Image

നിലാവും നീലവെളിച്ചവും (നവീന സുഭാഷ്)

Published on 05 February, 2019
നിലാവും നീലവെളിച്ചവും (നവീന സുഭാഷ്)
ഇന്ന് എന്റെ മുറിയില്‍
ഒരസമയം കാവലിരിക്കുന്നുണ്ട്...

നീലവെളിച്ചത്തില്‍ അരണ്ട കടുപ്പത്തില്‍
ചില്ലിട്ട അലമാരയില്‍ നിന്ന്
താനേ ഇറങ്ങി വരുന്ന പുസ്തങ്ങള്‍ക്ക്
പൂമ്പാറ്റച്ചിറകുകള്‍...

ജനാലയ്ക്കരികില്‍ വന്ന് ആരുമെന്നെ
എത്തിനോക്കരുത്...

ഇപ്പോള്‍ പലകാലങ്ങള്‍ ഒന്നിച്ച്
ചിറകടിക്കുന്ന ഒറ്റ മുറിയില്‍ എന്റെ
ചിറകുകള്‍ കണ്ട് നിങ്ങള്‍ വിസ്മയിച്ചുപോകും...

അവിടെ രാത്രിപുഷ്പങ്ങള്‍ പരിമളങ്ങളെ
ഇളംകാറ്റാലാറ്റിക്കുറുക്കിയ തേന്‍തുള്ളികളെ
എന്റെ രസമുകുളങ്ങളിലേയ്ക്ക്
മഴത്തുള്ളികളെന്ന പോലെ ഇറ്റിച്ച്
എന്നെ രസിപ്പിക്കുന്നത് കണ്ട്
നിങ്ങള്‍ തേന്‍ചില്ലകളില്‍ കൂടുകൂട്ടാന്‍
ആക്കം കൂട്ടുന്ന മനസ്സുമായ് നിലാവത്ത് മഴനനയും...
.
നിങ്ങള്‍ മിന്നാമിനുങ്ങുകളാണെന്ന്
തെറ്റിദ്ധരിച്ച് ഞാനെന്റെ കണ്ണുകളെ
നക്ഷത്രങ്ങളാക്കാന്‍ പരിശ്രമിക്കും...

പുഴുക്കള്‍ സര്‍പ്പശലഭങ്ങളാകുന്ന
രാത്രിയുടെ യാമങ്ങളിലാണ് ഉടല്‍
വടിവുകളിലൂടെ നിശബ്ദത പടര്‍ന്നിറങ്ങുന്നതും..

ജനാലകളും വാതിലുകളും താനേ തുറക്കുന്നതും...
നീലവെളിച്ചം അകം വിട്ട് മഞ്ഞിറ്റിയ
പൂന്തോട്ടത്തിലൂടെ ആകാശയാത്ര നടത്തുന്നതും...

നിലാവും നീലവെളിച്ചവും നിലതെറ്റിയ
പ്രണയികളേപ്പോലെ ലയിച്ച് ലയിച്ച് പകലാകുന്നതും...
ഒക്കെ കണ്ട് കണ്ട് മയക്കം ഉറക്കമാകും
ഉറക്കം സ്വപ്നമാകും

സ്വപ്നങ്ങള്‍ നിങ്ങളില്‍ നിന്ന് അപഹരിക്കപ്പെടും...
ഇന്നത്തെ രാത്രിയില്‍ പുറത്തേക്കിറങ്ങരുത്...
അറിയാതെ നടന്നെത്തുന്നത്
ഒരസമയത്തിലേക്കാണെങ്കിലോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക