Image

അധികാര മോഹം അതാണ് ജോസഫിന്, എം.എല്‍.എ ആയിട്ടും അത് പോരെന്ന്‌

Published on 12 March, 2019
അധികാര മോഹം അതാണ് ജോസഫിന്, എം.എല്‍.എ ആയിട്ടും അത് പോരെന്ന്‌

ധികാര മോഹം ആരുടെ തലക്ക് പിടിച്ചാലും അംഗീകരിക്കാന്‍ കഴിയില്ല. അത് കെ.എം മാണിയുടെ കുടുംബത്തിനായാലും പി.ജെ ജോസഫിനായാലും ഒരു പോലെയെ കാണാന്‍ പറ്റു. മാണിക്കെതിരെ ബാര്‍ കോഴ ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളും കേസുമൊക്കെ വന്നപ്പോള്‍ പോലും പാര്‍ട്ടി വിടാന്‍ മടിച്ച ജോസഫ് ഇപ്പോള്‍ നടത്തുന്ന നീക്കം പരിഹാസ്യമാണ്. ഇടതുപക്ഷ മുന്നണിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള ഇമേജല്ല ഇപ്പോള്‍ ജോസഫിനുള്ളത്. സ്വന്തം ഇടംകയ്യും വലം കയ്യും ഒക്കെ ആയിരുന്ന ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവുമൊക്കെ ഇടതുപക്ഷ പാളയത്തില്‍ എത്താന്‍ തന്നെ കാരണം ഈ അവസരവാദപരമായ നിലപാടുകള്‍ മൂലമാണ്.

തൊടുപുഴ എം.എല്‍.എ ആയ തനിക്ക്‌ കോട്ടയത്ത് മത്സരിച്ച്‌ എം.പി ആകണമെന്ന് ജോസഫ് ആഗ്രഹിച്ചതു തന്നെ തെറ്റാണ്. യു.ഡി.എഫില്‍ ആകെ ഒരു സീറ്റാണ് കേരളാ കോണ്‍ഗ്രസിനുള്ളത്.അതില്‍ മാണിയുടെയും ജോസഫിന്റെയും താല്‍പ്പര്യമല്ല പാര്‍ട്ടി പ്രവര്‍ത്തകരുടെ താല്‍പ്പര്യങ്ങളായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. ഇവിടെ മാണിയുടെ മരുമകള്‍ നിഷ ജോസ്.കെ മാണിയെ മത്സരിപ്പിക്കാനായിരുന്നു ആദ്യം മാണി തീരുമാനിച്ചിരുന്നത് എന്നതാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.ജോസഫ് ഇതിനെതിരെ കലാപക്കൊടി ഉയര്‍ത്തിയതോടെ അദ്ദേഹവും വെട്ടി നിരത്തപ്പെടുകയായിരുന്നു. ഇവിടെ പിഴച്ചത് ജോസഫിനാണ്. താന്‍ മത്സരിക്കണം എന്ന താല്‍പ്പര്യം മാറ്റിവച്ച്‌ പാര്‍ട്ടിയിലെ തന്നെ മറ്റാരുടെയെങ്കിലും പേര് അദ്ദേഹത്തിന് നിര്‍ദ്ദേശിക്കാമായിരുന്നു. 

ഇക്കാര്യത്തില്‍ ജോസഫ് ഇടതുപക്ഷത്തെ കണ്ടു പഠിക്കണം.


എം.എല്‍.എമാരായ 4 പേരെ സി.പി.എമ്മും രണ്ടു പേരെ സി.പി.ഐയും ലോകസഭയിലേക്ക് മത്സരിപ്പിക്കുന്നുണ്ട്. ഇതില്‍ ഒരു എം.എല്‍.എ പോലും മത്സരിക്കണമെന്ന താല്‍പ്പര്യം പ്രകടിപ്പിച്ചവരല്ല. അങ്ങനെ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അത് അംഗീകരിക്കുന്ന പാര്‍ട്ടിയുമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. വ്യക്തി കേന്ദ്രീകൃതമായ കേരളകോണ്‍ഗ്രസ്സില്‍ നിന്നും ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. എങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രായോഗിക നിലപാട് ജോസഫ് സ്വീകരിക്കണമായിരുന്നു.

സീറ്റു ലഭിക്കാത്തതിനാല്‍ കലഹം ഉണ്ടാക്കാതെ നിലപാടുകളെയും ആശയത്തെയും ആയിരുന്നു ചോദ്യം ചെയ്യേണ്ടിയിരുന്നത്. ഇടതുപക്ഷത്ത് നിന്ന് എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച ശേഷം കൂടുമാറി കേരള കോണ്‍ഗ്രസ്സില്‍ ലയിച്ച്‌ യു ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രിയായപ്പോള്‍ തന്നെ ജോസഫിന്റെ അധികാര കൊതി കേരളം കണ്ടതാണ്. ഇപ്പാള്‍ വീണ്ടും സമാനമായ അധികാര കൊതിയിലാണ് കലാപക്കൊടി ഉയര്‍ത്തുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക