Image

സമാധാനയാത്രകള്‍ കൊണ്ടുവരുന്ന സമാധാനം ഇതാണോ? (ഹസീന റാഫി )

ഹസീന റാഫി Published on 19 February, 2019
സമാധാനയാത്രകള്‍ കൊണ്ടുവരുന്ന സമാധാനം ഇതാണോ? (ഹസീന റാഫി  )
വാക്കിനു പകരം വാളോ?
ഇതോ കൊട്ടിഘോഷിക്കുന്ന നവോത്ഥാനം?
സമാധാനയാത്രകള്‍ കൊണ്ടുവരുന്ന സമാധാനം ഇതാണോ? എന്തിനീ പ്രഹസനം?

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ചിരുന്ന നമ്മുടെ കേരളം തന്നെയോ ഇത്? കാട്ടാളന്മാര്‍ വാഴുന്ന നാട് അഥവാ കാട്ടാളനീതി നടപ്പാക്കുന്ന നാട് എന്ന് പുനര്‍നാമകരണം ചെയ്യേണ്ട സ്ഥിതി സംജാതമായിട്ട് കാലമേറെയായിരിക്കുന്നു.

അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താതെ നമ്മുടെ നാടിന് ഇനി പുരോഗതിയേയില്ല. അത് ഏത് കൊടിയുടെ പേരിലായാലും. അക്രമം കൈ മുതലായുള്ള രാഷ്ട്രീയക്കാരെ വളരാനനുവദിച്ചു കൂടാ. നാടിന്റെ പുരോഗതിയല്ല, സ്വയം വളര്‍ച്ച മാത്രമാണ് അവരുടെ ലക്ഷ്യം, പാവങ്ങളുടെ ചോര ചിന്തിക്കൊണ്ട്.

പാവപ്പെട്ടവരുടെ ജീവനുകള്‍ ഹോമിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ കഴുകന്‍ കണ്ണുകളും കൊണ്ട് നടക്കുന്നവര്‍ക്ക് വോട്ടു നല്‍കി വീണ്ടും വീണ്ടും വിഡ്ഢികളാകുന്ന പൊതുജനം! ഇല്ലാ, ഇനിയും വൈകിയിട്ടില്ല, അക്രമ രാഷ്ട്രീയം നിയമം മൂലം നിരോധിക്കുക തന്നെ വേണം.

പെരിയയില്‍ രണ്ട് ചെറുപ്പം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു എന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയത് മുതല്‍ ഇന്നീ നേരം വരെ ടിവി തുറന്നാല്‍ കാണുന്നത് ആ രണ്ട് കൊച്ചു പയ്യന്മാരുടെ മുഖം മാത്രം. കേള്‍ക്കുന്നതെല്ലാം അവര്‍ക്ക് കിട്ടിയ വെട്ടുകളുടെ ആഴവും പരപ്പും വിവരിക്കുന്ന കണക്കുകള്‍ മാത്രം!

ഹൃദയമുള്ള ഏതൊരാള്‍ക്കും നെഞ്ച് തകരുന്ന വാര്‍ത്ത. ഓരോ തവണ കാണുമ്പോഴും കരച്ചില്‍ അടക്കാനാവാത്ത കാഴ്ചകള്‍! അപ്പോള്‍ പിന്നെ അവരെ നൊന്തുപെറ്റ മാതാപിതാക്കളുടേയും കൂടപ്പിറപ്പുകളുടേയും കാര്യം പറയണോ?

ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും നമ്മില്‍ ഏറെ ദു:ഖമുളവാക്കുകയും ഏറെ ചോദ്യങ്ങള്‍ നമ്മുടെ മനസ്സിലുയര്‍ത്തുകയും ചെയ്തുകൊണ്ട് കടന്നു പോകുന്നു. എന്നിട്ടും എന്തെങ്കിലും പാഠം നമ്മള്‍ പഠിക്കുന്നുണ്ടോ? എന്താണ് കാരണം?

ഇന്നിവിടെ വെട്ടി, അതിന് തിരിച്ച് നാളെ അവിടെ വെട്ടണം കുത്തണം! പിന്നതിന് വീണ്ടും വേറൊരു വെട്ടും കുത്തും മരിക്കും വരെ!! ഇതാണ് നടന്ന് വരുന്നത്! ഇത് കൊണ്ട് എന്ത് പുരോഗതിയാണ് ഇവര്‍ നാടിന് ഉണ്ടാക്കുന്നത്? നാട്ടിലെ സമാധാനം നശിപ്പിച്ച് കുടുംബങ്ങളെ അനാഥത്വത്തിലേയ്ക്ക് തള്ളിയിടുകയല്ലാതെ?

ഇനിയുമിത് ആവര്‍ത്തിച്ചു കൂടാ. ഇതു വരെ നടന്നവയെല്ലാം ന്യായമായി വിചാരണ നടത്തി കുറ്റക്കാരെ തക്ക ശിക്ഷ നല്‍കി തളച്ചിടുക എന്നതാണ് ആദ്യം വേണ്ടത്. അല്ലാതെ അവരെ സംരക്ഷിച്ച് സംസാരിച്ച് ജയിലില്‍ സുഖവാസം നല്‍കി പിന്നെ ജാമ്യത്തിലിറക്കി ഉന്നത പദവി തന്നെ നല്‍കി ആദരിച്ച് കൊണ്ടു നടക്കുന്ന നെറി കെട്ട വിചിത്രമായ ആചാരമല്ല നമുക്ക് വേണ്ടത്.

ജീവന്‍ ജീവന്‍ തന്നെയാണ് അവന്‍ പിടിച്ച കൊടി ഏതു തന്നെയായാലും. തങ്ങളുടെ പാര്‍ട്ടിക്കാര്‍ കൊല്ലപ്പെട്ടാല്‍ പ്രതികരണം ഒരു തരം, മറ്റു പാര്‍ട്ടിക്കാരായാല്‍ വേറെതരം എന്ന വൃത്തികെട്ട നിലപാട് മരണത്തില്‍ പോലും കാണിച്ചവരുടെ മനുഷ്യത്വത്തെ എന്തു വിളിക്കണം? 

രണ്ട് കുടുംബങ്ങളിലെ ആശ്രയമായിരുന്ന ഏക ആണ്‍തരികളെ, നീചമായി വെട്ടിനുറുക്കിയിട്ടും ഒരു അനുശോചനമറിയിക്കാന്‍ പോലും തയ്യാര്‍ അല്ലാത്ത ഒന്നപലപിക്കാന്‍ പോലും പതിനഞ്ച് മണിക്കൂറിന് ശേഷം മാത്രം തയ്യാറായ ഭരണ പക്ഷക്കാരുടെ നയത്തെ എങ്ങനെ കാണണം?

അതും പോരാഞ്ഞ്, മനുഷ്യത്വമുള്ളവരായത് കൊണ്ട് മാത്രം ആ കുടുംബാംഗങ്ങളോടൊപ്പം പൊട്ടിക്കരഞ്ഞു പോയവരെ കളിയാക്കുകയും നാടകമാണെന്ന് പരിഹസിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ സമ്മതിക്കാതെ വയ്യ!

കുഞ്ഞു പ്രായത്തിലേ രാഷ്ട്രീയം എന്നും പറഞ്ഞ് കളരിയിലേക്കിറങ്ങുന്ന മക്കളോടാണ്, അവരെ അതിന് പ്രോത്സാഹിപ്പിക്കുകയോ അതില്‍ നിന്ന് പിന്‍ തിരിപ്പിക്കാതിരിക്കുകയോ ചെയ്യുന്ന മാതാപിതാക്കളോടാണ് ചോദിക്കാനുള്ളത്.

എന്താണ് നമ്മുടെ മക്കള്‍, അല്ലെങ്കില്‍ നമ്മള്‍ ഇതില്‍ നിന്നും നേടുന്നത്? പഠിക്കേണ്ട കാലത്ത് നന്നായി പഠിച്ച് നേരെയാവാനുള്ള സമയം ഓരോ കൊടിയുടെ നിറവും പറഞ്ഞ് ജാഥ നയിക്കാനും മുദ്രാവാക്യം വിളിക്കാനും യോഗങ്ങള്‍ കൂടാനും പ്രസംഗിക്കാനും പോസ്റ്ററൊട്ടിക്കാനും നടന്നത് കൊണ്ട് എന്ത് നേട്ടമാണ് ഈ പ്രായത്തിലുള്ള മക്കള്‍ വീടിനോ നാടിനോ ഉണ്ടാക്കിത്തരുന്നത്?

രാഷ്ട്രീയ പാരമ്പര്യമുള്ളവരുടെ മക്കളെല്ലാം പഠിച്ചു നല്ല നിലകളിലെത്തിയിട്ടേ പ്രവര്‍ത്തനം തുടങ്ങുന്നുള്ളൂ എന്നതാണ് വൈചിത്ര്യം. അല്ലാ അങ്ങനെയെ കുടുംബക്കാര്‍ അനുവദിക്കൂ! അവര്‍ക്കറിയാം ഈ രംഗത്തെ കളികളെക്കുറിച്ച്. അതുകൊണ്ട് മക്കളെ വിടേണ്ടിടത്തെല്ലാം വിട്ട് പഠിപ്പിച്ച് സ്വയം പ്രാപ്തരാക്കിയിട്ടേ കളരിയില്‍ ഇറക്കൂ. അതും സേഫ് സോണുകളില്‍ മാത്രം!

അല്ലാത്ത പാവപ്പെട്ടവന്മാരോ നെഞ്ചും വിരിച്ച് ഒരു ആവേശത്തിനങ്ങ് ഇറങ്ങിത്തിരിക്കുന്നു. തലയില്‍ കൊടിയുടെ നിറവും വീര്യവും മാത്രം. കുടുംബത്തിലെ അവസ്ഥയോ തന്റെ ഭാവിയോ തന്നെ പ്രതീക്ഷിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ വികാരമോ ഒന്നും അവര്‍ക്ക് തലയില്‍ കേറില്ല ഭ്രാന്തമായ ഈ ആവേശത്തില്‍ പെട്ടു പോയാല്‍. 

ഒടുവില്‍ പഠനം എങ്ങുമെത്താതെ, ഭാവി ജീവിതം പെരുവഴിയിലും, രാഷ്ട്രീയത്തിലും ഒന്നുമല്ലാതെ കുടുംബം മറന്ന് ജീവിതം തുലച്ച് പെരുവഴിയില്‍ ആയിപ്പോകുന്ന, വെറും പോസ്റ്ററൊട്ടിപ്പും കൊടി പിടിക്കലും മാത്രമായി ജീവിതം നശിപ്പിക്കുന്ന ഈ മക്കള്‍ക്ക് എന്നാണ് ചിന്താശക്തി ഉണരുക? 

രാഷ്ട്രീയലാഭങ്ങള്‍ക്ക് വേണ്ടി കത്തിയും വാളും നല്‍കി തങ്ങളെ വെട്ടാനും കുത്താനും മറ്റും പറഞ്ഞയക്കുന്ന പ്രസ്ഥാനങ്ങളുടെ പിറകെ നടക്കാതെ, പഠിക്കുന്ന കാലത്ത് പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കാനും കുടുംബത്തിന് താങ്ങും തണലുമാവാനും നോക്കുകയാണ് വേണ്ടതെന്ന് എന്നാണ് നമ്മുടെ മക്കള്‍ മനസ്സിലാക്കുക? 

അവര്‍ സ്വയം മനസ്സിലാക്കുക തന്നെയേ നിവൃത്തിയുളളൂ, കാരണം ഒരമ്മയും ഒരച്ഛനും തങ്ങളുടെ മക്കളെ കരുതിക്കൂട്ടി രാഷ്ട്രീയത്തില്‍ ഇറക്കി വിടുമെന്ന് എനിക്ക് തോന്നുന്നില്ല, പഠന കാലത്ത് പ്രത്യേകിച്ചും.

എന്റെ അഭിപ്രായത്തില്‍ കലാലയ രാഷ്ട്രീയം തന്നെയാണ് ഏറ്റവും വലിയ ആപത്ത്. എന്തിന്? എന്തിന് ഇത്ര ചെറിയ പ്രായത്തില്‍ ഇത്തരം പ്രഹസനങ്ങള്‍? അവര്‍ പഠിക്കട്ടെ. അറിവു നേടി വളരട്ടെ. തന്റേയും കുടുംബത്തിന്റേയും ഭാവി സുരക്ഷിതമാക്കട്ടെ ആദ്യം! 

ആദ്യം സ്വയം കാലുറപ്പിച്ച് നില്‍ക്കാനും, തന്നെ ആശ്രയിക്കുന്നവരെ കൈ പിടിച്ച് ചേര്‍ത്ത് നിര്‍ത്താനും കഴിയുന്നവനല്ലേ നാടിന്റേയും നാട്ടാരുടേയും പുരോഗതിക്ക് പ്രവര്‍ത്തിക്കാനും, ആപത്തുകളില്‍ കാക്കാനും, നാടിന്റെ ഉയര്‍ച്ചക്ക് വേണ്ടി, നല്ലനാളേയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും യോഗ്യനാവൂ. അതെ. 

അല്ലാതെ സ്വയം നശിച്ച്, വീടും വീട്ടുകാരും എന്ത് തന്നെയായാലും, എങ്ങനെ തന്നെയായാലും, ഉത്തരവാദിത്തം ഏല്ക്കാതെ കൊടിയുടെ പേരും പറഞ്ഞ് വെട്ടും കുത്തുമായി നടക്കുന്നതാണോ രാഷ്ട്രീയം? ഒടുവില്‍ രാഷ്ട്രീയ മേലാളന്മാരുടെ കയ്യിലെ പാവകളായി കൂലിത്തല്ലുകാരായി നടന്ന് ഒടുവില്‍ വടിവാളിനും കത്തിക്കും ഇരകളായി നാടിനും വീടിനും പ്രയോജനപ്പെടാതെ ജീവിതം ഹോമിക്കുന്നതാണോ രാഷ്ട്രീയം?

മക്കള്‍, കലാലയത്തില്‍ രാഷ്ട്രീയ പാഠങ്ങള്‍ വായിച്ചു പഠിക്കട്ടെ. പ്രാക്ടിക്കല്‍ പഠനകാലത്ത് വേണ്ട. പഠനം കഴിഞ്ഞ് ജീവിതം കരയ്ക്കടുപ്പിച്ച് പിന്നെയും ഉള്‍വിളി വരുന്നവര്‍ തങ്ങളുടെ ഇഷ്ടം പോലെ യോജിപ്പ് തോന്നുന്ന കളരിയിലിറങ്ങി, നന്നായി കാര്യങ്ങളെല്ലാം മനസ്സിലാക്കിത്തന്നെ ചേര്‍ന്ന് പ്രവര്‍ത്തിക്കട്ടെ നാടിന്റെ ഉന്നമനത്തിന്!

അപ്പോള്‍ ഇന്നൊരു പാര്‍ട്ടി, നാളെ വേറൊരു പാര്‍ട്ടി, മറ്റന്നാള്‍ മൂന്നാമതൊരു പാര്‍ട്ടി എന്ന യാതൊരു അര്‍ത്ഥവുമില്ലാത്ത രാഷ്ട്രീയക്കളി നടത്തേണ്ടി വരില്ല. സ്വന്തം കാലില്‍ നിന്നശേഷം ഇറങ്ങുന്നതാകുമ്പോള്‍ പണത്തിന് വേണ്ടി ആര് എന്തു പറഞ്ഞാലും ചെയ്യേണ്ടി വരുന്ന ദുരവസ്ഥ ഒഴിവാക്കാം. രക്തസാക്ഷിയാകാനും പോകണ്ട.

അല്ലാതെ ഒന്നുമറിയാത്ത ചോരത്തിളപ്പിന്റെ പ്രായത്തില്‍ പഠിക്കേണ്ട സമയവും പ്രായവും നശിപ്പിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ഏതെങ്കിലും കൊടിയും പിടിച്ച് ഇറങ്ങാന്‍ നമ്മുടെ മക്കളെ വിടണോ എന്ന് മാതാപിതാക്കള്‍ ആദ്യം ചിന്തിക്കുക. 

സ്വയം നശിപ്പിക്കുകയല്ലാതെ തനിക്കോ വീടിനോ നാടിനോ വീട്ടുകാര്‍ക്കോ നാട്ടാര്‍ക്കോ യാതൊരു ഗുണവുമില്ലാത്ത ഈ പ്രവൃത്തിക്ക് പഠിക്കേണ്ട സമയത്ത് ഇറങ്ങി പുറപ്പെടണോ എന്ന് നമ്മുടെ മക്കളും ഉണര്‍ന്നു് ചിന്തിക്കട്ടെ.

ഒന്നുമറിയാത്ത പ്രായത്തില്‍ യുവതലമുറയുടെ ഭാവി നശിപ്പിച്ച്, അവരെ മുന്നില്‍ നിര്‍ത്തിയുള്ള അവരുടെ ചോരയും നീരുമൂറ്റി നടത്തുന്ന ഈ വൃത്തികെട്ട രാഷ്ട്രീയക്കളിക്ക് കൂട്ടുനില്‍ക്കണോ എന്ന് പ്രബുദ്ധരായ ജനങ്ങളും ബുദ്ധിയുണര്‍ന്നു് ചിന്തിക്കട്ടെ.

വേണ്ട എന്ന് ഇനിയെങ്കിലും തോന്നുന്നെങ്കില്‍ കലാലയ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ ശബ്ദമുയര്‍ത്തൂ. അക്രമ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തൂ. നമുക്ക് വേണ്ടേ നമ്മുടെ യുവ തലമുറയെ? 

അവരുടെ ഭാവി തെരുവിലിങ്ങനെ വടിവാളിനും കത്തിക്കുമിരയാവാനുള്ളതല്ല എന്ന് നമ്മള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിച്ചേ മതിയാവൂ.

കയ്യില്‍ തൂലികയും നാക്കില്‍ അക്ഷരങ്ങളും കളിയാടേണ്ട സമയത്ത്, കയ്യില്‍ വിടവാളും നാക്കില്‍ മുദ്രാവാക്യങ്ങളും വിളയാടാന്‍ നമ്മുടെ മക്കളെ ഇനിയും അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയല്ലേ?

ഇനിയും ഷുഹൈബും ഷുക്കൂറും അഭിമന്യുവും കൃപേഷും ശരത് ലാലും ഒന്നും ഉണ്ടാകരുതെന്ന പ്രാര്‍ത്ഥനയോടെ പ്രത്യാശയോടെ അവരുടെ കുടുംബത്തിന്റെ തീരാ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട് .....

രാഷ്ട്രീയാന്ധത ബാധിച്ചവര്‍ പൊങ്കാലയും കൊണ്ട് വരണ്ട, ജീവിതം തുടങ്ങുന്ന പ്രായത്തില്‍ തുടിക്കുന്ന യൗവനങ്ങള്‍ പാതയോരങ്ങളില്‍ ചോര ചിന്തി പിടഞ്ഞു മരിച്ചു വീഴുന്നത് കണ്ടു കണ്ട് നെഞ്ച് പൊട്ടിയ ഒരു മാതൃഹൃദയത്തിന്റെ വിലാപമാണ്

സമാധാനയാത്രകള്‍ കൊണ്ടുവരുന്ന സമാധാനം ഇതാണോ? (ഹസീന റാഫി  )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക