Image

മസൂദ്‌ അസര്‍ വിഷയത്തില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ പരിഹസിച്ച്‌ ടെലഗ്രാഫ്‌

Published on 15 March, 2019
മസൂദ്‌ അസര്‍ വിഷയത്തില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ പരിഹസിച്ച്‌ ടെലഗ്രാഫ്‌
ന്യൂദല്‍ഹി: മസൂദ്‌ അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കാനുള്ള യു.എന്‍ നീക്കത്തെ ചൈന എതിര്‍ക്കാന്‍ കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നു പറഞ്ഞ ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച്‌ ദ ടെലഗ്രാഫ്‌ പത്രം.

2014ല്‍ മോദി സര്‍ക്കാറിനു പറ്റിയ വീഴ്‌ചകള്‍ക്കെല്ലാം നെഹ്‌റുവിനെ ബി.ജെ.പി കുറ്റപ്പെടുത്തിയെന്ന കാര്യം ഉയര്‍ത്തിക്കാട്ടിയുള്ള പോസ്റ്ററിലൂടെയാണ്‌ ടെലിഗ്രാഫിന്റെ പരിഹാസം.

`പിടികിട്ടാപ്പുള്ളി, ജവഹര്‍ലാല്‍ അഥവാ കൊടുംപാപി' എന്ന തലക്കെട്ടിലുളള പോസ്റ്റര്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയെന്ന റിപ്പോര്‍ട്ടിനൊപ്പം ഒന്നാം പേജിലാണ്‌ ടെലഗ്രാഫ്‌ നല്‍കിയിട്ടുള്ളത്‌.

1964 മെയ്‌ 27നാണ്‌ അവസാനം ഇയാളെ കണ്ടതെന്നും പോസ്റ്ററില്‍ പരിഹസിച്ചിട്ടുണ്ട്‌. ഒപ്പം നെഹ്‌റുവിനെതിരെ പലതവണയായി ബി.ജെ.പി ചുമത്തിയ കുറ്റങ്ങളും ടെലഗ്രാഫ്‌ നിരത്തിയിട്ടുണ്ട്‌.

നെഹ്‌റുവിനെതിരെ ടെലഗ്രാഫ്‌ നിരത്തിയ `കുറ്റങ്ങള്‍' ഇവയാണ്‌:

മസൂദ്‌ അസറിനെ രക്ഷപ്പെടുത്താന്‍ ചൈനയെ സഹായിച്ചു

അയോധ്യക്ഷേത്രം നിര്‍മ്മിക്കുന്നതിനു പകരം ആധുനിക ഇന്ത്യയ്‌ക്കായുള്ള `ക്ഷേത്രങ്ങള്‍' നിര്‍മ്മിച്ചു

രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മോദിയുടെ പോരാട്ടം അട്ടിമറിച്ചു

എല്ലാ ഇന്ത്യക്കാരുടെയും അക്കൗണ്ടില്‍ 15ലക്ഷം നിക്ഷേപിക്കുന്നതില്‍ നിന്നും മോദിയെ തടഞ്ഞു

ഇഷ്ടപ്പെട്ട ആഹാരം കഴിച്ചതിന്‌ സഹവാസികള്‍ക്കെതിരെ ആള്‍ക്കൂട്ടകൊലകള്‍ ആസൂത്രണം ചെയ്യുന്നതില്‍ പരാജയപ്പെട്ടു

മന്‍കി ബാത്തിലൂടെ പ്രചോദിപ്പിക്കുന്നതിനു പകരം `ട്രൈസ്റ്റ്‌ ആന്റ്‌ ഡസ്റ്റിനി' പോലുള്ള പ്രഭാഷണങ്ങള്‍ നടത്തി.

അച്ഛേ ദിന്‍ സാധ്യമാക്കുന്നതില്‍ നരേന്ദ്രമോദിയെ നിരുത്സാഹപ്പെടുത്തി

പിന്നെ, ഭാരത്‌ മാതായ്‌ക്കെതിരെ ചെയ്‌ത മറ്റു നിരവധി കുറ്റകൃത്യങ്ങളും.

ഇയാളെ കണ്ടുകിട്ടുന്നവര്‍ ഈ അധികാരിയെ അറിയിക്കണമെന്ന്‌ പറഞ്ഞ്‌ മോദിയുടെ ചിത്രവും നല്‍കിയിട്ടുണ്ട്‌.

നരേന്ദ്രമോദിയെഴുതിയ `എക്‌സാം വാരിയേഴ്‌സി'ന്റെ ഒരു കോപ്പിയാണ്‌ പുരസ്‌കാരമായി പ്രഖ്യാപിച്ചിരിക്കുന്നത്‌.

മസൂദ്‌ അസര്‍ വിഷയത്തില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തിയുള്ള ബി.ജെ.പിയുടെ ട്വീറ്റിനോടു പ്രതികരിച്ചുകൊണ്ടാണ്‌ ടെലഗ്രാഫിന്റെ ഈ സര്‍ക്കാസ്റ്റിക്‌ റിപ്പോര്‍ട്ട്‌.

`നിങ്ങളുടെ മഹാനായ പിതാമഹന്‍ ഇന്ത്യയുടെ ചിലവില്‍ സഹായം ചെയ്‌തില്ലായിരുന്നെങ്കില്‍ ചൈന യു.എന്‍. രക്ഷാസമിതിയിലുണ്ടാവില്ലായിരുന്നു' എന്നായിരുന്നു ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന പ്രതികരണം.

`നിങ്ങളുടെ കുടുംബം ചെയ്‌ത തെറ്റുകളെല്ലാം ഇന്ത്യ തിരുത്തിക്കൊണ്ടിരിക്കുകയാണ്‌. തീവ്രവാദത്തിനെതിരെയുള്ള യുദ്ധം ഇന്ത്യ ജയിക്കുമെന്ന്‌ ഉറപ്പുതരികയാണ്‌. ' എന്നും ബി.ജെ.പി ട്വീറ്റ്‌ ചെയ്‌തിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക