Image

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് തിരശീല ഉയര്‍ന്നു; മോദിയോ രാഹുലോ എന്നറിയാന്‍ കാത്ത് ലോകം

കലാകൃഷ്ണന്‍ Published on 11 March, 2019
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് തിരശീല ഉയര്‍ന്നു;  മോദിയോ രാഹുലോ എന്നറിയാന്‍ കാത്ത് ലോകം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലേക്ക് ഒരിക്കല്‍ കൂടി ഇന്ത്യ കടക്കുകയാണ്. ഇനി മോദിയോ രാഹുലോ എന്നത് മാത്രമാണ് പ്രധാന ചോദ്യം. രാജ്യസുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം പറയരുത് എന്നൊക്കെ പറയാമെങ്കിലും ബലാക്കോട്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് നരേന്ദ്രമോദിക്ക് പുതിയൊരു അവസരം നല്‍കിയിരിക്കുന്നു. നോട്ട് നിരോധനം മുതല്‍ പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങള്‍ വരെ, റഫാല്‍ അഴിമതി ആരോപണം മുതല്‍ കര്‍ഷക സമരങ്ങള്‍ വരെ ബലാക്കോട്ടില്‍ ഒരു കാതം പിന്നോട്ട് പോയിരിക്കുന്നു. മാധ്യമങ്ങള്‍ ജനങ്ങളുടെ അജണ്ട തീരുമാനിക്കുന്ന കാലത്ത് ജനാധിപത്യത്തിന്‍റെ ഇത്തരം സ്വഭാവ രീതികള്‍ സ്വാഭാവികമാണ്. എന്നാല്‍ ജനം ഇതിനെ മറികടക്കുന്ന കാലമായോ എന്നതാണ് ഇനി അറിയേണ്ട വസ്തുത. 
ബിജെപി 2019ല്‍ ഭരണത്തുടര്‍ച്ച സ്വന്തമാക്കിയില്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ അതൊരു ചരിത്രമായിരിക്കും. 1999 - 2004 കാലഘട്ടത്തില്‍ എന്‍ഡിഎ മുന്നണിയായി അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണത്തിന് ശേഷം ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായിട്ടാണ് ബിജെപി 2004 ലോക്സഭാ ഇലക്ഷനെ നേരിട്ടത്. എന്നാല്‍ പരാജയമായിരുന്നു ഫലം. കാടിളക്കിയ പരസ്യപ്രചരണ തന്ത്രങ്ങള്‍ക്കൊന്നും അന്ന് ബിജെപിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചു വന്നു. മന്‍മോഹന്‍ സിംങിന്‍റെ യുപിഎ ഗവണ്‍മെന്‍റിന് തുടക്കമായി. 
എന്നാല്‍ ഇന്ന് ബിജെപിയുടെ പരസ്യവാചകം മോദിയെന്നത് മാത്രമാണ്. സര്‍വ്വം മോദി മയം. വികസന നായകന്‍ പരിവേഷത്തോടെ ഗുജറാത്ത് മുഖ്യമന്ത്രിയായി വന്ന മോദിയല്ല ഇന്ന് ഇലക്ഷന്‍ നയിക്കുന്നത്. അഞ്ച് വര്‍ഷം ആരെയും കുസാതെ ഭരിച്ച പ്രധാനമന്ത്രിയാണ് ഇലക്ഷനില്‍ ബിജെപിയെ നയിക്കാനിറങ്ങുന്നത്. ഏത് പ്രസിസന്ധി ഘട്ടത്തെയും മാജിക്ക് പോലെ മായിച്ച് കളഞ്ഞ് ഹര്‍ ഹര്‍ മോദി സൂക്തങ്ങള്‍ ഉയര്‍ത്താന്‍ പോന്ന ട്രെയിന്‍ഡ് പൊളിറ്റീഷ്യനായി മോദി വളര്‍ന്നിട്ടുണ്ട്. 
ബിജെപിക്കും മോദിക്കും സത്യത്തില്‍ തടസമാകുന്നത് കോണ്‍ഗ്രസോ, പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമോ ഒന്നുമല്ല. ബ്രാഹ്മണിക്കല്‍ ഫാസിസത്തിന്‍റെ വളര്‍ച്ചയോട് അതിന്‍റെ ഭീകരതയോട് ഈ രാജ്യം ഉയര്‍ത്തുന്ന പ്രതിരോധമുണ്ട്. ദളിത് രാഷ്ട്രീയമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ദളിതരുടെ ഉയര്‍ത്തെഴുനേല്‍പ്പ് കര്‍ഷക സമരങ്ങളായി വളര്‍ന്ന് പന്തലിച്ച് തീകച്ചും മതതീവ്രവാദ സ്വഭാവമുള്ള വലതുപക്ഷ രാഷ്ട്രീയത്തെ ആവും വിധം എതിര്‍ക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ തെരുവുകള്‍ മുതല്‍ ക്യാംപസുകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ബ്രഹ്മണിക്കല്‍ തീവ്രവാദത്തോട് ശക്തിയോടെയും യുക്തിയോടെയുമുള്ള എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഇത് യഥാര്‍ഥത്തില്‍ നരേന്ദ്രമോദിയോടുള്ള വെല്ലുവിളിയാണ്. ജനത്തെ വോട്ട് ചെയ്യുമ്പോള്‍ ചിന്തിപ്പിക്കാന്‍ ഈ വിശാല ദളിത് കര്‍ഷക രാഷ്ട്രീയത്തിന് കുറച്ചെങ്കിലും കഴിയും. അത് ബിജെപിക്ക് എതിരായി വോട്ടുകളായി മാറും. 
ഇതിനപ്പുറം നരേന്ദ്രമോദിക്കും ബിജെപിക്കും രാഷ്ട്രീയമായി എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അത് യു.പിയില്‍ മാത്രമാണ്. യു.പിയിലെ പ്രബല പ്രാദേശിക കക്ഷികളായ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും സഖ്യത്തിലെത്താന്‍ തീരുമാനിച്ചത് ബിജെപിക്ക് വലിയ തിരിച്ചടി സൃഷ്ടിക്കും. 
എന്നാല്‍ ഇതുവരെയും ബിജെപിക്ക് കാര്യമായ സാധ്യതകളൊന്നുമില്ലാതിരുന്ന തമിഴ്നാട്ടില്‍ പോലും അവര്‍ക്ക് ഭരണ കക്ഷിയായ അണ്ണാ ഡിഎംകെയുമായി സഖ്യത്തിലെത്താന്‍ കഴിഞ്ഞു. ഇത് നിസാര കാര്യമല്ല. ഈ വിധത്തില്‍ പുതിയ സഖ്യസാധ്യതകളുമായി എല്ലാ സംസ്ഥാനങ്ങളിലും ബിജെപി കളം പിടിച്ചു കഴിഞ്ഞു. 
എന്നാല്‍ വിശാലമഹാസഖ്യം രൂപീകരിക്കും എന്ന വെല്ലുവിളിയൊക്കെ നടത്തിയെങ്കിലും ഇതുവരെയും കാര്യമായ ഇലക്ഷന്‍ സഖ്യത്തിലേക്ക് എത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. യു.പിയില്‍ കോണ്‍ഗ്രസിന് മായാവതിയും അഖിലേഷും ഒരുപോലെ തഴഞ്ഞു കളഞ്ഞു. 
ആന്ധ്രയിലും തെലുങ്കാനയിലും സഖ്യസാധ്യതകളില്ല. അസമില്‍ ബിജെപി മുന്നണിയില്‍ നിന്ന് പുറത്തുപോയ അസംഗണപരിഷത്തിനെ തങ്ങള്‍ക്കൊപ്പമാക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം യഥാര്‍ഥ്യമായതോടെ കോണ്‍ഗ്രസിന്‍റെ കാര്യം പരുങ്ങലിലാണ്. 
എങ്കിലും കോണ്‍ഗ്രസ് ആകെ പ്രതീക്ഷ പുലര്‍ത്തുന്നത് രാഹുല്‍ മാജിക്ക് കാട്ടുമോ എന്ന കാര്യത്തിലാണ്. രാഹുലിനൊപ്പം പ്രീയങ്കയെ ഇറക്കിയൊക്കെ കോണ്‍ഗ്രസ് അവസാനത്തെ അടവും പയറ്റുകയാണ്. ഇലക്ഷന് ശേഷവും സഖ്യസാധ്യതകളെ കാത്തിരിക്കുന്നുണ്ട് കോണ്‍ഗ്രസ്. മുന്നണി രാഷ്ട്രീയത്തിന്‍റെ കണക്കുകളിയില്‍ മുന്നിലെത്താന്‍ കഴിഞ്ഞാല്‍ രാഹുല്‍ പ്രധാനമന്ത്രി കസേരയിലേക്ക് നടന്നു കയറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ വെയ്ക്കുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതുയുഗ പിറവിയാണ് സംഭവിക്കുക. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക