Image

തുഷാര്‍ വെളളാപ്പളളി തൃശൂരില്‍ മത്സരിക്കും

Published on 18 March, 2019
തുഷാര്‍ വെളളാപ്പളളി തൃശൂരില്‍ മത്സരിക്കും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ ബിഡിജെഎസിന്‌ 5 സീറ്റുകള്‍ നല്‍കാന്‍ ബിജെപിയുടെ തീരുമാനം. തൃശൂര്‍, വയനാട്‌, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍, എന്നീ സീറ്റുകളാണ്‌ ബിഡിജെഎസിന്‌ വേണ്ടി ബിജെപി മാറ്റി വെച്ചിരിക്കുന്നത്‌. 

ഇത്തവണശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളാണ്‌ ഈ അഞ്ചെണ്ണവും.


ബിജെപി കേന്ദ്ര നേതൃത്വം വന്‍ സമ്മര്‍ദം ചെലുത്തിയതോടെ തൃശൂരില്‍ തുഷാര്‍ വെള്ളാപ്പളളി തന്നെ മത്സരത്തിന്‌ ഇറങ്ങിയേക്കും എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിരിക്കുന്നത്‌. വെളളാപ്പളളി നടേശന്‍ എതിര്‍ത്തതോടെ തുഷാര്‍ വെളളാപ്പളളി മത്സരിക്കുന്ന കാര്യം സംശയത്തിലായിരുന്നു.

എന്നാല്‍ നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതന്‍ വെളളാപ്പളളി നടേശനുമായി ചര്‍ച്ച നടത്തി. പിന്നാലെയാണ്‌ വെളളാപ്പളളി തുഷാര്‍ മത്സരിക്കുന്നതിന്‌ പച്ചക്കൊടി കാട്ടിയത്‌. എറണാകുളം സീറ്റ്‌ ബിഡെജെഎസില്‍ നിന്ന്‌ ബിജെപി തിരിച്ച്‌ എടുത്തിരിക്കുകയാണ്‌. എറണാകുളത്ത്‌ അല്‍ഫോണ്‍സ്‌ കണ്ണന്താനത്തെയോ ടോം വടക്കനെയോ ആവും ബിജെപി മത്സരിപ്പിക്കുക.

ബിജെപി ഇത്തവണ 14 സീറ്റുകളിലാണ്‌ കേരളത്തില്‍ മത്സരിക്കുന്നത്‌. കോട്ടയം സീറ്റ്‌ കേരള കോണ്‍ഗ്രസ്‌ പിസി തോമസ്‌ വിഭാഗത്തിനാണ്‌ നല്‍കിയിരിക്കുന്നത്‌. 

ഇവിടെ പിസി തോമസ്‌ തന്നെ മത്സരിക്കുന്നു. ബിഡിജെഎസ്‌ സ്ഥാനാര്‍ത്ഥികളായി ഇടുക്കിയില്‍ ബിജു കൃഷ്‌ണന്‍, ആലത്തൂരില്‍ ടിവി ബാബു, വയനാട്ടില്‍ പൈലി വത്ത്യാട്ട്‌, മാവേലിക്കരയില്‍ താഴവ സഹദേവന്‍ എന്നിവരാണ്‌ മത്സരിക്കുക എന്നാണ്‌ സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക