Image

ജലം (കവിത: രമ പ്രസന്ന പിഷാരടി)

Published on 22 March, 2019
ജലം (കവിത: രമ പ്രസന്ന പിഷാരടി)
ജലമേ!
സൂര്യതാപത്താല്‍ ജ്വലിക്കുമീമണ്ണിനെ
സ്‌നേഹവര്‍ഷത്താല്‍ തണുപ്പിക്കുമാര്‍ദ്രതേ,
ആകാശ, സ്പര്‍ശ, നിശ്വാസ, ശബ്ദാരൂപ
മഗ്‌നിതന്നാവാഹനത്തിന്‍ രസം ജലം
സൃഷ്ടിതന്നാര്‍ഷസങ്കല്പം നിഗൂഢത
സൃഷ്ടിതന്നാന്തോളനങ്ങള്‍, തരംഗങ്ങള്‍
ഓര്‍മ്മയില്‍ മേഘജടമുടികളില്‍ പെയ്ത മഴ
ജലമെന്ന് ബാല്യം ജപിച്ചു നിന്നീടവെ
ഒഴുകുന്ന നീര്‍ച്ചോലകള്‍ പണ്ടു പകലിന്റെ
കളിനൗകകള്‍ കണ്ട കൗതുകത്താല്‍ കിണര്‍
ജലമതിന്നുറവയില്‍ അമൃതു തേടി പണ്ട്
പുലര്‍കാലമാകെ കുളിര്‍ന്നുനിന്നീടവെ
പുതിയ പാഠാലയം ചൊല്ലി ജലത്തിന്റെ
ചെറിയ തന്മാത്രകള്‍, ആറ്റങ്ങള്‍, സൂര്യന്റെ
വഴിയിലെ ഉലയിലെ തീയേറ്റു ബാഷ്പമായ്
നിറമുകില്‍ തുമ്പേറി പെയ്തു തീരും മഴ
 കവിളില്‍ത്തലോടി കടന്നു പോയീടവെ
വളരുന്ന ശാസ്ത്രം പറഞ്ഞു ജലത്തിന്റെ പലരൂപ
ഭാവങ്ങള്‍ ഘനജലം, മൃദുജലം, കഠിനമാകും
ജലം, ലവണങ്ങള്‍ ചേരും സമുദ്രാത്ഭുതം
മഞ്ഞുമലകളില്‍ ഖരശുദ്ധരൂപമായ്
കുളിരുന്ന ജലഭാവം, ലോകത്തിനുറവകള്‍
ഉത്ഭവം ശൈലശൃംഗങ്ങളുടെ ഹൃദയം
തുറന്നൊഴുകി പുഴയായി, നദിയായി
നിറയുന്ന ഭൂമിതന്‍ ജലഗര്‍ഭവിസ്മയം.

വനകന്യകള്‍ ഇരുള്‍ക്കാട്ടിലെ കാറ്റിന്റെ
വയലിനില്‍ നിന്നും പെരുംഭേരിയാകവെ
പല പേരില്‍ വന്നു തിമിര്‍ത്താര്‍ത്തു
മുഖമാകെ തിമരം പടര്‍ത്തിപ്പറന്നു നീങ്ങീടവെ
ജലദേവതേ! നീ നിറഞ്ഞു, കടല്‍നീറ്റു
മഴലിന്റെയുപ്പ് നുകര്‍ന്ന സായാഹ്നങ്ങള്‍;
എഴുതിയാലും ശിരോപടലങ്ങളില്‍ നേര്‍ത്തു
വളരുന്ന ചിന്തയില്‍ ചോന്ന രക്തത്തിന്റെ
ജലധമിനികള്‍, ഹൃദയയന്ത്രസന്ത്രാസത്തി
നൊഴിവുകാലങ്ങളില്ലാത്ത ജലാര്‍ദ്രത.

മിഴികള്‍ നനഞ്ഞു ശൈത്യം കൂടുകൂട്ടുന്ന
വഴികളില്‍ കനല്‍തിന്നു പേക്കിനാവിന്‍
നോവിലിതളറ്റു വീഴുന്ന നിദ്രയില്‍
നിന്നടര്‍ന്നൊരു ജലതരംഗശ്രുതി.
ഇരുകൈയിലും നിറഞ്ഞൊരു ഗ്രീഷ്മ
മിഴിയിലെ ജ്വലനം തണുപ്പാര്‍ന്ന കുളിര്‍
നീര്‍ജലം തൂവിയഴലിന്റെ ജിഹ്വയില്‍ ഇറ്റിറ്റ്
വീഴുന്ന പ്രാണന്റെ പൊരുളേ, ജലമേ!
വരം തന്ന പ്രകൃതിയോ, വിശ്വമോ
 അറിയാതെ ഭൂമിയെ വലം വച്ചുനീങ്ങുന്ന
 ഒരു ചെറുഗ്രഹം പോലെ സങ്കീര്‍ത്തനം പോലെ
 മഴമുകിലുകള്‍ പെയ്തു തോരാതിരിക്കുന്ന
 ഋതുവില്‍ മഹാവര്‍ഷ കാലസഞ്ചാരത്തി
ലെഴുതുവാനാവാതെ വാക്കില്‍ ഘനീഭൃതം
പെരുമഴക്കാലം, ജലത്തിന്റെയാവേഗഗമനതാളങ്ങള്‍
പുരാതനം! അതിരാത്രമിവിടെയുണ്ടാവാം.....
ജലം കൊണ്ട് ഹോമവും ജലം കൊണ്ട് സ്‌നാനവും
ജലം കൊണ്ട് പുണ്യവും, ജലം കൊണ്ട് ശുദ്ധിയും
മൃത്യുവും, നഷ്ടവും, മുറിവും, പ്രണയവും
യുദ്ധവും, മിഥ്യയും, സത്യവും, സ്‌നേഹവും.

Join WhatsApp News
ചന്നം പിന്നം 2019-03-23 09:35:39
ജലത്തിന് ഒരു സവിശേഷതയുണ്ട്, ഗുരുത്വാകർഷണത്തിന്റെ സഹായത്തോടെ ഭൂമിയുടെ അന്തർഭാഗങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സത്യം തേടി താഴ്ന്ന നിലങ്ങളിലേക്ക് യാത്ര ചെയ്യും. ചന്നം പിന്നം വാക്കുകൾ പൊഴിയുന്നതല്ലാതെ ഈ കവിതയുടെ ലക്ഷ്യം എന്താണ്?
Pisharody Rema 2019-03-23 14:27:21
Thank you for your quire
This poem written on water depicts the different stages of learning about water.. 
In childhood  we all see rain as a source of water and then in our growing period we learn about   H2O iin an elaborate manner with the help of chemistry experiments  that each water molecule is made of two Hydrogen atoms and on Oxygen  Atom . Further on we learn about different types of water  like heavy water, solid water soft water , Lavana Jalam.. (Salt Water) 
Them we learn about this earth and human body has got more water elements.. Conclusion is about we can have peace and war in the name of water.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക