Image

വിവാഹ തട്ടിപ്പുകാര്‍ക്ക് മൂക്കുകയറിടുന്ന വിവാഹ രജിസ്‌ട്രേഷന്‍ ബില്‍ രാജ്യസഭയില്‍

പി.പി. ചെറിയാന്‍ Published on 14 February, 2019
വിവാഹ തട്ടിപ്പുകാര്‍ക്ക് മൂക്കുകയറിടുന്ന വിവാഹ രജിസ്‌ട്രേഷന്‍ ബില്‍ രാജ്യസഭയില്‍
ഡല്‍ഹി: അമേരിക്ക ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരത്വമുള്ളവരും, വിദേശ പൗരത്വം സ്വീകരിച്ചവരും ഇന്ത്യന്‍ യുവതികളെ വിവാഹം കഴിക്കുകയാണെങ്കില്‍ മുപ്പതു ദിവസത്തിനകം നിര്‍ബന്ധമായും റജിസ്ട്രാര്‍ ചെയ്തിരിക്കണമെന്ന കര്‍ശനവ്യവസ്ഥകള്‍ ഉള്‍കൊള്ളുന്ന വിവാഹരജിസ്‌ട്രേഷന്‍ ബില്‍ വിദേശ കാര്യ വകുപ്പുമന്ത്രി സുഷ്മ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു. ഫെബ്രുവരി 11 ന് അവതരിപ്പിച്ച ബില്‍ ചര്‍ച്ചകള്‍ക്കുശേഷം ഭൂരിപക്ഷത്തോടെ പാസ്സാകുമെന്ന് മന്ത്രി അവകാശപ്പെട്ടു.

ഇന്ത്യന്‍ യുവതികള്‍ക്കു സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീധനവും, സ്വര്‍ണ്ണാഭരണങ്ങളും കൈവശപ്പെടുത്തി വധുവിനെ ഇന്ത്യയില്‍ ഉപേക്ഷിച്ചു വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഇത്തരമൊരു നിയമം നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

വിവാഹത്തിന് ശേഷം വിദേശത്തേക്കു കൊണ്ടു പോകാം എന്ന വാഗ്ദാനവും പ്രതീക്ഷിച്ചു വര്‍ഷങ്ങളായി കഴിയുന്ന നിരവധി യുവതികളുടെ കണ്ണീരില്‍ കുതിര്‍ന്ന കഥകളും ഈ ബില്ലിന് പ്രചോദനമായിരുന്നു.

വിവാഹം രജിസ്ട്രര്‍ ചെയ്യാതെ കടന്നുകളയുന്നവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനും, വിദേശ യാത്ര നിഷേധിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 1967 മുതല്‍ നിലവിലുള്ള പാസ്‌പോര്‍ട്ട് ആക്ടും, 1973 മുതല്‍ നിലവിലുള്ള കോഡ് ഓഫ് ക്രിമിനല്‍ നടപടികളും ഭേദഗതി ചെയ്യും. നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിന് സമന്‍സും വാറണ്ടും പുറപ്പെടുവിക്കുന്നതിനുള്ള നിയമവ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹതട്ടിപ്പിന് തടയിടുന്ന ഈ ബില്‍ രാജ്യസഭയില്‍ ഭരണപക്ഷവും, പ്രതിപക്ഷവും ഒന്നിച്ചു പാസ്സാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വിവാഹ തട്ടിപ്പുകാര്‍ക്ക് മൂക്കുകയറിടുന്ന വിവാഹ രജിസ്‌ട്രേഷന്‍ ബില്‍ രാജ്യസഭയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക