Image

പത്തനംതിട്ടയില്‍ നറുക്ക്‌ വീണത്‌ കെ സുരേന്ദ്രന്‌

Published on 20 March, 2019
പത്തനംതിട്ടയില്‍   നറുക്ക്‌ വീണത്‌ കെ സുരേന്ദ്രന്‌

ന്യൂഡല്‍ഹി:   പത്തനംതിട്ടയിലെ ബിജെപിസ്ഥാനാര്‍ത്ഥി കാര്യത്തില്‍ തീരുമാനമായി. നറുക്ക്‌ വീണത്‌ കെ സുരേന്ദ്രന്‌ തന്നെ. ബുധനാഴ്‌ച പുലര്‍ച്ചെ വരെ ആറു മണിക്കൂറോളം നീണ്ട ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതിയോഗത്തിലാണ്‌ ഇക്കാര്യത്തില്‍ തീരുമാനമായത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റ്‌ പാര്‍ട്ടികളെല്ലാം മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും ബി ജെ പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിനിടെയാണ്‌ ബുധനാഴ്‌ച പുലര്‍ച്ചെ വരെ നീണ്ട ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതിയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായത്‌. ഏറെ പ്രതീക്ഷ വയ്‌ക്കുന്ന കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയിലും വിശദമായ ചര്‍ച്ചയാണ്‌ നടന്നത്‌.

പത്തനംതിട്ട സീറ്റിനെ ചൊല്ലിയാണ്‌ പ്രധാനമായും തര്‍ക്കം ഉടലെടുത്തത്‌. ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ബിജെപി നടത്തിയ സമരവും അത്‌ വിശ്വാസികളായ ഹിന്ദുക്കളില്‍ ഉണ്ടാക്കിയതായി ബിജെപി കരുതുന്ന ചലനവും വോട്ടായി മാറും എന്ന പ്രതീക്ഷയാണ്‌ പത്തനംതിട്ടയെ ഹോട്ട്‌ സീറ്റാക്കി മാറ്റിയത്‌.

ഒടുവില്‍ സംസ്ഥാന നേതൃത്വത്തെയും അണികളെയും ഞെട്ടിച്ചുകൊണ്ട്‌, അധ്യക്ഷന്‍ പി.എസ്‌.ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചെന്ന വിവരവും പുറത്തുവന്നു. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ബുധനാഴ്‌ചയോ വ്യാഴാഴ്‌ചയോ ഉണ്ടായേക്കുമെന്നു നേതാക്കള്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ ഡെല്‍ഹിയിലായിരുന്നു യോഗം. ആര്‍എസ്‌എസ്‌ നിര്‍ദേശപ്രകാരം കേരളത്തിലെ പട്ടികയില്‍ ഇടപെട്ട അമിത്‌ ഷാ, ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടെന്നു പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‌ ഇതോടെ സാധ്യതയേറി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക