Image

മറന്നുവെച്ച വരികള്‍ (ചെറുകഥ: വി. കെ റീന)

Published on 17 March, 2019
മറന്നുവെച്ച വരികള്‍ (ചെറുകഥ: വി. കെ റീന)
ബസ്സില്‍ നിന്നും ഇറങ്ങി നിരത്തിലൂടെ അല്പം നടന്നു ,  ഇടവഴികള്‍ താണ്ടി, കല്ലൊതുക്കുകളിലൂടെ താഴെ  വന്നാല്‍ വീതിയുള്ള കൈത്തോടു കാണാം . അതിന്റെ ഓരത്തു കൂടി നടന്നിട്ട് വേണം തറവാട്ടില്‍ എത്തി ചേരാന്‍. അതുകൊണ്ടാണ് മുത്തശ്ശി വിടാതെ വാശി പിടിച്ചിട്ടും അച്ഛന്‍ കൊണ്ട് പോകാതിരുന്നത്. ഇന്നിപ്പം തറവാടും തൊടിയും മറ്റൊരാള്‍ക്കു വില്‍ക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് അച്ഛന്‍ എതിര് പറയാതിരുന്നത്. 

മുത്തശ്ശിയുടെ മതിഭ്രമകള്‍ക്കു ഇപ്പോഴാരും പണ്ടത്തെ പോലെ വില കല്പിക്കാറില്ല. ഓര്‍മ്മ പിശക് മാത്രമല്ല പെരുമാറ്റത്തിലെ പൊരുത്തമില്ലായ്മയും അവരെ എപ്പോഴും മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തുന്നു.  'എനി തിങ്ങ് ഔട്ട് ഓഫ് സ്‌പേസ് ഈസ് വെയ്സ്റ്റ് ' എന്ന് എവിടെയാണ് വായിച്ചതെന്നവള്‍  ഓര്‍ത്തു.
ഒരിക്കല്‍ അവര്‍ അതിസുന്ദരിയായിരുനെന്നും അന്നത്തെ സിക്‌സ്ത് ഫോം വരെ പഠിച്ചിട്ടുണ്ടെന്നുമൊക്കെ കേട്ടറിവുണ്ട്.
എന്നാലും അത്ര സുന്ദരമല്ലാത്ത ദാമ്പത്യമായിരിക്കണം അവരുടേത്. അല്ലെങ്കില്‍ പിന്നെ മുത്തശ്ശന് മറ്റൊരു ബന്ധവും അതില്‍ കുട്ടികളും ഉണ്ടാകുമായിരുന്നോ.

യാത്രയുടെ ദൂരം കൂടുന്തോറും അവരുടെ ഉത്സാഹവും കൂടി വന്നു. പരസ്പര ബന്ധമില്ലാതെ മതിഭ്രമം ബാധിച്ചവളെ പോലെ അവര്‍ പുലമ്പുമ്പോള്‍ "തള്ളക്ക് പ്രാന്താ "എന്ന് മറ്റുള്ളവര്‍ പരിഹസിക്കാറുണ്ട്. അന്നേരം അവര്‍ വെള്ളെഴുത്തു വൃത്തം വരച്ച മിഴികള്‍ ചലിപ്പിക്കാതെ വിഡ്ഡിയെപോലെ തുറിച്ചു നോക്കുന്നത് കണ്ടിട്ടിണ്ടു.
വാര്‍ദ്ധക്യത്തിനു എന്തൊരു നിസ്സഹായതയാണു !

വള്ളിച്ചെടികള്‍ പടര്‍ന്ന വരമ്പില്‍ നിന്നും തോട്ടിലെ ഇരുണ്ട ജലത്തില്‍ കണ്ണുകള്‍ പായിച്ചു അവര്‍ നെടുവീര്‍പ്പിട്ടു. "പണ്ടിതൊരു പുഴയായിരുന്നു... നിറയെ വെള്ളാമ്പലുകള്‍ ഉള്ള..... "പെണ്കുട്ടി അവരുടെ ശോഷിച്ച കൈ മുറുകെ പിടിച്ചു. ഉയരം കുറഞ്ഞ ഈന്തപനയും ഇലഞ്ഞി പൂമരവും പല നിറത്തില്‍ പൂത്തു നില്‍ക്കുന്ന അരിപ്പൂ ചെടികളും ആദ്യമായി കാണുന്ന കൗതുകത്തോടെ അവര്‍ നോക്കി നിന്നു. പിന്നെ രഹസ്യമായി എന്തോ പരതുകയും ചെയ്തു.
 പെണ്കുട്ടി ധൃതി കൂട്ടി. "നേരം വൈകും മുമ്പേ പോയി തിരിച്ചു വരണം മുത്തശി "അപ്പോള്‍ തെല്ലു നിരാശയോടെ അവര്‍  അവളെ അനുഗമിച്ചു.

ഒന്‍പതു പടികള്‍ ഉള്ള ചെരിഞ്ഞ സിമന്റ് ഗോവണി പതുക്കെ കയറുമ്പോള്‍ അതിന്റെ സിമന്റ് അടര്‍ന്ന ഇരുണ്ട പാര്‍ശ്വങ്ങളില്‍ നോക്കി അവര്‍ മന്ത്രിച്ചു. "ചെറുപ്പത്തില്‍ ഇതിലൂടെ എത്ര ഊര്‍ന്ന് കളിച്ചതാ ഞാനും പാറൂം ദെച്ചൂം."...അവര്‍ പൂര്ണമായും ഗതകാലത്തില്‍ അലഞ്ഞു നടക്കുകയാണ് എന്ന് പെണ്‍കുട്ടിക്ക് തോന്നി. ഇനിയൊരിക്കലും ഇവിടേക്കു ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്നറിയാവുന്നത് കൊണ്ട് അലോസരപ്പെടുത്താന്‍ അവള്‍ തുനിഞ്ഞതുമില്ല പക്ഷെ
വെട്ടി തെളിയിക്കാത്ത തൊടിയിലൂടെ പ്രേതാലയം പോലുള്ള വീട്ടിലേക്ക് നടക്കുമ്പോള്‍ അവള്‍ക്കു തെല്ല് ഭയം ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ മുഖം പൂര്‍വ്വാധികം തെളിഞ്ഞിരുന്നു. എങ്കിലും ആ തെളിച്ചം നീണ്ടു നിന്നില്ല. വീട്ടി കൊണ്ട് കടഞ്ഞെടുത്ത വാതിലുകളും ജനാലകളും പൊളിച്ചു ഒരു വശത്ത് അടുക്കി വച്ചത് കണ്ടപ്പോള്‍ അവരുടെ മുഖം മങ്ങി.
എന്നിട്ട് സ്വപ്നത്തിലെന്നപോലെ മന്ത്രിച്ചു  "സൂക്ഷിച്ചു നോക്കൂ ആ മരത്തടിയിലൊക്കെ ഞാന്‍ പതിനൊന്നു എന്ന് കോറിയിട്ടിട്ടുണ്ട്. അന്നെന്റെ പുരയില്‍ പതിനൊന്നു പേരുണ്ടായിരുന്നു അച്ഛന്‍ അമ്മ ഉടപ്പിറന്നവര്‍"..
പെണ്കുട്ടി വെറുതെ കുനിഞ്ഞു മരത്തടിയിലേക്കു സൂക്ഷിച്ചു നോക്കി ഓരോന്നിലും രണ്ടു  ഒന്നുകള്‍  തെളിഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു.

പിന്നെ ഉമ്മറപടിയില്‍ കാല് നീട്ടിയിരുന്നു അവര്‍ പരിഭവം പറയാന്‍ തുടങ്ങി. "ഈ തൊടിയില്‍ എത്ര മാവുണ്ടായിരുന്നതാ.. കടുക്കാച്ചി, ചട്ടമാവ്,  ഒട്ടുമാവ് ചേരി, കോഴിക്കോടന്‍ സേലം പപ്പായ..... ഒരു കാറ്റ് അല്ലെങ്കില്‍ ഒരു അണ്ണാറക്കണ്ണന്‍.. ഞങ്ങള്‍ മുറവുമായി ചെന്ന്."..

പെട്ടെന്ന് അവളുടെ മൊബൈലില്‍ നിന്നും ഒരു ഗസല്‍ ഒഴുകി പടര്‍ന്നു. പെണ്കുട്ടിയുടെ ആലസ്യം പമ്പ കടന്നു "ഹായ് ആദിയുടെ വീഡിയോ കാള്‍ " എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അവള്‍ ഫോണ്‍ അവര്‍ക്ക് നേരെ നീട്ടി എന്നിട്ട് "ഇതെന്റെ... അല്ല മുത്തശ്ശിയുടെ മരുമോന്‍ ആകേണ്ട ആളാ.".എന്ന് പരിചയപെടുത്തി കൊടുക്കുകയും  ചെയ്തു. അപ്പോള്‍ അവര്‍ കണ്ണടക്കുകയും തുറക്കുകയും ചെയ്തുകൊണ്ട്  അത്ഭുതം കാണുന്ന പോലെ  സ്ക്രീനില്‍ തുറിച്ചു നോക്കി. മുടി സ്‌പൈക്ക് ചെയ്ത, ചിരിക്കുന്ന മുഖമുള്ള,  ഒരു ചെറുപ്പക്കാരന്‍ അവര്‍ക്ക് ഹായ് പറഞ്ഞു, പിന്നെ സൗജന്യമായി ഒരു ഫ്‌ളയിങ് കിസ്സ് എറിഞ്ഞു കൊടുത്തു....

അപ്പോള്‍ മാന്ത്രിക കണ്ണാടിയിലൂടെ  രാജകുമാരനെ കണ്ട രാജകുമാരിയുടെ കഥയാണ് അവര്‍ക്കോര്‍മ്മ വന്നത് ..

 വീഞ്ഞ് കുടിച്ച ലഹരിയോടെ ഇനിയും മുറിച്ചു നീക്കിയിട്ടില്ലാത്ത ഒരു മരത്തിന്റെ താഴ്ന്ന  ശിഖരത്തില്‍ ഇരുന്നു  പെണ്‍കുട്ടി ചാറ്റ് തുടര്‍ന്നു. അത് നോക്കിയിരിക്കെ കുടഞ്ഞിട്ടും പോകാതെ ഉള്ളില്‍
സൂക്ഷിക്കേണ്ടി വന്ന ഒരു കനലോര്‍മ്മ അവരെ വീണ്ടും പൊള്ളിച്ചു കൊണ്ടിരുന്നു.. എന്തൊരു അന്തരമാണ് രണ്ടു തലമുറകളുടേത് എന്നവര്‍ അതിശയപെടുകയും ചെയ്തു.

തറവാടിന്റെ മുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന ഇരുനില കെട്ടിടം പകുതിയും ഇടിഞ്ഞു പോയിരിക്കുന്നു മേല്‍ക്കൂരയിലെ ഓടുകള്‍ ചിലത് താഴെ വീഴാന്‍ പാകത്തില്‍ ചെരിഞ്ഞു കിടക്കുന്നു.  അതുകണ്ടപ്പോള്‍ അവരുടെ ഭ്രാന്തന്‍ ചിന്തകള്‍കളുടെ സൂര്യന്‍ എരിഞ്ഞു തുടങ്ങി.  ചിന്തകളില്‍ പാതി തുറന്നിട്ട ജനലഴികളിലൂടെ ഒഴുകി എത്തിയിരുന്ന ഉന്മാദ ഗാനങ്ങള്‍, രാത്രി ഉറക്കം നഷ്ടപെട്ട യാമങ്ങള്‍, കൃശഗാത്രനായ ചെറുപ്പക്കാരന്റ സ്‌നേഹപൂര്‍ണമായ പെരുമാറ്റം എല്ലാം തെളിഞ്ഞു വന്നു. ജാതിയും മതവും ഒക്കെ വേലികെട്ടുകളായിരുന്നു. ഊതി വീര്‍പ്പിച്ചിരുന്ന വീട്ടുകാരുടെ പ്രതാപപൊങ്ങച്ച ബലൂണില്‍ സൂചി കുത്താനുള്ള ധൈര്യവും അന്നുണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഒരു ജന്മം മുഴുവന്‍ ഇങ്ങിനെ എരിഞ്ഞു തീരുമായിരുന്നില്ല. അത്രയും വ്യക്തിത്വവും അറിവും ആത്മാര്‍ത്ഥതയും ഉള്ള മറ്റൊരാളെ പിന്നൊരിക്കലും കണ്ടുമുട്ടാനും ആയില്ല. എന്തൊരു മനഃപൊരുത്തമായിരുന്നു ! നേരിട്ട് ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും പുഴയോരത്തു കൂടി ഒന്നിച്ചു നടക്കുമ്പോള്‍ പറഞ്ഞതൊക്കെ ഹൃദയത്തില്‍ ചേര്‍ത്തു വെക്കാനുള്ള ഓരോരോ സ്‌നേഹത്തുള്ളികള്‍ ആയിരുന്നു. 

കര്‍ക്കിടകം കറുത്ത രാത്രിയില്‍ തന്റെ പനിച്ചൂടിന് മരുന്നുമായിഒരു ചൂട്ട്കറ്റയുടെ വെളിച്ചത്തു.... അതോര്‍ക്കുമ്പോഴേക്കും സ്‌നേഹത്തിന്റെ ഒരു കനം അവരുടെ ഇടനെഞ്ചില്‍ തറച്ചു.

വിവാഹം തീരുമാനിക്കപ്പട്ടു എന്നറിഞ്ഞപ്പോള്‍ സ്വതേ ഉണ്ടായിരുന്ന വിഷാദഭാവം ഒന്ന് കൂടി കനത്തിരുന്നു  ഇലഞ്ഞിമരച്ചോടിനരികില്‍ നിന്ന് ഒരു കുറിപ്പ് നീട്ടി കൊണ്ട് "ഒക്കെ  ഞാന്‍ വിശദമായി ഇതില്‍ എഴുതിയിട്ടുണ്ട് മറുപടി തരണം" എന്ന് മാത്രം പറഞ്ഞു അയാള്‍ നടന്നകന്നു. മൂന്നുനാലടി മുന്നോട്ടു നടന്നു കഴിഞ്ഞപ്പോഴാണ് ഇടവഴി തിരിഞ്ഞ് അച്ഛന്‍ വരുന്നത്  കണ്ടത് ആ വെപ്രാളത്തില്‍ കൈയിലെ തുണ്ട് കടലാസ് മരച്ചുവട്ടില്‍ വലിച്ചെറിഞ്ഞു. പിന്നെ ആ കടലാസ് എടുക്കാനോ വിവാഹം വരെ പുറത്തിറങ്ങാനോ കഴിഞ്ഞില്ല .

ഇഷ്ടമില്ലാത്തത് സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന വൈമനസ്യത്തോടെയാണു മംഗല്യ സൂക്തം അണിഞ്ഞത്.  ആ നിര്‍വികാരത തന്നെയായിരുന്നു ജീവിതത്തിലുടനീളം.
ഒരിക്കല്‍ പോലും തന്റെ ഇഷ്ടാനിഷ്ടങ്ങളെ തിരിച്ചറിയാനോ തന്നെ ഉള്‍ക്കൊള്ളാനോ കുട്ടികളുടെ അച്ഛന് കഴിഞ്ഞിട്ടില്ല.

ദശാബ്ദങ്ങള്‍ക്കു അപ്പുറം, അവരുടെ മനസ്സ് കറങ്ങിക്കൊണ്ടിരുന്നു.... തിരിച്ചു പിടിക്കാന്‍ അവര്‍ക്ക് ആവുന്നുണ്ടായിരുന്നില്ല.. ഭ്രമാത്മകതയിലൂടെ കാല്പനികതയിലേക്കു നടന്നു നീങ്ങുകയായിരുന്നു അവര്‍.. പ്രായം സൃഷ്ടിച്ചെടുത്ത കാഴ്ച്ചയുടെ മങ്ങല്‍ അവഗണിച്ചു കൊണ്ട് അവരെന്തോ  തെരയുകയായിരുന്നു. തിരിച്ചു വീട്ടിലേക്ക് നടക്കാന്‍ വൈമനസ്യം കാണിച്ച അവരോടു പെണ്കുട്ടി തെല്ല് ഉറക്കെ ചോദിച്ചു "മുത്തശ്ശി എന്താ പരതുന്നത്? " അന്നേരം മറ്റേതോ ലോകത്തില്‍ നിന്നെന്നപോലെ അവര്‍ നിഷ്കളങ്കമായി ചോദിച്ചു "എന്തായിരിക്കും അതില്‍ എഴുതിയിട്ടുണ്ടാവുക ?" അവള്‍ക്കു ചിരി വന്നു. മുത്തശ്ശിയുടെ ഭ്രാന്ത് കൂടിയിരിക്കുന്നോ എങ്കിലും അക്ഷമയോടെ ചോദിച്ചു "ഏതിലാ മുത്തശ്ശി "
അപ്പോള്‍ അവര്‍ തന്റെ പച്ച ഞരമ്പുകള്‍ എഴുന്നു നില്‍ക്കുന്ന ശോഷിച്ച കൈ ഉയര്‍ത്തി മുന്നിലെ അരിപ്പൂ ചെടിയുടെ വള്ളികള്‍ പടര്‍ന്നു നില്‍ക്കുന്ന ഇലഞ്ഞിമരച്ചുവട്ടിലേക്കു വിരല്‍ ചൂണ്ടി....... ..

Join WhatsApp News
jayanandan 2019-03-17 23:03:52
തടവറയിൽ അടക്കപ്പെട്ട ജീവിതങ്ങളുടെ രചന
Megha 2019-03-18 11:57:44
Deep and beautiful 😍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക