Image

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ മാലിദ്വീപില്‍

Published on 17 March, 2019
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ മാലിദ്വീപില്‍


ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌ മാലിദ്വീപില്‍. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ സന്ദര്‍ശനം.

മാലിദ്വീപ്‌ വിദേശകാര്യ വകുപ്പ്‌ മന്ത്രി അബ്ദുള്ള ഷാഹിദിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ്‌ സുഷമ സ്വരാജിന്റെ സന്ദര്‍ശനം. വിദേശകാര്യ സെക്രട്ടറി വിജയ്‌ ഗോഖലെയും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശനത്തില്‍ മന്ത്രിയെ അനുഗമിക്കുന്നുണ്ട്‌.

വിദേശകാര്യമന്ത്രി ഷാഹിദ്‌, പ്രതിരോധ മന്ത്രി മരിയ അഹമ്മദ്‌ ദിദി, ധനകാര്യ വകുപ്പ്‌ മന്ത്രി ഇബ്രാഹിം അമീര്‍, ആസൂത്രണവകുപ്പ്‌ മന്ത്രി മുഹമ്മദ്‌ അസ്ലം, ആരോഗ്യവകുപ്പ്‌ മന്ത്രി അബ്ദുള്ള അമീന്‍, ഗതാഗത വകുപ്പ്‌ മന്ത്രി ഐഷത്ത്‌ നഹുള, കലാസാംസ്‌കാരിക വകുപ്പ്‌ മന്ത്രി യുമ്‌ന മൗമൂന്‍, പരിസ്ഥിതി വകുപ്പ്‌ മന്ത്രി ഡോ ഹുസ്സൈന്‍ റഷീദ്‌ ഹസന്‍ തുടങ്ങി മാലിദ്വീപിലെ വിവിധ വകുപ്പ്‌ മന്ത്രിമാരുമായി സുഷമ സ്വരാജ്‌ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

മന്ത്രിമാര്‍ തമ്മില്‍ ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തുമെന്ന്‌ വിദേശകാര്യവകുപ്പ്‌ അറിയിച്ചു. ഇന്ന്‌ സുഷമ സ്വരാജ്‌ മാലിദ്വീപ്‌ സ്‌പീക്കര്‍ കാസിം ഇബ്രാഹിമുമായി കൂടിക്കാഴ്‌ച നടത്തും.

തിങ്കളാഴ്‌ച മന്ത്രി മാലിദ്വീപ്‌ പ്രസിഡന്റ്‌ ഇബ്രാഹിം മുഹമ്മദ്‌ സൊളിയുമായി കൂടിക്കാഴ്‌ച നടത്തും. തുടര്‍ന്ന്‌ ആഭ്യന്തര വകുപ്പ്‌ മന്ത്രി ഷെയ്‌ഖ്‌ ഇമ്രാന്‍ അബ്ദുള്ളയുമായി ചര്‍ച്ചകള്‍ നടത്തും. വിശ്വാസത്തിലും സുതാര്യതയിലും പരസ്‌പര സഹകരണത്തിലും അധിഷ്‌ഠിതമായ ബന്ധമാണ്‌ മാലിയുമായി ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്‌ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക