Image

ഇന്ത്യന്‍ വിജയം ആഘോഷമാകുമ്പോള്‍ (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)

Published on 08 March, 2019
ഇന്ത്യന്‍ വിജയം ആഘോഷമാകുമ്പോള്‍ (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)
ദേശീയത എന്നത് ഒരു വെറും വാക്കല്ല, അതൊരു വികാരമാണെന്ന് ഓരോ ഇന്ത്യക്കാരനും ഇപ്പോള്‍ മനസ്സിലായി തുടങ്ങിയിരിക്കുന്നു. സൈനികരെ നിഷ്ഠൂരമായി കൊല ചെയ്തതിന് ഇന്ത്യ പകരം ചോദിച്ചിരിക്കുന്നു. ശത്രുവിന്റെ മടയില്‍ ചെന്ന് പകരം ചോദിക്കുക എന്ന ധീരന്മാരുടെ ചെയ്തികള്‍ക്കാണ് കഴിഞ്ഞയാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ട ആദ്യ ഇന്ത്യക്കാരനായ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന എയര്‍ വിംഗ് കമാന്‍ഡര്‍ പാക്ക് പിടിയിലായിട്ടും സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഒരു യുദ്ധം ജയിച്ചതു പോലെ രാജ്യം ഇത് ആഘോഷിച്ചു. അഭിനന്ദന്‍ വെറുമൊരു യുദ്ധവീരനല്ല, മറിച്ച് ഇന്ത്യയുടെ നായകനെന്ന നിലയില്‍ വീരേതിഹാസമാണ് രചിച്ചത്. ഇതിനു പുറമേ, ശത്രുവിനെ സ്വന്തം മടയിലേക്ക് ക്ഷണിച്ചു വരുത്തി പതുങ്ങിയിരുന്നു പകരം വീട്ടുകയായിരുന്നില്ല, മറിച്ച് ആരുമെത്തുകയില്ലെന്ന് അഹങ്കരിച്ചിരുന്ന അവന്റെ താവളത്തിലെത്തി തീവ്രവാദത്തിന്റെ പുല്‍നാമ്പുകളെ വരെ കത്തിച്ചു കളയുകയായിരുന്നു നമ്മുടെ സേന ചെയ്തത്. യുദ്ധത്തിന് തങ്ങളെത്ര മാത്രം സജ്ജരായിരിക്കുന്നുവെന്നു കൂടി ബോധ്യപ്പെടുത്തുകയായിരുന്നു അത്. കേവലമൊരു ശത്രു മാത്രമല്ല പാകിസ്ഥാന്‍. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം വിഭജനത്തിനു വിധേയമായ കാലം മുതല്‍ക്കേ നാം അനുഭവിക്കുന്ന ഒരു വിധിയായിരുന്നു അത്. എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി എന്ന ചോദ്യത്തിനു മാത്രം പക്ഷേ ഇന്നും ഉത്തരമില്ല. ഇന്നും കശ്മീരിന്റെ ഭൂരിഭാഗവും അനധികൃതമായി കൈവശം വയ്ക്കുകയും അവിടെ തീവ്രവാദികളെ വളര്‍ത്തുകയും മെരുക്കുകയും ചെയ്യുന്ന ശത്രുരാജ്യത്തിന് ഇന്നും ചോരക്കൊതി മാറിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അത് അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്ന് ഓരോ അനുഭവവും നമ്മളെ പഠിപ്പിക്കുന്നു. 

നമ്മെ സംബന്ധിച്ചിടത്തോളം ഇത് പകരം വീട്ടലോ, പ്രതികാരം ചെയ്യലോ അല്ല. ലോകത്തെമ്പാടുമുള്ള തീവ്രവാദത്തിന് മേല്‍ ഇന്ത്യയെ പോലൊരു മതേതര രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്ന് നാം കാണിച്ചു കൊടുക്കുകയായിരുന്നു. പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ ഒരു സിവിലിയനെ പോലും തൊടാതെ, അതിര്‍ത്തിയോടു ചേര്‍ന്നുള്ള തീവ്രവാദ ക്യാമ്പുകളെ മാത്രമാണ് നാം ലക്ഷ്യം വച്ചത്. ഇതില്‍ നിന്നുമൊരു കാര്യം വ്യക്തം. നമ്മള്‍, അന്നും ഇന്നും എന്നും തീവ്രവാദം എന്ന മഹാവ്യാധിക്കെതിരേയാണ് പോരാടുന്നത്. അവര്‍ നമ്മുടെ സഹോദരന്മാരുടെ നെഞ്ചിനു നേരെ തോക്കു ചൂണ്ടിയാല്‍ നാം അവരുടെ തലയ്ക്കു മീതേ വര്‍ഷിക്കുക ബോംബായിരിക്കുമെന്ന ധീരമായ സൂചന കൂടിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യ എന്ന മഹാരാജ്യം ധീരദേശാഭിമാനികളുടെ രാജ്യമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ എത്രയെത്ര. അതിനു വേണ്ടി കഷ്ടതകള്‍ താണ്ടിയവര്‍ എത്രയെത്ര. അവരുടെ മണ്ണിലേക്കാണ് തീവ്രവാദം എന്ന ഉണ്ടയില്ലാ വെടിയുമായി ഭീഷണിപ്പെടുത്തലിന്റെ സ്വരത്തില്‍ ആയിരം പേരെത്തുന്നത് എന്നതാണ് വിചിത്രം. ഇന്ത്യന്‍ ഇന്റലിജന്‍സ് പോലും പറയുന്നത്, ജയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയില്‍ ചാവേറുകളായി ഉള്ളത് ആയിരം പേര്‍ മാത്രമാണെന്നാണ്. അതിന്റെ എത്രയോ ആയിരമിരട്ടിയാണ് നമ്മുടെ കര, വ്യോമ, നാവിക സേനാബലമെന്ന് ഇവരെന്താണ് മനസ്സിലാകാത്തത്. ചത്തു മണ്ണടിയുക എന്നതു മാത്രമാണ് ലക്ഷ്യമെങ്കില്‍ അറബി രാജ്യത്തെ മരുഭൂമിയില്‍ ഒരു കിണര്‍ കുത്തിയെങ്കിലും സായൂജ്യം അടയട്ടെ. മനുഷ്യരാശിക്ക് ഒരു മുതല്‍ക്കൂട്ടായെങ്കിലും അതു മാറട്ടെ. അല്ലാതെ, ജീവിതത്തിന് ലക്ഷ്യബോധമുള്ള പാവങ്ങളായവര്‍ക്കു നേരെ ബോംബും തോക്കും ചൂണ്ടിയിട്ട് വെറുതെ ചത്തു മലക്കുന്നതല്ലെന്ന് ഇവര്‍ എന്നു തിരിച്ചറിയും.

വിഘടനവാദത്തെ നാം എന്നും എതിര്‍ത്ത ചരിത്രം മാത്രമേയുള്ളു. അതിപ്പോള്‍ പാക്കിസ്ഥാനായാലും, അവരുടെ പിന്തുണയോടെ ചൈനയായാലും അങ്ങനെ തന്നെ. ഇന്ത്യയുടെ മാറിലേക്ക് മുറിവേല്‍പ്പിക്കാന്‍ ആരെത്തിയാലും നാം അതു പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക തന്നെ ചെയ്യും. അതു നമ്മുടെ പ്രതിജ്ഞയാണ്. സേനകള്‍ക്ക് അതിനുള്ള പ്രാപ്തിയുണ്ട്. പാക്കിസ്ഥാനില്‍ എന്നല്ല, ശത്രുവിന്റെ ഏതറ്റം വരെ പോയി യുദ്ധം ചെയ്യാനുമുള്ള കെല്‍പ്പ് നമുക്കുണ്ടെന്ന് നാം കാലങ്ങളായി തെളിയിച്ചു കഴിഞ്ഞതുമാണ്. എന്നിട്ടും, അതു മനസ്സിലാകാത്തത് ഈ പാക്കിസ്ഥാനു മാത്രമാണ്. അതവരുടെ മൗഢ്യം അല്ലെങ്കില്‍ അതിബുദ്ധിയെന്നു മാത്രമേ നമുക്കു ഈ അവസരത്തിലും പറയാനാവുന്നുള്ളു.

അമേരിക്ക അഫ്ഗാന്‍ തീവ്രവാദികള്‍ക്കെതിരേ യുദ്ധം ചെയ്യാനായി നല്‍കിയ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ തളക്കാന്‍ കാണിച്ച പാക്കിസ്ഥാന്‍ വിരുതു മാത്രം മതി അവരുടെ ദൗര്‍ബല്യം വെളിച്ചത്തു കൊണ്ടു വരാന്‍. അമേരിക്കന്‍ പിന്തുണ തങ്ങള്‍ക്കുണ്ടെന്നു വരുത്തി തീര്‍ക്കാന്‍ കാണിച്ച ഈ വ്യഗ്രത അവര്‍ക്കു തന്നെ വിനയാവുകയും ചെയ്തു. ഇനിയുള്ളത് ആണവായുധം എന്ന ബ്രഹ്മാസ്ത്രത്തെക്കുറിച്ചു പറഞ്ഞാണ് നമ്മെ അവര്‍ ഭയപ്പെടുത്തുന്നത്. അതിര്‍ത്തിയില്‍ നിന്നും ഏകദേശം 1500 കിലോമീറ്ററെങ്കിലും ദൂരത്ത് അതു പ്രയോഗിച്ചില്ലെങ്കില്‍ അതവര്‍ക്കു തന്നെയാവും വന്‍ വിനാശമാവുക എന്ന് ശത്രുവിനു തന്നെയറിയാം. അതിര്‍ത്തിയില്‍ നിന്നും ഇന്ത്യന്‍ റഡാറുടെ കണ്ണ് വെട്ടിച്ച് പറക്കാന്‍ പറ്റുന്ന ഒരു യുദ്ധവിമാനവും തത്ക്കാലം പാക്കിസ്ഥാന്റെ കൈയിലില്ല. ഉണ്ടെങ്കില്‍ തന്നെ അത് ആണ്വായുധം പോലെയൊന്ന് വഹിക്കാന്‍ ശേഷിയുള്ളതുമല്ല. അതു കൊണ്ട് തന്നെ ഇന്ത്യയ്ക്ക് മേല്‍ അവര്‍ തീവ്രവാദമെന്ന ചാവേര്‍ ആക്രമണം പ്രയോഗിക്കുന്നു. അതിന് അവര്‍ കൊടുക്കുന്നത് വന്‍ വിലയാണെന്ന് ഇപ്പോള്‍ മനസ്സിലാവുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനേ ഇപ്പോഴത്തെ നടപടിയിലൂടെ അവര്‍ക്കു കഴിഞ്ഞുള്ളു.

ഞാനടക്കം ഒരു ഇന്ത്യക്കാരനും ഒരിക്കലും കൊല്ലും കൊലയേയും ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് ശരി തന്നെ. അക്രമത്തിന്റെയും യുദ്ധത്തിന്റെയും വഴികളല്ല സമാധാനത്തിന്റെ പരിഹാരമെന്നും അറിയാഞ്ഞിട്ടുമല്ല. ഇവിടെ, നമുക്ക് നഷ്ടപ്പെട്ട സഹോദരങ്ങളുടെ അമ്മമാരുടെയും വിധവകളായ ഭാര്യമാരുടെയും ഇനിയും നിലയ്ക്കാത്ത രോദനം നാം കാണാതെ ഇരുന്നു കൂടാ. അവരുടെ കണ്ണിലെ കണ്ണീരണയ്ക്കുവാനുള്ള നമ്മുടെ പ്രതിജ്ഞയായിരുന്നു ശത്രുരാജ്യത്തിലേക്ക് കടന്നു കയറി നാം നടത്തിയ പടയോട്ടം. അത് യുദ്ധവീരന്മാരുടെ വിജയമാണ്. അതിനിടയില്‍ നഷ്ടപ്പെട്ട ജീവനുകള്‍, അവര്‍ അര്‍ഹിക്കുന്നത് തന്നെ നേടി. കൊല്ലാനായി കരുതിക്കൂട്ടിയിറങ്ങിയവര്‍ മരണം യാചിച്ചു നേടി എന്നേ പറയേണ്ടു. നമ്മുടെ മണ്ണിലേക്ക്, നമ്മുടെ സഹോദരന്മാരുടെ നെഞ്ചിലേക്ക് ഇനിയൊരിക്കലും ഒരു ബുള്ളറ്റു പോലും കയറിയിറങ്ങി കൂടാ. ശത്രുവിനോടുള്ള അതിശക്തമായ താക്കീത് കൂടിയായിരുന്നു ഈ വിജയം. അതു കൊണ്ട് തന്നെ ഇന്ത്യന്‍ വീരന്മാരുടെ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ഓരോ ഇന്ത്യക്കാരനും നെഞ്ചോടു ചേര്‍ത്തു വെക്കുന്നു. തല ഉയര്‍ത്തിപ്പിടിച്ചു നെഞ്ചു വിരിച്ചു നിന്ന് അമര്‍ രഹേ എന്നു ഉയര്‍ത്തി വിളിക്കുന്നു. ഇതാണ് ഇന്ത്യന്‍ ദേശീയത, ഇതാണ് ഇന്ത്യ, എന്ന് വൈകാരികമായി തന്നെ പറയുകയും ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക