Image

സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകം (ലേഖനം: സാം നിലമ്പള്ളില്‍)

Published on 15 February, 2019
സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകം (ലേഖനം: സാം നിലമ്പള്ളില്‍)
കള്ളംപറയുന്നവനെ കണ്ടാല്‍ പോലീസുകാരനുമാത്രമല്ല ബുദ്ധിയുള്ളവും മനസിലാകും അവന്‍ ഫ്രോഡാണെന്ന്. അതുപോലെയാണ് സാഹിത്യത്തിലുള്ള ഫ്രോഡുകളെ കണ്ടാല്‍ വായനക്കാരനും തിരിച്ചറിയുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും എന്നപോലെ സാഹിത്യത്തിലും കള്ളനാണയങ്ങള്‍ ധാരാളമായിട്ടുണ്ട്. അവരാണ് വിമര്‍ശനം സഹിക്കാന്‍ വയ്യാത്ത കൂട്ടര്‍. കുറെനാളുകള്‍ക്കു മുന്‍പ് അമേരിക്കന്‍ മലയാളികളുടെ സാഹിത്യ അഭ്യാസങ്ങളെ വിമര്‍ശ്ശിച്ചുകൊണ്ട് ഞാനെഴുതിയ ലേഖനം ചിലര്‍ക്കൊക്കെ കാഞ്ഞിരക്കുരു കടിച്ചതുപോലെയാണ് തോന്നിയത്. വിമര്‍ശ്ശനങ്ങളെ അതിന്റെ അര്‍ഥത്തില്‍ സ്വീകരിച്ചെങ്കിലേ നല്ലകൃതികള്‍ ഉണ്ടാകത്തുള്ളു. കേസരിമുതല്‍ ഇങ്ങേയറ്റത്തുള്ള കെ.പി. ശങ്കരന്‍ വരെയുള്ള നിരൂപകന്മാര്‍ നിശ്ശിതമായി വിമര്‍ശ്ശച്ചതിന്റെ ഫലമാണ് മലയാളസാഹിത്യം ഇന്നത്തെ വളര്‍ച്ചയിലെങ്കിലും എത്തിയത്.

അടുത്തകാലത്ത് കേരളസാഹിത്യ അക്കാഡമിയുടെ അവാര്‍ഡ് കിട്ടിയ നാല് നോവലുകളെപറ്റി മുന്‍പൊരു ലേഖനത്തില്‍ പരാമര്‍ശ്ശിക്കയുണ്ടായി. സു‘ാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’, കെ.ആര്‍. മീരയുടെ ‘ആരാച്ചാര്‍’, ബെന്യാമിന്റെ ‘ആടുജീവിതം’, ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ ഇവയായിരുന്നു എന്റെ നിരൂപണത്തിന് വിധേയമായ നോവലുകള്‍. ഇതില്‍ ടി.ഡിയുടെ നോവലൊഴിച്ച് ബാക്കിമൂന്നും അവാര്‍ഡിന് അര്‍ഘമായത് അല്ലായിരുന്നു എന്ന അഭിപ്രായമാണ് എനിക്കുണ്ടായത്. എന്ത് ക്വാളിറ്റിയുടെ പേരിലാണ് ഈ നോവലുകള്‍ക്ക് പാരിതോഷികം നല്‍കിയതെന്ന് മനസിലായതേയില്ല. ഒരുപക്ഷേ, അര്‍ഘമായ മറ്റുകൃതികള്‍ ഇല്ലാഞ്ഞതിന്റെ പേരിലായിരിക്കാം തമ്മില്‍ഭേദം തൊമ്മനെന്ന രീതിയില്‍ പരിഗണിച്ചതാകാം. ചരടുവലികള്‍ നടന്നിട്ടുണ്ടോയെന്ന് നമുക്കറിയില്ലല്ലോ.

അമേരിക്കന്‍ മലയാളികളുടെ കൃതികളെല്ലാം മോശമാണെന്ന അഭിപ്രായം എനിക്കില്ല. ഉദാഹരണത്തിന് സാംസി കൊടുമണ്‍ എഴുതിയ ‘പ്രവാസികളുടെ ഒന്നാം പുസ്തകം’ ഞാന്‍ വായിച്ചുകഴിഞ്ഞതേയുള്ളു. സാഹിത്യ അക്കാഡമിയുടെ അവാര്‍ഡുകിട്ടിയ നോവലുകളേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് ഈകൃതി എന്നതില്‍ സംശയമില്ല. വായിച്ചുകഴിഞ്ഞപ്പോള്‍തന്നെ ഞാന്‍ കഥാകൃത്തിനെ വിളിച്ച് അഭിനന്ദനം രേഖപ്പെടുത്തുകയുണ്ടായി. അടുത്തവര്‍ഷത്തെ അവാര്‍ഡിനായി കൃതി സമര്‍പ്പിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ചെറിയ ചെറിയ വാചകങ്ങളില്‍കൂടി ഒരുമഹാകാവ്യമാണ് സാംസി എഴുതിയിരിക്കുന്നത്. അര്‍ഥമില്ലാത്ത വാചകക്കസര്‍ത്ത് നടത്തി വായനക്കാരനെ വിഢിയാക്കുന്ന അവാര്‍ഡ്‌ജേതാക്കളുടെ മാര്‍ക്ഷം എഴുത്തുകാരന്‍ സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഓരോവാചകങ്ങളും അര്‍ത്ഥഗാംഭീര്യം പുലര്‍ത്തുന്നവയാണ്. ഇവിടെ സുഭാഷ് ചന്ദ്രന്റെ നോവലിലെ അരപേജുവീതംവരുന്ന രണ്ടു സെന്റന്‍സുകള്‍ ഓര്‍ത്തുപോകുകയാണ്. ആ ഭാഗം ഞാന്‍ പലതവണവായിച്ചെങ്കിലും ഒന്നും മനസിലാക്കാന്‍ സാധിച്ചില്ല. അവസാനം എന്റെ ബുദ്ധിയില്ലായ്മ എന്ന് സമാധാനിച്ച് വായിച്ചുപോകുകയാണ് ഉണ്ടായത്. അതുപോലെയാണ് മീരയുടെ ആരാച്ചാര്‍ വായിച്ചപ്പോഴും. അവര്‍ഡ് കിട്ടിയ നോവലെന്നതുകൊണ്ട് മാത്രമാണ് ഞാനാനോവല്‍ വായിച്ചുതീര്‍ത്തത്. സാംസി ഇവരേക്കാളൊക്കെ എത്രയോകാതം മുന്നിലാണ് ചിന്തിക്കുന്നതെന്ന് മനസിലായപ്പോള്‍ അഭിനന്ദിക്കാതിരിക്കാന്‍ സാധിച്ചില്ല.

ജീവിതത്തിന്റെ എല്ലാമേഖലകളിലും എന്നപോലെ സാഹിത്യത്തിലും സത്യസന്ധത ആവശ്യമാണ്. എഴുതാന്‍ ആശയങ്ങള്‍ ഇല്ലാത്തവനാണ് ഭാഷകൊണ്ട് കസര്‍ത്തു കാണിക്കുന്നത്. ഇക്കൂട്ടര്‍ കഥയും കവിതയും എഴുതാതെ രാഷ്ട്രീയപാര്‍ട്ടികളുടെ നോട്ടീസെഴുതുകയോ കല്യണങ്ങള്‍ക്ക് മംഗളപത്രം തയ്യാറാക്കിയോ തങ്ങളുടെ സാഹിത്യത്വര ബഹിര്‍ക്ഷമിപ്പിക്കുകയാണ് നല്ലത്. കഥാകാരനാകാന്‍ ഭാഷാപാഠിത്യം ആവശ്യമില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് മലയാളത്തിന്റെ മഹാനായ സാഹിത്യകാരന്‍ ബഷീര്‍. അദ്ദേഹത്തിന് എഴുതാന്‍ വിഷയങ്ങള്‍ ഉണ്ടായിരുന്നു. ദേശാടനക്കിളിയെപ്പോലെ ഇന്‍ഡ്യമൊത്തം സഞ്ചരിച്ചെങ്കിലും ഒരു ബംഗാളിനോവല്‍ അദ്ദേഹം എഴുതിയില്ല. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ തന്റെ വീടിന്റെ ചുറ്റുവട്ടത്തതന്നെ ഉണ്ടായിരുന്നു. സാംസിയുടെ കഥാപാത്രങ്ങളും പച്ചമലയാളികള്‍തന്നെ. അവര്‍ നാട്ടിലായാലും ന്യുയോര്‍ക്കിലായാലും ഒരുപോലെതന്നെ. വസ്ത്രങ്ങളും ജീവിതരീതികളും മാറുന്നതല്ലാതെ അവന്റെ ഹൃദയത്തിനും മനോഗതിക്കും മാറ്റമില്ല.

ന്യൂയോര്‍ക്കില്‍ ടാക്‌സിയോടിക്കുന്ന ഡ്രൈവര്‍ക്കാണ് നഗരത്തിന്റെ ഹൃദയത്തുടിപ്പുകള്‍ മറ്റാരേക്കാളും ഭംഗിയായിട്ട് അറിയാന്‍ സാധിക്കുന്നത്. ജോസ് എന്ന ടാക്‌സിഡ്രൈവറില്‍കൂടി സാംസി അമേരിക്കന്‍ ജീവിതത്തിന്റെ ഉള്ളറരഹസ്യങ്ങള്‍ തുറന്നുകാണിക്കുന്നു. ബെന്യാമിന്‍ അറബിനാട്ടിലെ കഥപറയുന്ന ആടുജീവിതത്തില്‍ മണലാരണ്യത്തിന്റെ മണവും ഗുണവും കണ്ടില്ല. അനേകവര്‍ഷങ്ങള്‍ അമേരിക്കയില്‍ ജീവിച്ചിട്ടും നമ്മളാരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സത്യങ്ങള്‍ സാംസി തന്റെ നോവലില്‍കൂടി വെളിപ്പെടുത്തുന്നു. നോവലിന്റെ ആരംഭത്തില്‍ ചെറിയൊരു ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും പിന്നീട് വായിച്ചുവരുമ്പോള്‍ കഥ പ്രളയകാലത്തെ നദിപോലെ കവിഞ്ഞൊഴുകുകയാണ്. ഈ കഥാകൃത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമാണ്. ഇവിടെ കഥയെഴുതുന്നവര്‍ സാംസിയുടെ നോവല്‍ പലവട്ടം വായിച്ചുപഠിക്കേണ്ടതാണ്. കാരണം ഇതൊരു പാഠപുസ്തകമാണ്.

മനുഷ്യന്‍ നൂറുശതമാനം പരിപൂര്‍ണനല്ല, എഴുത്തുകാരനും. സാംസിയുടെ നോവലിന് നൂറുശതമാനം പെര്‍ഫെക്ഷന്‍ അവകാശപ്പെടാന്‍ സാധിക്കില്ല. തെറ്റുകുറ്റങ്ങള്‍ അവിടവിടെയായി കാണാന്‍ സാധിക്കുന്നുണ്ട് ഉദാഹരണത്തിന് ആദ്യമേ സൂചിപ്പിച്ചതുപോലെ നാവലിന്റെ തുടക്കം വിരസം അനുഭവിപ്പിക്കുന്നതാണ്. ഒരു പൈങ്കിളിക്കഥ പറയുന്നതുപോലെയാണ് തോന്നിയത്. ഞാനത് സാംസിയോട് പറഞ്ഞപ്പോള്‍ ആദ്ദേഹവും അതിനോട് യോചിച്ചു. ഇവിടെയാണ് കഥാകൃത്തിന്റെ ആത്മാര്‍ഥത എനിക്ക് മനസിലായത്. താന്‍പിടച്ച മുയലിന് രണ്ടുകൊമ്പെന്ന് വാദിക്കുന്ന സാഹിത്യകാരനെയല്ല അവിടെ കണ്ടത്.

അമേരിക്കയെ പറ്റി ഒരു കറുത്തചിത്രമല്ലേ സാംസി വരച്ചുകാട്ടിയതെന്ന് ഞാന്‍ ആരോപിക്കുന്നു. നോവല്‍ വായിക്കുന്ന കേരളീയന്‍ ഇങ്ങോട്ടുവരുന്നതിനെപറ്റി മൂന്നുവട്ടം ആലോചിക്കും. അമേരിക്കക്ക് ചെറിയ ചെറിയ കുറ്റങ്ങള്‍ ഉണ്ടെങ്കിലും ഇതൊരുനല്ല രാജ്യമാണ്. വഴിതെറ്റിപോകുന്നവന് എവിടെയായാലും അതിനുള്ള അവസരങ്ങള്‍ ധാരാളമാണ്, അമേരിക്കയിലായാലും കേരളത്തിലായാലും. അമേരിക്കക്കാരില്‍നിന്നും, പ്രത്യകിച്ചും വെള്ളക്കാരില്‍നിന്നും നല്ലപെരുമാറ്റം കിട്ടിയിട്ടുള്ളവര്‍ സാംസിയുടെ അഭിപ്രായത്തോട് യോജിക്കില്ല.

മറ്റൊന്ന് പറയാനുള്ളത് ഫിലോസഫി കുത്തിതിരുകിയതിനെപറ്റിയാണ്. സാംസി ഒരു ഫിലോസഫര്‍ ആകേണ്ടിയിരുന്ന ആളാണ്. ജീവിതത്തെപറ്റിയും ലോകത്തെപറ്റിയും അദ്ദേഹത്തിന് ഒരുപാടുകാര്യങ്ങള്‍ പറയാനുണ്ട്. അത് മൊത്തം ഒരുനോവലില്‍ കുത്തിചെലുത്തേണ്ടിയരുന്നോ. അധികമായില്‍ അമൃതും വിഷമാണെന്ന് നോവലിസ്റ്റ് ഓര്‍ക്കേണ്ടിയിരുന്നു. പത്തുനോവലില്‍ എഴുതാമായിരുന്ന ഫിലോസഫിയാണ് ഒരൊറ്റ നോവലില്‍കൂടി അദ്ദേഹം വെളിപ്പെടുത്തിയത്.

ഇങ്ങനെയുള്ള അല്‍പംചില വീഴ്ച്ചകള്‍ ഒഴിച്ചാല്‍ സാംസിയുടെ നോവല്‍ മഹത്തായ കൃതിയാണ്. തീര്‍ച്ചയായും ഇത് കേരളസാഹിത്യ അക്കാഡമി അടുത്തവര്‍ഷത്തെ അവാര്‍ഡിന് പരിഗണിക്കേണ്ടതാണ്. ഈ നോവല്‍ അമേരിക്കന്‍ മലയാളസാഹിത്യത്തിന് ഒരു മുതല്‍കൂട്ടാണ്. നാട്ടിലും അമേരിക്കയിലും സാഹിത്യ കസര്‍ത്തുകള്‍ നടത്തുന്ന എഴുത്തുകാര്‍ സാംസിയുടെ നോവല്‍ പാഠപുസ്തകമാക്കി പഠിക്കേണ്ടതാണ്.

samnilampallil@gmail.com.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക