Image

കാശിയില്‍ എന്നെ കാത്തിരിക്കുന്നവള്‍ ഗംഗയാണ്(5): മിനി വിശ്വനാഥന്‍

Published on 20 March, 2019
കാശിയില്‍ എന്നെ കാത്തിരിക്കുന്നവള്‍ ഗംഗയാണ്(5): മിനി വിശ്വനാഥന്‍
കഥകളിലൂടെ മോഹിപ്പിച്ച ഗംഗ .. ചിലപ്പോഴൊക്കെ പേടിപ്പിച്ചതും.സഗര പുത്രന്മാര്‍ക്ക് മോഷം നല്‍കാനായി ഭഗീരഥന്‍ തപസ്സ് ചെയ്ത് വരുത്തിയ ആകാശഗംഗയുടെ കഥയില്‍ എന്നെ ആകര്‍ഷിച്ച ഭാഗം ശിവനെ ചൊടിപ്പിക്കാനായി നാല് ഭാഗത്തേക്കും തട്ടിത്തടഞ്ഞൊഴുകിയ കുസൃതിയായ ഗംഗയുടെ കഥയാണ്. തടസ്സങ്ങളെല്ലാം അതിജീവിച്ച് സഗര പുത്രന്മാര്‍ക്ക് പുനര്‍ജ്ജനിയും നല്‍കി ഒഴുകിക്കൊണ്ടേയിരിക്കുന്ന ഗംഗ ...

എന്നെ കാശിയിലേക്ക് വിളിച്ച് വരുത്തിയത് യഥാര്‍ത്ഥത്തില്‍ ആ ഗംഗയായിരുന്നു, ആകാശഗംഗയുടെ സഹോദരിയും കുസൃതിക്കുട്ടിയുമായ ഗംഗ...

അത്രമേല്‍ വയ്യാതെ,പരവശയായിരിക്കുന്ന ഒരു വേനല്‍ക്കാലത്ത് ആരോ ഷെയര്‍ ചെയ്ത ഒരു ലൈവ് വീഡിയോ  കാണാനിടയായി. മടുത്ത് തുടങ്ങിയത് മരുഭൂമിയാണോ ജീവിതമാണോ എന്ന സംശയാവസ്ഥയുടെ പാരമ്യത്തിലിരിക്കുന്ന സമയമായത് കൊണ്ട് മാത്രം കണ്ടുപോയ ഒരു ലൈവ്. സുഭാഷ് മാത്യു സാര്‍ കണ്ട ഗംഗാ  ആരതിയായിരുന്നു അത്. കണ്ട് കൊതിച്ച് സമയമായിട്ടില്ല എന്ന് വാശിക്കുട്ടിയായ മനസ്സിനെ പറഞ്ഞ് സമ്മതിപ്പിച്ചിരുത്തുമ്പോഴാണ് സാജു നായര്‍ ഹരിദ്വാര്‍ സീരീസ് എഴുതിയത്. ഓരോ ദിവസവും തുടര്‍ നോവല്‍ വായിക്കുന്ന ആവേശത്തോടെ വായിച്ചു. അവിടെയെരിയുന്ന അഗ്‌നികുണ്ഡത്തിന്റെ ചൂടും, ഗംഗയില്‍ നിന്ന് വരുന്ന കാറ്റിന്റെ തണുപ്പും ഭസ്മത്തിനൊപ്പം വിറക്ചാരത്തിന്റെയും  മണവും അനുഭവിച്ച് കൊണ്ടായിരുന്നു വായന..

പിന്നീടൊരിക്കല്‍ കൂട്ടുകാരനപ്പുറം സഹോദരനുമായ അജിത് കുമാര്‍ ഗംഗയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത് യാദൃശ്ചികമായായിരുന്നു. സംസാരത്തിനിടയില്‍  ഗംഗാ നദിയുടെ ആളൊഴിഞ്ഞ ,ഓളങ്ങളൊഴിഞ്ഞ തീരത്തിനടുത്ത് അദ്ദേഹത്തിന്റെ അമ്മ മുങ്ങി നിവര്‍ന്നപ്പോള്‍ ഞാനും തണുത്തു വിറച്ചു. മരുഭൂമിയിലെ ചുടു കാറ്റിലും തണുത്ത് വിയര്‍ത്തു.

എനിക്ക് വേണ്ടിയാവണം അജിത്തിലേക്ക് വീണ്ടും കാശി ആവേശിച്ചത്. സ്വയമുണ്ടാക്കിയെടുത്ത പ്രാരബ്ധക്കടലില്‍ അഭിരമിച്ചുകൊണ്ടിരുന്ന ഞാന്‍ ആ വിളികേട്ടതും യാദൃശ്ചികമായായിരുന്നു. വിശ്വേട്ടന്‍  മാത്രമായി യാത്രയൊരുക്കം തുടങ്ങിയപ്പോഴും ഇപ്പോള്‍ പോവുന്നില്ലെന്ന കാര്യത്തില്‍ സംശയമേതു മുണ്ടായിരുന്നില്ല എനിക്ക്.

നാല് ദിവസത്തേക്ക് എനിക്ക് രാത്രി കൂട്ടിന് വരണമെന്നും, സാറ് കാശിക്ക് പോവുകയാണെന്നും ഗോപമ്മ എന്ന സഹായിയോട് പറഞ്ഞൊപ്പിച്ചപ്പോള്‍ (ഇപ്പോഴും ഭാഷയുടെ ഇരുകരകളില്‍ നില്ക്കുകയാണ്  ഞാനും അവളും) നിങ്ങള്‍ക്കും കൂടിയെന്താ പോയാല് എന്നൊരു നാഗവല്ലി സ്‌റ്റൈലില്‍ അവള്‍.

വീട്ടുകാര്യങ്ങള്‍ അവളും ലക്ഷ്മിയും  ഏറ്റെടുക്കാമെന്ന ഉറപ്പിനു പുറത്ത് ടിക്കറ്റ് നോക്കിയപ്പോള്‍ ഷാര്‍ജയില്‍ നിന്ന് വാരണാസിയിലേക്ക് എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് സൗകര്യപ്രദമായ സമയത്ത്. പോക്കറ്റ് കീറാത്ത ടിക്കറ്റ് റേറ്റുകളും .എന്ത് സഹായത്തിനും തയ്യാറായി അജിത്തും കാശി സ്വദേശിയായ അദ്ദേഹത്തിന്റെ കൂട്ടുകാരനായ സൗരഭും.പിന്നെയൊന്നും ആലോചിച്ചില്ല,  ഷാര്‍ജയില്‍ നിന്ന് ഞങ്ങളും നാട്ടില്‍ നിന്ന് അവരും ഒന്നിച്ച് കാശിയിലെത്താമെന്ന പ്ലാനോടെ  കാശിയിലേക്ക് പറന്നു.

കാശിയില്‍ എന്നെ കാത്തിരിക്കുന്നവള്‍ ഗംഗയാണ്, ഗംഗാ തീരത്തെ കടവുകളാണ് , ഗംഗാ ആരതിയാണ്.

ഗംഗാതീരത്തെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതില്‍ ഒന്നുമായ ദശാശ്വമേധ് ഘട്ടിലായിരുന്നു ഞങ്ങളുടെ താമസം. അവിടെ നിന്ന് സൗരഭ് ഏര്‍പ്പാടാക്കിയ ഒരു സഹായിയുടെ കൂടെ ഗംഗാ ആരതി കാണാനായി കാശിയില്‍ എത്തിയ ഉടനെ ഇറങ്ങി. ആദ്യകാഴ്ച അതാവണമെന്ന് ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരുപോലെ നിര്‍ബന്ധമുണ്ടായിരുന്നു.

ഘട്ടുകളിലേക്കുള്ള യാത്രക്കിടയിലെ ഇടുങ്ങിയ തെരുവുകള്‍ മറ്റൊരു ജീവിതക്കാഴ്ച ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു വെച്ചു. ബഹളം കൂട്ടിക്കൊണ്ട് ഇരുവശത്തേക്കും നടന്നു നീങ്ങുന്ന ജനങ്ങള്‍ക്കിടയിലൂടെ ആരെയും ശ്രദ്ധിക്കാതെ, ഹോണടിച്ചു കൊണ്ടേയിരിക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പാഞ്ഞു നടന്നു. . അതിനിരുവശവുമായി ചായ്, ലഘുഭക്ഷണ വില്പനക്കാര്‍, തുണിക്കച്ചവടക്കാര്‍, രുദ്രാക്ഷത്തിന്റെയും പൂജാ സാധനങ്ങളുടെയും മൊത്തവ്യാപാരികള്‍ ,ഈ ബഹളത്തെയൊന്നും കൂസാക്കാതെ കിടന്നുറങ്ങുന്ന ഭിക്ഷാംദേഹികളും, കൂട്ടത്തില്‍ സ്ഥാനം പിടിച്ചപട്ടികളും. എല്ലാറ്റിനും മീതെ പ്രസരിക്കുന്ന ബനാറസി പാനിന്റെ സുഗന്ധവും കൂടിയായപ്പോള്‍ തെരുവിന്റെ നിറകാഴ്ചകള്‍ പൂര്‍ണ്ണമായി.

ഏകദേശം പത്ത് മിനുട്ടിനുള്ളില്‍ ദശാശ്വമേഥ് ഘട്ടിലെത്തി.ഗംഗാ ആരതിക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണവിടെ . കണ്ണും അതോടൊപ്പം മനസ്സും കാഴ്ചകളെ ആവാഹിച്ചു.  തണുത്ത കാറ്റിന്റെ അകമ്പടിയോടെ  അവിടെ ഒന്നു ചുറ്റി നടന്നു കാണുമ്പോഴേക്ക് ഗംഗാ ആര തി കാണാനുള്ള ബോട്ട് റെഡിയായിരുന്നു. മനോഹരമായ ആ ദൃശ്യം ബോട്ടിലിരുന്ന് കാണുന്നതാണ്  കൂടുതല്‍ നല്ലത്. മിടുക്കനായ ഒരു ചെറുപ്പക്കാരനായിരുന്നു ഞങ്ങളുടെ സാരഥി .അവന്‍ തഞ്ചത്തില്‍ തന്റെ വഞ്ചി തുഴഞ്ഞ്  ആരതി നടക്കുന്ന സ്ഥലത്തിന് ഏകദേശം  മുന്‍ഭാഗത്തായി കൊണ്ട് നിര്‍ത്തി.

ഹരിദ്വാറിലും, ഋഷികേശിലും, വാരണാസിയിലും എല്ലാ ദിവസവും വൈകീട്ട് സൂര്യനസ്തമിക്കുന്നതോടെ  ഗംഗാ തീരത്ത് നടത്തുന്ന ഒരു ആചാരമാണ് ഗംഗാ ആരതി. ഗംഗയോടൊപ്പം ,ശിവനും, അഗ്‌നിക്കും കൂടി നല്‍കുന്ന ആദരവും അര്‍ച്ചനയുമാണിത്.

താളവാദ്യങ്ങള്‍ക്കൊപ്പം മന്ത്രോച്ചാരണങ്ങളോടെ നിറഞ്ഞ് കത്തുന്ന തട്ടുവിളക്കുകള്‍ കൊണ്ട് പ്രത്യേക ചുവട് വെപ്പുകളോടെ ഗംഗാനദിയുടെ നാല് വശത്തേക്കും ഒരേപോലുള്ള പരമ്പരാഗത വേഷധാരികളായ പൂജാരികള്‍ ഭക്തിയോടെ  ആരതിയുഴിഞ്ഞ് ഗംഗാ നദിയെ ആരാധിച്ചു.

ദാഹജലത്തോടുംഅഗ്‌നിയോടും,പ്രാണവായുവിനോടും ഒരുപോലെ  നന്ദി പറയുന്ന മഹത്തായ ആചാരത്തിന് സാക്ഷിയാവുന്ന 
ആത്മീയാന്വേഷകര്‍ക്ക് അഭൗമമായ ഒരനുഭൂതി നല്‍കുന്നതാണ് ഈ കാഴ്ച. കേള്‍ക്കാനും, കാണാനും അനുഭവിക്കാനുമുള്ള വര്‍ണ്ണക്കാഴ്ച .
 
ഇപ്പോള്‍ ദശാശ്വമേധ്ഘട്ടില്‍ രണ്ടിടത്തായി ഗംഗാ ആരതി നടക്കുന്നുണ്ട്. രണ്ടു താവഴികളുടെ അവകാശത്തര്‍ക്കംകൊണ്ടുചെന്നെത്തിച്ചതാണെങ്കിലും  കാഴ്ചക്കാര്‍ക്ക് മനോഹരമായ അനുഭവമായി ഒന്നിനു പിന്നാലെയുള്ള രണ്ട് ആരതികളും.

കൂപ്പുകൈകളോടെ മന്ത്രോച്ചാരണങ്ങളോടെ ഭക്തജനങ്ങള്‍ ആരതി അനുഭവിച്ചപ്പോള്‍ ചിലരെങ്കിലും കാഴ്ചക്കാര്‍ മാത്രമോ, ഫോട്ടോഗ്രാഫര്‍മാര്‍ മാത്രമോ ആയിരുന്നു. ഗംഗാനദിയിലൂടെ പൂക്കളുമായി ചെറിയ ദിയകള്‍ ഒഴുക്കിവിടുന്നുണ്ടായിരുന്നു ഭക്തജനങ്ങള്‍. ചെറിയ കുട്ടികള്‍ നിര്‍ത്തിയിട്ട ബോട്ടുകളിലൂടെ ചാടിച്ചാടി നടന്ന് ഈ താലം വില്‍ക്കുന്നത് കണ്ടു. ചൂടു ചായ് വില്പനക്കാരും ഉണ്ടായിരുന്നു അവിടെ.

അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന, പഴമയെ മുറുകെ പിടിക്കുന്ന ഘാട്ടുകളുടെ ദൂരക്കാഴ്ച മനോഹരമായതായിരുന്നു.. തിരിച്ച് വരുമ്പോള്‍ ഗംഗയിലെ നനഞ്ഞ കാറ്റ് പിന്നാലെ വന്നു.. ജനിച്ച ഉടനെ തന്നിലേക്ക് തന്നെ ഒഴുക്കി പാപവിമോചിതരാക്കിയ ഏഴ് പുത്രന്മാരുടെ ഓര്‍മ്മയില്‍  ചുരന്ന പാല്‍ മണമുള്ള തണുത്ത കാറ്റ് വീണ്ടും എന്നെ ചുഴന്നെത്തി.

ഗംഗാനദിയെ സ്പര്‍ശിച്ചില്ല ഞാനന്ന്. സമയമായിട്ടില്ലെന്ന് തോന്നി. ബോട്ട് മെല്ലെ കരയ്ക്കടുത്തു. നാഗസന്യാസിമാര്‍ അവരവരുടെ ലോകത്ത് മുഴുകിയിരിക്കുകയാണ്.

കാഴ്ചകള്‍ കാണാനായി , കടവുകളിലൂടെ അലയാനുമായി നാളെയും തിരിച്ചു വരാമെന്ന ഉറപ്പില്‍ തത്കാലം ഞങ്ങള്‍ മടങ്ങി ..
ഗംഗാ ആരതിയെ മനസ്സിലാവാഹിച്ച്.....

നാളെ ബോട്ട് യാത്രയാണ് .. ഗംഗയെ അറിഞ്ഞു കൊണ്ടൊരു യാത്ര , ഗംഗയിലൂടെ ...

കാശിയില്‍ എന്നെ കാത്തിരിക്കുന്നവള്‍ ഗംഗയാണ്(5): മിനി വിശ്വനാഥന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക