Image

ഡിക്ക് ചേനിയുടെ റോളിന് ക്രിസ്റ്റിയന്‍ ബേലിന് ഓസ്‌ക്കര്‍ ലഭിക്കുമോ?- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 09 February, 2019
ഡിക്ക് ചേനിയുടെ റോളിന് ക്രിസ്റ്റിയന്‍ ബേലിന് ഓസ്‌ക്കര്‍ ലഭിക്കുമോ?- (ഏബ്രഹാം തോമസ്)
ഒരു റോളിന് വേണ്ടി 40 പൗണ്ട് വര്‍ധിപ്പിക്കുകയും കണ്‍പുരികങ്ങള്‍ ബഌച്ച്
ഉപയോഗിച്ച് വെളുപ്പിക്കുകയും ചെയ്യുക അപൂര്‍വമായാണ് ഒരു ചലച്ചിത്ര നടന്‍ ചെയ്യുക. ഏറെ മടിയോടെ സ്വീകരിച്ച മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചേനിയുടെ കഥാപാത്രം വൈസ് എന്ന ചിത്രത്തില്‍ അവതരിപ്പിക്കുവാന്‍ ക്രിസ്റ്റിയന്‍ ബേല്‍ എന്ന ബ്രിട്ടീഷ് നടന്‍ ഇതിന് തയ്യാറായി. മാത്രമല്ല കഷ്ടപ്പെട്ട് ശ്വാസോച്ഛാസം ചെയ്യുകയും മൂളലും ഞരക്കവും സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ കഥാപാത്രത്തിന്റെ ഈ ഭാവി ചേഷ്ടകള്‍ അമിതാഭിനയത്തിലേയ്ക്ക് വഴുതി വീഴാതിരിക്കുവാനും ശ്രദ്ധിച്ചു. ബേലിന്റെ പരിശ്രമങ്ങള്‍ ഓസ്‌കര്‍ അക്കാഡമി ശ്രദ്ധിക്കുകയും 2018 ലെ ഏറ്റവും നല്ല നായകവേഷ പ്രകടനങ്ങളില്‍ ഒന്നായി തിരഞ്ഞടുക്കുകയും ചെയ്തു. ഓസ്‌കര്‍ രാവില്‍ ബേല്‍ വിജയശ്രീലാളിതനാവാനുള്ള സാധ്യത 43% ആണ് നിരൂപകര്‍ പ്രവചിക്കുന്നത്. ബുഷ് സീനിയറിന്റെ വളരെ വിശ്വസ്തനും(മരിക്കുമ്പോഴും അടുത്ത് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്) ബുഷ് ജൂനിയറിന്റെ വൈസ് പ്രസിഡന്റുമായിരുന്ന ചേനി ശാരീരികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ എന്ന് മാധ്യമ റിപ്പോര്‍്ട്ടുകള്‍ പറയുന്നു. 78കാരനായ ചേനിയെ 45 കാരന്‍ ബേല്‍ യഥാര്‍ത്ഥമായി അവതരിപ്പിച്ചപ്പോള്‍ കടുത്ത നിരീക്ഷണവും വിമര്‍ശനവും നേടാന്‍ സാധ്യതയുണ്ടായിരുന്നു. പലര്‍ക്കും സുപരിചിതനായ വ്യക്തിയുമായി താരതമ്യം ചെയ്യുമ്പോള്‍ പാളിച്ചകള്‍ കണ്ടെത്തുക എളുപ്പമാണ്. ഈ പരീക്ഷയില്‍ ബേല്‍ വിജയിച്ചു എന്ന് ചിത്രം തെളിയിച്ചു.
ആദ്യം മടിച്ചുവെങ്കിലും ആഡം മക്കേയുടെ തിരക്കഥ വായിച്ചപ്പോള്‍ ആകൃഷ്ടനായി. ധാരാളം ഗവേഷണം നടത്തി. ചേനിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുവാന്‍ ഇത് പ്രേരണ നല്‍കി എന്ന് ബേല്‍ പറയുന്നു. തന്റെ അഭിനയം മോശമായാല്‍ ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്നും പിന്നീട് ആരും തന്നെ വിളിച്ചില്ലെന്ന് വരാമെന്നും അറിഞ്ഞുകൊണ്ടാണ് ചിത്രം ചെയ്തത് അതായിരുന്നു വലിയ പ്രചോദനം, ബേല്‍ പറയുന്നു.

മുമ്പ് 3 തവണ നോമിനേറ്റ് ചെയ്യപ്പെട്ടുവെങ്കിലും ഓസ്‌കര്‍ ലഭിച്ചിട്ടില്ല. നാലാമത് തവണ ഓസ്‌കര്‍ കനിയുമോ? ബയോപിക്കുകള്‍ റിലീസിനു മുമ്പും തിയേറ്ററുകളില്‍ എത്തിയതിന് ശേഷവും ഏറെശ്രദ്ധനേടാറുണ്ട്. ഓസ്‌കര്‍ വോട്ടര്‍മാരും ശ്രദ്ധാപുര്‍വ്വം ഈ ചിത്രങ്ങള്‍ക്ക് പരിഗണന നല്‍കുന്നു. വില്യം ഡഫോ പത്തൊമ്പതാം നൂറ്റാണ്ടിലെ വിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ് വാല്‍ഗോഗിനെ അവതരിപ്പിച്ചപ്പോള്‍(ചിത്രം-അറ്റ് ഇറ്റേണിറ്റീസ് ഗേറ്റ്) ഓസ്‌കര്‍ അവാര്‍ഡിന് പരിഗണിക്കുന്ന 5 നടന്മാരില്‍ ഒരാളായി. ജൂലിയന്‍ ഷ്‌നാബേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദക്ഷിണ ഫ്രാന്‍സില്‍ ചെലവഴിച്ച വാന്‍ഗോഗിന്റെ അവസാന വര്‍ഷങ്ങളാണ് വിഷയമായത്. പെയിന്റിംഗ് പഠിച്ചും ചിത്രകാരന്റെ കത്തുകള്‍ പഠിച്ചും യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ഷൂട്ടിംഗില്‍ പങ്കെടുത്തു. ഡഫോ കഥാപാത്രത്തെ അങ്ങേയറ്റം ഉള്‍ക്കൊള്ളുവാന്‍ പരിശ്രമിച്ചു.
വാന്‍ഗോഗ് ആരാണെന്നറിയാനല്ല, വാന്‍ഗോഗിനോട് ചേരുവാന്‍, അദ്ദേഹത്തിന്റെ സ്മരണയുടെ പ്രചോദനം ഉള്‍ക്കൊള്ളാനാണ് ശ്രമിച്ചത്. സ്‌ക്രീനില്‍ ഒരു പെയിന്റ് ബ്രഷുമായി വര്‍ണ്ണങ്ങളുടെയും വെളിച്ചത്തിന്റെയും നീര്‍ചുഴിയില്‍ വാന്‍ഗോഗിന്റെ ജീവിതത്തിന്റെയും കാലഘട്ടത്തിന്റെയും അന്തസത്ത യഥാര്‍ത്ഥമായി അവതരിപ്പിക്കുവാനായിരുന്നു ശ്രമം. കല ഒരു ഭാഷയാണെന്ന് വാന്‍ഗോഗ് വിശ്വസിച്ചു. കാഴ്ചയുടെ ഒരു രൂപയാണ് കഥ. നമ്മെ ഉണര്‍ത്തുവാനുള്ള ഒരു മാര്‍ഗമാണ് കല, ഡഫോ പറയുന്നു.

63 കാരനായ ഈ നടന് മൂന്ന് തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചുവെങ്കിലും അവാര്‍ഡ് ലഭിച്ചിട്ടില്ല. ഓസ്‌കര്‍ ലഭിക്കുവാനുള്ള സാധ്യത 8% മാത്രമാണെന്ന് നിരൂപകര്‍ പറയുന്നു.
37കാരനായ റാമി മാലേകിന്റെ ബൊഹീമിയന്‍ റാപ് ഷോഡിയിലെ അഭിനയം നടന് ഏറ്റവും നല്ല പ്രകടനത്തിനുള്ള നോമിനേഷന്‍ നേടിക്കൊടുത്തു. രാജ്ഞിയുടെ മുന്‍നിരക്കാരനും ആകര്‍ഷണീയരൂപ സൗകുമാര്യവും ഉള്ള ഫ്രെഡ്ഡി എന്ന കഥാപാത്രമാണ് മാലേക്കിന് പരിഗണന ലഭിക്കുവാന്‍ കാരണമായത്. ഗായകന്റെ പ്രസിദ്ധമായ ജമ്പ്‌സ്യൂട്ട് ഫ്രെഡ്ഡിക്ക് കൂടുതല്‍ ശ്രദ്ധ നേടാന്‍കാരണമായി.
വളര്‍ന്നു വരുന്നകാലത്ത് നേരിടേണ്ടിവന്ന പ്രശ്‌നങ്ങളും മാനസിക സംഘര്‍ങ്ങളും ചെറുപ്പക്കാരനായിരിക്കുമ്പോള്‍ ലണ്ടനിലെത്തിയതും ഉയര്‍ച്ച താഴ്ചകളും കഥാപാത്രത്തെ വ്യത്യസ്തനാക്കിയതായി മാലെക് പറയുന്നു. എപ്പോഴും പൊട്ടിത്തെറിക്കാന്‍ തയ്യാറായ വെടിമരുന്നായി ഫ്രഡ്ഡി മാറി. കഥാപാത്രത്തെ കൂടുതലറിയാന്‍ ആഗ്രഹിച്ചു. ഇപ്പോഴും ആഗ്രഹിക്കുന്നു, മാലെക് പറഞ്ഞു.

എ സ്റ്റാര്‍ ഈസ്‌ബോണില്‍ അഭിനയിക്കുവാന്‍ അതനിക്ക് താല്പര്യമില്ല എന്ന് ബ്രാഡ്‌ലി കൂപ്പര്‍ പറഞ്ഞു. കുറെയധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവിനെപോലെ കരുതുന്ന ക്ലിന്റ് ഈസ്റ്റ് വുഡ് ഈ ചിത്രം സംവിധാനം ചെയ്യുവാന്‍  തയ്യാറായപ്പോള്‍ കൂപ്പറിന് ഈ റോള്‍(ജാക്ക്‌സണ്‍ മെയ്ന്‍ എന്ന റോക്ക് സൂപ്പര്‍ സ്റ്റാര്‍) ഓഫര്‍ ചെയ്തപ്പോഴാണ് ഈ നടന്‍ നിരസിച്ചത്. അന്നെനിക്ക് 38 വയസായിരുന്നു. എനിക്ക് ഈ റോള്‍ ചെയ്യാനാവുമോ എന്ന് ഞാന്‍ സംശയിച്ചു.

2014 ലെ ക്ലിന്റ് ഈസ്റ്റ് വുഡ് ചിത്രം  ദ എലിഫന്റില്‍ കൂപ്പര്‍ അഭിനയിച്ചു. അതിന് ശേഷം ബ്രോഡ് വേയില്‍ രണ്ട് പ്രോജക്ടുകള്‍ ചെയ്തു. ഈ വര്‍ഷങ്ങളും അനുഭവങ്ങളും എസ്റ്റാര്‍ ഈസ് ബോണിന് തന്നെ തയ്യാറാക്കി എന്ന് കൂപ്പര്‍ പറയുന്നു. ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും സംവിധായകനും കൂപ്പറാണ്. തന്റെ ഭൂതകാലം തകര്‍ത്ത ഒരു മനുഷ്യന്‍, ദുശ്ശീലത്തിനടിമയായ മനുഷ്യന്‍, അതിനാല്‍ തന്നെ തകര്‍ക്കപ്പെടാനാവുന്ന ഫ്രെഡ്ഡിയായി കൂപ്പര്‍ തിളങ്ങി. കഥ എഴുതിയതും സംവിധായകനും താനായിരുന്നതിനാല്‍ പ്രകടനത്തിന് ഇവ കൂടുതല്‍ സഹായകമായി.

44 കാരനായ കൂപ്പര്‍ 4 തവണ  മുമ്പ് നോമിനേഷന്‍ നേടി. പക്ഷെ ഇതുവരെ ഓസ്‌കര്‍ അവാര്‍ഡ് നേടിയിട്ടില്ല. ഇത്തവണ സാധ്യത 31% ആണെന്ന് നിരൂപകര്‍ പറയുന്നു.
വിഗോ മോര്‍ട്ടെന്‍ സെന്‍ മൂന്നാമത് തവണയാണ് നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഓസ്‌കര്‍ ആദ്യമായി ഇത്തവണ നേടുവാനുള്ള സാധ്യത ഒരു ശതമാനമാണ് പ്രവചിക്കപ്പെടുന്നത്.
ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായി മാറാമായിരുന്ന നൈറ്റ് ക്ലബ് ബൗണ്‍ ടോണി വല്ലേലോംഗ(ടോണി ലിപ് എന്ന് മറു പേര്‍) ആയാസപ്പെട്ടാണ് നടക്കുന്നത്. എന്തും വാരിവലിച്ച് തിന്നുന്ന കഥാപാത്രം. ഒരു രംഗത്തില്‍ ടോണി ഒരു പിസ മുഴുവന്‍ നാലായി മടക്കി വായ്ക്കുള്ളിലേയ്ക്ക തിരുകിക്കയറ്റുന്നു. എല്ലാ പ്രശ്‌നങ്ങളും മുഷ്ടിമിടുക്കില്‍ തീര്‍ക്കാന്‍ കഴിയുമെന്ന് ടോണി വിശ്വസിക്കുന്നു. ടോണി ഒരു വികൃതകഥാപാത്രമായി മാറാതിരിക്കുവാന്‍ താന്‍ ശ്രദ്ധിച്ചതായി മോര്‍ട്ടെന്‍സെന്‍ പറഞ്ഞു. രസതന്ത്രം ഒരു രഹസ്യമാണ്. ഒന്നുകില്‍ നിങ്ങള്‍ക്കുണ്ടാവും. അല്ലെങ്കില്‍ ഉണ്ടാവില്ല. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത താളങ്ങളാണ്. എന്നാല്‍ ഇവ വിജയിപ്പിക്കുവാന്‍ അഭിനേതാക്കള്‍ക്ക് കഴിഞ്ഞു. ഇതാണ് ചിത്രത്തിന്റെ വിജയം, മോര്‍ട്ടെന്‍സന്‍ പറയുന്നു. ഇതൊരു യഥാര്‍ത്ഥ കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ്. ടോണിലിപ് എന്ന ബൗണ്‍സര്‍ ഡോണ്‍ ഷെര്‍ളി ദക്ഷിണി അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ടൂര്‍ നടത്തിയപ്പോള്‍ അയാളുടെ വാഹനം ഓടിക്കുവാനും സുരക്ഷ നല്‍കുവാനും നിയോഗിക്കപ്പെടുന്നു. ഡോണ്‍ ഷെര്‍ളി കറുത്ത വര്‍ഗക്കാരനായ പിയാനിസ്റ്റ് ആയിരുന്നു എന്ന വസ്തുത യഥാര്‍ത്ഥ സംഭവങ്ങള്‍ക്ക് ഉദ്വേഗത വര്‍ധിപ്പിക്കുന്നു.

ഡിക്ക് ചേനിയുടെ റോളിന് ക്രിസ്റ്റിയന്‍ ബേലിന് ഓസ്‌ക്കര്‍ ലഭിക്കുമോ?- (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക