Image

സുനാമിയില്‍ നിന്നു ജോയി ചെമ്മാച്ചേല്‍ കഷ്ടിച്ചു രക്ഷപ്പെട്ട കഥ

Published on 09 February, 2019
സുനാമിയില്‍ നിന്നു ജോയി ചെമ്മാച്ചേല്‍ കഷ്ടിച്ചു രക്ഷപ്പെട്ട കഥ
ജോയി ചെമ്മാച്ചേലുമായി എന്തെങ്കിലും തരത്തില്‍ സൗഹ്രുദമില്ലാത്ത ആരും അമേരിക്കയില്‍ ഉണ്ടാവാനിടയില്ല. അതിനാല്‍ അദ്ധേഹം ഇ-മലയാളിയുടെയും അതിനു മുന്‍പ് മലയാളം പത്രത്തിന്റെയും ഉറ്റമിത്രമായിരുന്നു എന്നു പറയുന്നതില്‍ വാര്‍ത്തയൊന്നും ഇല്ല. സൗഹ്രുദം മാത്രമല്ലവാര്‍ത്തകളുടെ മികച്ച സ്രോതസ് കൂടി ആയിരുന്നു ജോയി ചെമ്മാച്ചേല്‍.

1997-98 കാലഘട്ടത്തില്‍ ചിക്കാഗോയിലെ മലയാളികളുടെ പ്രമുഖ വ്യവസായം ഗ്യാസ് സ്റ്റേഷനുകളായിരുന്നു. ഇതു അഭിമാനകരമാണെന്നും അതേപറ്റി മലയാളം പത്രത്തില്‍ എഴുതണമെന്നും ജോയി നിര്‍ബന്ധം പിടിച്ചു. അങ്ങനെ ഈ ലേഖകനും മലയാളം പത്രം സാരഥി ജേക്കബ് റോയിയും ചിക്കാഗോയിലെത്തി. ജോയിയുടെ വീട്ടില്‍ താമസം. ജോയി തന്നെ ഗ്യസ് സ്റ്റേഷനുകളിലും ഉടമകളുടെ വീടുകളിലും കൊണ്ടു പോകും. ഉടമകളുമായും ജോലിക്കാരുമായുമൊക്കെ സംസാരിച്ചു. നേട്ടങ്ങളും പ്രശ്‌നനങ്ങളും  മനസിലാക്കി. അത് ഒരു പരമ്പരയായി പത്രം പ്രസിദ്ധീകരിച്ചു.

പരമ്പര കുറച്ചു വിവാദങ്ങളുണ്ടാക്കുകയും ചെയ്തു. പ്രത്യേകിച്ച് ഗ്യാസ് സ്റ്റേഷനുകളില്‍ ജോലിക്കു നിന്നവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ചില തൊഴിലാളികള്‍ പണം മോഷ്ടിക്കുന്നതു സംബന്ധിച്ച പരാമര്‍ശങ്ങാളായിരുന്നു വിവാദമായത്.
എന്തായാലും എണ്ണപ്പാടങ്ങള്‍ ഇടക്കാലത്തു കണ്ണീപാടങ്ങളായെന്നുചരിത്രം.

2004-ല്‍ സുനാമിയില്‍ നിന്നു ജോയി രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നുവെന്നത് മറ്റൊരു ചരിത്രം. മാതാവിന്റെ ഭക്തനായ ജോയി പതിവു പോലെ വേളങ്കണ്ണിക്കു പോയതാണ്. സുനാമിത്തിരകള്‍ പൊങ്ങി പള്ളിക്കു ചുറ്റുമുണ്ടായിരുന്ന നൂറു കണക്കിനാളുകളെ കടലിലേക്കു വലിച്ചു കൊണ്ടു പോയപ്പോള്‍ പള്ളിയുടെ രണ്ടാംനിലയില്‍ കയറിയതിനാല്‍ ജോയി കഷ്ടിച്ചു രക്ഷപ്പെട്ടു. മാതാവ് കാത്തു എന്നു തന്നെ ജോയി വിശ്വസിച്ചു. നന്ദി സൂചകമായി തല മൊട്ടയടിച്ചാണു മടങ്ങിയത്.

അന്ന് അവിടെ കണ്ട ദ്രുശ്യങ്ങള്‍ വിവരിക്കാനാവാത്തതാണെന്നു ജോയി പറഞ്ഞു. തിരകള്‍ ഇറങ്ങിയപ്പോള്‍ ബന്ധുക്കള്‍ നഷ്ടപ്പെട്ട സ്ത്രീകളും മറ്റും നെഞ്ചത്തലച്ചു പള്ളിക്കുള്ളിലെത്തി അലമുറയിട്ടു. 'നിന്നെ (മാതാവ്) വിശ്വസിച്ചല്ലേ ഞങ്ങള്‍ വന്നത്. എന്നിട്ടും ഞങ്ങളോടു ഇങ്ങനെ ചെയ്തത് എന്ത്' എന്ന രോഷാകുലമായ ആവലാതി ആണ് അവരില്‍ നിന്ന് ഉയര്‍ന്നത്.

ഇത് മലയാളം പത്രത്തില്‍ ഫീച്ചറായി എഴുതി. നേരിട്ടുള്ള അനുഭവമാണല്ലോ എന്നു കരുതി ഇന്ത്യാ എബ്രോഡ് പത്രത്തില്‍ ഇംഗ്ലീഷിലും എഴുതി.

പത്രം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ പത്രാധിപര്‍ക്ക് ഒരു ഈ-മെയില്‍ വന്നു. എഴുതിയതൊന്നും സത്യമല്ല. ലേഖകനും ജോയിയും സുഹ്രുത്തുക്കളാണ്. അതിനാല്‍ അവര്‍ ഉണ്ടാക്കിയ കഥയാണിതെന്ന്.

അത് വായ്ച്ച് ജോയി അസ്വസ്ഥനായി. പോയി എന്നതിനു തെളിവ് തരാം എന്നായി. അതിന്റെ ആവശ്യമില്ല, ഏതോ ഒരു മലയാളി പാര സ്വാഭാവം കാണിച്ചാല്‍ അത് ആരു വിലമതിക്കുന്നു എന്നു ലേഖകനും പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ ഫോമാ കണ്വന്‍ഷനില്‍ കര്‍ഷക ശ്രീ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോഴാണു അവസാനമായി കണ്ടത്. അപ്പോള്‍ അത്രയൊന്നും അവശത തോന്നിയില്ല. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ രോഗം വര്‍ദ്ധിത ശക്തിയോടെ തിരിച്ചെത്തി.

നല്ലവരെ ദൈവം ആദ്യം വിളിക്കുന്നു എന്ന്  പറഞ്ഞു നാം ആശ്വസിക്കാറുണ്ട്. ജോയിയുടെ കാര്യത്തില്‍ അതു സത്യം തന്നെ. (ജിജെ )
--------------
നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് എല്‍.പി.സ്‌ക്കൂളില്‍ പ്രാധമിക വിദ്യാഭ്യാസം സെന്റ്, സ്റ്റീഫന്‍സ് യുപി സ്‌ക്കൂള്‍, സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ കൈപ്പുഴ, സി.എം.എസ്. കോളജ് കോട്ടയം എന്നിവിടങ്ങളിലെ പഠനത്തിനുശേഷം അമേരിക്കയിലെത്തിയശേഷവും പഠനം തുടര്‍ന്നു. ഡെവ്‌റി ഇന്‍സ്റ്റിറ്റ്യൂട്ട് ചിക്കാഗോ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇല്ലനോയ് യൂണിവേഴ്‌സിറ്റി എന്നിവയില്‍ പഠനം. ആദ്യ ജോലി വെയര്‍ ഹൗസ് ക്ലബ് ഓഫ് ചിക്കാഗോയില്‍, പിന്നീട് ജനറല്‍ മാനേജരായി. 1995 ല്‍ സ്വന്തമായി ബിസിനസ് തുടങ്ങി.

അമേരിക്കയിലെ തൊഴിലിനൊപ്പം നാട്ടില്‍ അന്‍പത് ഏക്കറിലധികം വരുന്ന കാര്‍ഷിക ഫാമും നടത്തുന്നു. ജെ.യെസ് ഫാംസ് ഇന്ന് കേരളത്തിന്റെ സമ്മിശ്ര കൃഷിയുടെ പരിഛേദം കൂടിയാണ്.

കോളേജ് വിദ്യാഭ്യാസമയത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവം . അമേരിക്കയിലെത്തിയശേഷം സജീവമായി സാമൂഹ്യ പ്രവര്‍ത്തനരംഗത്ത്.

1986 ല്‍ കെ.സി.വൈ.എല്‍ ചിക്കാഗോയുടെ സ്ഥാപക പ്രസിഡന്റായി. 1991 ല്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്, 1992 ല്‍ അമേരിക്കയിലെ ആദ്യത്തെ മലയാളം ചാനല്‍ പ്രണാം ഭാരത് ടിവി അന്തരിച്ച കോട്ടയം ജോസഫും ചേര്‍ന്ന് ആരംഭിച്ചു.

1992 ല്‍ സജീവമായി പത്രപ്രവര്‍ത്തന മേഖലയിലേക്ക്. മാസപുലരി മാസിക എഡിറ്റോറിയല്‍ അംഗം, കേരളാ എക്‌സ്പ്രസ്, ജനനി എന്നി മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ നിലയില്‍ പ്രവര്‍ത്തനം സജീവമായി.

1999 ല്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അന്തര്‍ സംസ്ഥാന നൃത്ത മഹോത്സവം ചെയര്‍മാന്‍. 2000 ല്‍ ഫൊക്കാന നാഷ്ണല്‍ കമ്മറ്റി അംഗം, ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, 2014 ല്‍ ഫൊക്കാനാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ തുടങ്ങി നിരവധി പദവികള്‍ മനോഹരമാക്കി.

2002 മുതല്‍ ചലച്ചിത്ര സീരിയല്‍ രംഗത്ത് സജീവമായി. കണ്‍മണി, മാനസം, ശാന്തം ഈ സ്‌നേഹ തീരത്ത്, മാതൃസ്പന്ദനം, നാണപ്പന്‍ ഓണ്‍ലൈന്‍, സ്പ്നം തുടങ്ങി സീരിയലുകളില്‍ നായകന്‍, ജയരാജിന്റെ ഫോര്‍ ദി പീപ്പിള്‍, തിളക്കം, ബിജു. സി. കണ്ണന്റെ ചായം, തഥ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍.

2004 ല്‍ സുനീഷ് നീണ്ടൂര്‍ സംവിധാനം ചെയ്ത നൊമ്പരം എന്നീ സിനിമയില്‍ നായകനായി. വ്യത്യസ്തങ്ങളായ കാലഘട്ടത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിന് ആന്ധ്രാ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി ഈ ചിത്രം.

ചെറുതും വലതുമായ നിരവധി പുരസ്‌കാരങ്ങള്‍ ജോയി ചെമ്മാച്ചേലിനെ തേടി എത്തിയിട്ടുണ്ട്. ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍ ഉഗ്മയുടെ 2002- ലെ ജീവകാരുണ്യ അവാര്‍ഡ്, 2002-ലെ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്, 2002 ലെ ദൃശ്യയുടെ മികച്ച പ്രവാസി നടനുള്ള അവാര്‍ഡ്, 2002 ല്‍ മികച്ച നടനുള്ള എംടിവി അവാര്‍ഡ്, 2003 ല്‍ ക്രിട്ടിക്‌സ് അവാര്‍ഡ്, 2004 ല്‍ മികച്ച ടെലി സിനിമാ ക്രിട്ടിക്‌സ് അവാര്‍ഡ്, 2005 ല്‍ തമിഴ്‌നാട് ഗവണ്‍മെന്റിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ജോയിചെമ്മാച്ചേല്‍ പങ്കാളിയായ 'കണ്ണാടിപ്പൂക്കള്‍' സിനിമയ്ക്ക് ലഭിച്ചു. 2005 ല്‍ ഫൊക്കാനാ ഫിലിം അവാര്‍ഡ്, 2005 ല്‍ മികച്ച നടനുള്ള ആന്ധ്രാ ക്രിട്ടിക്‌സ് അവാര്‍ഡ്, 2006 ല്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 'അഗാപ്പെ' അവാര്‍ഡ്, 2006 ല്‍ മികച്ച പ്രവാസി ടെലിവിഷന്‍ പ്രോഗ്രാമിന്(അമേരിക്കന്‍ ജാലകം-ഏഷ്യാനെറ്റ്) ക്രിട്ടിക്‌സ് അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ മികച്ച മത്സ്യ കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, പുരസ്‌കാരങ്ങള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ജോയി ചെമ്മാച്ചേലിനെ തേടി എത്തിയിട്ടുണ്ടെങ്കിലും താന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് സാധാരണ ജനങ്ങളുടെ മന:സന്തോഷത്തിലാണെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്നു.

1999 ല്‍ കേരള സര്‍ക്കാരിന്റെ മൈത്രിഭവന പദ്ധതിയുമായി സഹകരിച്ച് നിര്‍ദ്ധനരായവര്‍ക്ക് 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ ജീവകാരുണ്യപ്രവര്‍ത്തനം 2004 ല്‍ സ്വന്തം വീട് നിര്‍മ്മിച്ചപ്പോള്‍ 52 വീടുകള്‍ നിര്‍ധനരായവര്‍ക്ക് നിര്‍മ്മിച്ചു നല്‍കി ജോയി മാതൃകകാട്ടി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും തുടരുന്ന പഠനസഹായം, വികാലാംഗരായവര്‍ക്ക് വാഹനങ്ങള്‍ നല്‍കി സഹായം, നൂറോളം കുടുംബങ്ങള്‍ക്ക് ആയുഷ്‌കാല റേഷന്‍ വാങ്ങുവാന്‍ ധനസഹായം എല്ലാ മാസവും എത്തിക്കുന്നു. 2006 ല്‍ വികലാംഗരായ കുട്ടികള്‍ക്ക് വീല്‍ചെയറുകള്‍ നല്‍കി കൂടാതെ അന്‍പതിലധികം വ്യക്തികള്‍ക്ക് ഇപ്പോഴും തുടരുന്നു വൈദ്യസഹായം.

ജെ.യെസ് ഫാംസ് ആരംഭിച്ചശേഷം ഈ സഹായം കോട്ടയം നീണ്ടൂരിലെ വിവിധ വീടുകളിലേക്കും നീളുന്നു. ഇപ്പോള്‍ ഈ നാടിന്റെ അഭിമാനമാകുന്നു ജോയി ചെമ്മാച്ചേലും അദ്ദേഹത്തിന്റെ കൃഷിഗ്രാമവും കാര്‍ഷിക മ്യൂസിയവും. മണ്ണ് പൊന്നു തരുന്നു അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍. പണ്ട് നാട്ടില്‍ അല്പം മണ്ണ് വാങ്ങിയപ്പോള്‍ കളിയാക്കിയവര്‍ ഇന്ന് മൂക്കത്ത് വിരല്‍വയ്ക്കുന്നു. അസൂയപ്പെടുന്നു. ടാഗോര്‍ പാടിയത് സത്യമായി ''കനവുഴുതുമറിക്കുന്ന കര്‍ഷകനൊപ്പം, പാറപൊട്ടിച്ച് പാതയൊരുക്കുന്നവനൊപ്പം ഈശ്വരന്‍ നിലകൊള്ളുന്നു.'' ഹരിതഭംഗിയുള്ള ഒരു വിസ്മയഭൂമിയൊരുക്കിയ ജോയി ചെമ്മാച്ചേല്‍ ഫൊക്കാനയുടെ വൈസ് പ്രസിഡന്റായപ്പോള്‍ ധന്യമാകുന്നത് അമേരിക്കയിലെ മഹത്തായ ഒരു സാംസ്‌കാരിക പ്രസ്ഥാനം കൂടിയാണ്. ഫൊക്കാനായുടെ എല്ലാ അംഗങ്ങളും ഒന്നിച്ചെത്തിയാലും ജോയി ചെമ്മാച്ചേലിന്റെ ജെ.യെസ് ഫാമില്‍ ഇനിയും ഇടം ബാക്കി...

നടന്‍, കലാകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ബിസിനസുകാരന്‍- സര്‍വ്വോപരി ഒരു നല്ല കര്‍ഷകന്‍- മണ്ണിന്റെ മണമുള്ള ഒരു കൂട്ടുകാരന്‍. ജോയി ചെമ്മാച്ചേല്‍!
സുനാമിയില്‍ നിന്നു ജോയി ചെമ്മാച്ചേല്‍ കഷ്ടിച്ചു രക്ഷപ്പെട്ട കഥസുനാമിയില്‍ നിന്നു ജോയി ചെമ്മാച്ചേല്‍ കഷ്ടിച്ചു രക്ഷപ്പെട്ട കഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക