Image

മഹാരാഷ്ട്രയിലെ പോള്‍ അംബാസിഡറായി തിരഞ്ഞെടുത്തത് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരിയെ

Published on 20 March, 2019
മഹാരാഷ്ട്രയിലെ പോള്‍ അംബാസിഡറായി തിരഞ്ഞെടുത്തത് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരിയെ

മുംബയ്: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് അംബാസിഡറായി ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരി സാവന്തിനെ തിരഞ്ഞെടുത്തതിലൂടെ കഴിവിനോ അംഗീകാരത്തിനോ ലിംഗമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് രാജ്യം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുക,​ വോട്ടിംഗ് ശതമാനം ഉയര്‍ത്താനുള്ള പ്രചാരണം നടത്തുക തുടങ്ങിയ ജോലികളാണ് 38കാരിയായ ഗൗരിയെ കാത്തിരിക്കുന്നത്. രാജ്യത്തെ ഏക ട്രാന്‍സ്ജെന്‍ഡര്‍ പോള്‍ അംബാസിഡര്‍ എന്ന ബഹുമതിയാണ് ഇതിലൂടെ ഗൗരിയ്ക്ക് ലഭിച്ചത്.

വീട്ടമ്മമ്മാര്‍ക്കിടയിലുമായിരിക്കും തന്റെ പ്രവര്‍ത്തനങ്ങളുടെ പ്രഥമ പരിഗണനയെന്ന് ഗൗരി ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.''ഒരു രാഷ്ട്രീയ പാര്‍ട്ടിയും ലൈംഗികത്തൊഴിലാളികളെയോ അവരുടെ ക്ഷേമത്തെയോ പരിഗണിക്കാറില്ല. അതുകൊണ്ടുതന്നെ വോട്ടുചെയ്യുന്നതിനെക്കുറിച്ച്‌ അവരും ചിന്തിക്കാറില്ല. എന്നാല്‍,​ ഇത്തവണ അങ്ങനെയാകില്ല." - ഗൗരി പറയുന്നു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗൗരി പുതുമുഖമാണെങ്കിലും വാര്‍ത്തകളില്‍ ഗൗരി പുതുമുഖമല്ല. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്ബാണ് ഗൗരിയെയും വളര്‍ത്തുമകളെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിക്സ് കാമ്ബെയിന്റെ ഭാഗമായി പരസ്യചിത്രം പുറത്തിറങ്ങിയത്. അമ്മയാകാന്‍ സ്ത്രീയായി ജനിക്കണമെന്നില്ല എന്ന് കണ്ടവരെല്ലാം പറഞ്ഞ പരസ്യം. പക്ഷേ, ഗൗരിയ്ക്കും മകള്‍ക്കും അത് പരസ്യംമാത്രമല്ല, ജീവിതംതന്നെയായിരുന്നു.

പൂനെയിലെ ഒരു പൊലീസുകാരന്റെ മകനായി ജനിച്ച ഗണേഷ് സാവന്ത് ഏറെ യാതനകള്‍ സഹിച്ചാണ് തന്റെ കുട്ടിക്കാലം കഴിച്ച്‌ കൂട്ടിയത്. കൂട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ് തന്റെ ഉള്ളിലെ സ്ത്രീയെ ഗൗരി തിരിച്ചറിഞ്ഞത്. വീട്ടുകാരുടെ പോലും കളിയാക്കലുകള്‍ താങ്ങാന്‍ കഴിയാതെയാണ് ഒടുവില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ ഗൗരി വീടും നാടും ഉപേക്ഷിക്കുന്നത്. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് സ്ത്രീയായി മാറിയ ഗൗരി 2000ല്‍ മുംബയില്‍ സഖി ചാര്‍ ചൗഖി എന്ന പേരില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനായി ഒരു നോണ്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ ആരംഭിച്ചു.

2001ലാണ് ഗായത്രി എന്ന കൊച്ചു പെണ്‍കുട്ടിയെ സൊനഗച്ചിയുടെ തെരുവുകളില്‍നിന്ന് ഗൗരി ദത്തെടുക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനായി ഒരു വക്കീലാവുക എന്നതാണ് ഗായത്രിയുടെ ഇപ്പോഴത്തെ ആഗ്രഹം.


ലഭ്യമായ കണക്കനുസരിച്ച്‌ 2086 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ മഹാരാഷ്ട്രിയിലുണ്ട്. 2014 ല്‍ ഇത് 918 മാത്രമായിരുന്നു. 2012 വരെ മഹാരാഷ്ട്രയില്‍ ഒരൊറ്റ ട്രാന്‍സ്ജെന്‍ഡറും രജിസ്റ്റര്‍ ചെയ്തിരുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക