Image

സാമൂഹ്യശാസ്ത്രം....(കഥ -സംഗീത്)

Published on 02 March, 2019
സാമൂഹ്യശാസ്ത്രം....(കഥ -സംഗീത്)
എന്നാലും എന്നെ വിളിച്ചില്ലാന്നേ....

അവാര്‍ഡ് കിട്ടുമെന്നുള്ളതു പരസ്യമായൊരു രഹസ്യമായിരുന്നതിനാല്‍ വിവരം അറിഞ്ഞ ഇന്നലെത്തന്നെ റിസപ്ഷന്‍ അങ്ങ് നടത്തി. റിസപ്ഷനു ഹാജരായ വിദ്വാന്മാരെല്ലാവരും വയറു വാടകയ്‌ക്കെടുത്താണ് സഹകരിച്ചത്.എങ്കിലും രമ കൊച്ചമ്മയുടെ
തലവേദന മാറിയില്ല. കഴിക്കാത്തതും കഴിച്ചിട്ട് ഇറങ്ങാത്തതുമായ ഭക്ഷണാവശിഷ്ടങ്ങള്‍ കൂട്ടിയിട്ടും കിഴിച്ചിട്ടും പടപണ്ടാരം പോലുള്ള ഇരുപത് പ്ലാസ്റ്റിക് കവറില്‍  ഒതുങ്ങുന്നില്ലത്രേ . ഈ കുണ്ടാമണ്ടികളെല്ലാം കവറില്‍ കുത്തിക്കയറ്റാന്‍, മസിലുരുട്ടിക്കേറ്റി ജീവിക്കുന്ന രമ കൊച്ചമ്മയുടെ രണ്ട് ആങ്ങളമാരെ അടിയന്തരമായി ജിമ്മില്‍ നിന്നും വിളിച്ചുവരുത്തിയിട്ടുണ്ട്. ഒരാള്‍ മിസ്റ്റര്‍ ഫാത്തിമാപുരവും മറ്റേയാള്‍ റണ്ണറപ്പും!

മൂപ്പത്തിയും ജിമ്മന്മാരും ആ പണി ചെയ്യട്ടെ. നമുക്ക് കുറച്ച് സാഹിത്യമൊക്കെ പറഞ്ഞ് രണ്ട് പിള്ളേരുടെ കൂടെ കൂടാം .

 തണുപ്പും ഉഷ്ണവും ഇടകലര്‍ന്ന അന്തരീക്ഷത്തില്‍ സ്കൂളിനു എതിര്‍വശത്തുള്ള ഇടവഴി കഴിഞ്ഞപ്പോഴും ബിനോയിയുടെ മനസ്സ് ചന്ദ്രന്‍ മാഷിന്റെ രാഷ്ട്രമീമാംസ ക്ലാസില്‍ തന്നെയായിരുന്നു .
 
" ആഗ്‌നസ്സേ, എന്നാലും ആ ക്ലാസ്, ഹോ! ഒരു രക്ഷയുമില്ലായിരുന്നു..."ബിനോയി  ആഗ്‌നസിന്റെ ശ്രദ്ധക്ഷണിച്ചു.

"ഏതു ക്ലാസ്...?" ആഗ്‌നസിന്റെ മനസ്സ് വീട്ടിലെത്തി ഇന്നലെ മിച്ചം വന്ന കോഴിക്കറിയും പുട്ടും കൂട്ടി അനിയച്ചാരു വരുന്നതിനു മുമ്പ് അകത്താക്കുന്നതിലായിരുന്നു.

"നമ്മുടെ ചന്ദ്രന്‍ മാഷിന്റെ ലാസ്റ്റ് പീരീഡ്"

"ഹോ അതോ, ഹാ കൊള്ളാരുന്നു!"

"നമ്മളു കണ്ണടയ്ക്കുന്നതാണ് സമൂഹത്തില്‍ സാമൂഹിക വിരുദ്ധരും സദാചാര ഗുണ്ടകളും പെരുകാന്‍ കാരണം" ചന്ദ്രന്‍ മാഷിന്‍റെ വാക്കുകള്‍ വീണ്ടും ആവര്‍ത്തിച്ച്തന്‍റെ ഓര്‍മ്മ ശക്തി തെളിയിക്കുകയും മാഷിനോടുള്ള തന്‍റെ കൂറ് വര്‍ദ്ധിപ്പിക്കുകയും ചെയ്ത ബിനോയി, തന്റെ പ്രിയപ്പെട്ട മാഷിനെ ഓര്‍ത്ത് ആവേശഭരിതനായി. 
"ഹോ ! എന്നാ ഒരു നിരീക്ഷണവാ. മാഷിനെ പോലുള്ളവരാണ് രാഷ്ട്രീയത്തിലേക്കൊക്കെ ഇറങ്ങേണ്ടത്! ഈ നാട്  സുന്ദരമായേനെ....!"

ആഗ്‌നസിന് മിച്ചംവന്ന കോഴിക്കറിയില്‍ ആയിരുന്നു  ആവേശം. അതുകൊണ്ട് നടത്തത്തിന്റെ വേഗത കൂടി . അല്ലേലും അതിന് രാഷ്ട്രീയബോധം, സാമൂഹികവബോധം, ഗ്ലാസ്‌നോസ്ത്, പെരിസ്‌ട്രോയിക്ക, നിയമനിര്‍മ്മാണം, ഭരണഘടന, അധികാരം, രാഷ്ട്രം, ജ്യോതി, മതില്‍,ഹര്‍ത്താല്‍ തുടങ്ങിയ വാക്കുകളോടു  പുറം തിരിഞ്ഞ സമീപനമാണ്.  അതും ഒരുമാതിരി സാധാരണക്കാരെകൂട്ട്.

   കുരുന്നപ്പന്റെ പറമ്പിലൂടെ ഒറ്റക്ക്  പോകാന്‍ ഇന്നും പേടിയാണ് ആഗ്‌നസിന്. കുട്ടികാലത്ത് എന്തോ പേടി തട്ടിയതാണ്. ആ പറമ്പില്‍ ചാത്തനും മറുതയും ഒക്കെ ഉണ്ടെന്നാണ് ഒരു കരക്കമ്പി. പറമ്പിലെ വരിക്കപ്ലാവില്‍ ഏതോ പേരുകേട്ട യക്ഷിയെ തറച്ചിട്ടുണ്ട് എന്നതു  മറ്റൊരു കഥ. ആ വരിക്കപ്ലാവില്‍ കൂഴച്ചക്ക ഉണ്ടാകുന്നു എന്ന അത്ഭുതകരമായ കണ്ടെത്തല്‍ നടത്തിയ കള്ളന്‍ പാപ്പി, യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം ലഭിക്കാതെ കണ്ടെത്തല്‍ നടത്തിയതിന്റെ പിറ്റേന്ന് വയറിളക്കം പിടിച്ച് ആ മഹാന്‍ അന്തരിച്ചു .

പിന്നീട് ആഗ്‌നസ് ആരോടും മിണ്ടാതെയും പറയാതെയും മുറിക്കുള്ളില്‍ തന്നെ ഒറ്റയിരിപ്പായി. തറമ്മ അമ്മായി പള്ളിയായ പള്ളി മുഴുവന്‍ കൊച്ച് ആഗ്‌നസ്സിനെയും കൊണ്ട് കയറി ഇറങ്ങി. അവസാനം കൊച്ചിനെ പാറേല്‍ പള്ളിയിലെ മുത്തിയമ്മയ്ക്ക് അടിമ വെച്ചാണ് ഒന്ന് നേരെയാക്കിയെടുത്തത് . അതില്‍ പിന്നെ  സ്കൂളില്‍പോക്ക് ബിനോയിയുടെ കൂടെയാണ്. അതിപ്പോ പ്ലസ്ടു കഴിയാറായിട്ടും ആ ശീലം മാറിയിട്ടില്ല. പക്ഷേ തറമ്മ അമ്മായിയുടെ ശീലം മാറിമറിഞ്ഞു. മൂത്ത ഈശ്വരവിശ്വാസിയായിരുന്ന ആ മഹിളാരത്‌നം കടുത്ത നിരീശ്വരവാദിയായി. തറമ്മ അമ്മായിയുടെ വിശ്വാസങ്ങള്‍ അതാതു കാലങ്ങളില്‍ തറമ്മ അമ്മായിയെ രക്ഷിക്കട്ടെ....

നടത്തം തുടര്‍ന്ന പിള്ളേരു അങ്ങ് ദൂരെ  വിചിത്രമായ ഒരു  കാഴ്ച  കണ്ടു. വിചിത്രമെന്നു പറഞ്ഞാല്‍ പോരാ അതിവിചിത്രം. കുരുന്നപ്പന്റെ പറമ്പില്‍ ഒരു കാറ്. കാറില്‍ നിന്നും പല വര്‍ണ്ണത്തിലുള്ള വലിയ പ്ലാസ്റ്റിക് കവറുകള്‍ വായുവിലൂടെ പറന്നുയരുകയും പറമ്പില്‍ വന്നു  പതിക്കുകയും ചെയ്യുന്നു. വീണ്ടും വീണ്ടും ആ പ്രക്രിയ ആവര്‍ത്തിച്ചു, കവറുകള്‍ ഉയരുന്നു പറക്കുന്നു പതിക്കുന്നു.ഉയരുന്നു പറക്കുന്നു പതിക്കുന്നു.....

അവര്‍ ആ നാലു ചക്രവാഹനത്തിന്റെ  അടുത്തെത്തി.... ഹോ! സഹിക്കാന്‍ പറ്റുന്നില്ല. പഴകിയ ബിരിയാണിയുടെ അസഹ്യമായ ദുര്‍ഗന്ധം ഇരുവരുടെയും മൂക്കുകളിലേക്ക് ഇരച്ചുകയറി.  അവരുടെ കരങ്ങള്‍ മൂക്കിന് പ്രതിരോധക്കോട്ടകെട്ടി. ആഗ്‌നസിന് ഇതുമൂലം കോഴിക്കറിയോടുള്ള ഇഷ്ടം തന്നെ ഇല്ലാതായി . പാവം കോഴിക്കറി!

ചന്ദ്രന്‍ മാഷിന്‍റെ ശിഷ്യന്‍  രോഷത്താലും സാമൂഹ്യ പ്രതിബദ്ധതയാലും ആളിക്കത്തി . ഇതു കണ്ടിട്ട് കണ്ണുമടച്ച് നോക്കിയിരിക്കാന്‍ സാധിക്കില്ല .തന്റെ പ്രതികരണശേഷി ഇന്ന് ഈ കാറുകാരനേ, ഈ സാമൂഹ്യവിരുദ്ധനേ കാണിച്ചിട്ട് തന്നെ കാര്യം.

ധൈര്യം ഫുള്‍ ടാങ്ക് അടിച്ചു, ശ്വാസം ബ്രേക്കിട്ട്അടക്കിപ്പിടിച്ചു. ബിനോയി ഇനി ചെയ്യാന്‍ പോകുന്ന കാര്യം മനസ്സില്‍ ഓരോന്നോരോന്നായി പ്ലാന്‍ ചെയ്തു.  ധൈര്യമായി മുന്നോട്ട് ചെല്ലുക, ഭയം ഒരു കാരണവശാലും മുഖത്തു കാണിക്കാതിരിക്കുക, മുന്നോട്ടെത്തി കാറിന്റെ മുന്‍ വാതില്‍ വലിച്ചു തുറക്കുക. ഈ കുത്സിത പ്രവര്‍ത്തി ചെയ്യുന്ന ആളെ വിറപ്പിച്ചുകൊണ്ട് ഒരു തട്ടുപൊളിപ്പന്‍ ഡയലോഗ് അങ്ങ് വെച്ച് കാച്ചുക. "ഹേ! മനുഷ്യമാംസപിണ്ഡമേ, അങ്ങനെ ഇപ്പോ വെല്ലവന്റെയും പറമ്പില്‍ കയറി വെയിസ്റ്റ് തള്ളേണ്ട...!"
ഹോ! എന്തൊരു പ്ലാനിംഗ്, എന്തൊരു ഡയലോഗ്...
തന്റെ നീക്കങ്ങള്‍ രഹസ്യമായി അഗ്‌നസ്സിന്റെ ചെവികളില്‍ എത്തിച്ചു. മനസ്സില്ലാമനസ്സോടെ ആഗ്‌നസ് പുറത്ത് നിന്നുള്ള പിന്തുണ പ്രഖ്യാപിച്ചു അതും സമദൂരം നിന്ന്.

അവന്‍ മുന്നോട്ടുനീങ്ങി, ഞൊടിയിടയില്‍ കാറിന്റെ വാതില്‍ കണ്ണുമടച്ച് വലിച്ചു തുറന്നു. തുറക്കുന്നതോടൊപ്പം മനഃപാഠമാക്കിയ വാചകം പറഞ്ഞുതുടങ്ങി "ഹേ മനുഷ്യമാംസ....." അവന്‍ ഞെട്ടി. പുറകെ ആഗ്‌നസ്സും അയാളുടെ മുഖം കണ്ട് ഞെട്ടി.

 മുന്‍സീറ്റില്‍ ഇരിക്കുന്ന ആ മെലിഞ്ഞ ശരീരക്കാരനെ, ആ കഷണ്ടിത്തലയനെ നാട്ടുകാര്‍ ചന്ദ്രപ്പന്‍ എന്നും അയാളുടെ ഭാര്യ  രമ, നമ്മുടെ രമ കൊച്ചമ്മ, അങ്ങേരെ ചന്ദ്രേട്ടന്‍ എന്നും സ്കൂളിലെ ബിനോയിയെ പോലുള്ളവര്‍  ചന്ദ്രന്‍ മാഷ് എന്നും വിളിച്ചപ്പോള്‍ കേരള സിലബസിനേക്കാള്‍ മുന്തിയ സിലബസില്‍ പഠിച്ചിറങ്ങിയവര്‍ അയാളെ മൂണ്‍ സാര്‍ എന്നും വിളിച്ചു.

ഇരുവരെയും കണ്ടപ്പോള്‍ മൂണ്‍ സാര്‍ ഒന്നു പരുങ്ങി.

"മാഷേ!"ബിനോയിയുടെ ഞെട്ടല്‍ അപ്പോഴും മാറിയില്ല. "ഇങ്ങനെ ഒന്നും ചെയ്യരുതെന്ന് മാഷ് തന്നെ പറഞ്ഞിട്ട്"

കഷണ്ടി മാഷ് കാറില്‍ നിന്ന് ഇറങ്ങി " ഇത് വലിയ കാര്യമാക്കേണ്ടടോ" മാഷ് ഒരു ചിരി മുഖത്ത് സൃഷ്ടിച്ചു, ഒപ്പം ചമ്മലു മറച്ച് ഒരു ഗൗരവവും . "എല്ലാവരും ഇതൊക്കെ തന്നെയാ ചെയ്യുന്നേ. വേസ്റ്റ് കളയലു ഒരു എടങ്ങേറു പിടിച്ച പണിയാടോ." അയാള്‍ ഗൗരവം കടുപ്പിച്ചു. "അത് ഇരിക്കട്ടെ നിങ്ങള്  എന്താ ഇവിടെ ചുറ്റി കറങ്ങുന്നെ?"
 
"ങേ?"പിള്ളേരു പരസ്പരം നോക്കി "ഞങ്ങള്  വീട്ടില്‍ പോകുവാരുന്നു." ആഗ്‌നസ് മറുപടി നല്‍കി .

"നിങ്ങള് തമ്മില്‍ എന്താ ചുറ്റിക്കളി......" ആ മെലിഞ്ഞ മനുഷ്യന്‍ രൂക്ഷമായി നോക്കി.

"മാഷ് എന്താ ഈ പറയുന്നെ " ബിനോയി നെറ്റിചുളിച്ചു. "ഞങ്ങള്‍ ഒന്നിച്ച് വീട്ടില്‍ പോകുന്നു. അതിന് എന്താ?" പിള്ളേരു പരസ്പരം വീണ്ടും നോക്കി  "ഇപ്പോ അതല്ലല്ലോ വിഷയം മാഷേ. ഈ ചെയ്തത്...."

"എന്തു ചെയ്തത്" മാഷിന്റെ സ്വരം ഉയര്‍ന്നു. "രണ്ടും വേഗം സ്ഥലം വിടാന്‍ നോക്ക്" ഇല്ലങ്കില്‍ രണ്ടിന്റെയും കാര്യം ഞാന്‍ സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്യും."

"അതിന് ഞങ്ങള്‍ എന്ത് തെറ്റു ചെയ്തു".

" സ്കൂള്‍ വിട്ട് കഴിഞ്ഞ് രണ്ടാളും വീട്ടില്‍ പോകാതെ ഇവിടെ പരുങ്ങി നിന്ന് കിന്നരിച്ചുകൊണ്ടിരിക്കുന്നതും പോരാ, എന്നിട്ട് എന്റെ നെഞ്ചത്തോട്ടു കയറുന്നോ..." അയാള്‍ കാറിന്റെ വാതില്‍ ആഞ്ഞടച്ചു. ഇരുവരും ഭയന്നു. അവര്‍ ഒന്നും മിണ്ടിയില്ല. അയാളും നല്ല രീതിയില്‍ വേര്‍ത്തിരുന്നു.

ആഗ്‌നസ്സിന്റെ കണ്ണില്‍ ഉള്‍ക്കൊള്ളുന്നതിലും കൂടുതല്‍ കണ്ണീര്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകി മുഖത്ത് പ്രളയം വിതച്ചു. തുവാല മുഖത്തോട് ചേര്‍ത്ത് അവള്‍ നടന്നു. ഉടനെ ചന്ദ്രന്‍ മാഷും കാറില്‍ കയറി സ്ഥലം വിട്ടു. പൊടുന്നനെ  ഏകാന്തത കാര്‍മേഘം പോലെ ഇരുണ്ടു കൂടി. ബിനോയി ചലനമറ്റ് ഏതാനും നിമിഷം പറമ്പില്‍ തന്നെ നിന്നുപോയി.

പിറ്റേന്ന് ആഗ്‌നസ് സ്കൂളില്‍ വന്നില്ല....

സ്കൂളില്‍ വന്നപാടെ ബിനോയിയെ ആളെവിട്ട് സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.

" മൊട്ടേന്നു വിരിഞ്ഞില്ല... അപ്പോഴേ തുടങ്ങിക്കോണം പ്രണയവും മണ്ണാങ്കട്ടയും," പ്രധാനാധ്യാപിക രോഷാകുലയായി. ബിനോയി അന്തിച്ചുപോയി. "ചന്ദ്രന്‍ മാഷ് എല്ലാം വന്നു പറഞ്ഞു. വഴിവക്കത്തു നിങ്ങളു കാട്ടിക്കൂട്ടിയ കോപ്രായങ്ങളും, അത് ചോദിക്കാന്‍ വന്ന മാഷിനെ എതിര്‍ത്തതും എല്ലാം ഞാന്‍ അറിഞ്ഞു.മോന്‍ ഇനി രണ്ടാഴ്ച കഴിഞ്ഞ്‌സ്കൂളിലേക്ക് എഴുന്നള്ളിയാ മതി." അവര്‍ മേശപ്പുറത്ത് നിന്നും ഒരു കടലാസ്  എടുത്തു നീട്ടി. "അതു മാത്രം പോരാ , നിന്നെയൊക്കെ ഇങ്ങനെ വളര്‍ത്തുന്ന തന്തയെയും തള്ളയെയും കൂടെ കൂട്ടിക്കൊണ്ട് ഇങ്ങോട്ടീ പടി കയറിയാ മതി. മോനെ ഗുരുത്വം കിട്ടിയില്ലെങ്കില്‍ ജീവിതം പോയടാ . മാഷ് മനസ്സ് വിഷമിച്ചാ എന്നോട് ഈ കാര്യം  പറഞ്ഞത്. കടുത്ത മനഃപ്രയാസത്താല്‍ ഇന്ന് ലീവ് ആണ്മാഷ്. മാഷിന്റെ ഒക്കെ ഉള്ള് ഒന്നു നൊന്താല്‍ നിന്റെയൊക്കെ ജീവിതം തന്നെ തീര്‍ന്നു.ഇത് ഓര്‍ത്താല്‍ നന്ന്"
ബിനോയി ഒന്നും മിണ്ടിയില്ല

സ്റ്റാഫ് റൂമില്‍ നിന്നിറങ്ങിയ അവന്‍ സ്കൂളിന്റെ പ്രധാന കവാടത്തിലേക്ക് നടന്നു. കവാട മതിലില്‍ ഏണി ചാരി പിയൂണ്‍ അപ്പച്ചന്‍ നില്‍ക്കുന്നു.കവാടത്തിന്റെ മുകളില്‍ ഫ്‌ലക്‌സ് വലിച്ചു കെട്ടുകയാണ്. അവന്‍ ഫ്‌ലക്‌സില്‍ എഴുതിയ വാചകം വായിച്ചു. ' മികച്ച അധ്യാപകനുള്ള രാഷ്ട്രപതി അവാര്‍ഡ് ലഭിച്ച നമ്മുടെ സ്കൂളിന്റെ അഭിമാനവും ഈ നാടിന്റെ പൊന്നോമനയുമായ പ്രിയപ്പെട്ട ചന്ദ്രന്‍ മാഷിന്  എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു' വാചകത്തിന്റെ ഇപ്പുറത്ത്  ഫോട്ടോഷോപ്പില്‍ കുളിപ്പിച്ചെടുത്ത ഒരു ഫോട്ടോയും ചിരിച്ചിരിപ്പുണ്ട്.

ബിനോയി നിലത്തൊന്ന് പരതിനോക്കി. ഒരു പാറക്കല്ല് കണ്ണില്‍ ഒടക്കി. അതെടുത്ത് ഉന്നം നോക്കി ഒറ്റയേറ്. ഉഗ്രന്‍ ഉന്നം. ഫ്‌ലക്സ്സിലെ ചന്ദ്രന്‍ മാഷിന്റെ നെറ്റി പിളര്‍ന്നു.

 ഇതു കണ്ടു നിന്ന പിയൂണ്‍ അപ്പച്ചന്‍ അലറിക്കൊണ്ട് പറഞ്ഞു.
"ഡാ കുരുപ്പെ, തലതെറിച്ചവനെ, നിന്നേപോലുള്ള   സാമൂഹ്യദ്രോഹികളാടാ ഈ നാടിന്റെ ശാപം......"

Join WhatsApp News
Sudhir Panikkaveetil 2019-03-03 09:00:26
നാട്ടിലെ മാലിന്യ നിർമാർജന പ്രശ്നങ്ങളും 
അത് പരിഹരിക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെടുന്നവരുടെ  
 ഇരട്ടത്താപ്പും കൂട്ടിച്ചേർത്ത് മെനഞ്ഞ കഥ.
രാഷ്ട്രീയ പിൻബലം ഉള്ള കപട സമൂഹ 
സ്നേഹികൾ മാലിന്യ കൂമ്പാരം മാറ്റുന്നത് 
അത് മറ്റുള്ളവന്റെ പറമ്പിലേക്ക് എറിഞ്ഞിട്ടാണ് 
എന്ന് സധൈര്യം കഥകൃത് എഴുതുന്നു . അത്തരം 
തെറ്റുകളെ എതിർക്കുന്നവരെ കുറ്റവാളികലാക്കുന്നു 
സമൂഹം. ആ വിരോധാഭാസവും (paradox ) കഥാകൃത് 
പ്രകടിപ്പിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക