Image

കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -3)

Published on 12 March, 2019
കാലപ്രളയം (നാടകം: കാരൂര്‍ സോമന്‍ - രംഗം -3)
സീന്‍ - മൂന്ന്

        (ചാണ്ടിയുടെ വീട്. ചാണ്ടി ആരെയൊ സ്വീകരിക്കാനെന്നവണ്ണം വീടൊക്കെ വൃത്തിയാക്കുന്നു. അയാള്‍ക്കടുത്ത് സണ്ണി. കരാട്ടെ പ്രാക്ടീസ് ചെയ്യുന്നു. അവനോടായി ചാണ്ടി ചോദിച്ചു.
ചാണ്ടി    :    ഹൊ! പേടിപ്പിച്ചുകളഞ്ഞല്ലൊ. അവന്റെ ഒരു ഉസ്, എടാ ഇതൊക്കെ വെളുപ്പാന്‍കാലത്ത് ചെയ്യേണ്ടതാ... അതെങ്ങനാ.. അമ്മയും മകനും എഴുന്നേല്‍ക്കുന്നതുതന്നെ പതിനൊന്നുമണിയ്ക്കല്ലെ.... നിന്റെ മമ്മി എന്തിയേടാ....
സണ്ണി    :    ങ്ആ..
ചാണ്ടി    :    അമ്മ എന്തിയേന്നു ചോദിച്ചപ്പോള്‍ വാപിളര്‍ന്നു കാണിക്കുന്നോ...
സണ്ണി    :    ഇന്നെന്താ വല്യപ്പച്ചാ ഇവിടെ വിശേഷം...
ചാണ്ടി    :    നിന്നെയൊന്നു കെട്ടിച്ചു വിടാന്‍ പോവാ..
സണ്ണി    :    കാര്യം ചോദിക്കുമ്പോള്‍ ഒരുമാതി ചീത്ത തമാശ പറഞ്ഞാലുണ്ടല്ലോ...
ചാണ്ടി    :    അതിഥി എന്തിയേടാ...
സണ്ണി    :    പള്ളിയില്‍ പോയിരിക്കുവാ...അന്തോണീസു പുണ്യാളന്റെ നൊവേനക്കു പോയതാ.. വല്യപ്പച്ഛന്‍ പോയില്ലേ...
ചാണ്ടി    :    അതേ, നിന്റെ അതിഥി ആന്റിയെ പെണ്ണുകാണാനിന്നൊരു കൂട്ടരു വരുന്നു..
സണ്ണി    :    ചെറുക്കനാരാ...
ചാണ്ടി    :    മെത്രാന്‍...
സണ്ണി    :    ങേ... മെത്രാന്‍ കല്യാണം കഴിക്കുമോ..
ചാണ്ടി    :    (അവനെ ദേഷ്യപ്പെട്ടു നോക്കി) എടാ, മെത്രാന്റെ മോന്‍..
സണ്ണി    :    അപ്പൊ ഫെയ്‌സ്ബുക്കില്‍ വന്നതൊക്കെ ശരിയാണല്ലെ...
ചാണ്ടി    :    എന്തോന്ന്....
സണ്ണി    :    മെത്രാന് മക്കളുണ്ടാകുമെന്ന്...
ചാണ്ടി    :    അല്ല... മെത്രാന്റെ അനിയന്റെ മോന്‍......
സണ്ണി    :    ഓ.. അങ്ങനെ..
ചാണ്ടി    :    അതെങ്ങനാ മനുഷ്യനെ പറയാന്‍ സമ്മതിക്കുമോ... അണ്ണാക്കിനകത്തുകേറിയല്ലേ വെടി വയ്ക്കുന്നത്..
സണ്ണി    :    വല്യപ്പച്ചാ ചെറുക്കന്റെ അപ്പന്റെ പേരെന്തുവാ...
ചാണ്ടി    :    മെത്രാന്റെ അനിയന്‍...
സണ്ണി    :    അതൊരു പേരാണോ...
ചാണ്ടി    :    അതൊരു അന്തസ്സാ....
സണ്ണി    :    അപ്പൊ.. അന്തസ്സുള്ളവര്‍ക്ക് പേരു വേണ്ടേ...
        (ഓരോന്നു ചെയ്യുന്ന അയാളുടെ പിന്നാലെ നടന്നാണ് സണ്ണി ചോദിക്കുന്നത്)
ചാണ്ടി    :    സ്വര്‍ണ്ണക്കട നടത്തുന്ന ആന്റോ..
സണ്ണി    :    അങ്ങനെ പറ...
ചാണ്ടി    :    അവരു വരുമ്പോള്‍ നീ ഈശോ പറയണം.
സണ്ണി    :    അപ്പോ വടക്കേലെ ഈശോയും വരുമോ...
ചാണ്ടി    :    (ദേഷ്യത്തോടെ) എടാ സ്തുതി പറയണം എന്ന്.... ഈശൊ മിശിഹായ്ക്കും സ്തുതി ആയിരിക്കട്ടെ എന്ന്....
സണ്ണി    :    ഓ... അങ്ങനെ....
ചാണ്ടി    :    മുതിര്‍ന്നവര്‍ വരുമ്പോള്‍ കുട്ടികളങ്ങനെ പറയണം... അതാ നല്ല ശീലം
സണ്ണി    :    അല്ല വല്യപ്പച്ഛാ, ഈ വരുന്നവരേ സ്വര്‍ണ്ണക്കടക്കാരാണെങ്കില്‍  നയണ്‍ വണ്‍ സിക്‌സിന് സ്തുതി ആയിരിക്കട്ടെ എന്നു പറഞ്ഞാല്‍ മതി... അല്ലെ...
ചാണ്ടി    :    (അവനെ അടുത്ത് വിളിച്ചിട്ട്) നിന്റെ അപ്പന്‍ നിന്നെ രാഹുകാലത്തെങ്ങാണ്ട് ജനിപ്പിച്ചതാ... അതാ നീ ഇത്ര കഴിപ്പണം കെട്ടുപോയത്...
സണ്ണി    :    അപ്പോള്‍ വല്യപ്പച്ഛനെയൊ.... അല്ല...... വല്യപ്പച്ഛാ മമ്മി പറയുന്നതേ എനിക്ക് വല്യപ്പച്ഛന്റെ സ്വാഭാവമാണെന്നാ...
ചാണ്ടി    :    എന്റെ സ്വഭാവമാരുന്നെങ്കില്‍  നീ കൊണപ്പെട്ടുപോയേനെ...
സണ്ണി    :    അതേ വല്യപ്പച്ഛാ ഞാനാലോചിക്കുന്നതേ പിന്നെ എനിക്കാരുടെ സ്വഭാവമായിരിക്കും? ങാ... എന്നാ മമ്മിയോടുതന്നെ ചോദിക്കാം.... മമ്മീ....
ചാണ്ടി    :    ഓ... കുടുംബകലഹം ഉണ്ടാക്കാതെ ഇങ്ങുവന്നേ.... ഇന്നു പള്ളിക്കൂടത്തില്‍ പോകണ്ടാരുന്നോടാ....
സണ്ണി    :    ഇന്നു സമരമാ....
ചാണ്ടി    :    അല്ല.. പോയിട്ടും വല്യ കാര്യമൊന്നുമില്ല..... ആണുങ്ങളു വരുമ്പോള്‍ മാന്യമായി പെരുമാറണം.
സണ്ണി    :    അതിന് അവരെന്നെക്കാണാനല്ലല്ലോ വരുന്നത്...
ചാണ്ടി    :    എടാ വരുന്നവരുടെ മുന്നില്‍ നീ തന്തയ്ക്കുമുന്നെ ഉണ്ടായവനാണെന്നു തെളിയിക്കണോ... മുതിര്‍ന്നവരു സംസാരിക്കുമ്പോള്‍ പിള്ളാര് മിണ്ടാതിരിക്കണം... എന്റെ വാലെതൂങ്ങി നടന്നു കണാ കുണാ ചോദിക്കുന്നതുപോലെ അവരോട് ചോദിക്കരുതെന്ന്.... അല്ല നിന്റെ സംശയവും സംസാരവും ഒക്കെ കേട്ടാലേ ഒണക്ക അയലക്കുപോലും ഗര്‍ഭം ഉണ്ടാകും.
സണ്ണി    :    (അവന്‍ മാറി ഇരുന്നു മൊബൈലില്‍ കളിക്കാന്‍ തുടങ്ങി)
ചാണ്ടി    :    എടാ നിന്റെ അമ്മ എന്തിയേടാ....
സണ്ണി    :    മമ്മി ഒരു മണിക്കൂറായി മേക്കപ്പു ചെയ്‌തോണ്ടിരിക്കുകാ...
ചാണ്ടി    :    അതിന് അവളെ പെണ്ണുകാണാനല്ല ആളുകള് വരുന്നത്...
സണ്ണി    :    വല്യപ്പച്ഛാ.... ചെറുക്കന്‍ ആളെങ്ങനാ, കാണാന്‍ കൊള്ളാമോ...
ചാണ്ടി    :    ഞാന്‍ കണ്ടുപിടിച്ച കൊച്ചനാ...
സണ്ണി    :    അതുകൊണ്ടാ ചോദിച്ചത്... വല്യപ്പച്ഛനെപ്പോലെ കുരങ്ങുപോലിരിക്കുകാണോന്ന്...
ചാണ്ടി    :    കുരങ്ങു നിന്റെ തന്ത...
സണ്ണി    :    അപ്പൊ, നമ്മളെല്ലാം ഒരേ വര്‍ഗ്ഗം തന്നെയല്ലേ....
        (അതുകേട്ടുകൊണ്ട് അകത്തുനിന്നും വരുന്ന റോസി)
റോസി    :    എന്തിനാ അപ്പച്ഛാ അവന്റെ തന്തയ്ക്കു വിളിക്കുന്നത്...
ചാണ്ടി    :    പിന്നെ നിന്റെ തന്തയ്ക്ക് വിളിക്കാന്‍ പറ്റുവോ...... എടീ അവന്റെ തന്ത എന്റെ മോനല്ലിയോ....
സണ്ണി    :    പിന്നെങ്ങനെ ശരിയാകും... ഇതല്ലേ തന്ത... പത്തുഗുണമെന്നല്ലേ...
ചാണ്ടി    :    എടീ ഇതിനൊക്കെയാ ജന്മദോഷമെന്നും കര്‍മ്മദോഷമെന്നും പറയുന്നത്.. ഇനി വിഷമിച്ചിട്ടു കാര്യമില്ല.. റോസിക്കൊച്ചേ... നമ്മുടെ അതിഥിയെ  കാണാന്‍ ഇന്നൊരു കൂട്ടരു വരും. മെത്രാന്റെ അനിയന്‍ ആന്റോയില്ലേ... സ്വര്‍ണ്ണക്കട നടത്തുന്ന ആന്റോ... ആന്റോയുടെ മോനാ പയ്യന്‍.. അവനു ദുബായില്‍ സ്വര്‍ണ്ണക്കച്ചവടമാ... ആന്റോയും അളിയന്‍ ഗീവറീതും കൂടാ വരുന്നത്.. ചെറുക്കന്‍ പെണ്ണിനെ കണ്ടിട്ടുണ്ട്.
റോസി    :    എവിടെവച്ച് ?
ചാണ്ടി    :    നീയും അവളുംകൂടി മാത്തുക്കുട്ടിയുടെ മോടെ കല്യാണത്തിനു പോയില്ലേ, അവിടെവച്ച്. അന്നവരെല്ലാം ഉണ്ടാരുന്നു.. ഞാന്‍ അമേരിക്കയില്‍ വിളിച്ചു നിന്റെ മാപ്പിളയോട് സംസാരിച്ചു. അപ്പച്ഛനൊരു ദിവസം തീരുമാനിക്കാനാ അയാളു പറഞ്ഞത്. മെത്രാന്റെ കുടുംബമെന്നു പറഞ്ഞാല്‍ നിസാര കാര്യമാണോ... പെണ്ണിനെ ഇനി ഒട്ടും നിര്‍ത്തിക്കൊണ്ടു പോകുന്നതി ലെനിക്കത്ര താല്‍പ്പര്യമില്ല...
സണ്ണി    :    (ഗൗരവത്തോടെ) പെണ്ണുകാണാന്‍ വരുന്നവര്‍ക്ക് കഴിക്കാന്‍ എന്തൊക്കെ കൊടുക്കും?
ചാണ്ടി    :    കിഴങ്ങു പുഴുങ്ങിക്കൊടുക്കും...
സണ്ണി    :    സ്വര്‍ണ്ണക്കടക്കാരു കിഴങ്ങു തിന്നുമോ...
ചാണ്ടി    :    എന്നാലിത്തിരി പൊന്നരച്ചു കൊടുക്കാം.. എന്താ... അതുമതിയോ... എടാ നീ എന്തിനാടാ കുഞ്ഞേ ആവശ്യമില്ലാത്ത കാര്യങ്ങളിലൊക്കെ ഇടപെടുന്നത്..
സണ്ണി    :    മമ്മീ ആ റോയല്‍ ബേക്കറീ വിളിച്ചുപറ, കുറച്ച് കട്ട്‌ലറ്റും ഒത്തിരി ബര്‍ഗ്ഗറും ഒക്കെ കൊണ്ടുവരാന്‍... പെണ്ണുകാണാന്‍ വരുന്നവരെ നമ്മള്‍ മാന്യമായി വിടണം.  ഇല്ലങ്കിലതിന്റെ നാണക്കേട് അമേരിക്കയിലുള്ള എന്റെ അപ്പനാ...
ചാണ്ടി    :    അല്ലാതെ ആ കെയര്‍ആഫില്‍ കടയപ്പം തിന്നാമെന്നു മോഹിച്ചല്ല...
സണ്ണി    :    എച്ചിത്തരം പറയാതെ വല്യപ്പച്ഛാ... ഞാനത്തരക്കാരനൊന്നുമല്ല...
ചാണ്ടി    :    ഈ ചെറുക്കനെ ഞാന്‍ കാലേ വാരി നിലത്തുകുത്തും.. പറഞ്ഞേക്കാം..
സണ്ണി    :    പിന്നേ, ഇപ്പൊ ഞാനങ്ങ് നിന്നുതരാം...
റോസി    :    രണ്ടാളും മുഖത്തോടു മുഖം നോക്കിയാല്‍ അപ്പൊ വഴക്ക്... എന്നാലൊരു നിമിഷം ചെറുക്കനെ കാണാതിരുന്നാലോ... അവനേം വിളിച്ചോണ്ട് ഓടി നടക്കും... രാത്രിയാകുമ്പം അപ്പൂപ്പനും മോനും കൂടി കെട്ടിപ്പിടിച്ചേ കിടക്കത്തുമൊള്ളൂ....
സണ്ണി    :    ഇന്നുമുതല്‍ ഞാന്‍ കൂടെ കെടക്കുന്നില്ല... പോരേ...
ചാണ്ടി    :    ഞാനും... കൊള്ളരുതാത്തവനാണെങ്കിലും കൊച്ചുമോനായിപ്പോയില്ലേ.... എടാ ഒന്ന് എഴുന്നേറ്റ് അകത്തേയ്ക്കു പോയേ... ഞങ്ങള്‍ക്ക് സ്വകാര്യമായി ചെലത് പറയാനുണ്ട്..
സണ്ണി    :    അതിഥി ആന്റീടെ കല്യാണത്തിന് എനിക്കു ചില അഭിപ്രായങ്ങളൊക്കെയുണ്ട്...
ചാണ്ടി    :    എന്താണാവോ....
സണ്ണി    :    എന്റെ അപ്പനാരാ...
ചാണ്ടി    :    അതു ഞങ്ങള്‍ക്കു നല്ല ബോധ്യമുണ്ട്... നീ അതില്ലാത്ത രീതിയില്‍ പെരുമാറാതിരുന്നാല്‍മതി...
സണ്ണി    :    എന്റെ അപ്പന്‍ സ്ഥലത്തില്ലാത്ത സ്ഥിതിയ്ക്ക് എന്റെ അപ്പന്റെ സ്ഥാനത്തുനിന്ന് ഞാന്‍ എന്തെങ്കിലും ചെയ്യണോ. ? അല്ല, ഒരു കാര്യമെങ്കിലും ചെയ്യാന്‍ സമ്മതിക്കൂ... പ്ലീസ്....
ചാണ്ടി    :    മൊട്ടേന്നു വിരിയാത്ത ഈ ചെറുക്കന്‍ പറയുന്നത് കേട്ടോടീ.... ഇവനടികൊടുത്ത് വളര്‍ത്താത്തതിന്റെ കുഴപ്പമാ...
റോസി    :    അതെങ്ങനാ... ഞാനവനെ വഴക്കു പറയുമ്പോള്‍ അപ്പച്ഛന്‍ എന്റെ തലയാടിപ്പറക്കുമല്ലോ...
        (സണ്ണി എഴുന്നേറ്റ് അകത്തേയ്ക്ക്..ചാണ്ടി ചുറ്റും നോക്കി)
ചാണ്ടി    :    എടീ റോസിയേ.... നമ്മുടെ അതിഥിക്ക് അപ്പുറത്തെ അശോകനുമായിട്ടു എന്തോ അരുതാത്ത ബന്ധമുണ്ട്.
റോസി    :    എനിക്കും അതു തോന്നി അപ്പച്ഛാ....
ചാണ്ടി    :    എന്നിട്ട് എന്താടീ നീ അതെന്നോട് പറയാതിരുന്നത്...
റോസി    :    ഞാന്‍ പറഞ്ഞാല്‍, നാത്തൂന്‍ കുശുമ്പ് പറയുന്നതാണെന്ന് തോന്നും... അത് പേടിച്ചിട്ടാ...
ചാണ്ടി    :    കേശവന്‍ നായര്‍ എന്റെ മുന്നില്‍ കല്യാണാലോചനുമായിട്ടുവന്നു. അയാളോടും മോനോടും ഞാന്‍ പറഞ്ഞു, ചാണ്ടി ജീവനോടുണ്ടെങ്കില്‍ അതു നടക്കില്ലെന്ന്... ചാര്‍ളി ഇന്നലെ വിളിച്ചപ്പോള്‍ ഞാന്‍ ഇതൊന്നും പറഞ്ഞില്ല. അന്യദേശത്തു കിടക്കുന്ന അവനോട് എങ്ങനാ ഇതൊക്കെ പറയുന്നത്. എങ്ങിനാ പറയാതിരിക്കുന്നത്.. ഇനി അവന്‍ വിളിക്കുമ്പോള്‍ നീ സൂചിപ്പിക്കണം... മെത്രാനും ചാര്‍ളിയുംകൂടി അങ്ങ് അമേരിക്കയില്‍വച്ച് പറഞ്ഞ വാക്കാ...എത്രയും വേഗം ഇത് നടക്കണം. ഇത് നമ്മുടെ കുടുംബത്തിന്റെ അഭിമാനത്തിന്റെ പ്രശ്‌നമാ...
        (ഈ സമയം പുറത്ത് കാര്‍ വന്നു നിന്നു. ചാണ്ടി പുറത്തേയ്ക്ക് നോക്കിയിട്ട് പറഞ്ഞു...)
ചാണ്ടി    :    അത്.. അവരാ.. ആന്റോച്ചനും ഗീവറീതും... നീ അവളെ വിളിച്ച് പള്ളീന്ന് വേഗം വരാന്‍ പറ...
        (റോസി അകത്തേയ്ക്ക്... പുറത്തുനിന്നും രംഗത്തേയ്ക്കുവരുന്ന ആന്റോയും ഗീവറീതും. പാരമ്പര്യവാദികളായ രണ്ട് പണക്കാര്‍.. അവര്‍ക്കു രണ്ടിനും അറുപതിനടുത്തു പ്രായം..)
ചാണ്ടി    :    വരണം... വരണം... പിതാവിനെ രാവിലെ ഞാന്‍ വിളിച്ചാരുന്നു.
ആന്റോ    :    ആണുങ്ങളു തമ്മിലൊരു വാക്കു പറഞ്ഞാല്‍ അതിനെകത്തെന്തുവാടോ പിന്നൊരു മാറ്റം... ചെറുക്കന്‍ പെണ്ണിനെ കണ്ടതാ.... അല്ലേ അളിയാ...  അവനവളെ പോതിച്ചു.. കാരണവന്‍മാര് വാക്കും പറഞ്ഞു. ഇനി ഒരു ദിവസം തീരുമാനിച്ചാല്‍ മതി... അളിയന്‍ പെണ്‍കൊച്ചിനെ കണ്ടില്ല.
ഗീവറീത്    :    അതിനാ വന്നത്... വിളിച്ചാട്ടെ...
ചാണ്ടി    :    ഇപ്പൊ വരും.. പള്ളീ പോയേക്കുവാ, അന്തോണീസ് പുണ്യാളന്റെ നൊവേയ്ക്ക്...
ഗീവറീത്    :    അത് നല്ലതാ, കാലം എത്ര പുരോഗമിച്ചെന്നു പറഞ്ഞാലും പിള്ളാര്‍ക്കേ... പള്ളീം പട്ടക്കാരും അനുസരണേം ദൈവഭക്തിയുമൊക്കെ വേണമെന്ന്.... അല്ലേ അളിയാ...
ആന്റോ    :    അതേ അളിയാ....
        (അകത്തുനിന്നും വരുന്ന സണ്ണി, ചാണ്ടി അവന്റെ ചെവിയില്‍ പറഞ്ഞു.)
ചാണ്ടി    :    സ്തുതി പറയെടാ...
സണ്ണി    :    എന്തോന്ന്, തെറി പറയാനാ... ഛെ മോശം...
        (അയാള് ദയനീയമായി അവനെ നോക്കിയിട്ട്)
ചാണ്ടി    :    എടാ സ്തുതി പറയാന്‍...
സണ്ണി    :    (അവര്‍ക്കു രണ്ടിനും അടുത്തുചെന്നു) ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ...
ആന്റോ, ഗീവ    :    (അവര്‍ രണ്ടുംകുടി പറഞ്ഞു) ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ...
സണ്ണി    :    (ശേഷം ചാണ്ടിയോട് സ്വകാര്യമായി) രണ്ടുപേര്‍ക്കൂടെ ഒന്ന് മതിയാകുമോ...   
ഗീവറീത്    :    ഒന്നുമതി.... ഒന്നുമതി...   
ചാണ്ടി    :    ചാര്‍ളിയുടെ മോനാ..
ആന്റോ    :    കണ്ടപ്പോഴേ മനസ്സിലായി.
ഗീവറീത്    :    ഒന്നേയുള്ളോ..
ചാണ്ടി    :    മതിയല്ലോ...     നിര്‍ത്തിക്കൊണ്ട് പൊക്കി പറയുകല്ല, ഭക്തിയും ഉത്തരവാദിത്വവും ഉള്ളയൊരു കുഞ്ഞാ...
സണ്ണി    :    എപ്പാ!...  (സണ്ണി അയാളെ അന്തംവിട്ടു നോക്കി)
ചാണ്ടി    :    പള്ളിക്കാര്യത്തിലൊക്കെ ഭയങ്കര ശ്രദ്ധയാ...
ആന്റോ    :    വേണം... വേണം....
ചാണ്ടി    :    അള്‍ത്താര ബാലകനാരുന്ന്...
ആന്റോ    :    നന്നായി...
സണ്ണി    :    കുര്‍ബാനക്കു വച്ച വൈന്‍ കട്ടു കുടിച്ചെന്നും പറഞ്ഞ് അച്ഛന്‍ എന്നെ പറഞ്ഞുവിട്ടു...
ആന്റോ    :    കുസൃതിയാണല്ലേ...
ചാണ്ടി    :    പത്തിലാ പഠിക്കുന്നത്... മിടുക്കനാ...
സണ്ണി    :    ആഹാരം കഴിക്കുന്ന കാര്യത്തില്‍...
ചാണ്ടി    :    സത്യം... ഒന്നിനും മാറ്റി നിര്‍ത്തണ്ടാ.. ഐ.എ.എസുകാരനാക്കണമെന്നാ തന്തേടാഗ്രഹം.
സണ്ണി    :    നടന്നതുതന്നെ...
ചാണ്ടി    :    ഇവന്റെ പരിശ്രമം കണ്ടിട്ട് അവിടെങ്ങും നില്‍ക്കുന്ന കോളില്ല..
സണ്ണി    :    അതാ സത്യം...
ചാണ്ടി    :    കുടിക്കാന്‍ മധുരം പറ്റുമോ...
ആന്റോ    :    മധുരം വേണ്ടാ... ഒരല്പം ഷുഗറുണ്ടേ.... അല്ലേ അളിയാ...
ഗീവറീത്    :    ഫാസ്റ്റിംഗ് നാനൂറാ അല്ലേ അളിയാ...
സണ്ണി    :    അത്രേയുള്ളൂ.... എന്നാ ഒരു ജിലേബിയാകാം... അളിയാ....
        (ഈ സമയം ജീപ്പ് വന്നുനില്‍ക്കുന്ന ശബ്ദം)
ചാണ്ടി    :    റബ്ബറെടുക്കാന്‍ വന്നവരായിരിക്കും....കൃഷി നഷ്ടമാണെന്നെല്ലാവരും പറയും... പക്ഷേ ചെയ്യേണ്ടപോലെ ചെയ്താല്‍ ലാഭമാ... എനിക്കിതുവരെ ഒരു കൃഷീം നഷ്ടമായിട്ടില്ല...
        (ഈ സമയം പുറത്തുനിന്നും രംഗത്തേയ്‌ക്കെത്തുന്ന അശോകനും അതിഥിയും. അയാള്‍ രണ്ടാളിനേയും അത്ഭുതത്തോടെ നോക്കി. അകത്തുനിന്നും വന്ന റോസി)
ആന്റോ    :    ഇതാ മകള് അല്ലേ.... ഞങ്ങള്‍ക്ക് തോന്നി, അല്ലേ അളിയാ...
സണ്ണി    :    അല്ല ഇതെന്റെ എന്റെ ആന്റിയാ... എന്തേ, ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ? (ദേഷ്യത്തോടെ ചാണ്ടി)
അതിഥി    :    അപ്പച്ഛന്‍ ക്ഷമിക്കണം... എന്റെ വിവാഹം കഴിഞ്ഞു....
        (ചാണ്ടി വിശ്വസിക്കാനാവാതെ നിന്നു)
അശോകന്‍    :    ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു....ആദ്യം ഇവിടെ വന്ന് അപ്പച്ഛന്റെ അനുഗ്രഹം വാങ്ങാമെന്നു കരുതി...
        (അയാളതുമായി പൊരുത്തപ്പെടാനാവാതെ വിശ്വസിക്കാനാവാതെ പകച്ച നില്‍ക്കുമ്പോള്‍... അവര്‍ അയാളുടെ കാല്‍ക്കലേക്ക്... അയാള്‍ പിന്നാക്കം മാറി... നിവര്‍ന്ന അവര്‍.. അശോകന്‍ അവളുടെ കൈപിടിച്ച് പുറത്തേയ്ക്ക്)
        (ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം)
ഗീവറീത്    :    അളിയാ ദേ പോയി...
ആന്റോ     :    എന്താടൊ ചാണ്ടിക്കുഞ്ഞേ ഇതൊക്കെ... ആണുങ്ങളെ വിളിച്ചുവരുത്തി ആക്ഷേപിക്കുന്നോ... ഇതാണോടോ തന്റെ കുടുംബമഹിമ... സമുദായമഹിമ... പിതാവിനോട് ഞങ്ങളെന്തു പറയണമെടോ... നാണംകെട്ട നാറീ... ആരെയൊക്കെയാ താന്‍ വിളിച്ചുവരുത്തി ആക്ഷേപിച്ചതെന്നറിയാമോ... എടോ നിനക്കു കുരങ്ങു കളിപ്പിക്കാനും, വേഷം കെട്ടിക്കാനും പറ്റിയ കുടുംബമാണെന്നു വിചാരിച്ചോ ഞങ്ങളുടേത്... ദേ, ഇതിനു പകരം ചോദിക്കും.. ഇല്ലെങ്കില്‍ ആന്റോ നിന്നെപ്പോലെ  തന്തയില്ലാത്തവനാകില്ലേ...
        (അയാള്‍ ഞെട്ടിപ്പോയി... അവര്‍ രണ്ടും പുറത്തേയ്ക്ക്... ചാണ്ടിക്കുഞ്ഞ് അഭിമാനം നശിച്ച ഒരു ഭ്രാന്തനെപ്പോലെ വല്ലാതെ പൊട്ടിക്കരഞ്ഞു... അയാളെ ആശ്വസിപ്പിക്കാനാകാതെ കണ്ടതൊന്നും വിശ്വസിക്കാനാവാതെ സണ്ണി.)
     (തുടരും.....)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക