Image

ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 24 February, 2019
ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ബ്രിട്ടീഷ് സെമിത്തേരിയില്‍ ഒരേ ഒരു ഭാരതീയന്‍, കുതിരയും ഒപ്പം

മുപ്പത്തിനാല് ഇംഗ്ലീഷ്, ഐറിഷ്, സ്‌കോട്ടിഷ് പൗരന്മാരെ അടക്കം ചെയ്ത പീരുമേട് പള്ളിക്കുന്നിലെ ബ്രിട്ടീഷ് സെമിത്തേരിയില്‍ സ്ഥാനം കിട്ടിയത് ഒരേ ഒരു ഭാരതീയന്--റവ. നല്ലതമ്പി. ഡൗണി എന്ന കുതിരക്കു പോലും അതിനുള്ളില്‍ സ്ഥാനം കിട്ടി. മുന്നാറില്‍ തോട്ടങ്ങള്‍ സ്ഥാപിച്ച ജോണ്‍ ഡാനിയല്‍ മണ്‍റോയുടെ സന്തത സഹചാരിയായിരുന്ന  വെള്ള പെണ്‍കുതിരയെ അദ്ദേഹത്തിന്റെ കല്ലറക്കു സമീപമാണ് സംസ്‌കരിച്ചത്.

പീരുമേട്ടില്‍ തേയിലത്തോട്ടങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ നേതൃത്വം കൊടുത്ത മിഷനറി ഹെന്റി ബേക്കര്‍ ജൂനിയര്‍ ആണ് 1869 ല്‍ പീരുമേടിനടുത്ത പള്ളിക്കുന്നില്‍ സെന്റ് ജോര്‍ജ് പള്ളിക്കു തറക്കല്ലിട്ടത്. ഇന്നത് സിഎസ്ഐ ഈസ്റ്റ് കേരള മഹാഇടവകയുടെ അഭിമാന സ്തംഭമാണ്. പള്ളിയുടെ ഒരുവര്‍ഷം നീളുന്ന ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.

ഹെന്റി ബക്കറിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് എലിനോര്‍, നാറ്റ്ലി എന്നിവര്‍ ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരുന്നു. അവര്‍ ബ്രിട്ടീഷ് സെമിത്തേരിയിലെ പൂര്‍വികരുടെ കല്ലറകള്‍ ചുറ്റിനടന്നു കണ്ടു. സിഎസ്ഐ സഭയുടെ മുന്‍ മോഡറേറ്റര്‍ കെജെ സാമുവേല്‍ പതാക ഉയര്‍ത്തി. വികാരി റവ. ജയ്സിംഗ് നോര്‍ബര്‍ട്, റവ. വൈ. സെബാസ്റ്റിയന്‍ എന്നിവര്‍ ആരാധനനക്കു നേതൃത്വം നല്‍കി.

''നാടിന്റെ വികസനത്തിന് ഇംഗ്ലീഷ് മിഷനറിമാര്‍ വഹിച്ച പങ്കു മഹത്തരമാണെന്നു ഒരുവര്‍ഷത്തെ ആഘോഷങ്ങളുടെ തുടക്കം കുറിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. തോട്ടവിളകള്‍ നട്ടു വന്‍കിട എസ്റ്റേറ്റുകള്‍ പടുത്തുയര്‍ത്തി ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ അവരുടെ മിഷനറി സ്പിരിറ്റ് മറക്കാനാവില്ലെന്നു അദ്ദേഹം പറഞ്ഞു.

സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ട്രഷറര്‍ റവ. വിഎസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കാഞ്ഞിരപള്ളി കത്തോലിക്കാ രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, ജോയിസ് ജോര്‍ജ് എംപി, ഇ.എസ് ബിജിമോള്‍ എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗതം ആശംസിച്ച വികാരി റവ ജയ്സിംഗ് നോര്‍ബെര്‍ട് മുഖ്യമന്ത്രിക്ക് ഒരു ഏലക്കാമാല സമ്മാനിച്ചു.

സിസ്റ്റര്‍ ഗെയില്‍സ് എഫ്സിസിയും സിഎംസി യിലെ രണ്ടു മുതിര്‍ന്ന സിസ്റ്റര്‍മാരും ഉള്‍പ്പെടെ വലിയൊരു വിശ്വാസി സംഘം ചടങ്ങുകളില്‍ സംബന്ധ്ധിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ സിഎസ്ഐ വിശ്വാസികള്‍ കൂട്ടമായെത്തി.

'തോട്ടം തൊഴിലാളികളാണ് സെന്റ് ജോര്‍ജ് ഇടവക ഉള്‍പ്പെടെ ഈ മേഖലയിലെ വിശ്വാസികളില്‍ ഭൂരിഭാഗവും. തോട്ടങ്ങള്‍ നശിച്ചു നാനാവിധമായ സാഹചര്യത്തില്‍ ഇവരുടെ രക്ഷക്ക് സര്‍ക്കാര്‍ കൈതുറന്നു സഹായിക്കണം,'' മഹായിടവക ഖജാന്‍ജി പ്രസംഗത്തില്‍ ഊന്നി പറഞ്ഞു. എന്നാല്‍ മഹായിടവക ബിഷപ് കെജി ദാനിയലോ മുന്‍ ബിഷപ്പും സിഎസ്ഐ മുന്‍ മോഡറേറ്ററൂമായ കെജെ സാമുവലോ ഹാജരില്ലായിരുന്നതിനാല്‍ ഈ അഭ്യര്‍ഥനയുടെ മുനയൊടിഞ്ഞു എന്ന് തീര്‍ച്ചയായി.

ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സ്റ്റാഗ് ബ്രുക്, ആഷ്ലി തേയിലത്തോട്ടങ്ങളോട് ചേര്‍ന്ന് ബ്രിട്ടീഷ് പ്ലാന്റര്‍മാര്‍ക്കു ആരാധന നടത്താനായി അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവാണ് 15 .62 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുകൊടുത്തത്. ഹെന്റി ബേക്കര്‍ ജൂനിയര്‍ ഇംഗ്ലീഷ് പള്ളികളുടെ മാതൃകയില്‍ മനോഹരമായ പള്ളി അവിടെ പടുത്തുയര്‍ത്തി..സ്ഥലത്തിന്റെ പേര് പള്ളിക്കുന്ന് എന്നുമായി.

ഹൈറേഞ്ചിലെ ആദ്യപള്ളിയാണ് പള്ളിക്കുന്നിലേത്. മുന്നാറിലെ ക്രൈസ്റ്റ് ചര്‍ച്ചിന് 120 വര്‍ഷം പഴക്കമേയുള്ളു. 

സെന്റ് ജോര്‍ജ് പള്ളിക്കു ചുറ്റും ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്ന സൈപ്രസ് (ചൂള വര്‍ഗം ) മരങ്ങള്‍ വച്ചു പിടിപ്പിച്ചു. കൊതുകുകളെ തുരത്താനായി സുഗന്ധ വാഹിയായ ദേവദാരു മരങ്ങളും നട്ടു. ഒന്നര നൂറ്റാണ്ടായിട്ടും പള്ളിയും സൈപ്രസ് മരങ്ങളും സെമിത്തേരിയുമെല്ലാം ഭംഗിയായി കാത്തു സൂക്ഷിക്കുന്നുണ്ടെന്നു ഇംഗ്ലീഷ് സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പള്ളിക്കുള്ളില്‍ ഒന്നര നൂറ്റാണ്ടു മുമ്പ് തടിയില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും ഇന്നും കേടു കൂടാതെ അവശേഷിക്കുന്നു. സെമിത്തേരില്‍ അന്ത്യവിശ്രമം കൊള്ളുന്ന പലരുടെയും പേരില്‍ പിച്ചള ഫലകങ്ങള്‍ പള്ളിഭിത്തികളില്‍ കാണാം. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നവര്‍ പിന്നട് സ്ഥാപിച്ച സ്മാരകശിലകള്‍ ആണ് അവയെല്ലാം.

രണ്ടര ഏക്കര്‍ വിസ്താരമുള്ള സെമിത്തേരിയില്‍ ഇന്നും വെള്ളക്കാരല്ലാത്തവര്‍ക്കു കിടപ്പാടമില്ല. പള്ളിയില്‍ വികാരിയായി സേവനം ചെയ്ത ആദ്ദ്യത്തെ ഇന്ത്യക്കാരന്‍ റവ നല്ലതമ്പിക്കു മാത്രമേ ഇളവ് അനുവദിച്ചുള്ളു. ഇംഗ്ലീഷ്‌കാര്‍ക്ക് അത്രമേല്‍ മതിപ്പുള്ള ആള്‍ ആയിരുന്നിരിക്കണം നല്ല തമ്പി. ബ്രിട്ടിഷ് സെമിത്തേരികളുടെ സംരക്ഷണ ചുമതലയുള്ള ബാസ്ത എന്ന സംഘടനയുടെ ലിസ്റ്റില്‍ പെട്ടതാണ് ഈ സെമിത്തേരി.. ഇതിനോടു ചേര്‍ന്ന് ഇടവക അംഗങ്ങള്‍ക്കായി വേറെ സെമിത്തേരിയുമുണ്ട്.

ശതോത്തര സുവര്‍ണ ജൂബിലി 2020 ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും.ഈ കാലയളവില്‍ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ സര്‍ ഡൊമിനിക് ആസ്‌ക്വിത്, ബാസ്ത സെക്രട്ടറി പീറ്റര്‍ ബൂണ്‍ എന്നിവരടക്കം പ്രമുഖരുടെ ഒരു വാന്‍ നിരയെ പ്രതീക്ഷിക്കുന്നതായി വികാരി റവ.. ജയ്സിംഗ് നോര്‍ബര്‍ട് അറിയിച്ചു.

തേയിലത്തോട്ടങ്ങള്‍ക്കു നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സെന്റ് ജോര്‍ജ് സിഎസ്‌ഐ ഇടവകയില്‍ നൂറ്റമ്പതു കുടുംബങ്ങള്‍ ആണുള്ളത്.. വിജു വി.ചാക്കോ, സുനില്‍ ജോസഫ് എന്നിവരാണ് ട്രസ്റ്റിമാര്‍. ജൂബിലി പ്രമാണിച്ച് പള്ളിയുടെ വകയായി ഒരു ഷോപ്പിംഗ് കോംപ്ലെക്‌സും ഇംഗ്ലീഷ് മീഡിയം സ്‌കൂളും ആരംഭിക്കാന്‍ പരിപാടി ഉണ്ടെന്നു വികാരി റവ. ജയ്സിംഗ് വെളിപ്പെടുത്തി.

തോട്ടവിളകളുടെ കേന്ദ്രമായ ഹൈറേഞ്ചില്‍--ബോണാമി എസ്റ്റേറ്റില്‍-- ജനിച്ചുവളര്‍ന്ന ആളാണ് ജയ്‌സിംഗും ഭാര്യ റാണിയും. തന്മൂലം തേയില കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാം. അവരുടെ ഉന്നമനത്തിനായി എന്തെകിലും ചെയ്യണമെന്ന് ആഗ്രഹവും ഉണ്ട്.  അതിന്റെ തുടക്കമാവും സ്‌കൂള്‍. ബോണാമിയില്‍ ജനിച്ചു വളര്‍ന്നു ഐഎഎസ് നേടിയ അര്‍ജുന്‍ പാണ്ഡ്യന്‍ അയല്‍ക്കാരനായിരുന്നു. അച്ഛന്‍ പാണ്ഡ്യനും അമ്മ ഉഷയും കുടുംബ സുഹൃത്തുക്കള്‍.

''വൈദികനായ എന്റെ പിതാവ് റവ. വൈ. സെബാസ്റ്റ്യന്‍ നാഗര്‍കോവിലില്‍ ലൂഥറന്‍ ചര്‍ച് വക കോണ്‍കോര്‍ഡിയ സ്‌കൂളില്‍ പഠിച്ച ആളാണ്. അന്ന് അദ്ദേഹത്തെ പഠിപ്പിച്ച റവ. ജയ്സിംഗ് നോര്‍ബെര്‍ട്ടിന്റെ പേര് എനിക്കു ചാര്‍ത്തുകയായിരുന്നു'', അദ്ദേഹം പറഞ്ഞു. ഇടവകയില്‍ ഭൂരിഭാഗവും സാമ്പത്തികമായി ബുദ്ധിമുട്ടുട്ടുന്നവരാണ്. വിദ്യാസമ്പന്നരായി ഡോക്ടറും എന്‍ജിനീയറും ഉദ്യോഗസ്ഥരുമായവര്‍ കുറവ്. പക്ഷെ പുതിയ തലമുറയില്‍ പ്രതീക്ഷ യുടെ നാമ്പുകള്‍ ഉണ്ട്.

പള്ളിക്കു സ്വന്തമായി ഏതാനും ഏക്കര്‍ തോട്ടമുണ്ട്. തൊട്ടുചേര്‍ന്നൊഴുകുന്ന അരുവിയുടെ അക്കരെ 1860-കളില്‍ ഇംഗ്ലീഷ് പ്ലാന്റര്‍മാര്‍ പടുത്തുയര്‍ത്തിയ സ്റ്റാഗ്ബ്രുക്, ആഷ്ലി എസ്റ്റേറ്റുകളുണ്ട്. ഇപ്പോള്‍ എവിജി ഗ്രൂപ് ആണ് ഉടമകള്‍. 1869 ല്‍ ഹെന്റി ബക്കര്‍ നിര്‍മ്മിച്ച ആഷ്ലി എസ്റ്റേറ്റ് ബംഗ്‌ളാവ് അന്നത്തെ പ്രൗഢിയോടെ ഇന്നുമുണ്ട്.

മുഖ്യമന്ത്രി  പങ്കെടുത്ത ചടങ്ങില്‍ ഏവരെയും ആകര്‍ഷിച്ചത് ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുമ്പ് സരളമധുരമായ തമിഴ് പ്രസംഗം കൊണ്ട് സദസ്യരെ കൈയ്യിലെടുത്ത റിട്ട. വൈദികന്‍ വൈ സെബാസ്റ്റിയന്‍ ആണ്. മലയാളവും ഇംഗ്ലീഷും അദ്ദേഹത്തിന് വഴങ്ങും. എഴുപത്തിമൂന്നു എത്തിയിട്ടും ഹൈറേഞ്ചിലെ മലകളില്‍ കയറിയിറങ്ങി പണിയെടുത്ത അദ്ദേഹത്തിന് ചെറുപ്പക്കാരന്റെ ചുറുചുറുക്ക്. പണ്ട് പ്രേമിച്ച് വിവാഹം ചെയ്ത ഭാര്യ ലില്ലിയുമായി അദ്ദേഹം നേരത്തെ എത്തി. ഇപ്പോഴത്തെ വികാരിയുടെ പിതാവാണ്. മകള്‍ ജയശീലി ജൂലിയട്ടിന്റെ ഭര്‍ത്താവും മറ്റൊരു റവ. ജയ്സിംഗ്. തൂത്തുക്കുടി ലൂഥറന്‍ ചര്‍ച്ച് വികാരി.

മുപ്പത്തിമൂന്നു വര്‍ഷം ഗവ.സ്‌കൂള്‍ അധ്യാപകനായിരുന്നു. 156 രൂപയായിരുന്നു ആദ്യ ശമ്പളം. സര്‍ക്കാര്‍ പെന്‍ഷന്‍ ഉള്ളതിനാല്‍ സഭയുടെ പെന്‍ഷന്‍ ഇല്ല. എങ്കിലും സദാ സന്തുഷ്ട്ടന്‍. എസ്റ്റേറ്റ് മേഖലയായ ജന്മസ്ഥലം ബോണാമി, സെമിനിവാലി, കോഴിക്കാനം, തേങ്ങാക്കല്ല്, ഹെലിബറിയ, കരിന്തരുവി, ഉപ്പുതറ, മൗണ്ട് എന്നിവിടങ്ങളില്‍ സഭാ സേവനം ചെയ്തു. ഹെലിബറിയ ആണ് ഏറ്റവും ഇഷ്ടം . . പതിനൊന്നു വര്‍ഷം അവിടെ വികാരിയായിരുന്നു. ''അടുത്ത തലമുറയില്‍ കൂടി ഒരു വൈദികനുണ്ടാകണം എന്ന് ആഗ്രഹമുണ്ട്. എല്ലാം ദൈവത്തിന്റെ ഇഷ്ടം''

ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
മുഖ്യമന്ത്രി പിണറായി സെന്റ് ജോര്‍ജ് പള്ളിയുടെ ശതോത്തര സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്യുന്നു.
ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
വികാരി റവ.ജയ്സിംഗ്, ഭാര്യ റാണി, ചര്‍ച്ച് വാര്‍ഡന്‍ വിജു വി.ചാക്കോ, കമ്മിറ്റി അംഗം ജോസഫ് ഭാസ്‌കരന്‍
ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
മുഖ്യമന്ത്രിക്കു വരവേല്‍പ്പ്
ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
4 . മുഖ്യമന്ത്‌റിക്കു വികാരി ഏലക്കാമാല സമ്മാനിക്കുന്നു. ബിജിമോള്‍, ജോയിസ് ജോര്‍ജ് സമീപം.
ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സദസിന്റെ മുന്‍നിര
ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
പള്ളിയും ബ്രിട്ടീഷ് സെമിത്തേരിയും .
ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സെമിത്തേരിയില്‍ അടക്കം ചെയ്ത ഡൗണി എന്ന പെണ്‍ കുതിരയുടെ കല്ലറ
ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഹെന്റി ബേക്കറിന്റെ കുടുംബാംഗങ്ങള്‍ക്കു സ്വാഗതം--റവ. ജയ്‌സിങ്ങും റാണിയും
ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഹെന്റി ബേക്കറിന്റെ ചിത്രം ബിഷപ് കെജെ സാമുവല്‍ അനാച്ഛാദനം ചെയ്യുന്നു. സഭാ എക്‌സിക്യൂട്ടീവ് അംഗം സുനില്‍ ജോസഫ് വലത്ത്.
ഹൈറേഞ്ചിലെ ആദ്യപള്ളിക്കു 150, ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
വൈദികരുടെ കുടുംബം--വികാരിയുടെ പിതാവ്. റവ വൈ.സെബാസ്ട്യനും ഭാര്യ ലില്ലിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക