Image

ട്രോളന്‍ താരങ്ങളുമായി ബിജെപിയുടെ ഇലക്ഷന്‍ പോരാട്ടം; ഇക്കുറി താമര വിരിയുമോ എന്ന് കണ്ടറിയണം

ജയമോഹന്‍ എം Published on 07 February, 2019
ട്രോളന്‍ താരങ്ങളുമായി ബിജെപിയുടെ ഇലക്ഷന്‍ പോരാട്ടം; ഇക്കുറി താമര വിരിയുമോ എന്ന് കണ്ടറിയണം

അങ്ങനെ നീണ്ട ചര്‍ച്ചകള്‍ക്കും സമവായങ്ങള്‍ക്കും സമര്‍ദ്ദ തന്ത്രങ്ങള്‍ക്കുമൊടുവില്‍ കേരളത്തിലെ എന്‍ഡിഎ (ബിജെപി - ബിഡിജെഎസ്) തങ്ങളുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരിക്കുന്നു. ബിജെപിക്ക് 15 സീറ്റും ബിഡിജെഎസിന് നാല് സീറ്റും പി.സി തോമസിന് കോട്ടയം സീറ്റുമാണ് വിഭജനം ചെയ്തിരിക്കുന്നത്. ഇത്ര കൊട്ടിഘോഷിച്ച് മുന്നണിചര്‍ച്ച നടത്താനും സീറ്റ് വിഭജിക്കാനും ഇതിലേതെങ്കിലും സീറ്റില്‍ നിങ്ങളിപ്പോ ജയിക്കാന്‍ പോകുന്നുണ്ടോ എന്ന് ചോദിച്ചാല്‍ നേമം തന്നെയാണ് ബിജെപിയുടെ മറുപടി. ബിജെപി പഴയ ബീജെപിയല്ലത്രേ. എന്നാല്‍ നിയമസഭയില്‍ നേമം എം.എല്‍.എയും കേരളത്തിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ രാജഗോപാല്‍ജി പറയുന്നത് ആയുഷ്കാലത്ത് ബിജെപി കേരളം ഭരിക്കാന്‍ പോകുന്നില്ലെന്നാണ്. 
എന്തായാലും ഇക്കുറി ബിജെപിക്ക് പഴയത് പോലെയല്ല കാര്യങ്ങള്‍. ശബരിമല വിവാദങ്ങള്‍ താത്കാലികമായിട്ടെങ്കിലും ബിജെപിയെ ചെറുതായി തുണയ്ക്കുകയും കുറച്ച് വോട്ടുകള്‍ നല്‍കുകയും ചെയ്യുമെന്ന് തീര്‍ച്ച. ആ ബലത്തില്‍ ബിജെപി ലോക്സഭയിലൊരു താമര കേരളത്തില്‍ വിരിയിക്കുമോ എന്നതാണ് പ്രധാന ചോദ്യം. 
ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയാണ് ഇവിടെ ഏറ്റവും പ്രധാന തുറുപ്പ് ചീട്ട്. മറ്റ് രണ്ട് മുന്നണികള്‍ക്കുമില്ലാത്ത ഒരു പ്രത്യേകത ബിജെപി മുമ്പോട്ട് വെക്കുന്ന സ്ഥാനാര്‍ഥികളുടെ ലിസ്റ്റിനുണ്ട്. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും തിളങ്ങി തിളങ്ങി ഏറെ ജനശ്രദ്ധ നേടിയവരാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. എങ്ങനെ തിളങ്ങിയെന്നാല്‍ ട്രോളുകളുടെയും ആക്ഷേപഹാസ്യത്തിന്‍റെയും ഇരകളായിട്ടാണ് ഇവര്‍ തിളങ്ങിയിട്ടുള്ളത്. 
കുമ്മനടിയും കുമ്മോജിയും കൊണ്ട് പേരെടുത്ത കുമ്മനം രാജശേഖരന്‍, വാ തുറന്നാല്‍ അബദ്ധം മാത്രം പറഞ്ഞ് വെറുമൊരു കോമാളി പരിവേഷം സൃഷ്ടിച്ച സുരേഷ് ഗോപി, തലയില്‍ റിബണുമായി ചാനലുകളായ ചാനലുകളിലെല്ലാം കയറിയിറങ്ങുന്ന രാഹുല്‍ ഈശ്വര്‍, രാജാവില്ലെങ്കില്‍ പിന്നെയെന്ത് മന്ത്രിയാടോ എന്ന് ചോദിച്ചുകൊണ്ട് താനിപ്പോഴും ജയനും പ്രേംനസീറും സിനിമയില്‍ വന്നത് പോലും അറിഞ്ഞിട്ടില്ല എന്ന് തെളിയിച്ച സാക്ഷാല്‍ പന്തളം ശശികുമാര വര്‍മ്മ പിന്നെ സാക്ഷാര്‍ ടി.പി സെന്‍കുമാര്‍.... ഇവരൊക്കെയാണ് ഇത്തവണ ബിജെപിയുടെ രഹസ്യപ്പട്ടികയിലെ പേരുകാര്‍. ഇവര്‍ക്കൊപ്പം കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും മത്സരരംഗത്തുണ്ടാകും. 
എന്നാല്‍ കേരളത്തില്‍ ബിജെപിയുടെ താര സ്ഥാനാര്‍ഥികള്‍ ആദ്യം പറഞ്ഞവരായിരിക്കും. ഇവരെല്ലാം തന്നെ തീര്‍ത്തും ട്രെയിന്‍ഡ് പൊളിറ്റീഷ്യന്‍സ് അല്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയിലേക്ക് പറഞ്ഞു കേട്ട പേരാണ് രാഹുല്‍ ഈശ്വറിന്‍റേത്. സ്വയം ഒരു മോദി ഭക്തനായും ഹിന്ദു സമൂഹ രക്ഷനായിട്ടുമാണ് രാഹുല്‍ അവതരിച്ചിട്ടുള്ളത്. ശബരിമല സ്ത്രീപ്രവേശന വിധി വന്നപ്പോള്‍ അയ്യപ്പസ്വാമിയുടെയും രക്ഷകനായി. ചാനല്‍ ചര്‍ച്ചകളില്‍ മുള്ളാന്‍മുട്ടിയിട്ട് ഓടുന്ന സ്കൂള്‍കുട്ടിയെപ്പോലെ പെരുമാറുന്ന ചെറുക്കന്‍ എന്നാണ് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി ഈയിടെ രാഹുലിനെക്കുറിച്ച് പറഞ്ഞത്. വെറുതെ വാചടോപനം നടത്തുക എന്നതാണ് ചാനലുകളില്‍ രാഹുലിന്‍റെ രീതി. കാര്യമാത്ര പ്രസക്തമായ കണ്ടന്‍റ് സീറോയായിരിക്കും. എന്നാല്‍ സ്വന്തം ഒച്ചയുടെ പിന്‍ബലത്തില്‍ ചര്‍ച്ചകളില്‍ കസറും. സകല വേദങ്ങളിലെയും ശ്ലോകങ്ങള്‍ ഉരുവിടും. (ഇതൊക്കെ ഉള്ളതാണോ എന്തോ) പക്ഷെ അങ്ങനെ ജയിച്ച് ജയിച്ച് കയറിവരുമ്പോള്‍ ഏതെങ്കിലും എതിരാളികള്‍ പഴയ ചാനല്‍ ഷോയുടെ കാര്യം എടുത്തിടും. അതോടെ പരിപാടി ഠിം. പഴയ ഇക്കിളി ഷോ മലയാളി ഹൗസിന്‍റെ കാര്യമാണ് പറഞ്ഞത്. അതില്‍ പങ്കെടുത്തത് ഇന്നും രാഹുല്‍ ഈശ്വറിന് തീരാ കളങ്കമാണ്. ബിജെപിയിലെ ഒരു വിഭാഗത്തിന് രാഹുലിനെ താത്പര്യമില്ലാത്തതാണ് രാഹുല്‍ നേരിടുന്ന വലിയൊരു പ്രതിസന്ധി. 
പന്തളം ശശികുമാര വര്‍മ്മ ബിജെപിയുടെ കണ്ണില്‍ ഉടക്കുന്നത് ഈ ശബരിമല വിവാദത്തോടെയാണ്. എന്തുവിലകൊടുത്തും ശശികുമാര വര്‍മ്മയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ശബരിമല വിഷയത്തില്‍ ശശികുമാര വര്‍മ്മയുടെ നേതൃത്വത്തില്‍ പന്തളം രാജകുടുംബം പത്രസമ്മേളനം വിളിച്ചപ്പോള്‍ അവിടെ വെച്ച് സ്വയം ഒരു രാജാവായി തോന്നുകയും 'രാജാവില്ലെങ്കില്‍ പിന്നെ എന്ത് മന്ത്രി' എന്ന് ദേവസ്വം മന്ത്രിയെക്കുറിച്ച് ചോദിക്കുകയും ചെയ്തു ശശികുമാര വര്‍മ്മ. സ്ഥലകാലവിഭ്രമം പോലെയൊരു അവസ്ഥയായിരുന്നു ഈ നിമിഷങ്ങളില്‍ സംഭവിച്ചത്. എന്നാല്‍ വാ വിട്ട വാക്ക് തിരിച്ചെടുക്കാനൊക്കില്ലല്ലോ. അതോടെ ശശികുമാര വര്‍മ്മ നാട്ടുകാര്‍ക്കും ട്രോളന്‍മാര്‍ക്കും ചാനലുകാര്‍ക്കും നവോത്ഥാന പ്രാസംഗികര്‍ക്കുമെല്ലാം വെറും 'പന്തളം ശശി'യായി. ഒരു ട്രോള്‍ പ്രോപ്പര്‍ട്ടിയായ മാറിയ പാവം രാജകുമാരനായി ശശികുമാര വര്‍മ്മ. എങ്കിലും ബിജെപി ശശി മത്സരിപ്പിക്കാന്‍ ഒരുക്കമാണ്. പക്ഷെ തോറ്റുപോയാലോ എന്ന ശശിയുടെ ഭയം ഇതുവരെ സമ്മതം മൂളാന്‍ ശശിയെ അനുവദിച്ചിട്ടില്ല. തോറ്റാല്‍ 'രാജാവ് തോറ്റു' എന്ന പേരുദോഷം മിച്ചമാകും. 
പറയുമ്പോ സുരേഷ് ഗോപി സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയാണ്. പക്ഷെ അതൊക്കെ ഒരു വ്യാഴവട്ടം മുമ്പ്. ഇപ്പോ സുരേഷ് ഗോപി ഒരു സിനിമ കണ്ടിട്ട് തന്നെ കാലം കുറെയായി. അവസാനമായി ഒരു സിനിമ ഇറങ്ങിയത് അഞ്ച് കൊല്ലം മുമ്പ് എപ്പഴോ ആണ്. സിനിമയില്‍ ഗതികിട്ടാതെ രാഷ്ട്രീയ അഭയം തേടിയതാണ് ബിജെപിയില്‍. എന്നാല്‍ ബിജെപിക്ക് അങ്ങനെ പറയാന്‍ പറ്റുമോ. ബിജെപിക്കാര്‍ ഇപ്പോഴും സുരേഷ് ഗോപി ഭരത്ചന്ദ്രന്‍ ഐ.പി.എസും സൂപ്പര്‍സ്റ്റാറുമാണ്. എന്നാല്‍ നാട്ടുകാര്‍ അംഗീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം. 
കുമ്മനം രാജേശേഖരന്‍ എന്ന പേര് കേട്ടാല്‍ കേരളത്തിലെ സംഘപരിവാര്‍ വിരുദ്ധരൊക്കെ ഞെട്ടിവിറയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. തീവ്രഹിന്ദുത്വമുഖമായിരുന്നു രാജേട്ടന്‍ എന്ന കുമ്മനം. നിലയ്ക്കല്‍ പ്രക്ഷോഭം കൊണ്ട് കേരളത്തിലെ ന്യൂനപക്ഷങ്ങളെ വിറപ്പിച്ച ഘജാഘടിയന്‍. കേരളത്തില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ മോഡല്‍ ഹിന്ദുത്വ കളിക്കാനാണ് കുമ്മനത്തെ അമിത് ഷാ പിടിച്ച് സംസ്ഥാന അധ്യക്ഷനാക്കിയത്. പിറ്റേന്ന് തൊട്ട് പവനായി ശവമായി എന്ന പോലെയായി കാര്യങ്ങള്‍. നഴ്സറി കുട്ടികള്‍ക്ക് വരെ രാജേട്ടന്‍ ഒരു കാര്‍ട്ടുണ്‍ കഥാപാത്രം പോലെയായി മാറി. മോദിയുടെ കൂടെ മെട്രോ ട്രെയിനിലൊന്ന് കയറിയതേയുള്ളു കുമ്മനടി എന്ന യൂസേജ് വരെ മലയാളത്തിലുണ്ടായി. ട്രോളന്‍മാരുടെ പ്രീയതാരമായി കുമ്മനം. ഈ പാവത്തിനെയാണ് തീവ്രഹിന്ദുത്വമുഖം എന്നൊക്കെ പറഞ്ഞ് വെച്ചിരുന്നത് എന്ന മട്ടിലായി കാര്യങ്ങള്‍. 
അവസാനം കുമ്മനം പോരാ എന്ന് വന്നപ്പോള്‍ മിസോറാമിലേക്ക് അമിത് ഷാ കെട്ടുകെട്ടിച്ചു. പക്ഷെ കുമ്മനം പോയപ്പോഴാണ് ബാക്കിയുള്ളവര്‍ അതിലും കഷ്ടമാണെന്ന തിരിച്ചറിവുണ്ടായത്. അതോടെ കുമ്മനം തിരിച്ചു വരണമെന്നാണ് ആവശ്യം. ആവശ്യം പരിഗണിച്ച് കുമ്മനം രാജേട്ടനും ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കാന്‍ എത്തുമെന്ന് കരുതപ്പെടുന്നു. 
ഇങ്ങനെയൊക്കെയുള്ള താരങ്ങളുമായി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ മറ്റ് രണ്ട് മുന്നണികളേക്കാള്‍ സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ജനശ്രദ്ധ ബിജെപി നേടുമെന്ന് ഉറപ്പ്. പക്ഷെ വോട്ട് എത്ര നേടുമെന്ന് കണ്ടു തന്നെ അറിയണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക