Image

തടവില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീയെ പൊലീസ് മോചിപ്പിച്ചു

Published on 18 February, 2019
തടവില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീയെ പൊലീസ് മോചിപ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ വാഴപ്പിള്ളി തൃക്ക ജ്യോതിര്‍ ഭവനില്‍ തടവില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീയെ പൊലീസ് മോചിപ്പിച്ചു. ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട പീഡന പരാതിയിലെ സാക്ഷിയായ സിസ്റ്റര്‍ ലിസിയെയാണ് തിങ്കളാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്. സിസ്റ്ററുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മദര്‍ സുപ്പീരിയര്‍ അടക്കം നാല് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

തൃക്ക ജ്യോതിര്‍ഭവനില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് മഠത്തിലെത്തി മോചിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സിസ്റ്ററെ പിന്നീട് രോഗിയായ മാതാവ് ചികിത്സയില്‍ കഴിയുന്ന തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.

രോഗിയായ മാതാവിനെ കാണാനും കുടുംബാംഗങ്ങളുമായി ഫോണില്‍പോലും ബന്ധപ്പെടാനും സിസ്റ്റര്‍ ലിസിയെ അനുവദിക്കുന്നില്ലെന്ന് ബന്ധുക്കള്‍ കോട്ടയം എസ്.പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയോടെ മഠത്തില്‍ പൊലീസ് എത്തി മോചിപ്പിച്ചത്. സിസ്റ്ററുടെ മൊഴിയെടുത്തശേഷം പൊലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണുള്‍പ്പെടെ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നാണ് പരാതി.

മാതാവ് രോഗം ബാധിച്ച് ആശുപത്രിയിലായിട്ടും സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ല. ശക്തമായി പ്രതിഷേധിച്ചതോടെ മറ്റു ചില സന്യാസിനിമാരോടൊപ്പം ആശുപത്രിയിലെത്തി മാതാവിനെ കണ്ടശേഷം തിരികെ മഠത്തിലേക്ക് വരുകയായിരുന്നു.

ഇതിനിടയില്‍ സിസ്റ്റര്‍ ലിസിയെ വിജയവാഡയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക