Image

ബാലകോട്ടിലെ ശവങ്ങള്‍ (ദല്‍ഹികത്ത് - പി.വി.തോമസ്)

പി.വി.തോമസ് Published on 08 March, 2019
ബാലകോട്ടിലെ ശവങ്ങള്‍ (ദല്‍ഹികത്ത് - പി.വി.തോമസ്)
പാക്കിസ്ഥാനിലെ ഉള്‍പ്രദശമായ ബാലകോട്ടില്‍ ഇന്‍ഡ്യ നടത്തിയ പാതിര ആക്രമണം ഒരു രാഷ്ട്രീയ യുദ്ധമായി തുടരുകയാണ്. പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്‍ഡ്യയുടെ അര്‍ദ്ധസൈനീകരുടെ ശരീരം ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് പെട്ടിക്കുള്ളില്‍ എത്തിച്ചത് എല്ലാവരും കണ്ടതാണ്. ഇതിന് പകരം ആയിട്ടാണ് ഇന്‍ഡ്യ ബാലകോട്ടിലെ തീവ്രവാദ-ചാവര്‍ പരിശീലനകേന്ദ്രത്തില്‍ ബോംബാക്രമണം നടത്തിയത്. പക്ഷേ ബാലകോട്ടിലെ ഭീകരരുടെ ഒരു ശവശരീരം പോലും കണ്ടില്ല, ഗവണ്‍മെന്റ് അവകാശപ്പെടുന്ന 300 മൊബൈല്‍ ഫോണുകള്‍ അല്ലാതെ. പക്ഷേ, ആക്രമണം കഴിഞ്ഞ ഉടനെ ഗവണ്‍മെന്റ് അവകാശപ്പെട്ടു 350-450 ഭീകരര്‍ ബാലക്കോട്ടില്‍ വധിക്കപ്പെട്ടുവെന്ന്. ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത്ഷാ അവകാശപ്പെടുകയുണ്ടായി ബാലകോട്ടില്‍ 250 ഭീകരരുടെ നിഗ്രഹം സാധിക്കുകയുണ്ടായിയെന്ന്. എവിടെ ആ ഭീകരരുടെ ശവങ്ങള്‍? വായുസേന മേധാവി ബി.എസ്. ധനോവക്ക് ഇത് സ്ഥിരീകരിക്കുവാന്‍ സാധിക്കുന്നില്ല. അദ്ദേഹം പറയുന്നത് ശവങ്ങള്‍ എണ്ണുന്നത് വായുസനയുടെ ജോലി അല്ല. ശത്രുസങ്കേതം അടിച്ചുതകര്‍ക്കുന്നതാണ് സനയുടെ ജോലി. ശവം എണ്ണുന്നത് ഗവണ്‍മെന്റിന്റെ ജോലി ആണ്. എന്താണഅ ഇതില്‍ നിന്നും നമ്മള്‍ മനസിലാക്കേണ്ടത് ? അമിത്ഷായെ വിശ്വസിക്കാമോ? അദ്ദഹത്തിന് ഈ കണക്ക് എവിടെ നിന്നും ലഭിച്ചു? അദ്ദേഹത്തിന്റെയും ബി.ജെ.പി.യുടെയും ഈ പോര്‍ വിളികള്‍ക്ക്, അവകാശവാദങ്ങള്‍ക്ക് എന്ത് അടിസ്ഥാനം ആണ് ഉള്ളത്?

'ഘര്‍ മെ ഗുസ് കെ മാരേ ങ്കെ' എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി അഹമ്മദ്ബാദിലെയും ജാം നഗറിലെയും തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ അട്ടഹസിച്ചത്(വീട്ടില്‍ കയറി ആക്രമിക്കുമെന്ന്) നല്ലത് തന്നെ. തെരഞ്ഞെടുപ്പ് വേളയില്‍ ഇതുപോലുള്ള ആക്രോശങ്ങള്‍ നല്ലതുതന്നെ. പക്ഷേ, എവിടെ ബാലകോട്ടിലെ ഭീകരരുടെ ശവങ്ങള്‍? ചോദ്യം ചോദിക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തരുത്.
എങ്കില്‍ പുല്‍വാമയിലെ രക്തസാക്ഷി വക്കീലിന്റെ ഭാര്യ ഗീതദേവിയെ മോഡിയും ഷായും രാജ് നാഥ് സിംങ്ങും ദേശദ്രോഹിയായി മുദ്രകുത്തി നടപടി എടുക്കണം. അവരും പുല്‍വാമയിലെ രക്തസാക്ഷി വക്കീലിന്റെ ഭാര്യ ഗീതദേവിയെ മോഡിയും ഷായും രാജ്‌നാഥ് സിംങ്ങും ദേശദ്രോഹിയായി മുദ്രകുത്തി നടപടി എടുക്കണം. അവരും പുല്‍വാമയിലെ രക്തസാക്ഷികളില്‍ ഏറെ പേരുടെ ബന്ധുക്കളും പറയുന്നത് ഇതാണ്: ഞങ്ങളുടെ ഉറ്റവരുടെയും, ഉടയവരുടെയും മൃതദേഹങ്ങള്‍ ഞങ്ങള്‍ കണ്ടു. എന്തുകൊണ്ട് ബാലകോട്ടിലെ ഭീകരരില്‍ ഒരാളുടെ പോലും ശവശരീരം ഞങ്ങള്‍ കണ്ടില്ല?' ശരിയാണത്. എന്താ ഗവണ്‍മെന്റ് രാ്ഷ്ട്രീയലാഭം കൊയ്യുവാനായി കളവ് പറയുകയാണോ? ചോദ്യം ചോദിക്കുന്നവരെ ദേശദ്രോഹിയായി മുദ്രകുത്തരുത് മോഡി-ഷാ-രാജ്‌നാഥ് സിംങ്ങ്- അരുണ്‍ ജയ്റ്റിലി കമ്പനി.

മോഡി പറഞ്ഞു പ്രതിപക്ഷ നേതാക്കന്മാര്‍ പാക്കിസ്ഥാന്റെ 'പോസ്റ്റര്‍ ബോയ്‌സ്' ആയി മാറിയിരിക്കുകയാണെന്ന്. ആണെങ്കില്‍ അത് മഹാഅപരാധം ആണ്. പക്ഷേ അവരുടെ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വം അല്ലേ? ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടരുത്. ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തരുത്. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയസിംങ്ങ് ബാലകോട്ട് ആക്രമണത്തെ അപകടകരമായ ഒരു ദുരന്തം ആയി വ്യാഖ്യാനിച്ചത് അദ്ദേഹത്തിന്റെ തെറ്റാണ്. അതിനെ ആരും അംഗീകരിക്കുന്നതും ഇല്ല. പക്ഷേ, എവിടെ ഈ കൊട്ടിഘോഷിക്കുന്ന ഭീകരഹത്യയും അവരുടെ ശവങ്ങളും നാശവും?

അഭിനന്ദന്‍ വര്‍ദ്ധന്റെ വിമോചനത്തെ എല്ലാവരും ശ്ലാഘിക്കുന്നു. പക്ഷേ, എന്താണ് ഗവണ്‍മെന്റിന് അതില്‍ പങ്ക്? അതല്ലെങ്കില്‍ മോഡിക്കും ഷാക്കും രാജ്‌നാഥ് സിംങ്ങിനും? ഇന്‍ഡ്യയുടെ നാവികസേനാനി കുല്‍ഭൂഷന്‍ ജാദവ് ഇപ്പോഴും വര്‍ഷങ്ങളായി പാക്കിസ്ഥാന്റെ തടവറയില്‍ അല്ലേ? അതുപോലെ ഒട്ടേറെ ഇന്‍ഡ്യക്കാര്‍. അഭിനന്ദന്റെ വിടുതിയില്‍ അമേരിക്കയുടെയും അറബി രാഷ്ട്രങ്ങളുടെയും, സ്വാധീനം മനസിലാക്കണം. ഒപ്പം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നയതന്ത്രപരമായ സമീപനവും. അഭിനന്ദന്റെ വിമോചനത്തില്‍ മോഡിയെ പ്രകീര്‍ത്തിക്കുന്ന ഷാ അദ്ദേഹത്തിന്റെ കര്‍മ്മമാണ് ചെയ്യുന്നത്. അത് നടക്കട്ടെ! പക്ഷേ, അതിനെ ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തരുത്. 

ബാലകോട്ടിലെ ശവങ്ങളുടെ സംഖ്യ അറിയേണ്ടവര്‍ പാക്കിസ്ഥാനില്‍ പോയി എണ്ണം നടത്തണമെന്ന് പറയുന്ന രാജ്‌നാഥ് സിംങ്ങിന്റെ ശുഭത്തരം എങ്ങനെ വിവരിക്കണം. ഗവണ്‍മെന്റ് കൊട്ടിഘോഷിക്കുന്ന ഒരു കാര്യം തെളിയിക്കേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വം അല്ലേ? പ്രത്യേകിച്ചും അന്താരാഷ്ട്രീയ മാധ്യമങ്ങള്‍ ഈ കൂട്ടക്കൊലയെ പുച്ഛിച്ച് തള്ളുമ്പോള്‍. പകരം രാജ്‌നാഥ് സിംങ്ങ് എന്താണ് പറഞ്ഞത് എന്ന് നോക്കാം. ഇന്‍ഡ്യയുടെ സാങ്കേതിക ഇന്റലിജന്‍സ് ഏജന്‍സിയായ നാഷ്ണല്‍ ടെക്ക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനെ ഉദ്ധരിച്ചുകൊണ്ട് ഗൃഹമന്ത്രി പറഞ്ഞു 300 ആക്ടീവ് മൊബൈല്‍ ഫോണുകള്‍ ജയിഷ്-ഇ-മൊഹമ്മദിന്റെ ബാലകോട്ട് പരിശീലനകേന്ദ്രത്തില്‍ കണ്ടു എന്നാണ്. പക്ഷേ, എവിടെ ഈ മൊബൈല്‍ ഉടമകളായ ഭീകരരുടെ ശവങ്ങള്‍? അതിന് രാജ്‌നാഥ് സിംങ്ങിന് ഉത്തരം ഇല്ല. ആര്‍ക്കും മറുപടി ഇല്ല. പക്ഷേ, ജനം ഇത് അറിയേണ്ട? ഇതുപോലുള്ള ഗൗരവപൂര്‍ണ്ണമായ രാജ്യസുരക്ഷാകാര്യങ്ങള്‍ വെറും തെരഞ്ഞെടുപ്പ് പ്രചരണായുധമായി പ്രധാനമന്ത്രിയും സന്തതസഹചാരികളും ഉപയോഗിക്കാമോ?
സാന്‍ഫ്രാന്‍സിസ്‌ക്കോ ആസ്ഥാനം ആയുള്ള പ്ലാനറ്റ് ലാബ്‌സിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ റൊയിട്ടേഷ്‌സ് എഴുതിയത് സാറ്റലയിറ്റ് ദൃശ്യങ്ങള്‍ അനുസരിച്ച് മുമ്പും പിമ്പും ഉള്ള ചിത്രങ്ങളില്‍ ബാലകോട്ടിലെ ഈ ഭീകര പരിശീലനകേന്ദ്രത്തിന് യാതൊരു വ്യത്യാസവും ഇല്ല എന്നാണ്. ബോംബ് ഇട്ടതിന്റെ  ഒരു ലക്ഷണവും കെട്ടിടങ്ങളില്‍ ഇല്ല. ഒരു വ്യോമാക്രമണത്തിന്റെ യാതൊരു അടയാളങ്ങളും ബാലകോട്ടില്‍ ഇല്ല എന്ന് പ്ലാനറ്റ് ലാബ്‌സിനെ സാക്ഷ്യം നിറുത്തി വാര്‍ത്താ ഏജന്‍സി ആയ റൊയിട്ടേഴ്‌സ് എഴുതുന്നു. ആര് ആരെ വിശ്വസിക്കും? ഒരു ഇന്‍ഡ്യക്കാരന്‍ എന്ന നിലയില്‍ ഞാനും കോടികളും ഇന്‍ഡ്യ ഗവണ്‍മെന്റിനെ വിശ്വസിക്കുവാന്‍ ആണ് ആഗ്രഹിക്കുന്നത്. പക്ഷേ, എവിടെ തെളിവുകള്‍? തെളിവ് ചോദിക്കുന്നതുകൊണ്ട് ദേശദ്രോഹിയായി മുദ്രകുത്തരുത്. എവിടെ ശവങ്ങള്‍? ശവങ്ങള്‍ കാണിക്കുവാന്‍ പറയുന്നതുകൊണ്ട് പുല്‍വാമ രക്തസാക്ഷികളുടെ വിധവകളെ ദേശദ്രോഹികള്‍ ആയി ചിത്രീകരിക്കരുത് മോഡി-ഷാ-ജയ്റ്റിലി-രാജ്‌നാഥ് സിംങ്ങ് കമ്പനി. ജെഫ്രി ലൂയിസ് എന്ന ഈസ്റ്റ് ഏഷ്യ നോണ്‍ പ്രൊലിഫറേഷന്‍ പ്രോജക്ടിന്റെ ഡയറക്ടര്‍ പറയുന്നത് ശരിയാണെങ്കില്‍ ബാലകോട്ടിലെ ഭീകരപരിശീലന താവളങ്ങളില്‍ തീക്ഷ്ണ ഉപഗ്രഹഛായാചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ബോംബ് ആക്രമണത്തിന്റെ യാതൊരു അടയാളവും ഇല്ല. എങ്കില്‍ തന്നെയും ഞാന്‍ ഇന്‍ഡ്യയുടെ വ്യോമസേനാധിപന്റെ പ്രസ്താവനയെ ആണ് വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്നത്. മോഡിയുടെയോ ഷായുടെയോ മറ്റുള്ളവരുടെയും അവകാശങ്ങള്‍ വെറും രാഷ്ട്രീയ പ്രേരിതം ആയിരിക്കാം. ഉപഗ്രഹചിത്രങ്ങളെ വായുസേന നിരാകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, എന്താണ് സത്യം? ഞങ്ങള്‍ക്ക് അത് അറിയേണ്ടെ? അതുവരെയും ഞങ്ങള്‍ വായുസേനയെ വിശ്വസിക്കുന്നു. വായുസേന സത്യസന്ധമായി പറയുകയും ഉണ്ടായി ശവം എണ്ണുന്ന്ത അതിന്റെ ജോലി അല്ലെന്നും. സമ്മതിക്കുന്നു. പക്ഷേ, അമിത്ഷാക്ക് എവിടെ നിന്നും ഈ ശവങ്ങളുടെ കണക്ക് ലഭിച്ചു? അതു ശുദ്ധ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അല്ലേ? ആ കളി ഇവിടെ ഈ സാഹചര്യത്തില്‍ വേണോ 'ഷാജി'?
പുല്‍വാമയും ബാലകോട്ടും അഭിനന്ദന്‍ സംഭവവും പേടിസ്വപ്‌നങ്ങള്‍ ആണ്. പുല്‍വാമ ഒരു ഇന്റലിജന്‍സ് പരാജയം ആണെന്ന് പറഞ്ഞത് കാശ്മീര്‍ ഗവര്‍ണ്ണര്‍ ആണ്.  അല്ല മുന്നറിയിപ്പ് നല്‍കിയിട്ടും പ്രവര്‍ത്തിച്ചില്ലെന്നും ആരോപണം ഉണ്ട്. എന്തുകൊണ്ട് പുല്‍വാമ സംഭവിച്ചു. കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് (സംസ്ഥാനവും കേന്ദ്രഗവണ്‍മെന്റിന്റെ ഭരണത്തിന് കീഴിലാണ് ഇപ്പോള്‍) ഇതില്‍ നിന്നും കൈകഴുതി തടിയൂരുവാന്‍ സാധിക്കുമോ? മോഡിക്കും ഷാക്കും മറ്റുള്ള ആളകമ്പടികള്‍ക്കും സാധിക്കുമോ? ഇല്ല. ബാലകോട്ട് ഒരു മറുപടി ആയിരുന്നു. അതിന്റെ വ്യാപ്തി ആര്‍ക്കും അറിയില്ല. പക്ഷേ, രാഷ്ട്രീയക്കാരെ വിശ്വസിച്ചില്ലെങ്കിലും വ്യോമസേനയെ വിശ്വസിക്കണം. പക്ഷേ, രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പ് പ്രചരണായുധമായി അതിനെ ദുരുപയോഗപ്പെടുത്തരുത്. അതു പോലെതന്നെ അഭിനന്ദന്‍ വര്‍ദ്ധന്റെ ധീരതയും വിമോചനവും തെരഞ്ഞെടുപ്പിനായി ദുരുപയോഗിക്കരുത്.

പുല്‍വാമയെയും ബാലകോട്ടിനെയും അഭിനന്ദനെയും രാഷ്ട്രീയവല്‍ക്കരിക്കരുത്. നിര്‍ഭാഗ്യവശാല്‍ മോഡിയും ഷായും സിംങ്ങും, ജെയ്റ്റിലിയും മറ്റും അതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബാലകോട്ടിലെ ശവങ്ങള്‍ അവിടെ നില്‍ക്കട്ടെ. പക്ഷേ, ഇന്‍ഡ്യന്‍ വ്യോമസേന അവിടെ വായു സീമ ലംഘിച്ച് കടന്നു എന്നത് യാഥാര്‍ത്ഥ്യം ആണ്. അത് പാക്കിസ്ഥാനും അതിന്റെ ഭീകരാക്രമണത്തിനും ഉള്ള ശക്തമായ മുന്നറിയിപ്പ് ആണ്. അത് ഒരു രാജ്യത്തിന്റെയും ഒരു ജനതയുടെയും ഒരുമിച്ചുള്ള മറുപടി ആണ്. പുല്‍വാമകള്‍ ആവര്‍ത്തിച്ചാല്‍ ബാലകോട്ടുകളും ആവര്‍ത്തിക്കപ്പെടും. പക്ഷേ, കാശ്മീര്‍ ഇന്നും അശാന്തമാണ്. അതാണ് യാഥാര്‍ത്ഥ്യം.

ബാലകോട്ടിലെ ശവങ്ങള്‍ (ദല്‍ഹികത്ത് - പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക