Image

ഭ്രമം (കവിത: മഞ്ജുള ശിവദാസ്)

Published on 10 March, 2019
ഭ്രമം (കവിത: മഞ്ജുള ശിവദാസ്)
ചന്തമേറുന്ന ചന്ദ്രബിംബം കണ്ടു
കുട്ടികള്‍ തൊടാനെത്തിച്ചിടുന്നപോല്‍,
കണ്ടകാഴ്ച്ചകള്‍ക്കപ്പുറം തേടാതെ
യുള്ളുടക്കുന്നൊരിന്ദ്രജാലത്തെയോ,

ചില വിചാരകുരുക്കാല്‍ സ്വയം ചിത്ത
ബന്ധനം ചെയ്തിടും വികാരത്തെയോ,
സ്വന്തമല്ലാത്തതെന്തിനോടും തോന്നു
മൊരുവെറും ഭ്രമം മാത്രമോ പ്രണയം?

തൂലികത്തുമ്പിലൊഴുകിയെത്തീടുന്ന
തേന്‍കിനിഞ്ഞിടും വാക്കിന്‍ ദളങ്ങളാല്‍,
കവികള്‍ വര്‍ണ്ണിച്ചു സുന്ദരമാക്കിയിട്ടില്ല
യിത്രമേലൊരു വികാരത്തെയും.

കനലുചിന്തുന്നവീഥിയിലെയാത്രയില്‍
മധുരമീഭ്രമം ചാമ്പലായില്ലെങ്കില്‍,
അന്നുവിരിയുന്ന ചിന്തയാലൊരു നല്ല
പ്രണയകാവ്യം രചിക്കണം സത്യമായ്.

കെട്ടുപാടുകള്‍ മറ്റൊന്നുമില്ലാതെ
യലസമാകുന്ന മനസ്സിന്റെ വികൃതിയില്‍
ഒന്നുമാത്രമീ പ്രണയമെന്നറിയുവാന്‍
ദീര്‍ഘദൂരം ഗമിക്കേണ്ടതില്ലത്രേ.


Join WhatsApp News
വിദ്യാധരൻ 2019-03-10 12:10:42
വല്ലാത്തൊരു വികാരമീ പ്രണയം നിസംശയം 
ഇല്ലാത്തോരില്ലതിൽ കുടുങ്ങാത്തോരാരുമേ 
ഊരുവാൻ നോക്കുമ്പോൾ ആഴ്ന്നു പിന്നേയും  
ചേറിൽ കുടുങ്ങിയ കാലുകൾ പോലത് 
"നാരായണൻ തൻറെ പാദാരവിന്ദം 
നാരീജനത്തിന്റെ മുഖാരവിന്ദം
മനുഷ്യനായാൽ ഇവരണ്ടിലൊന്നു 
നിനച്ചു വേണം ദിനം കഴിപ്പാൻ "
എന്നതുപോലിതു ചുറ്റിപിണയുന്നു 
വഹ്നി പോലത് കത്തി പടരുന്നു 
എത്ര പുരോഹിതർ സന്യസിവര്യന്മാർ  
എത്രത്ര മഹാൻമാർ ചാമ്പലായിതിൽ 
ഇല്ല മനുഷ്യന്റെ നിയമങ്ങൾ ഒന്നുമേ 
തെല്ലും വിലപോകില്ലതിൻ പിടിയിലായാൽ 
എന്നെ വെറുതെ വിടുമോ പ്രണയമേ 
മുന്നിൽ  വന്നിങ്ങനെ നൃത്തമാടാതെ
പാറുമാ നിന്റെ കടക്കണ്ണിലെ  തീപ്പൊരി വെ-
ണ്ണീർക്കും എൻ ജീവിതം തുലക്കല്ലെ 
വേണ്ടാ നിൻ പ്രണയവും ശൃംഗാരോം 
വേണ്ട എന്നെ വെറുതെ വിട്ടിടൂ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക