Image

ബാഹൂബലിക്കു ശേഷം 400 കോടിയുടെ ചിത്രവുമായി രാജമൗലി; ആലിയ ഭട്ട്‌ നായികയാകും

Published on 15 March, 2019
ബാഹൂബലിക്കു ശേഷം 400 കോടിയുടെ ചിത്രവുമായി രാജമൗലി;  ആലിയ ഭട്ട്‌ നായികയാകും

ബാഹുബലിക്കു ശേഷം രാജമൗലിയുടെ ബ്രഹ്മാണ്‌ഡ ചിത്രമേതായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ കുറേ നാളായി ഇന്‍ഡസ്‌ട്രിയില്‍ പറന്നു നടക്കുകയാണ്‌. എന്നാല്‍ ഇതിനെല്ലാം വിരാമമിട്ടുകൊണ്ട്‌ സാക്ഷാല്‍ രാജമൗലി തന്നെ തന്റെ പുതിയ ചിത്രത്തെ കുറിച്ച്‌ ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു.

വാര്‍ത്താ സമ്മേളനം വിളിച്ചാണ്‌ അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌. 
ആര്‍.ആര്‍.ആര്‍ എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. ഏകദേശം 400 കോടി രൂപയാണ്‌ ചിത്രത്തിന്‌ ബജറ്റ്‌ കണക്കാക്കുന്നത്‌. 2020 ജൂലൈ 30ന്‌ റിലീസ്‌ നടത്താന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ.

ബോളിവുഡ്‌ നടിആലിയഭട്ട്‌ ചിത്രത്തിലെത്തുന്നു എന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. ആലിയ ആദ്യമായാണ്‌ ഒരു ദക്ഷിണേന്ത്യന്‍ സിനിമയിലഭിനയിക്കുന്നത്‌. രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
 
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമര സേനാനികളുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. രാം ചരണിന്റെ നായികയായാണ്‌ ആലിയ ചിത്രത്തിലെത്തുക. ബോളിവുഡ്‌ താരം അജയ്‌ ദേവ്‌ഗണ്ണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌.

ബ്രിട്ടീഷ്‌ നടി ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ്‌ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ്‌ നടന്‍ സമുദ്രക്കനി ചിത്രത്തിലെത്തുന്നുണ്ട്‌. വിവിധ ഭാഷകളിലെത്തുന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പ്‌ ഒഴികെയുള്ളവയുടെ പേരുകള്‍ തീരുമാനിച്ചിട്ടില്ല.

ഡി.വി.വി എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ ഡി.വി.വി ധനയ്യ ആണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. എം.എം. കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക