്‍ പഴയ താരത്തിളക്കം സുരേഷ് ഗോപിക്ക് ലഭിച്ചില്ല. ചിന്താമണി കൊലക്കേസ് എന്ന 2006ലെ സിനിമയാണ് സുരേഷ് ഗോപിയുടെ അവസാന ഹിറ്റ് സിനിമ. തുടര്‍ന്നങ്ങോട്ട് കുറെക്കാലം നിര്‍ഗുണ സിനിമകളിലെ താരമായി സുരേഷ് ഗോപി. സിനിമ ഏറെക്കുറെ അവസാനിപ്പിച്ചപ്പോഴാണ് ടെലിവിഷന്‍ ഷോയുമായി സുരേഷ് ഗോപി എത്തുന്നത്. അവിടെ നിന്നും ബിജെപിയിലേക്കുള്ള വരവ് രാജ്യസഭാ എം.പി സ്ഥാനം ലഭിച്ചതിന് ശേഷമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായി സുരേഷ് ഗോപി സിനിമകള്‍ ചെയ്യുന്നതേയില്ല. ഈ സാഹചര്യത്തിലാണ് സജീവരാഷ്ട്രീയക്കാരനായി സുരേഷ് ഗോപി എത്തിയത്. 
സിനിമയില്‍ നിന്ന് എത്തി എം.എല്‍.എമാരായ മുകേഷനും ഗണേഷ് കുമാറിനും തികഞ്ഞ രാഷ്ട്രീയ പശ്ചാത്തലമുണ്ട് എന്നത് ശ്രദ്ധേയമാണ്. മുകേഷിന്‍റെ കുടുംബം തികഞ്ഞ ഇടത് രാഷ്ട്രീയകുടുംബം തന്നെയായിരുന്നു. ഗണേഷ്കുമാറിന്‍റെ അച്ഛന്‍ ബാലകൃഷ്ണപിള്ള കേരളത്തിലെ എണ്ണപ്പെട്ട രാഷ്ട്രീയ നേതാവും. ഈ രാഷ്ട്രീയ പശ്ചാത്തലമാണ് ഇവരെ രാഷ്ട്രീയത്തില്‍ തുണച്ചത്. എന്നാല്‍ രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ലാതെ തിരഞ്ഞെടുപ്പില്‍ ജയിച്ച സിനിമക്കാര്‍ ഇന്നസെന്‍റാണ്.  തൃശ്ശൂര്‍കാരന്‍ എന്ന പരിഗണനയിലാണ് ഇന്നസെന്‍റ് ഇലക്ഷനില്‍ ചാലക്കുടിയില്‍ നിന്ന് ജയിച്ചു കയറിയത്. സിനിമയില്‍ പഴയ തിരക്കിന് കുറവ് വന്നപ്പോഴാണ് ഇനിയെന്നാല്‍ രാഷ്ട്രീയം എന്ന തീരുമാനത്തിലേക്ക് ഇന്നസെന്‍റും എത്തിയത്. 
കേരളത്തില്‍ സിപിഎമ്മിനോട് ഏറ്റവും അടുത്ത നില്‍ക്കുന്ന സിനിമാ താരമാണ് മമ്മൂട്ടി. പലപ്പോഴും മമ്മൂട്ടിയോട് ഇലക്ഷനില്‍ നില്‍ക്കാന്‍ സമര്‍ദ്ദങ്ങള്‍ ഉണ്ടായപ്പോഴും മമ്മൂട്ടി വഴങ്ങിയിട്ടില്ല. ഇതേ സാഹചര്യം തന്നെയാണ് മോഹന്‍ലാലിന്‍റെയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് മോഹന്‍ലാല്‍. അഞ്ച് കോടിയാണ് ഒരു മലയാളം സിനിമയ്ക്ക് മോഹന്‍ലാലിന്‍റെ പ്രതിഫലം എന്നാണ് റിപ്പോര്‍്ട്ടുകള്‍. അന്യഭാഷകളില്‍ അഭിനയിക്കുന്നതിന് വീണ്ടും പ്രതിഫലം കൂടും. ഇത് കൂടാതെ നിര്‍മ്മാണ വിതരണ കമ്പിനികളുടെ പ്രവര്‍ത്തനങ്ങളുമുണ്ട്. നിലവില്‍ നാള്‍ക്ക് നാള്‍ മോഹന്‍ലാലിന്‍റെ സ്റ്റാര്‍ഡം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് മലയാള സിനിമയിലുള്ളത്. ഇപ്പോള്‍ തന്നെ മോഹന്‍ലാലിന്‍റെ കുഞ്ഞാലിമരയ്ക്കാര്‍ നൂറു കോടിയുടെ ബജറ്റിലാണ് നിര്‍മ്മിക്കപ്പെടുന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാറ്റ്ലൈറ്റും തീയറ്റര്‍ വാല്യുവും മോഹന്‍ലാലിന് തന്നെ. ഇങ്ങനെ  കരിയറിന്‍റെ ടോപ്പില്‍ നില്‍ക്കുന്ന മോഹന്‍ലാലിന് സുരേഷ് ഗോപിയുടെയോ, മുകേഷിന്‍റെയോ, ഗണേഷ്കുമാറിന്‍റെയോ അവസ്ഥയല്ല സിനിമയില്‍. 
സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ മോഹന്‍ലാല്‍ ഇറങ്ങിയാല്‍ അത് തികച്ചും ആത്മഹത്യാപരമാകും എന്നതില്‍ സംശയമില്ല. 
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ കേരളത്തിലെ പൊതുജനം അതെങ്ങനെ നോക്കി കാണുമെന്ന ഭയമാണ് മറ്റൊരു പ്രധാന പ്രശ്നം. കമിറ്റഡ് പൊളിറ്റീഷ്യന്‍ എന്ന നിലയില്‍ ഒരു സിനിമാ താരത്തെ നോക്കി കാണാനുള്ള വിശാല ഹൃദയമൊന്നും മലയാളിക്ക് ഇല്ല. മോഹന്‍ലാല്‍ പരാജയപ്പെടാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല. അതുകൊണ്ടു തന്നെ വെറുതെ മണ്ടത്തരം കാണിക്കാന്‍ മോഹന്‍ലാല്‍ തയാറാവില്ല എന്നത് നൂറു ശതമാനം ഉറപ്പാണ്. 
ഇതിന് പുറമെയാണ് പരസ്യമായ സംഘപരിവാര്‍ ബന്ധം കേരളത്തില്‍ മോഹന്‍ലാല്‍ എന്ന ഇമേജിന് ഏല്‍പ്പിക്കുന്ന പരിക്ക്. സുരേഷ് ഗോപിയെ പോലെ സിനിമയെ ഉപേക്ഷിച്ച് ഒരു സംഘപരിവാര്‍ ബന്ധത്തിലേക്ക് നീങ്ങാന്‍ മോഹന്‍ലാലിന് സാധിക്കില്ല. കേരളത്തിനുള്ളിലെ നിരവധിയായ ബിസ്നസുകള്‍, കേരളത്തിലുടനീളം തീയറ്ററുകളെ ആശ്രയിച്ച് നില്‍ക്കുന്ന വിതരണ കമ്പിനി, എല്ലാത്തിനും ഉപരിയായി എട്ടും പൊട്ടും തിരിയാത്ത മകനെ ഇപ്പോള്‍ സിനിമയില്‍ ഇറക്കിയും പോയി. അഭിനയ ശേഷി തൊട്ടുതെറിച്ചിട്ടില്ലാത്ത മകനെ ഒരു താരമാക്കണമെങ്കില്‍ ചില്ലറ പാടൊന്നും പോര. പണ്ട് സിനിമയില്‍ കത്തി നിന്ന സമീപത്ത് വെള്ളാപ്പള്ളി നടേശനോട് ചെറുതായിട്ടൊന്ന് ഉരസിയത് സുരേഷ് ഗോപിക്ക് വരുത്തിവെച്ച കുഴപ്പങ്ങള്‍ ചെറുതൊന്നുമല്ല. അപ്പോഴാണ് സിപിഎമ്മിനെ പിണക്കി ഒരു ബിജെപി ബന്ധത്തിന് മോഹന്‍ലാല്‍ ഇറങ്ങാന്‍ പോകുന്നത്. സുരേഷ് ഗോപിയെ സംബന്ധിച്ചിടത്തോളം ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്ത സാഹചര്യമായിരുന്നു. എന്നാല്‍ അതല്ലല്ലോ മോഹന്‍ലാലിന്‍റെ സ്ഥിതി. നഷ്ടപ്പെടാന്‍ ഏറെയുണ്ട്. അതുകൊണ്ട് തല്‍ക്കാലം മോദിയെ കണ്ടും പുഞ്ചിരിച്ചും ബ്ലോഗില്‍ നോട്ട് നിരോധനത്തെ പ്രശംസിച്ചും സംഘപരിവാര്‍ കുഴലൂത്ത് നടത്താം എന്നതിനപ്പുറം മോഹന്‍ലാല്‍ ഒരു ബിജെപി പരിപാടിക്ക് ഇറങ്ങാന്‍ പോകുന്നില്ല. ചുരുക്കി പറഞ്ഞാല്‍ മോഹന്‍ലാലിനെ കണ്ട് ബിജെപിക്കാര്‍ കേരളത്തില്‍ താമര വിരിയും എന്ന് പ്രതീക്ഷിക്കേണ്ട. 

Join WhatsApp News
Shame India 2019-02-02 23:32:53
ഈ ലേഖനം എഴുതിയ ശ്രീ ജയമോഹൻ, മോഹൻലാലിന്റെ വ്യക്തിപരമായ ഒരു ആരാധകനാണെന്ന് തോന്നുന്നു. മോഹൻലാൽ ഭാഗ്യവാനായ ഒരു മനുഷ്യനാണ്. സംശയമില്ല. ധനവാൻ. പ്രസിദ്ധീയുടെ കിരീടം അണിഞ്ഞ നടൻ എന്നെല്ലാം ശരി.

ബുദ്ധി ജീവികളെ നാം ആരാധിക്കാറുണ്ട്. ഒരു കലാകാരനെ സംബന്ധിച്ച് ബുദ്ധി വേണമെന്നില്ല. ഏതു പൊട്ടനും ജന്മനാ കഴിവുണ്ടെങ്കിൽ കലാകാരനാകാം. സുകുമാർ അഴിക്കോടിനെപ്പോലുള്ള ബുദ്ധി ജീവികളോട് ഏറ്റു മുട്ടിയാലും മുന്നോട്ടും പുറകോട്ടും ചിന്തിക്കേണ്ട ആവശ്യമില്ല. നാലാം ക്ലാസുകാരൻ മന്ത്രി മണി വരെ ഇന്ന് കേരളരാഷ്ട്രീയത്തിൽ പ്രശസ്തനാണ്. അദ്ദേഹവും പ്രശസ്തനായത് മോഹൻലാലിനെപ്പോലെ സമൂഹത്തിൽ എന്തെങ്കിലും ചെയ്തതുകൊണ്ടോ, ശാസ്ത്ര നേട്ടങ്ങൾകൊണ്ടോ ആയിരുന്നില്ല. 

അതിർത്തിയിൽ ഒരു വെടിപോലും പൊട്ടിക്കാതെ മോഹൻലാലിന് ആർമിയിൽ ലെഫ്ടനന്റ് പദവി കിട്ടി. രാവും പകലും അതിർത്തി കാക്കുന്നവനെ മാനിക്കുന്നുമില്ല. ഇദ്ദേഹത്തിന് പത്മ ഭൂഷണും നൽകി. എന്താണ് ഇദ്ദേഹം രാജ്യത്തിനു വേണ്ടി ചെയ്തത്. സിനിമയിൽ പട്ടാള ഓഫിസറായി അഭിനയിച്ചാൽ ഇന്ത്യയുടെ പരമോന്നത മിലിട്ടറി റാങ്കും അവാർഡുമൊക്കെ ലഭിക്കുമോ? 

ശാസ്ത്രത്തിലും ചാരിറ്റിയിലും സംഭാവന നല്കിയിട്ടുള്ളവർ നിരവധി പേരുണ്ട്. അവരെയൊന്നും മാനിക്കാതെ വെറും ഒരു സൂപ്പർ സ്റ്റാർ നടനെ രാഷ്ട്രം ഇത്തരം ശ്രെഷ്ഠ പദവികൾ നൽകി ആദരിക്കുന്നതും ലജ്ജാകരം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക