Image

കൂണു പോലെ മുളക്കുന്ന കസിനോകള്‍, പൊലിയുന്ന ജീവിതങ്ങള്‍

Published on 23 February, 2019
കൂണു പോലെ മുളക്കുന്ന കസിനോകള്‍, പൊലിയുന്ന ജീവിതങ്ങള്‍
മുപ്പതു വര്‍ഷമായി പരിചയമുള്ള സുഹ്രൂത്താണ്. താമസിക്കുന്നതു ദൂരെയാണെങ്കിലും വല്ലപ്പോഴുമൊരിക്കല്‍ വിളിക്കും. കലാകാരന്‍, സുമുഖന്‍, നല്ല ജോലി, ഭാര്യക്കു അതിലും നല്ല ജോലി. രണ്ടു മക്കള്‍. ആകപ്പാടെ സന്തുഷ്ട കുടുംബം.

സമ്പന്നവും എന്നാണു കരുതിയത്. എന്നാല്‍ അങ്ങനെയല്ല എന്നു മറ്റൊരു സുഹ്രുത്ത് രഹസ്യമായി പറഞ്ഞത് കേട്ടപ്പോള്‍ അതിശയം തോന്നി. കടുത്ത സാമ്പത്തിക പ്രശ്‌നമാണണത്രെ. കാരണം കേട്ടപ്പോള്‍ വിഷമം തോന്നി. ഏതാനും വര്‍ഷം മുന്‍പ് അവര്‍ താമസിക്കുന്നതിനു അടുത്തായി ഒരു കസിനോ വന്നു. പിന്നെ ഭാര്യയും ഭര്‍ത്താവും അവിടെ സന്ദര്‍ശകരായി. സമയം കിട്ടിയാലുടനെ ടെന്‍ഷന്‍ തീര്‍ക്കാന്‍ കസിനോയിലേക്ക്.

സ്‌മോളും മോന്തി ചീട്ടിനു മുന്നിലോ യന്ത്രത്തിനു മുന്നിലോ മണിക്കൂറുകള്‍. ചിലപ്പോല്‍ മിനിട്ടുകള്‍. കാശു തീരുമ്പോള്‍ മടക്കം.

ഭര്‍ത്താവിനേക്കാള്‍ ഒരു മടങ്ങു വാശിയില്‍ ഭാര്യയും. സ്ത്രീകളാണു ചൂതുകളിയില്‍ കൂടുതല്‍ തല്പ്പരര്‍ എന്നു പോലും തോന്നുന്നു.

കയ്യിലെ കാശു തീരുന്നുവെങ്കിലും ജോലി ഇപ്പോളൊരു പ്രശ്‌നമല്ല. ടെന്‍ഷനില്ല. എല്ലാവരുമായും സൗഹൃദം. മനസില്‍ കസിനോ മാത്രമല്ലെയുള്ളു.

കുറെ നാള്‍ കഴിഞ്ഞപ്പോള്‍ സെക്കന്‍ഡ് മോര്‍ട്ട്‌ഗേജ് എടുത്തു. കുറെ കടം വീട്ടി. ബാക്കി കളിച്ചു. പതിവു പോലെ കുറച്ചു കിട്ടും കൂടുതല്‍ പോകും...

ജീവിതം എങ്ങോട്ടെന്നില്ലാതെ പോകുന്നു. ഭാഗ്യത്തിനു ഇതൊന്നും ജോലിയെ ബാധിച്ചില്ല. ഭാര്യാ ഭര്‍ത്ത്രു ബന്ധത്തെയും.

മറ്റൊരു പരിചയക്കാരന്‍ വേറൊരു സ്റ്റേറ്റിലേക്ക് പോകുകയണെന്നു പറഞ്ഞു. പിന്നീടാണറിഞ്ഞത് ചൂതുകളി മൂത്ത ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടി ഭാര്യ രക്ഷപ്പെടുകയാണെന്ന്.

ഇത് ലേഖകനു പരിചയമുള്ളവരുടെ കാര്യം. അമേരിക്കയൊട്ടാകെ നോക്കുമ്പോള്‍ എത്ര മലയാളികള്‍ ചൂതുകളി എന്ന ഭൂതത്തിനു ജീവിതം ഹോമിച്ചിട്ടുണ്ടാകും? 

(നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി അറിയിക്കുക)

സിഗററ്റു പാക്കറ്റില്‍ സിഗരറ്റ് വലി ആരോഗ്യത്തിനു ഹാനികരമെന്നു എഴിതിയിട്ടുണ്ട്. മദ്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. പക്ഷെ ഗാംബ്ലിംഗിനു അത്ര വലിയ മുന്നറിയിപ്പൊന്നുമില്ല. സിഗററ്റും മദ്യവും ഒരാളെ കൊല്ലുമായിരിക്കും. ഗാംബ്ലിംഗ് അഡിക്ഷന്‍ മൂത്താല്‍ കുടുംബം തന്നെ ഇല്ലതാകും. ആളു വഴിയാധാരമാകും.

ഈ ലേഖകന്‍ അമേരിക്കയില്‍ വന്നതിന്റെ മൂന്നാം നാള്‍ ചില സുഹ്രുത്തുക്കള്‍ കണക്ടിക്കട്ടിലെ ഫോക്‌സ്വുഡ് കസിനോയില്‍ കൊണ്ടു പോയി. ആദ്യ കാഴചയില്‍ അതൊരു മായാ ലോകം തന്നെ. പുസ്തകങ്ങളില്‍ വായിച്ചും സിനിമയില്‍ കണ്ടുമുള്ള പരിചയമേയുള്ളു. എന്തായാലും നാട്ടില്‍ നിന്നു കൊണ്ടു വന്ന 300 ഡോളറില്‍ മിച്ചമുണ്ടായിരുന്ന നൂറു ഡോളര്‍ കളിച്ചു. അതു പോയിക്കിട്ടി.

തിരിച്ചു വന്നപ്പോള്‍ അന്നത്തെ മലയാളം പത്രത്തില്‍ ഒരു ഫീച്ചറെഴുതി. ഇന്ത്യാക്കാര്‍ക്ക് പറ്റിയതല്ല ചൂതുകളി എന്നതായിരുന്നു വിഷയം. കാരണം മഹാഭാരത യുദ്ധം ഉണ്ടായത് തന്നെ ചൂതുകളി കാരണമാണ്. ശകുനിയുടെ കള്ളച്ചൂതില്‍ എല്ലാം മറന്ന യുധിഷ്ടിരന്‍ ഭാര്യ പാഞ്ചാലിയെ വരെ പണയം വച്ചു കളിച്ചു.കളിഭ്രാന്ത് മൂക്കുമ്പോള്‍ എന്തൊക്കെ ചെയ്യുമെന്നതിന്റെ ഉദാഹരണം.സെക്കന്‍ഡ് മോര്‍ട്ട്‌ഗേജ് ഒക്കെ എടുക്കുന്നതിനോട് ഇതിനെ ഉപമിക്കാം.

ദുശാസനന്‍ പാഞ്ച്ചാലിയെ വസ്ത്രക്ഷേപത്തിനു മുതിരുന്നതു തന്നെ ദാസി എന്ന നിലയിലാണ്.. ഭഗവാന്‍ പക്ഷെ പാഞ്ചാലിയെ കൈവിട്ടില്ലെന്നത് മറ്റൊരു കാര്യം. എങ്കിലും അതു യുദ്ധത്തില്‍ കലശിച്ചു

യുധിഷിടിരന്റെ അനുഭവം അറിയാവുന്ന നാം എന്തു കൊണ്ട് ഈ ചതിക്കുഴിയില്‍ ചെന്നു പെടുന്നു? പ്രധാന കാരണം നമുക്കു ചുറ്റും ഒരു സമൂഹമില്ലെന്നതാണ്. അമേരിക്കയില്‍ ഒറ്റപ്പെട്ടവരായാണു നാം മിക്കവരും ജീവിക്കുന്നത്. നമ്മുടെ സൗഹ്രുദം പങ്കു വയ്ക്കാനോ വിഷമതകള്‍ പറയാനോ ഇവിടെ നമുക്ക് ആരുമില്ല. പള്ളികളും ക്ഷേത്രങ്ങളും സജീവമായതോടെയാണു ആഴ്ചയില്‍ ഒരിക്കലെങ്കിലും സമൂഹമായി നാം മാറുന്നത്. എന്നാലോ, അവിടെയും പൊളിറ്റിക്‌സും ഗ്രൂപ്പ് കളിയും. ഗ്രൂപ്പ് കളിക്ക് വൈദികന്‍ തന്നെ മുന്നില്‍ ഉണ്ടായേക്കുമെന്നതും പതിവു സംഭവം തന്നെ.

ഇതല്ലാതെ ഒരു സോഷ്യല്‍ ക്ലബോ നമ്മുടേതായ ലൈബ്രറിയോ അസോസിയേഷന്റെ ഹാളോ ഒന്നും നമുക്കില്ല. ഒരു വീക്കെന്‍ഡില്‍ സുഹുത്തുക്കളുമൊന്നിച്ച് ഒന്ന് ഒത്തൂ കൂടണമെന്നു വിചാരിച്ചാല്‍ നടക്കില്ല. അതിനു സൗകര്യമില്ല.

സംഘടനകളൊന്നും ഇതിനൊന്നിനും മെനക്കെടുന്നില്ല. ഇപ്പോഴാകട്ടെ നാട്ടില്‍ പോയി അവിടെ ചെറിയ സഹായം ചെയ്യുക, വലിയ പബ്ലിസിറ്റി നേടുക എന്നതായി സംഘടനാ പ്രവര്‍ത്തനം തന്നെ.

ഈ സാഹചര്യത്തില്‍ നമുക്ക് എന്തു ചെയ്യാനാകും? ആദ്യത്തെ കാര്യം നാട്ടില്‍ നിന്നു ഒരാള്‍ വരുമ്പോള്‍ തന്നെ കസിനോയുടെ ദൂഷ്യ വശങ്ങള്‍ പറഞ്ഞു കൊടുക്കുക. ഒരിക്കലും അതിന്റെ അഡിക്ട് ആകരുതെന്നു ഉപദേശിക്കുക.

രണ്ടാമത് ആഴ്ചയില്‍ ഒരിക്കല്‍ കുറച്ചു പേരായിട്ടെങ്കിലും ഒത്തു ചേരാന്‍ സംവിധാനം ഉണ്ടാക്കുക. വീട്ടില്‍ നിന്നു ഒന്ന് ഇറങ്ങി പോകാന്‍ ഒരു സംവിധാനം . വീടിന്റെ ബേസ്‌മെന്റ്, പള്ളി, ഹോട്ടല്‍ തുടങ്ങി എവിടെയെങ്കിലും ആകാം അത്. പക്ഷെ നാലു മലയാളി ഒന്നിച്ചു കൂടിയാല്‍ കള്ളുകൂടിയും പരദൂഷണവും ഒടുവില്‍ തമ്മില്‍ തല്ലും ഉണ്ടാകും എന്നതും മറക്കുന്നില്ല.

എന്തായാലും നമ്മുടെ അടുത്ത തലമുറയേയെങ്കിലും ഈ വിപത്തിനെപറ്റി അവബോധമുള്ളവരാക്കാന്‍ നമുക്കു കഴിയണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക