Image

പ്രേക്ഷക ഹൃദയങ്ങളിലേക്ക്‌ ഒരു തെങ്കാശിക്കാറ്റ്‌

Published on 06 March, 2019
  പ്രേക്ഷക ഹൃദയങ്ങളിലേക്ക്‌ ഒരു തെങ്കാശിക്കാറ്റ്‌
നഗരവും നഗരജീവിതവും ഐടികമ്പനിയും എന്നു വേണ്ട മലയാള സിനിമയില്‍ കുറേ കാലമായി ഗ്രാമാന്തരീക്ഷം അധികം കടന്നു വരാറില്ല. എന്നാല്‍ നഗരജീവിത പശ്ചാത്തലത്തില്‍ നിന്നും മാറി പഴയ ഗ്രാമീണതയിലേക്ക്‌ തിരിച്ചെത്തുകയാണ്‌ തെങ്കാശിക്കാറ്റ്‌ എന്ന ചിത്രം.

അമ്പലവും ആല്‍ത്തറയും ഉല്‍സവവുമെല്ലാം സിനിമയില്‍ കണ്ടിട്ടും കുറേ നാളായി. ഇക്കാഴ്‌ചകളെല്ലാം അതിമനോഹരമായ ഒരു കഥയില്‍ കോര്‍ത്ത്‌ പ്രേക്ഷകന്റെ മുന്നിലെത്തിക്കുകയാണ്‌ സംവിധായന്‍ ഷിനോദ്‌ സഹദേവന്‍. 

താമരക്കുന്ന്‌ എന്ന ഗ്രാമത്തിലാണ്‌ കഥ നടക്കുന്നത്‌. അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ഏക്കറുകള്‍ പരന്നു കിടക്കുന്ന വിശാലമായ താമരപ്പാടങ്ങളാണ്‌. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന താമരപ്പാടങ്ങള്‍. അമ്പലങ്ങളിലേക്ക്‌ പൂജയ്‌ക്കായി പൂക്കള്‍ കൊണ്ടു പോകുന്നത്‌ ഇവിടെ നിന്നായിരുന്നു. അത്‌ പണ്ടുള്ള കഥ.

ഇന്ന്‌ താമരക്കുന്നിലെ പാടങ്ങള്‍ വെറും ചതുപ്പു നിലങ്ങളായി മാറിയിരിക്കുന്നു. പാടങ്ങളുടെ ഉടമസ്ഥാരായ ഈശ്വരമംഗലംകാരട്‌ ചിലര്‍ക്കുള്ള വൈരാഗ്യമാണ്‌ ഇതിന്റെ പിന്നില്‍. ഇവിടേക്കാണ്‌ ഒരു ദിവസം ശിവശങ്കരന്‍(ഹേമന്ത്‌ മേനോന്‍) എന്ന യുവാവ്‌ പടികയറി വരുന്നത്‌. 

അധികം വൈകാതെ തന്നെ ഈശ്വരമംഗലം തറവാട്ടിലെ കാരണവരുടെ ഏറ്റവുമടുത്ത വിശ്വസ്‌തനായി മാറുകയാണ്‌ ശിവശങ്കരന്‍. തറവാട്ടിലെ അംഗങ്ങളുടെ സ്‌നേഹഭാജനമായി മാറുന്ന അയാള്‍ താമരക്കുന്നില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. അയാളുടെ വരവ്‌ ഗ്രാമത്തിലാകെ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. എന്നാല്‍ ആ ഗ്രാമത്തിലേക്കു വന്നതിന്റെ പിന്നില്‍ ശിവശങ്കരന്‌ ചില പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നു.

ഗ്രാമവാസികള്‍ക്കാര്‍ക്കും അയാളാരെന്നോ എവിടെ നിന്നും വരുന്നുവെന്നോ എന്തിനാണ്‌ അയാള്‍ താമരക്കുന്നിലെത്തിയെന്നോ അറിയില്ല. അയാളുടെ മുന്‍കാല ജീവിതത്തെ കുറിച്ച്‌ ആര്‍ക്കും ഒന്നുമറിയില്ലായിരുന്നു. ഈ ചോദ്യങ്ങളില്‍ നിന്നുയരുന്ന ആകാംക്ഷയാണ്‌ ചിത്രത്തെ മുന്നോട്ടു പോകുന്നത്‌. 

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഗ്രാമ്യഭംഗി വളരെ മനോഹരമായി ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്‌. രണ്ട്‌ കഥാപരിസരങ്ങളിലുമായിട്ടാണ്‌ കഥ വികസിക്കുന്നത്‌. പ്രേക്ഷകന്‌ ഊഹിച്ചെടുക്കാന്‍ കഴിയാത്ത വിധത്തിലാണ്‌ കഥയുടെ സഞ്ചാരം.

ഓരോ നിമിഷവും മാറി മറിയുകയാണ്‌ കഥയിലെ വേഷങ്ങള്‍. അതുകൊണ്ടു തന്നെ പ്രേക്ഷന്റെ ഭാവനയ്‌ക്ക്‌ പിടി തരാതെ വഴുതി പോവുകയാണ്‌ ചിത്രത്തിന്റെ മുന്നോട്ടുള്ള ഓരോ നിമിഷവും. 

ശിവശങ്കരനായി എത്തിയ ഹേമന്ത്‌ മേനോന്‍ തന്റെ കഥാപാത്രത്തോട്‌ നൂറു ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട്‌. ഒരു ഗ്രാമീണ യുവാവിന്റെ ശരീരഭാഷ വളരെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ഹേമന്തിനു കഴിഞ്ഞു. വില്ലനായി എത്തിയത്‌ പത്മരാജ്‌ രതീഷാണ്‌.

സിനിമയുടെ ത്രില്ലിങ്ങ്‌ സ്വഭാവം നിലനിര്‍ത്തുന്നതില്‍ പത്മരാജന്റെ വില്ലന്‍ കഥാപാത്രത്തിന്‌ വളരെ വലിയ പങ്കുണ്ട്‌. നായികമാരായി എത്തിയ കാവ്യ സുരേഷ്‌, ജീവിക എന്നിവര്‍ക്കും വളരെ നല്ല അവസരമാണ്‌ ഈ ചിത്രത്തിലൂടെ ലഭിച്ചതെന്ന്‌ പറയാം. നായകന്റെ വെറും നിഴലായി ഒതുങ്ങാതെ അത്യാവശ്യം വ്യക്തിത്വമുള്ള കഥാപാത്രങ്ങളെയാണ്‌ ഇരുവരും അവതരിപ്പിച്ചത്‌. 

ഷിന്‍ജിത്തിന്റെ ഛായാഗ്രഹണം വളരെ മികച്ചതായി. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഗ്രാമ്യഭംഗി ഒപ്പിയെടുക്കുന്നതില്‍ അങ്ങേയറ്റം വിജയിച്ചിട്ടുണ്ട്‌.

ഗാനങ്ങള്‍ക്കും പുതുമയുള്ള ഈണങ്ങളാണ്‌ ഋത്വിക്‌.എസ്‌.ചന്ദ്‌ നല്‍കിയിരിക്കുന്നത്‌. കഥയുടെ സന്ദര്‍ഭത്തിനനുസരിച്ച്‌ വ്യത്യസ്‌തമാര്‍ന്ന ഈണങ്ങളിലാണ്‌ ഓരോ ഗാനവും എത്തുന്നത്‌. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്‌ സന്തോഷ്‌ വര്‍മ്മ, ഹരിനാരായണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്നാണ്‌. 

വമ്പന്‍ ബജറ്റിന്റെ അകമ്പടിയില്ലാതെ ലളിതമായോരു കഥയെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതിന്‌ സംവിധായകന്‌ അഭിമാനിക്കാം. തൊണ്ണൂറുകളില്‍ ഇതേ മാതൃകയിലുള്ള നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിട്ടുണ്ട്‌.

അത്തരം ചിത്രങ്ങളില്‍ ഏറെയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌തിരുന്നു. ഏറെ കാലത്തിനു ശേഷം വീശിയ തെങ്കാശിക്കാറ്റും ഇപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്‌. 
























































��



























Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക